News

നഗരത്തില്‍ കമാനങ്ങളും ഫ്‌ളക്‌സ് ബോര്‍ഡുകളും വയ്ക്കുന്നതിന് പോലിസ് നിയന്ത്രണം

ഇരിങ്ങാലക്കുട: ഗതാഗത കുരുക്ക് രൂക്ഷമായ ഇരിങ്ങാലക്കുട നഗരത്തില്‍ കമാനങ്ങള്‍ സ്ഥാപിക്കുന്നതിന് പോലിസ് നിയന്ത്രണം ഏര്‍പ്പെടുത്തി. വാഹനഗതാഗതത്തിന് തടസ്സം സൃഷ്ടിക്കുന്ന തരത്തില്‍ പരസ്യ കമാനങ്ങള്‍ വയ്ക്കുന്നതും പൊതുജനങ്ങളുടെ ജീവന് ഭീഷണി ഉയര്‍ത്തുന്ന രീതിയില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതുമാണ് പോലിസ് തടഞ്ഞിരിക്കുന്നത്. കമാനങ്ങള്‍ റോഡിലേക്ക് കയറ്റി വയ്ക്കുന്നതുമൂലം ബസ് സ്റ്റാന്റ് ഠാണ റോഡില്‍ ഏറെ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. ഭൂരിഭാഗം പേരും അനുമതിയില്ലാതെയാണ് കമാനങ്ങള്‍ സ്ഥാപിക്കുന്നത്. ഈ സാഹചര്യത്തിലാണ് നടപടി ശക്തമാക്കാന്‍ പോലിസ് തിരുമാനിച്ചിരിക്കുന്നത്. ഇത്തരത്തില്‍ ഫ്‌ളക്‌സുകളും കമാനങ്ങളും വയ്ക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഇരിങ്ങാലക്കുട എസ്.ഐ കെ.എസ് സുശാന്ത് അറിയിച്ചു.

ക്രൈസ്റ്റ് കോളേജിലെ പൂര്‍വകാല K.S.U പ്രവര്‍ത്തകരുടെ മഹാകുടുംബ സംഗമം സംഘടിപ്പിക്കുന്നു – സ്വാഗത സംഘം ഓഫീസ് ആരംഭിച്ചു

ഇരിങ്ങാലക്കുട : ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ കെ എസ് യു വിനും ക്രൈസ്റ്റ് കോളേജിനും അറുപത് വയസ്സ് തികയുന്ന വേളയില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ ഇക്കാലയളവില്‍ വിദ്യാര്‍ത്ഥികളായിരുന്ന മുഴുവന്‍ കെ എസ് യു പ്രവര്‍ത്തകരുടെയും മഹാകുടുംബ സംഗമം സംഘടിപ്പിക്കുന്നു. ബ്ലൂ ഡയമണ്ട്സ് ഓഫ് ക്രൈസ്റ്റ് എന്ന ബാനറില്‍ സംഘടിപ്പിക്കപ്പെടുന്ന സംഗമം ജൂലൈ 23 ന് ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കും. തലമുറകളുടെ കൂടിച്ചേരലിനു വേദിയാകുന്ന മഹാകുടുംബ സംഗമത്തിന്റെ സ്വാഗതസംഘം ഓഫീസ് ഇരിങ്ങാലക്കുട പാട്ടമാളി റോഡിലെ കിട്ടായി ടവറിലാണ് പ്രവര്‍ത്തനം ആരംഭിച്ചു. ഓഫീസിന്റെ ഉദ്ഘാടനം ക്രൈസ്റ്റ് കോളേജിന്റെ മുന്‍ പ്രിന്‍സിപ്പലും മുന്‍ മാനേജരുമായ ഫാ. ജോസ് സ്റ്റീഫന്‍ നിര്‍വഹിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ അഡ്വ. എം എസ് അനില്‍കുമാര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ക്രൈസ്റ്റ് കോളേജ് യൂണിയന്റെ മുന്‍ കെ എസ് യു ചെയര്‍മാനായിരുന്ന ജഗദീഷ് ചന്ദ്രന്‍ , കെ എസ് ജലീല്‍ , ബിനോയ് ഫിലിപ്പ്, എ വി തോംസണ്‍ , പ്രവീണ്‍ എം കുര്യന്‍ എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ ബാസ്റ്റിന്‍ ഫ്രാന്‍സിസ് സ്വാഗതവും ട്രഷറര്‍ പോള്‍ തോമസ് മാവേലി നന്ദിയും പറഞ്ഞു . പരിപാടിയുടെ വിജയത്തിനായി 151 അംഗകമ്മിറ്റി രൂപീകരിച്ചിട്ടുണ്ട് .

ഹരിത പൂര്‍വ്വം – ഞാറ്റുവേല സസ്യവല്‍ക്കരണ പരിപാടി ജൂലൈ 2 ന്

ഇരിങ്ങാലക്കുട : നൂറ്റൊന്നംഗ സഭയുടെ ഈ വര്‍ഷത്തെ ഞാറ്റുവേല സസ്യവല്‍ക്കരണ പരിപാടി ജൂലൈ 2 ഞായറാഴ്ച രാവിലെ 9 മണിക്ക് കാരുകുളങ്ങര നൈവേദ്യം അങ്കണത്തില്‍ നടക്കും . കേരള വനംവകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന പരിപാടിയുടെ ഉദ്ഘാടനം ചാലക്കുടി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ആര്‍ കീര്‍ത്തി നിര്‍വഹിക്കും എന്ന് സഭക്കു വേണ്ടി ചെയര്‍മാന്‍ ഡോ. ഇ പി ജനാര്‍ദ്ദനന്‍ , ജനറല്‍ കണ്‍വീനര്‍ എം സനല്‍ കുമാര്‍ , സെക്രട്ടറി പി രവി ശങ്കര്‍ ,ട്രഷറര്‍ എം നാരായണന്‍കുട്ടി എന്നിവര്‍ പറഞ്ഞു.

പ്ലസ് വണ്‍ – മാനേജ്മെന്റ് സീറ്റൊഴിവ്

കാറളം: കാറളം ഹയര്‍സെക്കണ്ടറി സ്കൂളില്‍ പ്ലസ് വണ്‍ കമ്പ്യൂട്ടര്‍സയന്‍സ്, കോമേഴ്‌സ് ഗ്രൂപ്പുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട് താല്പര്യമുള്ളവര്‍ ഈ നമ്പറില്‍ ബന്ധപ്പെടുക: 9656718110 , 8111801084.

കെ എസ് കെ തളിക്കുളം സ്മാരക യുവപ്രതിഭ കാവ്യപുരസ്‌കാരം രാധിക സനോജിന്‌

ഇരിങ്ങാലക്കുട : കെ എസ് കെ തളിക്കുളം സ്മാരക യുവപ്രതിഭ സ്പെഷ്യല്‍ ജൂറി കാവ്യപുരസ്‌കാരത്തിനു ചേര്‍പ്പ് ഗവ. സ്കൂള്‍ പ്ലസ് ടു ഇംഗ്ലീഷ് അധ്യാപികയും ചാലക്കുടി ഗവ. ടി ടി ഐ അധ്യാപകന്‍ സനോജ് എം ആര്‍ ഇന്‍റെ ഭാര്യയുമായ രാധിക സനോജ് അര്‍ഹയായി . ‘മായ്ച്ചും വരച്ചും ‘ എന്ന കവിത സമാഹാരം രാധിക പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി ആളൂര്‍ പഞ്ചായത്തും പരിസരങ്ങളും വൃത്തിയാക്കി

ആളൂര്‍ : മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ ആവശ്യകത ജനങ്ങളെ മനസിലാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തും പരിസരങ്ങളും പഞ്ചായത്ത്‌ പ്രസിഡന്റ് സന്ധ്യാ നൈസന്റെ നേതൃത്വത്തില്‍ പഞ്ചായത്ത്‌ ജീവനക്കാരും ജനങ്ങളും ചേര്‍ന്ന് വൃത്തിയാക്കി .പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എ ആര്‍ ഡേവിസ്, സെക്രട്ടറി യു അബ്ദുള്‍ ഹക്കീം എന്നിവര്‍ ശുചികരണത്തില്‍ പങ്കെടുത്തു.

 

സാന്‍ഡോസ്‌ ക്ലബ് ഉന്നത വിജയികള്‍ക്കുള്ള പുരസ്‌കാരം നല്‍കി

കോണത്തുകുന്ന് : സാന്‍ഡോസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ വണ്‍ നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള പുരസ്ക്കാരവും ക്യാഷ് അവാര്‍ഡും വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉണ്ണികൃഷ്ണന്‍ കുററിപറമ്പില്‍ വിതരണം ചെയ്തു. കുണ്ടൂര്‍ കൃഷ്ണപ്രസാദ്, നേഹ സലിം അറയ്ക്കല്‍ എന്നിവരാണ് പുരസ്ക്കാരത്തിന് അര്‍ഹരായത്. ക്ലബ്ബ് രക്ഷാധികാരി രാജീവ് മുല്ലപ്പിള്ളിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കൃഷ്ണകുമാര്‍ കൊറമങ്ങാട്ട്, സലിം അറയ്ക്കല്‍, ഗഫൂര്‍ മുളംപറമ്പില്‍, വി മോഹന്‍ദാസ്, പ്രസിഡണ്ട് എം.കെ.യാക്കൂബ്, സെക്രട്ടറി ടി.കെ.സുനില്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. കൃഷ്ണപ്രസാദ്, നേഹ സലിം എന്നിവര്‍ നന്ദി പറഞ്ഞു.

വിമുക്തി – ലഹരി വിരുദ്ധ പ്രചരണ പരിപാടി ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട: ലൈബ്രറി കൗണ്‍സില്‍ നടത്തുന്ന വിമുക്തി – ലഹരി വിരുദ്ധ പ്രചരണ പരിപാടിയുടെ മുകുന്ദപുരം താലൂക്ക്തല ഉദ്ഘാടനം ഇരിങ്ങാലക്കുട മഹാത്മ ലൈബ്രറി ഹാളില്‍ പ്രൊഫ.കെ.യു.അരുണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. താലൂക്ക് സെക്രട്ടറി ഖാദര്‍ പട്ടേപ്പാടം അദ്ധ്യക്ഷത വഹിച്ചു. ‘ലഹരി എന്ന കാന്‍സര്‍’എന്ന വിഷയം എക്സൈസ് ഓഫീസര്‍ രാമചന്ദ്രന്‍ അവതരിപ്പിച്ചു. പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് കെ.മോഹന്‍ ദാസ് ലഹരി വിരുദ്ധ കാര്‍ട്ടൂണുകള്‍ വരച്ച് സംസാരിച്ചു, കൗണ്‍സിലര്‍ സോണിയഗിരി, പ്രൊഫ.എം.ശ്രീറാം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അഡ്വ.കെ.ജി.അജയകുമാര്‍ സ്വാഗതവും കെ.കെ.ചന്ദ്രശേഖരന്‍ നന്ദിയും പറഞ്ഞു.

മോഷണത്തിന് ഇറങ്ങിയ നാടോടി സ്ത്രികളെ പോലീസ് പിടികൂടി

ഇരിങ്ങാലക്കുട : വീട്ടുകാരുടെ ശ്രദ്ധ തിരിച്ചു അകത്തുകയറി മോക്ഷണം നടത്തുന്ന നാടോടി സ്ത്രീകളുടെ സംഘത്തെ പോലീസ് പിടികൂടി . ചൊവാഴ്ച കൊരുമ്പിശ്ശേരി മാരിയമ്മന്‍ കോവിലിനടുത്ത് ഒരു വീട്ടില്‍ കയറി മുറ്റത്തിരുന്ന സൈക്കിള്‍ മോഷ്ടികയുകയും, വീട്ടുകാര്‍ അതിനുപുറകേ പോകുമ്പോള്‍ സംഘത്തിലെ മറ്റുള്ളവര്‍ വീടിനുള്ളില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ കാണുകയും, ഇവര്‍ ഓടി രക്ഷപെടുകയും ചെയ്തു. പരാതിയെത്തുടര്‍ന്ന് പോലീസ് എത്തി അന്വേഷണം ആരംഭിച്ചു. സമീപത്തെ പാടത്തിനടുത്ത് നിന്നും ഈ സംഘത്തിലെ നാല് നാടോടി സ്ത്രികളെ ഇരിങ്ങലക്കുട എസ്.ഐ കെ.എസ് സുശാന്തും സംഘവും പിടികൂടി. ചെന്നൈ കുപ്പ സ്വദേശിനികളായ മുത്തുമാരി (25), മരിയ(31), അഞ്ജലി (24), കാവ്യ (28) എന്നിവരാണ് അറസ്റ്റിലായത്. സമാന മോഷണശ്രമങ്ങള്‍ ചാലക്കുടിയിലും നടന്നതായി പരാതി പോലീസിന് ലഭിച്ചിരുന്നു. അന്വേഷണ സംഘത്തില്‍ എ എസ് ഐ സുനില്‍, സീനിയര്‍ സി.പി.ഒ സത്യന്‍, സി.പി.ഒ അരുണ്‍ സൈമണ്‍, ജോസഫ് , വുമണ്‍ സി.പി.ഒ അപര്‍ണ എന്നിവരും ഉണ്ടായിരുന്നു.

ശക്തമായ കാറ്റില്‍ കെട്ടിടങ്ങളുടെ മുകളിലെ കൂറ്റന്‍ ബോര്‍ഡുകള്‍ വീണു

ഇരിങ്ങാലക്കുട : കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും നഗരത്തിലെ പല കെട്ടിടങ്ങളുടെയും മുകളില്‍ സ്ഥാപിച്ചിരുന്ന കൂറ്റന്‍ പരസ്യ ബോര്‍ഡുകള്‍ നിലം പൊത്തി. വേണ്ടത്ര സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പല പരസ്യ ബോര്‍ഡുകളും കെട്ടിടങ്ങള്‍ക്കു മുകളില്‍ സ്ഥാപിച്ചിട്ടുള്ളത് . കാറ്റത്തു ബോര്‍ഡുകളിലെ ഫ്ലെക്സുകള്‍ കീറി റോഡിലും മറ്റു കെട്ടിടങ്ങളുടെ മുകളിലും പതിക്കുന്നത് സ്ഥിരം സംഭവമായിട്ടുണ്ട് .

വിദ്യാര്‍ത്ഥിനിയെ പിഡിപ്പിക്കാന്‍ ശ്രമം: മദ്ധ്യവയസ്‌ക്കന്‍ അറസ്റ്റില്‍

ഇരിങ്ങാലക്കുട: സ്‌കൂള്‍ വിട്ടുപോകുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ അപമാനിക്കാനും പിഡിപ്പിക്കാനും ശ്രമിച്ച സംഭവത്തില്‍ മദ്ധ്യവയസ്‌ക്കന്‍ അറസ്റ്റില്‍. കരൂപ്പടന്ന കടലായി അറയ്ക്കല്‍ കരിം (57)നെയാണ് എസ്.ഐ കെ.എസ് സുശാന്തും സംഘവും അറസ്റ്റ് ചെയ്തത്. സ്‌കൂള്‍ വിട്ട് വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെയാണ് ഓട്ടോ ഡ്രൈവറായ ഇയാള്‍ പിഡിപ്പിക്കാന്‍ ശ്രമിച്ചത്. വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇയാള്‍ നേരത്തേയും പെണ്‍കുട്ടികളെ ശല്യം ചെയ്തിരുന്നുവെന്ന് പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു. അന്വേഷണ സംഘത്തില്‍ സീനിയര്‍ സി.പി.ഒ മുരുകേഷ് കടവത്ത്, സി.പി.ഒ അരുണ്‍ സൈമണ്‍, ജോസഫ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

ഒരുക്കങ്ങള്‍ വിലയിരുത്താന്‍ നാലമ്പല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം ചേര്‍ന്നു

ഇരിങ്ങാലക്കുട : കര്‍ക്കിടകം ഒന്നു മുതല്‍ ആരംഭിക്കുന്ന രാമായണ മാസാചരണത്തിന്റെ ഭാഗമായുള്ള നാലമ്പല തീര്‍ത്ഥാടനത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തുവാന്‍ ചൊവാഴ്ച്ച ഇരിങ്ങാലക്കുടയില്‍ നാലമ്പല കോ -ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ യോഗം ചേര്‍ന്നു. കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഇരിങ്ങാലക്കുട എം എല്‍ എ പ്രൊഫ കെ യു അരുണന്‍ , നാട്ടിക എം എല്‍ എ ഗീത ഗോപി എന്നിവരുടെ നേതൃത്വത്തില്‍ തൃപ്പയാര്‍ ശ്രീരാമക്ഷേത്രം , ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം ,തിരുമൂഴിക്കുളം ലക്ഷ്മണ സ്വാമി ക്ഷേത്രം, പായമ്മല്‍ ശത്രുഘ്ന സ്വാമിക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തു. തീര്‍ത്ഥാടനക്കാലത്ത് ഭക്തജനങ്ങള്‍ക്കു വേണ്ടി സൗകര്യങ്ങള്‍ ഒരുക്കുവാന്‍ സര്‍ക്കാരില്‍ നിന്നും കൂടുതല്‍ സഹായങ്ങള്‍ ലഭ്യമാക്കാന്‍ എം എല്‍ എ മാരുടെ നേതൃത്വത്തില്‍ കമ്മിറ്റി അംഗങ്ങള്‍ ദേവസ്വം മന്ത്രിയെ കണ്ടു സംസാരിക്കാന്‍ തീരുമാനിച്ചു .ഭക്തര്‍ക്ക് വേണ്ട എല്ലാ വിധ സൗകര്യങ്ങളും നല്‍കാന്‍ വേണ്ട സജീകരണങ്ങള്‍ ഒരുക്കുമെന്നും എം എല്‍ എ മാരായ കെ യു അരുണന്‍ , ഗീത ഗോപി എന്നിവര്‍ പറഞ്ഞു. കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ പനമ്പിള്ളി രാഘവമേനോന്‍ , ദേവസ്വം കമ്മിറ്റി മെമ്പര്‍മാരായ സി മുരാരി , വിനോദ് തറയില്‍ , തിരുമൂഴിക്കുളം ക്ഷേത്രം പ്രതിനിധി സി എന്‍ ശശിധരന്‍ , തൃപ്പയാര്‍ ക്ഷേത്ര സേമസമിതി പ്രസിഡന്റ് എം സ്വര്‍ണ്ണലത , പ്രതിനിധി വി ആര്‍ പ്രകാശന്‍ , ദേവസ്വം മാനേജര്‍ എം മനോജ് , പായമ്മല്‍ ക്ഷേത്ര പ്രതിനിധികളായ സുനില്‍കുമാര്‍ സി ആര്‍ , രാമചന്ദ്രന്‍ മാനേകാട്ടില്‍ , ഐ എസ് ഉണ്ണിമോന്‍ ,ഐ ആര്‍ അക്കിത്തം , കെ എസ് ഷാജി , ടി വി നാരായണന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു .

ആളൂര്‍ പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനോദ്‌ഘാടനം ജൂണ്‍ 29 ന്

ഇരിങ്ങാലക്കുട : നിര്‍മാണം കഴിഞ്ഞ ആളൂര്‍ പോലീസ് സ്റ്റേഷന്റെ പ്രവര്‍ത്തന ഉദ്‌ഘാടനം ജൂണ്‍ 29 രാവിലെ 11 മണിക്ക് ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സന്ധ്യ നൈസന്‍റെ അധ്യക്ഷതയില്‍ ഇരിങ്ങാലക്കുട എം എല്‍ എ പ്രൊഫ കെ യു അരുണന്‍ നിര്‍വഹിക്കും. തൃശൂര്‍ റേഞ്ച് IGP എം ആര്‍ അജിത് കുമാര്‍ മുഖ്യാഥിതിയായിരിക്കും. പുതിയ സ്റ്റേഷന്റെ പരിധിയില്‍ ആളൂര്‍, മുരിയാട്, കല്ലേറ്റുംകര, കടുപ്പശ്ശേരി, കൊറ്റനെല്ലൂര്‍, താഴേക്കാട് എന്നീ വില്ലേജുകള്‍ വരുന്നതാണ്. ആളൂര്‍ പോലീസ് സ്റ്റേഷന്‍ ഇരിങ്ങാലക്കുട പോലീസ് സര്‍ക്കിളിനുകിഴില്‍ നാലാമത്തെയും, ഇരിങ്ങാലക്കുട സബ് ഡിവിഷനിലിലെ പതിനൊന്നാമത്തേയും സ്റ്റേഷനായി മാറും. ആളൂര്‍ കേന്ദ്രമാക്കി ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍ അനുവദിച്ച പുതിയ പോലീസ് സ്‌റ്റേഷന്‍ താല്‍ക്കാലികമായി പ്രവര്‍ത്തനം ആരംഭിക്കാന്‍ കല്ലേറ്റുംകരയില്‍ റെയില്‍വേ സ്‌റ്റേഷന്‍ സമീപം കല്ലേറ്റുംകര സര്‍വ്വിസ് സഹകരണ ബാങ്ക് സ്ഥലം വിട്ടു കൊടുത്തിരുന്നു. രണ്ടു വര്‍ഷത്തേക്ക് സൌജന്യമായി വാടകയില്ലാതെ ബാങ്ക് ഹെഡ് ഓഫീസ് കെട്ടിടത്തിന്റെ പൊളിടെക്നിക്ക് പ്രവേശന കവാടത്തിനു സമീപത്തെ മുറിയിലായിരുന്നു സ്റ്റേഷന്‍ നിന്നിരുന്നത്. നിലവില്‍ അഞ്ച് പോലീസ് സ്റ്റേഷനുകളുടെ അധീനതയിലായിരുന്നു പുതിയ പോലിസ് സ്റ്റേഷന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍. ഇരിങ്ങാലക്കുട റയില്‍വേ സ്റ്റേഷന്റെ പരിധികള്‍ പോലും അഞ്ച് പോലീസ് സ്റ്റേഷനുകളുടെ അധീനതയിലായിരുന്നതിനാല്‍ പലപ്പോഴും ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. ആളൂര്‍ പഞ്ചായത്തും , മുരിയാട് പഞ്ചായത്തും ,വേളൂക്കര പഞ്ചായത്തും ഇത്തരത്തില്‍ വിവിധ പോലീസ് സ്റ്റേഷനുകളുടെ അധീനതയിലായിരുന്നു. ഈ പ്രശ്നങ്ങള്‍ക്കിപ്പോള്‍ പുതിയ സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ പരിഹാരമാകുകയാണെന്ന് എം എല്‍ എ പ്രൊഫ കെ യു അരുണന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്ത് മാര്‍ച്ച് മാസത്തില്‍ പോലീസ് സ്റ്റേഷന്‍ ഉദ്‌ഘാടനം ഒരിക്കല്‍ നടത്തിയതാണല്ലോ എന്നു മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അന്ന് ഗസറ്റിറങ്ങാതെ തിരക്ക് പിടിച്ച് അന്നത്തെ എം എല്‍ എ നടത്തിയ ഒരു പരിപാടിയാണ് അതെന്നും ഇപ്പോളാണ് പോലീസ് സ്റ്റേഷന്‍ യഥാര്‍ത്ഥത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതെന്നും എം എല്‍ എ പറഞ്ഞു. പോലീസ് സ്റ്റേഷന്റെ സുഗമമായ നടത്തിപ്പിന് 24 ഉദ്യോഗസ്ഥരെയും ഇവിടേക്ക് ഇപ്പോള്‍ നിയമിച്ചിട്ടുണ്ട്.

ഒരു മാസമായി മാലിന്യങ്ങള്‍ നീക്കാത്ത നഗരസഭാ ട്രെയിലറിന് മുന്നില്‍ റീത്ത് സമര്‍പ്പിച്ചു

ഇരിങ്ങാലക്കുട : നഗരസഭയുടെ ഊര്‍ജിത പൊതുശുചീകരണ പ്രവത്തനങ്ങള്‍ നടക്കുന്ന ഈ വാരത്തില്‍, ഒരു മാസമായി നഗരസഭയിലെ മാലിന്യങ്ങള്‍ നീക്കുന്ന ട്രെയിലര്‍ ഓടിക്കാത്തതില്‍ പ്രതിഷേധിച്ച് എല്‍ ഡി എഫ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ വാഹനത്തിനു മുന്നില്‍ റീത്തു സമര്‍പ്പിച്ചു . ഡ്രൈവര്‍ ഇല്ലെന്ന് കാരണം പറഞ്ഞാണ് നഗരസഭയിലെ ട്രെയിലര്‍ ഒരു മാസത്തില്‍ അധികമായി ഓടിക്കാതെ ഷെഡില്‍ ഇട്ടിരിക്കുന്നത്. ദിവസം ആയിരക്കണക്കിന് രൂപ വാടക നല്‍കി മറ്റൊരു ലോറി വാടകയ്‌ക്കെടുത്താണ് ഇപ്പോള്‍ മാലിന്യങ്ങള്‍ നീക്കുന്നത്. ഒരു ഡ്രൈവറെ കണ്ടെത്തി ട്രെയിലര്‍ ഓടിക്കുകയാണെങ്കില്‍ നഗരസഭയുടെ അനാവശ്യ ചിലവൊഴിവാക്കാമെന്നു പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ കൗണ്‍സിലര്‍ പി വി ശിവകുമാര്‍, എം സി രമണന്‍ എന്നിവര്‍ പറഞ്ഞു.

കൂടല്‍മാണിക്യം കൂത്തമ്പലത്തില്‍ മൂന്നര വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും അരങ്ങുണര്‍ന്നു

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കൂത്തമ്പലത്തില്‍ മൂന്നര വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കൂത്ത് അരങ്ങേറി. നവീകരണത്തിന് ശേഷം കൂടല്‍മാണിക്യം കൂത്തമ്പലത്തിലെ ആദ്യത്തേ കൂത്ത് നടത്തിയത് അമ്മന്നൂര്‍ കുട്ടന്‍ ചാക്യാര്‍ ആയിരുന്നു. എടാട്ട് വിജയന്‍ നമ്പ്യാര്‍ മിഴാവ് കൊട്ടി. അപര്‍ണ്ണ നങ്ങ്യാര്‍ നങ്ങാര്യമ്മയായും അരങ്ങത്ത് എത്തി. ദിഗ്പാലകരെയും ബ്രാഹ്മണരെയും വന്ദിക്കുന്ന കൂത്ത് പുറപ്പാടാണ് അരങ്ങേറിയത്. കേരളീയ വാസ്തുവിദ്യയുടെ പ്രത്യക്ഷ ഉദാഹരണമായ കൂത്തമ്പലമാണ് കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ ഉള്ളത്. വലിയ ഉരുളന്‍ തൂണുകള്‍ ഇവിടത്തേ പ്രത്യേകതയാണ്. കൂടല്‍മാണിക്യം ക്ഷേത്രം ശ്രീകോവിലിന്റെ അതേ പവിത്രതയാണ് കൂത്തമ്പലത്തിനുമുള്ളത്. ക്ഷേത്രത്തിന് തെക്ക് കിഴക്ക് ഭാഗത്തായി വടക്കോട്ടു ദര്‍ശനം തരുന്ന രീതിയിലാണ് കൂത്തമ്പലം സ്ഥിതിചെയ്യുന്നത്. പാരമ്പര്യ കലകളായ ചാക്യാര്‍ക്കൂത്ത്, കഥകളി, നങ്ങ്യാര്‍ക്കൂത്ത് തുടങ്ങിയവ അവതരിപ്പിക്കാനുള്ള പ്രദര്‍ശന വേദിയാണിത്. 2012ല്‍ സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മദിന വാര്‍ഷികത്തിന്റെ ഭാഗമായി കേന്ദ്ര സാംസ്‌ക്കാരിക വകുപ്പ് അനുവദിച്ച മൂന്ന് കോടിയോളം രൂപ ചിലവഴിച്ചാണ് കൂത്തമ്പലം നവീകരിച്ചത്. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ മേല്‍നോട്ടത്തിലായിരുന്നു നവീകരണം. നവീകരണത്തിന് ശേഷമുള്ള ആദ്യകൂത്തിന് മുമ്പായി ദിഗ്പാലക പൂജ, കലശം തുടങ്ങി വിശേഷാല്‍ പൂജകള്‍ നടന്നു. നെടുമ്പുള്ളി പരമേശ്വരന്‍ നമ്പൂതിരി, സതീശന്‍ നമ്പൂതിരി, അണിമംഗലം സുബ്രമുണ്യന്‍ നമ്പൂതിരി, ചെമ്പാപ്പിള്ളി നാരായണന്‍ നമ്പൂതിരി, മേല്‍ശാന്തി പുത്തിലത്ത് ഹരി നമ്പൂതിരി എന്നിവര്‍ പൂജാകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Top
Menu Title