News

വെള്ളക്കെട്ടിന് പരിഹാരം തേടി നഗരസഭയില്‍ എത്തിയ പരിസരവാസികളും കൗണ്‍സിലറും തമ്മില്‍ ഫ്ലെക്സിനെ ചൊല്ലി തര്‍ക്കം

ഇരിങ്ങാലക്കുട : ഭൂമാഫിയ പാടത്ത് തോട് നികത്തി മതില്‍ കെട്ടിയതു മൂലം വെള്ളക്കെട്ട് കെടുതികളില്‍ ദുരിതം അനുഭവിക്കുന്ന തെക്കേനട പ്രദേശവാസികള്‍ പരിഹാരം തേടി നഗരസഭയില്‍ നേരിട്ട് എത്തി സെക്രട്ടറിയോട് പരാതി പറഞ്ഞു . ഈ മേഖലയിലെ വെള്ളക്കെട്ട് മൂലം സ്വകാര്യ വ്യക്തിയുടെ മതിലും സ്ലാബുകളും സ്ഥലം കൗണ്‍സിലര്‍ പൊളിച്ചതിനെതിരെ സമീപ വാര്‍ഡിലെ കൗണ്‍സിലര്‍ നഗരസഭയില്‍ ചോദ്യം ചെയ്ത നടപടി വിവാദമായിരുന്നു . ഇതിനെ തുടര്‍ന്ന് നടപടികള്‍ നിര്‍ത്തി വച്ചിരിക്കുകയാണ്. ഇതിനിടെ വെള്ളക്കെട്ട് രൂക്ഷമാകുകയും പ്രദേശവാസികള്‍ ബുദ്ധിമുട്ടിലാവുകയും ചെയ്തു. നഗരസഭയുടെ മുന്‍കൂര്‍ അനുമതി ഇല്ലാതെയാണ് സ്ഥലം കൗണ്‍സിലര്‍ അമ്പിളി ജയന്‍ തോട് പൊളിച്ചതെന്നു ആയിരുന്നു സമീപ വാര്‍ഡിലെ കൗണ്‍സിലര്‍ സോണിയ ഗിരി നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ആരോപിച്ചത് . ഇതേ തുടര്‍ന്ന് സോണിയ ഗിരിക്ക് ഭൂമാഫിയയുമായി ബന്ധം ഉണ്ടെന്നാരോപിച്ചു തെക്കേനട നിവാസികള്‍ ഫ്ലെക്സുകള്‍ വച്ചിരുന്നു . തിങ്കളാഴ്ച രാവിലെ നഗരസഭയില്‍ സെക്രട്ടറിയെ നേരിട്ട് കാണാന്‍ വെള്ളക്കെട്ടില്‍ വീട് മുങ്ങിയ കൈപ്പാറ വള്ളിയും സമീപവാസിയായ ലളിതയും എത്തിയപ്പോള്‍ സെക്രട്ടറിയുടെ മുറിയില്‍ സോണിയ ഗിരിയും ആരോഗ്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ അബ്‌ദുള്‍ ബഷീറും കൗണ്‍സിലറായ സഹദേവനും ഉണ്ടായിരുന്നു. തനിക്കെതിരെ ആര് പറഞ്ഞിട്ടാണ് ഫ്ലെക്സ് വച്ചതെന്ന് സോണിയ ഗിരി ഇവരോട് ചോദിക്കുകയുണ്ടായി . ഇതേ തുടര്‍ന്ന് ഇവര്‍ തമ്മില്‍ ചെറിയ വാക്ക് തര്‍ക്കവും സെക്രട്ടറിയുടെ മുറിയില്‍ വച്ചുണ്ടായി. തങ്ങള്‍ക്ക് ആരോടും വ്യക്തിവിരോധം ഇല്ലെന്നും വെള്ളക്കെട്ടിന് ശ്വാശ്വത പരിഹാരം വേണമെന്ന ആവശ്യം മാത്രമേ ഉള്ളു എന്നും പ്രദേശവാസികള്‍ പറഞ്ഞു. പരാതിയെ തുടര്‍ന്ന് ആരോഗ്യ വിഭാഗം ഇന്ന് തന്നെ സ്ഥലം പരിശോധിച്ച് വേണ്ട നടപടികള്‍ എടുക്കുമെന്നും സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു.

സമൂഹമാധ്യമങ്ങളില്‍ ഭൂമാഫിയ ബന്ധം പ്രചരിപ്പിച്ചവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കുമെന്ന് സോണിയ ഗിരി

തെക്കേ നടയിലെ വെള്ളക്കെട്ടും അതെ തുര്‍ന്ന് ഉണ്ടായ തോട് പൊളിക്കലിലും തനിക്ക് എതിരെ ഭൂമാഫിയ ബന്ധം ആരോപിച്ചു സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കുമെന്ന് ഡി സി സി സെക്രട്ടറിയും കോണ്‍ഗ്രസ് കൗണ്‍സിലറുമായ സോണിയ ഗിരി പറഞ്ഞു. ഒരു പൊതു പ്രവര്‍ത്തകയും സ്ത്രീയുമായി തനിക്കെതിരെ യാതൊരു അടിസ്ഥാനങ്ങളിലാത്ത ആരോപണങ്ങളാണ് ഫേസ്ബുക്കിലൂടെ തനിക്കെതിരെ ചിലര്‍ പ്രചരിപ്പിക്കുന്നതെന്നും ഇതിനു പുറകില്‍ ചില ഗുഢതാത്പര്യങ്ങള്‍ ഉണ്ടെന്നും ആരോപിച്ചാണ് പരാതി നല്‍കുന്നത്.


Comments

Top
Menu Title