News

ഭൂമിദാനം വേറിട്ടൊരു മനസാക്ഷി കാഴ്ച – സുരേഷ് ഗോപി


ഇരിങ്ങാലക്കുട : തലചായ്ക്കുവാന്‍ സ്വന്തമായി മണ്ണ് ഇല്ലാത്തവര്‍ക്ക് ഭൂമിദാനം നടത്തിയ സുന്ദരന്‍ പൊറത്തിശ്ശേരിയുടെയും വനജ ആണ്ടവന്റെയും തീരുമാനം വേറിട്ടൊരു മനസാക്ഷി കാഴ്ചയായി അനുഭവപ്പെട്ടതായി സുരേഷ് ഗോപി എം പി പറഞ്ഞു. സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട കാരുകുളങ്ങര നൈവേദ്യം ഹാളില്‍ നടന്ന ഭൂമിദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അസാധ്യമായ കാര്യം സേവാഭാരതി വഴി സാധ്യമാക്കിയതില്‍ സംഘടനക്ക് അഭിമാനിക്കാം എന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ സ്വപ്നമാണ് വീടില്ലാത്ത എല്ലാവര്ക്കും വീട് നല്‍കുക എന്നത്. ഇത് സര്‍ക്കാരിന് മാത്രം സാധിക്കുന്ന ഒന്നല്ല പ്രധാനമന്ത്രിയുടെ സ്വപ്നം സാക്ഷാത്‌കരിക്കുവാന്‍ വേണ്ടി ‘അണ്ണാറക്കണ്ണനും തന്നാലായത്’ പോലെ ഓരോരുത്തരും അവര്‍ക്കു സാധിക്കുന്ന രീതിയില്‍ ഇതിനു വേണ്ടി പ്രയത്നിക്കണം എന്നും അദ്ദേഹം പറഞ്ഞു. സമ്പത്ത് അല്ല മറിച്ചു അത് ദാനം ചെയ്യാനുള്ള മനസാണ് വലിയത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭൂമിദാനം സുരേഷ്‌ഗോപിയെകൊണ്ട് വിതരണം ചെയ്യിക്കണമെന്ന സുന്ദരന്റെ ആഗ്രഹമാണ് ഇവിടെ സഫലീകരിക്കപ്പെട്ടത്. അസാധ്യമായത് സാധ്യമാക്കിയവരാണ് സുന്ദരനും വനജയുമെന്ന് സുരേഷ്‌ഗോപി എം.പി പറഞ്ഞു. സമര്‍പ്പണത്തിന്റെ ഉദാത്തമാതൃകയാണിവര്‍. സേവാഭാരതിയുമായി തനിക്ക് പതിനാറോളം വര്‍ഷത്തെ ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ ഭൂമി വീടില്ലാത്ത നിര്‍ധനര്‍ക്ക് നല്‍കുവാന്‍ ഭൂമിദാനം നല്‍കിയ സുന്ദരനെയും വനജയെയും ചടങ്ങില്‍ സുരേഷ് ഗോപി ആദരിച്ചു. സുന്ദരന്‍ തന്റെ സ്വന്തം അധ്വാനത്താല്‍ സ്വന്തമാക്കിയ ഭൂമിയില്‍ നിന്ന് 50 സെന്റ് തലചായ്ക്കാനിടമില്ലാത്ത 13 ഓളം കുടുംബങ്ങളെ കണ്ടെത്തി നല്‍കുന്നതിനായി ഇരിങ്ങാലക്കുട സേവാഭാരതിയെ ഏല്‍പിച്ചിരുന്നു. 11-ാം വയസ്സില്‍ അച്ഛന്‍ നഷ്ടപ്പെട്ട സുന്ദരന്‍ അന്നു മുതല്‍ ഇന്നുവരെ വിവിധ തൊഴിലുകളിലൂടെ നേടിയ പണം കൊണ്ടാണ് ഭൂമി വാങ്ങിയത്. ഇപ്പോള്‍ മാങ്ങ പറിച്ചു വിറ്റ് ഉപജീവനം നടത്തുന്ന ഇദ്ദേഹം ചെമ്മണ്ടയില്‍ 10 വര്‍ഷം മുമ്പ് വാങ്ങിയ ലക്ഷങ്ങള്‍ വിലമതിക്കുന്ന ഭൂമിയാണ് സേവാഭാരതിക്ക് നല്‍കുന്നത്. കുടുംബപരമായി വലിയ സാമ്പത്തിക സ്ഥിതിയിലല്ലാത്ത സുന്ദരന്‍ തന്റെ സ്വപ്രയത്‌നംകൊണ്ട് ആര്‍ജ്ജിച്ചെടുത്ത സ്വത്തില്‍ നിന്ന് ഒരു ഭാഗമാണ് സമൂഹത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന സഹജീവികള്‍ക്ക് സൗജന്യമായി നല്‍കിയത്. സുന്ദരന്റെ സേവനത്തിന് പുറകേയാണ് വനജയും മക്കളായ അഞ്ജു, അജില്‍ എന്നിവര്‍ അര്‍ഹരായവരെ കണ്ടെത്തി നല്‍കാന്‍ 45 സെന്റ് സ്ഥലം ഇരിങ്ങാലക്കുട സേവാഭാരതിയെ ഏല്‍പ്പിക്കുന്നത്. ആണ്ടവന്‍ പ്രിയപത്‌നിക്കായി വാങ്ങിയ ഭൂമിയാണ് അവശതയനുഭവിക്കുന്നവര്‍ക്ക് നല്‍കാനാന്‍ വനജ സമര്‍പ്പിച്ചത്. മൂന്നുവര്‍ഷം മുമ്പ് നടന്ന അപകടത്തിലാണ് ആണ്ടവന്‍ മരിച്ചത്. മകള്‍ അഞ്ജു വിവാഹിതയും ബി എഡ് വിദ്യാര്‍ത്ഥിനിയുമാണ്. മകന്‍ അജില്‍ ഏറണാകുളത്ത് ഡിഗ്രിക്ക് പഠിക്കുന്നു. അര്‍ഹതയുള്ളവരിലേക്ക് എത്തിചേരുന്നതിനുവേണ്ടിയാണ് ഭൂമി സേവാഭാരതിയെ

ഏല്‍പ്പിക്കുന്നതെന്ന് വനജയും സുന്ദരനും പറഞ്ഞു. 24 പേര്‍ക്ക് ഭൂമിയുടെ രേഖകള്‍ സുരേഷ്‌ഗോപി വിതരണം ചെയ്തു. 350 ഓളം അപേക്ഷകളില്‍ നിന്നും അര്‍ഹരായ 24 പേര്‍ക്കാണ് ഭൂമി രജിസ്റ്റര്‍ ചെയ്ത് നല്‍കിയത്. ഭൂമിയില്ലാത്ത അര്‍ഹരായവരില്‍ നിന്നും സേവാഭാരതിക്കു ലഭിച്ച 350 ഓളം അപേക്ഷകരില്‍ നിന്ന് കണ്ടെത്തി 3 സെന്‍റ് ഭൂമി വീതമാണ് ഓരോരുത്തര്‍ക്കും നല്‍കുന്നത്. ചെമ്മണ്ടയില്‍ സുന്ദരന്‍ നല്‍കിയ ഭൂമിയില്‍ 13 പേര്‍ക്കും മുരിയാട് വനജ നല്‍കിയ ഭൂമിയില്‍11 പേര്‍ക്കുമാണ് വിതരണം ചെയ്യുന്നത്. പൊതുവായ കിണര്‍ സൗകര്യം സേവാഭാരതി ഒരുക്കും. സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നോ ഉദാരമതികളായ വ്യക്തികളില്‍ നിന്നോ സഹായം ലഭ്യമാക്കി 24 പേര്‍ക്കും ഏകദേശം 6 ലക്ഷം രൂപ ചിലവില്‍ 550 സ്‌ക്വയര്‍ ഫീറ്റില്‍ വീടുകള്‍ നിര്‍മ്മിച്ചുകൊടുക്കണം എന്നാണ് സേവാഭാരതി ലക്ഷ്യമിടുന്നത്. ഈ പദ്ധതിയില്‍ പങ്കാളികളാവാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് സേവാഭാരതിയുമായി സഹകരിക്കാം. സേവാഭാരതി പ്രസിഡന്റ് പി കെ ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി പി ഹരിദാസ്, നൂറ്റിയൊന്നംഗ സഭ ചെയര്‍മാന്‍ ഡോ.ഇ പി ജനാര്‍ദ്ദനന്‍, സേവാഭാരതി സംഘടനാ സെക്രട്ടറി യു എന്‍ ഹരിദാസ്, ആര്‍എസ്എസ് വിഭാഗ് സംഘചാലക് കെ എസ് പത്മനാഭന്‍, സെക്രട്ടറി എം ഡി ശശിധര പൈ, ഭൂമിസമര്‍പ്പണം നടത്തിയ സുന്ദരന്‍, വനജ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

Comments

Top
Menu Title