News

ഇരിങ്ങാലക്കുടക്ക് അഭിമാനമായി എം സുകുമാരന്‍ ഡി.വൈ.എസ്.പിക്ക് പ്രസിഡന്റിന്റെ പോലീസ് മെഡല്‍

ഇരിങ്ങാലക്കുട : സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചു പ്രഖ്യാപിച്ച വിശിഷ്ട സേവനത്തിനുള്ള  പ്രസിഡന്റിന്റെ പോലീസ് മെഡലിന് ഇരിങ്ങാലക്കുട കാരുകുളങ്ങര സ്വദേശിയായ എം സുകുമാരന്‍ ഡി വൈ എസ് പി അര്‍ഹനായി. കണ്ണൂരിലെ ഡിസ്ട്രിക്ട് ക്രൈം റെക്കോര്‍ഡ് ബ്യുറോയില്‍ ആണ് ഇദ്ദേഹം ഇപ്പോള്‍ സേവനം അനുഷ്ഠിക്കുന്നത് . കൂടാതെ മികച്ച വിജിലെന്‍സ് കേസ് അന്വേഷത്തിനുള്ള ബാഡ്ജ് ഓഫ് ഹോണര്‍ അവാര്‍ഡും ഈ വര്‍ഷം ഇദ്ദേഹം നേടിയിട്ടുണ്ട്. ഭാര്യ ശോഭ , മക്കള്‍ ഗോകുല്‍ , രാഹുല്‍.

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനു വേണ്ടി ചെറുവിരല്‍ പോലും അനക്കാത്തവര്‍ നേതൃത്വം കൊടുക്കുന്ന ഭരണകൂട നീരാളി പിടുത്തത്തില്‍ ഇന്ത്യന്‍ ജനത വീര്‍പ്പുമുട്ടുന്നു – ആര്‍ ശശി

ഇരിങ്ങാലക്കുട : ബ്രിട്ടീഷുകാരില്‍ നിന്നും ഇന്ത്യയെ മോചിപ്പിക്കാന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ രണവീഥികളില്‍ കമ്മ്യൂണിസ്റുകാര്‍ ഉള്‍പ്പെടെ ഒട്ടേറെ ധീര ദേശാഭിമാനികള്‍ ജീവന്‍ നഷ്ടപെടുത്തുവാനും ക്രൂരമായ ഭരണകൂട മര്‍ദ്ദനത്തിന് ഇരയാവുകയും ചെയ്തു. എന്നാല്‍ ഇന്ന് ഇന്ത്യ ഭരിക്കുന്നതിന് നേതൃത്വം നല്‍കുന്ന ആര്‍ എസ് എസ് ഉള്‍പ്പെടയുള്ള ഹിന്ദു സംഘടനകള്‍ രാജ്യത്തിനു വേണ്ടി പോരാടിയതായി ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടില്ല . സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും ജനദ്രോഹ പരിപാടികളുമായി മോദി സര്‍ക്കാര്‍ മുന്നോട്ടു നീങ്ങുന്നു . സാധാരണക്കാരന്റെ ഭക്ഷണ കാര്യങ്ങളില്‍ ഇടപെടുകയും ക്രൂരമായി കൊലപ്പെടുത്തുകയും , സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ച് നോട്ട് നിരോധനത്തെ മറികടക്കാന്‍ ധാന്യകൃഷി കര്‍ഷകര്‍ എടുത്ത വായ്പ തിരിച്ചടക്കല്‍, തിരിച്ചടക്കാന്‍ കഴിയാത്ത കര്‍ഷകര്‍ ആത്‍മഹത്യ ചെയേണ്ടി വരുക തുടങ്ങി ജനദ്രോഹ നടപടികളുടെ പരമ്പര തന്നെ ഇവിടെ കാണാനാകും. രാജ്യത്തിന്റെ 71 – ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് എ ഐ വൈ എഫിന്റെ നേതൃത്വത്തില്‍ സംഘപരിവാര്‍ ഫാസിസത്തിന് എതിരെ ഇരിങ്ങാലക്കുട മണ്ഡലത്തില്‍ സംഘടിപ്പിച്ച സമരഐക്യ സംഗമ പ്രകടനവും , പൊതു സമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സി പി ഐ സംസ്ഥാന കമ്മിറ്റി അംഗം ആര്‍ ശശി . സ്വാതന്ത്ര്യ സമര രണവീഥികളില്‍ കമ്മ്യൂണിസ്റ് പാര്‍ട്ടി വഹിച്ച പങ്ക് വളരെ വലുതാണ് .എ ഐ വൈ എഫ് മണ്ഡലം പ്രസിഡന്റ് ബിനോയ് അദ്ധ്യക്ഷത വഹിച്ചു. എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി പ്രദീപ് കുമാര്‍ , സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി കെ സുധീഷ്, മണ്ഡലം സെക്രട്ടറി പി മണി, ജില്ലാ ട്രഷറര്‍ കെ ശ്രീകുമാര്‍ , കെ സി ബിജു , അനിത രാധാകൃഷ്ണന്‍ , ടി ആര്‍ രമേശ്, സുധീര്‍ദാസ്  എന്നിവര്‍ സംസാരിച്ചു.

സ്വാതന്ത്ര്യദിനം സേവനദിനമാക്കി കാട്ടുങ്ങച്ചിറ ഫിനിക്സ് ക്ലബ്ബ്

ഇരിങ്ങാലക്കുട : പുത്തന്‍ തലമുറക്കു മാതൃകയായി സ്വാതന്ത്ര്യദിനം ആഘോഷിച്ച് കാട്ടുങ്ങച്ചിറ ഫീനിക്സ് ആര്‍ട്ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബ് അംഗങ്ങള്‍. സ്വാതന്ത്ര്യദിനം സേവനദിനം കൂടിയാക്കി ഈ യുവാക്കള്‍ മാറ്റി എടുത്തു. ലിസ്യുസ് സ്കൂളിലേക്കുള്ള വഴി കാടു കയറി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള കാല്‍നട യാത്രക്കാര്‍ക്ക് അപകടകരമായ അവസ്ഥയില്‍ ആയിരുന്നു. കാട്ടുങ്ങച്ചിറ സെന്റര്‍ മുതല്‍ ലിസ്യുസ് സ്കൂള്‍ വരെയുള്ള വഴിയാണ് ക്ലബ്ബ് അംഗങ്ങള്‍ വൃത്തിയാക്കിയത് . ഇരിങ്ങാലക്കുട വനിത സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ഉഷ പി ആര്‍ പതാക ഉയര്‍ത്തി സേവന പരിപാടി ഉദ്ഘാടനം ചെയ്തു. സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ക്ലബ്ബ് പ്രസിഡന്റ് ശരത്ത് ദാസ് , സെക്രട്ടറി മുഹ്സിന്‍ കെ എം എന്നിവര്‍ നേതൃത്വം നല്‍കി.

സെന്‍ട്രല്‍ റോട്ടറി ക്ലബ് സ്പെഷ്യല്‍ സബ് ജയിലില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ഇരിങ്ങാലക്കുട : സെന്‍ട്രല്‍ റോട്ടറി ക്ലബ് സ്പെഷ്യല്‍ സബ് ജയിലില്‍ 71 – ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഡെപ്യൂട്ടി പ്രിസണ്‍ കെ ജെ ജോണ്‍സണ്‍ ദേശീയപതാക ഉയര്‍ത്തി. സെന്‍ട്രല്‍ റോട്ടറി ക്ലബ് പ്രസിഡന്റ് പി ടി ജോര്‍ജ് സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ കെ ആര്‍ ആല്‍ബി, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരായ കെ എം ആരിഫ് , പി എസ് ഷിബു , കെ വൈ ജിജോ, പി ജി ബിനോയ്, കെ സുമേഷ്, കെ ആര്‍ ആനന്ദ്, എ ബി രതീഷ്, റോട്ടറി അസിസ്റ്റന്റ് ഗവര്‍ണര്‍ രാജേഷ് മേനോന്‍, സെക്രട്ടറി രാജേഷ് കുമാര്‍, ഷാജു ജോര്‍ജ് , ടി പി സെബാസ്റ്റ്യന്‍, ഫ്രാന്‍സിസ് കോക്കാട്ട് , ടി ജെ പ്രിന്‍സ് , എന്നിവര്‍ സന്നിഹിതരായിരുന്നു. ഉദ്യോഗസ്ഥര്‍ക്കും ജയില്‍ അന്തേവാസികള്‍ക്കും മധുരം നല്‍കി സ്വാതന്ത്ര്യദിന ആഘോഷം പങ്കുവച്ചു.

ശാന്തിനികേതന്‍ പബ്ലിക് സ്കൂളില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

ഇരിങ്ങാലക്കുട : ശാന്തിനികേതന്‍ പബ്ലിക് സ്കൂളില്‍ സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ നടന്നു. എസ് എന്‍ ഇ എസ് ചെയര്‍മാന്‍ കെ ആര്‍ നാരായണന്‍ പതാക ഉയത്തി. എസ് എന്‍ ഇ എസ് ഡയറക്ടര്‍ മേജര്‍ പി സി രാമകൃഷ്ണന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി. പ്രിന്‍സിപ്പല്‍ ഹരീഷ് മേനോന്‍ , മാനേജര്‍ എം എസ് വിശ്വനാഥന്‍ , പി ടി എ പ്രസിഡന്റ് ലീന പ്രകാശ്, സവിത മോഹന്‍ എന്നിവര്‍ സംസാരിച്ചു. കെ ജി വിഭാഗം വിദ്യാര്‍ത്ഥികളുടെ നൃത്താവിഷ്കാരം , ഹൈസ്കൂള്‍ കുട്ടികളുടെ പ്രസംഗങ്ങള്‍, ടാബ്ലോ , സംഘ നൃത്തം , ടാബ്ലോ ചിത്രപ്രദര്‍ശനം , തുടങ്ങിയ കലാപരിപാടികള്‍ നടന്നു. സ്കൂള്‍ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളുടെ സ്ഥാനാരോഹണ ചടങ്ങും നടന്നു.

സില്‍വര്‍ ജൂബിലിയുടെ നിറവില്‍ ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവന്‍ സ്കൂളിന് ഐ എസ് ഒ സര്‍ട്ടിഫിക്കറ്റ്

നടവരമ്പ് : ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവന്‍ വിദ്യ മന്ദിര്‍ സ്കൂളിന്റെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സില്‍വര്‍ ജൂബിലി ആഘോഷവും ഗുണനിലവാരത്തിനുള്ള അന്തര്‍ദേശിയ മാനദണ്ഡം അനുസരിച്ചുള്ള ഐ എസ് ഒ സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കുന്ന ചടങ്ങും ആഗസ്ത് 19 ശനിയാഴ്ച 2 മണിക്ക് നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കോലോത്തുംപടിയിലെ ഭാരതീയ വിദ്യാഭവന്‍ വിദ്യ മന്ദിര്‍ സ്കൂള്‍ അങ്കണത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ കേരള കലാമണ്ഡലം വൈസ് ചാന്‍സിലര്‍ ഡോ. കെ ജി പൗലോസ് മുഖ്യാതിഥി ആയിരിക്കും. സ്കൂള്‍ ചെയര്‍മാന്‍ ഡോ .പോള്‍ ശങ്കുരിക്കല്‍ അദ്ധ്യക്ഷത വഹിക്കും. ഐ എസ് ഒ കണ്‍സള്‍റ്റന്‍റ് അഡ്വ. ജോര്‍ഫിന്‍ പെട്ട ഐ എസ് ഒ സര്‍ട്ടിഫിക്കറ്റ് ഡോ കെ ജി പൗലോസിന് നല്‍കും. വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ തിലകന്‍ , എ എസ് മാധവന്‍ മേനോന്‍ , സി വി ആന്റണി, സ്മിത സജീവ് എന്നിവര്‍ ആശംസകള്‍ നേരും. പത്രസമ്മേളനത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ പ്രസന്നകുമാരി പി , പി ടി എ പ്രസിഡന്റ് എം സുകുമാര്‍ , സി നന്ദകുമാര്‍ , സജു എന്നിവര്‍ പങ്കെടുത്തു.

പീപ്പിള്‍സ് കോ ഓപ്പറേറ്റീവ് ബാങ്ക് സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ഇരിങ്ങാലക്കുട : പീപ്പിള്‍സ് കോ ഓപ്പറേറ്റീവ് ബാങ്ക് (156 ) രാഷ്ട്രത്തിന്റെ 71- ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. രാവിലെ 9 മണിക്ക് ബാങ്ക് പ്രസിഡന്റ് കെ സി ജോസ് കൊറിയന്‍ പതാക ഉയര്‍ത്തുകയും സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയും ചെയ്തു. വൈസ് പ്രസിഡന്റ് ജോസ് മാമ്പിള്ളി , സെക്രട്ടറി ഷെല്ലി എന്നിവര്‍ സംസാരിച്ചു.

നീഡ്‌സ് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

ഇരിങ്ങാലക്കുട : നീഡ്സിന്റെ സ്വാതന്ത്ര്യ ദിനാഘോഷം മുന്‍ സര്‍ക്കാര്‍ ചീഫ് വിപ് തോമസ് ഉണ്ണിയാടന്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ. ആര്‍. ജയറാം അധ്യക്ഷത വഹിച്ചു. ബോബി ജോസ്, ഗുലാം മുഹമ്മദ്, സി.എസ്. അബ്ദുള്‍ ഹഖ്, റോക്കി ആളുക്കാരന്‍, പി.ടി. ജോര്‍ജ്, ഏ.കെ. ദേവരാജന്‍ ,എ.എ. ഷേയ്ക് ദാവൂദ് എന്നിവര്‍ പ്രസംഗിച്ചു.

സ്വാതന്ത്ര്യദിനത്തില്‍ കല്ലേറ്റുംകര റെയില്‍വേ മേല്‍പാലം വൃത്തിയാക്കി

കല്ലേറ്റുംകര : സ്വാതന്ത്ര്യദിനത്തില്‍ ആളൂര്‍ ഗ്രാമപഞ്ചയത്തില്‍ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി പ്രതിജ്ഞയും കല്ലേറ്റുംകര റെയില്‍വേ മേല്‍പാലം വൃത്തിയാക്കലും നടത്തി.  ആളൂര്‍ എസ് ഐ യുടെ നേതൃത്വത്തില്‍ ഉള്ള പോലീസ് സംഘവും കല്ലേറ്റുംകര പോളിടെക്‌നിക് വിദ്യാര്‍ത്ഥികളും എസ്.വൈ.എഫ്, എസ്.എസ്.എഫ്, എസ്.ബി.എസ്, കെ.എം.ജെ എന്നി സംഘടനകളും കല്ലേറ്റുംകര മഹല്‍ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്നു . റെയില്‍വേ മേല്‍പാലത്തില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതായ് കണ്ടാല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ പോലീസ് അധികാരികളും പഞ്ചായത്ത് അധികൃതരും ചേര്‍ന്ന് തീരുമാനിച്ചു.

പ്ലാസ്റ്റിക് ഒഴിഞ്ഞുനിന്ന സ്വാതന്ത്രദിന ആഘോഷം

ഇരിങ്ങാലക്കുട: ഇത്തവണത്തെ സ്വാതന്ത്ര ദിനാഘോഷത്തില്‍ പ്ലാസ്റ്റിക് നിര്‍മ്മിത കൊടികളും തോരണങ്ങളും വിപണിയില്‍ നിന്ന് മാറി നിന്നത് പുതുമയായി. 50 പൈസ മുതല്‍ 110 രൂപ വരെ വിലയുള്ള തുണികൊണ്ടും പേപ്പര്‍കൊണ്ടുമുള്ള തൃവര്‍ണ്ണ പതാകകള്‍ ആയിരുന്നു ഇത്തവണ വിപണിയില്‍ സുലഭം. ചൈനീസ് നിര്‍മ്മിത പതാകകളും ചിലര്‍ വേണ്ടെന്നു പറഞ്ഞതായും വിൽപ്പനക്കാര്‍ പറയുന്നുണ്ട് . പ്ലാസ്റ്റിക് കൊടികളും തോരണങ്ങളും നിയമം മൂലം നിരോധിച്ചത് അറിയാതെ പലരും കടകളിള്‍ അന്വേഷിച്ച് എത്തിയിരുന്നതായി മാക്സിംസ്‌ കടയുടമ രവിയേട്ടന്‍ പറഞ്ഞു. പേപ്പര്‍ നിര്‍മ്മിത കൊടികള്‍ അധികവും വിദ്യാര്‍ത്ഥികളും സംഘടനകളും ആണ് ആഘോഷങ്ങള്‍ക്ക് വേണ്ടി വാങ്ങിയത്. എന്നാല്‍ വാഹനങ്ങളില്‍ വയ്ക്കുന്നതിനായി കഴിഞ്ഞ വര്‍ഷം വരെ ചൂടപ്പം പോലെ വിറ്റഴിക്കപ്പെട്ടിരുന്ന ചെറിയ പ്ലാസ്റ്റിക് കൊടികളും അലങ്കാരങ്ങളും ഇത്തവണ വിപണിയില്‍ നിന്ന് അപ്രത്യക്ഷമായിരുന്നു. പ്ലാസ്റ്റിക് തൃവര്‍ണ്ണ തൊപ്പികള്‍ക്ക് പകരം കടലാസ് ,തുണി എന്നിവകൊണ്ടുള്ള തൊപ്പികളും വിപണിയില്‍ തരംഗം സൃഷ്ടിച്ചു.

എടക്കുളം എസ്.എന്‍.ജി.എസ്.എസ്.യു.പി സ്ക്കൂളില്‍ സ്വാതന്ത്രൃ ദിനാഘോഷവും പ്രവര്‍ത്തി പരിചയമേളയും സംഘടിപ്പിച്ചു

എടക്കുളം : സ്വാതന്ത്ര്യ ദിനം എടക്കുളം എസ്.എന്‍.ജി.എസ്.എസ്.യു.പി സ്ക്കൂളില്‍ സമുചിതമായി ആഘോഷിച്ചു. പഞ്ചായത്ത് അംഗം ടി.ജി. ശങ്കരനാരായണന്‍ ദേശീയപതാക ഉയര്‍ത്തി ആഘോഷ ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു. സ്വാതന്ത്ര്യ ദിനാഘോഷത്തിനോടനുബന്ധിച്ച് സ്ക്കൂള്‍തല പ്രവര്‍ത്തി പരിചയമേളയും സംഘടിപ്പിച്ചു. സ്ക്കൂള്‍ മാനേജര്‍ വി.സി. ശശിധരന്‍ സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി. സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് നടന്ന വിവിധ മല്‍സരങ്ങളിലെ വിജയികള്‍ക്ക് പി ടി എ പ്രസിഡണ്ട് കെ.ബി. മനോജ് സമ്മാനദാനം നിര്‍വ്വഹിച്ചു. സ്കൂള്‍ ഹെഡ്മിസ്ട്രസ്സ് ദീപ ആന്റണി. എ, എസ്.എന്‍.ജി.എസ്.എസ് പ്രസിഡണ്ട് കെ. എസ്. തമ്പി, സ്ക്കൂള്‍ വികസന സമിതി പ്രസിഡണ്ട് കെ.വി. ജിനരാജ്ദാസ് എന്നിവര്‍ പങ്കെടുത്തു. ആഘോഷപരിപാടികള്‍ക്ക് സ്ക്കൂള്‍ പി ടി എ സമിതി അംഗങ്ങള്‍, അദ്ധ്യാപകര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

സ്വതന്ത്ര ദിനത്തോടനുബന്ധിച്ച് എടതിരിഞ്ഞിയില്‍ മാലിന്യനിര്‍മാര്‍ജന ബോധവല്‍കരണ റാലി

എടതിരിഞ്ഞി : സ്വതന്ത്ര ദിനത്തോടനുബന്ധിച്ച് എടതിരിഞ്ഞി എച്ച്.ഡി.പി സമാജം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സ്വാതന്ത്രദിനാഘോഷവും മാലിന്യ നിര്‍മാര്‍ജന ബോധവല്‍കരണ റാലിയും നടത്തി. റാലിക്ക് സ്കൗട്ട്, ഗൈഡ്, റെഡ് ക്രോസ്സ് അംഗങ്ങള്‍ നേതൃത്വം നല്‍കി . ഹെഡ് മാസ്റ്റര്‍ എം ഡി സുരേഷ് പതാക ഉയര്‍ത്തി. മാനേജര്‍ ഭരതന്‍ കണ്ടെങ്കാട്ടില്‍, പഞ്ചായത്ത് അംഗം കെ പി കണ്ണന്‍, സി എസ് ശുദ്ധന്‍, പ്രിന്‍സിപ്പല്‍ കെ എ സീമ, പി ടി എ പ്രസിഡന്റ് എ എസ് ഗിരീഷ്, വി ആര്‍ രമേശ് എന്നിവര്‍ എന്നവര്‍ സംസാരിച്ചു.

വല്ലക്കുന്നില്‍ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ സ്വാതന്ത്രദിനം ആഘോഷിച്ചു

വല്ലക്കുന്ന് : വിവിധ ക്ലബ്ബുകളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ വല്ലക്കുന്നില്‍ വിപുലമായി സ്വാതന്ത്രദിനം ആഘോഷിച്ചു. വല്ലക്കുന്ന് ന്യൂമൂണ്‍ ആര്‍ട്സ് & സ്പോട്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്രദിനം ആഘോഷത്തില്‍ ക്ലബ് പ്രസിഡന്റ് ഷൈജു വി കോക്കാട്ട് പതാക ഉയര്‍ത്തി . സെക്രട്ടറി കെ ജെ ജോണ്‍സന്‍ , മെജോ ജോണ്‍സന്‍ , സനൂപ് സി എം ടി വി തോമസ് എന്നിവര്‍ നേതൃത്വം നല്‍കി. ആളൂര്‍ പഞ്ചായത്തിലെ വല്ലക്കുന്ന് അംഗന്‍വാടി അധ്യാപികയും, രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ദേശീയ പതാക ഉയര്‍ത്തി മധുരം വിതരണം ചെയ്തു ഘോഷയാത്രയായി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ആളൂര്‍ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ഐ കെ ചന്ദ്രന്‍ പതാക ഉയര്‍ത്തി.

ഇരിങ്ങാലക്കുട കോടതിയില്‍ സ്വാതന്ത്യദിനം സമുചിതമായി ആഘോഷിച്ചു

ഇരിങ്ങാലക്കുട : ഭാരതത്തിന്റെ എഴുപത്തിയൊന്നാം സ്വാതന്ത്യദിനം ഇരിങ്ങാലക്കുട കോടതിയില്‍ സമുചിതമായി ആഘോഷിച്ചു. ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് അഡ്വ. കെ.വി. ജെയിന്‍ ദേശീയപതാക ഉയര്‍ത്തി. പതാക വന്ദനശേഷം കുടുംബകോടതി ജഡ്ജ് ടി.കെ. രമേശ്കുമാര്‍ സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി. അഡി. ജില്ലാ ജഡ്ജ് ജി.ഗോപകുമാര്‍, ഗവണ്‍മെന്റ് പ്ലീഡര്‍ പി.ജെ. ജോബി, ജൂനിയര്‍ സൂപ്രണ്ട് കെ.കെ. സീതി, ക്ലര്‍ക്ക്സ് അസോസിയേഷന്‍ സെക്രട്ടറി പ്രദീപ് എന്നവര്‍ സംസാരിച്ചു.

ഇരിങ്ങാലക്കുട നഗരസഭ സ്വാതന്ത്ര്യദിനം വര്‍ണാഭമായി ആഘോഷിച്ചു

ഇരിങ്ങാലക്കുട : ഭാരതം സ്വതന്ത്രമായതിന്റെ 70 – ാ മത് വാര്‍ഷികം ഇരിങ്ങാലക്കുട നഗരസഭ സമുചിതമായി ആഘോഷിച്ചു. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചു രാവിലെ മുന്‍സിപ്പല്‍ മൈതാനിയില്‍ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു ദേശീയപാത ഉയര്‍ത്തുകയും സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയും ചെയ്തു. തുടര്‍ന്ന് മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം എന്ന കര്‍മ്മ പരിപാടിയുടെ നഗരസഭതല പ്രഖ്യാപനവും നടത്തി. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്‌ദുള്‍ ബഷീര്‍ പ്രതിജ്ഞ ചൊല്ലി കൊടു ത്തു. നഗരസഭ പ്രദേശത്തെ വിദ്യാലയങ്ങളില്‍ നിന്നും മാര്‍ച്ചിലെ സ്റ്റേറ്റ് സിലബസ് , സി ബി എസ് ഇ , ഐ സി എസ് ഇ വിഭാഗങ്ങളിലെ പത്താം ക്ലാസ് , പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് , എ വണ്‍ ഗ്രേഡ് നേടിയ വിദ്യാര്‍ത്ഥികളെയും ചടങ്ങില്‍ ആദരിച്ചു. അപകടത്തില്‍ പെട്ട് റോഡില്‍ കിടന്നിരുന്ന ആളെ സ്വന്തം വാഹനത്തില്‍ കയറ്റി ആശുപത്രിയില്‍ എത്തിച്ച ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ സുബ്ബറിനെ ചടങ്ങില്‍ പുരസ്‌കാരം നല്‍കി ആദരിച്ചു.

Top
Close
Menu Title