News

സമഗ്ര കുടിവെള്ള പദ്ധതി നടപ്പിലാക്കാനും ഷണ്‍മുഖം കനാല്‍ മാലിന്യ വിമുക്തമാക്കാനും ബി ജെ പി ദിനരാത്ര സമരം

എടതിരിഞ്ഞി : പടിയൂര്‍ ഗ്രാമപഞ്ചായത്തിലെ സമഗ്രകുടിവെള്ള പദ്ധതി നടപ്പിലാക്കുക , ഷണ്‍മുഖം കനാല്‍ മാലിന്യ വിമുക്തമാകുക , എം എല്‍ എ യുടെ അനാസ്ഥ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു ബി ജെ പി പടിയൂര്‍ ഗ്രാമപഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 22 ന് രാവിലെ 9 മണി മുതല്‍ 23 ന് വൈകിട്ട് 6 മണി വരെ എടതിരിഞ്ഞി പോസ്റ്റ് ഓഫീസ് ജംഗ്ഷനില്‍ ഒന്നാം ഘട്ട ദിനരാത്ര സമരം ബി ജെ പി ജില്ലാ പ്രസിഡന്റ് എ നാഗേഷ് ഉദ്ഘാടനം നിര്‍വഹിക്കും.

ചേലൂര്‍ ഇടവകയില്‍ ഇടയസന്ദര്‍ശനം

ചേലൂര്‍ : ചേലൂര്‍ ഇടവകയിലെ ഇടയ സന്ദര്‍ശനത്തോടനുബന്ധിച്ചു വി . യൗസേപ്പിതാവിന്റെ നാമധേയത്തിലുള്ള അമേരിക്കക്കെട്ടു കപ്പേളയില്‍ വിശുദ്ധന്റെ മരണതിരുന്നാള്‍ ദിനത്തില്‍ എല്യൂമിനേഷന്‍ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിക്കുകയും തുടര്‍ന്നു ഡോണ്‍ ബോസ്കോ , സെന്റ്.അഗസ്റ്റിന്‍ , സെന്റ്.അല്‍ഫോന്‍സാ എന്നീ സംയുക്ത കുടുംബ സമ്മേള്ളനത്തില്‍ മാര്‍ പോളി കണ്ണൂക്കാടന്‍ സന്ദേശം നല്‍കുകയും ചെയ്തു . വികാരി ആന്റണി മുക്കാട്ടുകരക്കാരന്‍ ,സെക്രട്ടറി ഫാ. സിന്റോ മാടവന എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. ജോയ് കോനേങ്ങാടന്‍ സ്വാഗതവും ജെയിംസ് നന്ദിയും പറഞ്ഞു.

ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച നാലുപേര്‍ ആശുപത്രിയില്‍

മുരിയാട് : ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച നാലു യുവാക്കളെ ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുരിയാട് തറയില്‍കാട് സ്വദേശികളായ അനൂഷ്, മുകേഷ്, നിധിന്‍ , പ്രദീഷ് എന്നിവരെയാണ് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍  പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് വല്ലക്കുന്നിലുള്ള സേവന സ്‌പൈസസ് വില്ലജ് ഹോട്ടലില്‍ നിന്ന് നാലുപേരും ഫ്രൈഡ് റൈസ് കഴിച്ചിരുന്നതായി പറയുന്നു. പിന്നീട് വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ചികിത്സ തേടിയതെന്ന് യുവാക്കള്‍ പറഞ്ഞു.

പടിയൂരില്‍ ബിജെപി നേതാവിന്റെ കട അടിച്ചു തകര്‍ത്തു

ഇരിങ്ങാലക്കുട : ബിജെപി പടിയൂര്‍ പഞ്ചായത്ത് സെക്രട്ടറി സുരേഷ് വലിയപറമ്പിലിന്റെയും ഭാര്യ മഹിളാമോര്‍ച്ച പടിയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് രാധിക സുരേഷിന്റെയും  കട  സാമൂഹ്യവിരുദ്ധര്‍ അടിച്ചുതകര്‍ത്തു. വളവനങ്ങാടി സെന്ററിലുള്ള കട ഞായറയാഴ്ച രാത്രിയാണ് സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തത്. ബിജെപിയുടെ പ്രധാന പ്രവര്‍ത്തകരാണ് സുരേഷും ഭാര്യയും. രാധിക കഴിഞ്ഞ തവണ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു. ഇന്നലെ ബിജെപി പഞ്ചായത്ത് പ്രചരണജാഥ സംഘടിപ്പിച്ചിരുന്നു. ഇവരുടെ കടയുടെ മുമ്പിലായിരുന്നു സമാപനയോഗം. രാഷ്ട്രീയ വൈരാഗ്യം മൂലമാണ് കട തകര്‍ത്തതെന്ന് സുരേഷ് പറഞ്ഞു. പടിയൂര്‍ പഞ്ചായത്തില്‍ ബിജെപി നടത്തിവരുന്ന പ്രക്ഷോഭപരിപാടികള്‍ സിപിഎമ്മിനെ അലോസരപ്പെടുത്തുന്നതിന്റെ പ്രതിഫലനമാണ് അക്രമം. കാട്ടൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വടക്കുംകര ഗവ .യു പി സ്കൂള്‍ കെട്ടിടം നിര്‍മ്മാണോല്‍ഘാടനം ഇന്ന്

ഇരിങ്ങാലക്കുട : പൂമംഗലം പഞ്ചായത്തിലെ സാമൂഹിക , സാംസ്കാരിക ചരിത്രത്തിലെ നിറസാന്നിധ്യമായ വടക്കുംകര ഗവ .യു പി സ്കൂള്‍ കെട്ടിടം നിര്‍മ്മാണോല്‍ഘാടനം മാര്‍ച്ച് 21നു എം എല്‍ എ പ്രൊഫ കെ യു അരുണന്‍ രാവിലെ 10 മണിക്ക് നിര്‍വഹിച്ചു .പൂമംഗലം പഞ്ചായത്തു പ്രസിഡന്റ് വര്‍ഷ രാജേഷ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. പൂമംഗലം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സ്കൂളിന് വേണ്ടി നിര്‍മ്മിക്കുന്നതു 5 ക്ലാസ് മുറികളാണ്.

തകര്‍ന്നുകിടക്കുന്ന കാറളം സെന്ററിലെ റോഡ് എം.എല്‍.എ സന്ദര്‍ശിച്ചു

കാറളം : തകര്‍ന്നുകിടക്കുന്ന കാറളം സെന്ററിലെ റോഡ് പ്രൊഫ. കെ.യു അരുണന്‍ എം.എല്‍.എ സന്ദര്‍ശിച്ചു. റോഡിന്റെ ദുരവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ നല്‍കിയ നിവേദനം പരിഗണിച്ചായിരുന്നു സന്ദര്‍ശനം. സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതിക്കുവേണ്ടി രണ്ട് വര്‍ഷം മുമ്പാണ് കാറളം സെന്റര്‍ റോഡ് പൊളിച്ചിട്ടത്. എന്നാല്‍ പൈപ്പിടല്‍ പൂര്‍ത്തിയാക്കിയിട്ടും റോഡ് ടാറിങ്ങ് നടത്താന്‍ അധികാരികള്‍ തയ്യാറായില്ല. വേനല്‍ രൂക്ഷമായതോടെ റോഡില്‍ നിന്നുയരുന്ന പൊടിശല്യം സമീപത്തുള്ള കടക്കാരേയും യാത്രക്കാരേയും ഒരുപോലെ ബുദ്ധിമുട്ടിലാക്കുന്നതായി നാട്ടുകാര്‍ എം.എല്‍.എയെ ബോധ്യപ്പെടുത്തി. ഇതിനെ തുടര്‍ന്ന് പുതിയ ടെണ്ടര്‍ നടത്തി എത്രയും പെട്ടന്ന് റോഡ് ടാറിങ്ങ് നടത്തി സഞ്ചാരയോഗ്യമാക്കാന്‍ പി.ഡബ്ല്യൂ.ഡി ഉദ്യോഗസ്ഥര്‍ക്ക് എം.എല്‍.എ നിര്‍ദ്ദേശം നല്‍കി. ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഷമീര്‍ കെ.ബി, കണ്‍വിനര്‍ സണ്ണി കുണ്ടുകുളം, സജയന്‍ കാറളം, ഭരതന്‍ കെ.കെ, സലാം കെ.യു, അഭിലാഷ്, ജില്ലാ പഞ്ചായത്തംഗം എന്‍.കെ ഉദയപ്രകാശ് എന്നിവരും നാട്ടുകാരും സന്നിഹിതരായിരുന്നു.

പ്രതിഷേധം വിജയം കണ്ടു : രാത്രിയുടെ മറവില്‍ സ്ഥാപിച്ച മൊബൈല്‍ ടവര്‍ പൊളിച്ചു നീക്കി

ഇരിങ്ങാലക്കുട : നാട്ടുകാരുടെ ഒറ്റക്കെട്ടായ പ്രതിഷേധത്തിനെ തുടര്‍ന്ന് നഗരസഭ അധ്യക്ഷ നിമ്യ ഷിജുവിന്റെ 18 – ാം വാര്‍ഡില്‍ നഗരസഭ അറവുശാലയുടെ സമീപത്തെ സ്വകാര്യ പറമ്പില്‍ രാത്രിയുടെ മറവില്‍ സ്ഥാപിച്ച മൊബൈല്‍ ടവര്‍ നഗരസഭാ നോട്ടീസിനെ തുടര്‍ന്ന് പൊളിച്ചു നീക്കി . തന്റെ അനുവാദം ഇല്ലാതെയാണ് ഉദ്യോഗസ്‌ഥര്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കാന്‍ അനുവാദം നല്‍കിയതെന്നും മൊബൈല്‍ ടവര്‍ നീക്കം ചെയ്യാനാവശ്യമായ നടപടികള്‍ ഉടനെടുക്കുമെന്നും സ്ഥലത്തെത്തിയ നഗരസഭ അധ്യക്ഷ നിമ്യ ഷിജു അറിയിച്ചിരുന്നു . കഴിഞ്ഞ ദിവസം പ്രദേശവാസികള്‍ പ്രതിഷേധവുമായി നഗരസഭ ഓഫീസില്‍ എത്തി ഉദ്യോഗസ്ഥരുമായി നടന്ന ചര്‍ച്ചയില്‍ മൊബൈല്‍ ടവര്‍ പൊളിച്ചു നീക്കാന്‍ കമ്പനിക്കു നോട്ടീസ് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് തിങ്കളാഴ്ച ഉച്ചക്ക് മൊബൈല്‍ ടവര്‍ പൊളിച്ചു നീക്കിയത്.

ഇ പി ഫ് പെന്‍ഷന്‍ 6500 രൂപയാക്കി ഉയര്‍ത്തണം

ഇരിങ്ങാലക്കുട : 1995 മുതല്‍ ആരംഭിച്ച ഇ പി ഫ് പെന്‍ഷന്‍ മിനിമം 6500 രൂപയാക്കി  ഉയര്‍ത്തണം  മുന്‍കാലപ്രാബല്യത്തോടെ പരിഷ്കരിച്ചു നടപ്പിലാകുവാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നു പുല്ലൂര്‍ യൂണിറ്റ് പൊതുയോഗം ആവശ്യപ്പെട്ടു. വാഗ്ദാനങ്ങളില്‍ മാത്രം ഒതുങ്ങി 21 വര്‍ഷം പിന്നിട്ട ഈ പദ്ധതി അംഗങ്ങളുടെ വാര്‍ദ്ധക്യം പരിഗണിച്ചു ദയാഹര്‍ജിക്കു സമാനമായി ഈ വിഷയം പ്രധാനമന്ത്രി തന്നെ തീര്‍പ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു . ആനന്ദപുരത്തു ചേര്‍ന്ന യോഗത്തില്‍ പുല്ലൂര്‍ യൂണിറ്റ് പ്രസിഡന്റ് സി കെ ദേവകി അദ്ധ്യക്ഷത വഹിച്ചു . ഇരിങ്ങാലക്കുട യൂണിറ്റ് പ്രസിഡന്റ് എം എം ജമാലു, സെക്രട്ടറി ടി രാധാകൃഷ്ണന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

സൗഹൃദങ്ങള്‍ വറ്റിവരണ്ടു പോയതാണ് ഇന്നത്തെ കലുഷിതമായ ചുറ്റുപാടുകള്‍ക്ക് കാരണമെന്ന് -ഡോ.എസ് കെ വസന്തന്‍

കൊറ്റനെല്ലൂര്‍: സൗഹൃദങ്ങള്‍ വറ്റിവരണ്ടു പോയതാണ് ഇന്നത്തെ കലുഷിതമായ ചുറ്റുപാടുകള്‍ക്ക് കാരണമെന്നും ശക്തമായ സാംസ്കാരിക ഇടപെടലുകളിലൂടെ മറഞ്ഞുപോയ നന്മയുടെ ഇടങ്ങളെ വീണ്ടെടുക്കാന്‍ നമുക്കാകണമെന്നും പ്രശസ്ത സാഹിത്യ നിരൂപകനും എഴുത്തുകാരനും സാഹിത്യ അക്കാദമി റിസര്‍ച്ച് ഗൈഡുമായ ഡോ. എസ്.കെ. വസന്തന്‍ വേളൂക്കര ഗ്രാമപ്പഞ്ചായത്തിന്റെ സാംസ്കാരിക പ്രസിദ്ധീകരണമായ ‘ഗ്രാമജാലക’ത്തിന്റെ പുതിയ ലക്കം പ്രകാശനം ചെയ്ത് സംസാരിക്കുന്നതിനിടെ പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപങ്ങള്‍ സാഹിത്യ – സാംസ്കാരിക മേഖലയ്ക്ക് ഏറ്റവും താഴ്ന്ന പരിഗണന നല്‍കുന്ന ഇന്നത്തെ സ്ഥിതി മാറണമെന്നും സാംസ്കാരികമായ ഉത്കര്ഷങ്ങളിലൂടെ മാത്രമേ മറ്റു വികസന പ്രവര്‍ത്തനങ്ങളുടെ അര്‍ത്ഥവത്തായ പ്രതിഫലനം സമൂഹത്തിലുണ്ടാവൂ എന്നും അദ്ദേഹം തുടര്‍ന്ന് അഭിപ്രായപ്പെട്ടു. ദേശീയ അദ്ധ്യാപക അവാര്‍ഡ് ജേതാവ് സി.ബി ഷക്കീല ടീച്ചര്‍ ആദ്യപ്രതി ഏറ്റുവാങ്ങി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകന്‍ ചടങ്ങില്‍  അദ്ധ്യക്ഷത വഹിച്ചു. തുമ്പൂര്‍ ലോഹിതാക്ഷന്‍, ആമിന അബ്ദുള്‍ ഖാദര്‍, കെ.കെ.വിനയന്‍, വി.എച്ച്.വിജീഷ് എന്നിവര്‍ സംസാരിച്ചു.  പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ആര്‍. സുനില്‍ സ്വാഗതവും സെക്രട്ടറി കെ.എഫ്. ആന്റണി നന്ദിയും പറഞ്ഞു.

ടാര്‍ ചെയ്തു മണിക്കൂറുകള്‍ക്കകം അപാകത കണ്ടു പൊളിച്ചു നീക്കി

ഇരിങ്ങാലക്കുട : ഠാണാവില്‍ നിന്ന് ആരംഭിക്കുന്ന കോളനി റോഡ് ടാര്‍ ചെയ്ത മണിക്കൂറുകള്‍ക്കകം പരിശോധനയില്‍ ഉദ്യോഗസ്ഥര്‍ അപാകത കണ്ടെത്തിയതിനെ തുടര്‍ന്നു പൊളിച്ചുനീക്കി . നിലവിലെ റോഡില്‍ 20 എംഎം കനത്തില്‍ ചിപ്പിങ് കാര്‍പെറ്റ് ചെയ്തതാണ് ഇളകി പോന്നതായി കണ്ടത്. തിങ്കളാഴ്ച്ച രാവിലെ ടാര്‍ ചെയ്ത ഭാഗത്തിനെ കുറിച്ച് പരാതി ലഭിച്ചതിനെ തുടര്‍ന്നു മുനിസിപ്പല്‍ എന്‍ജിനീയരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്‌ഥര്‍ സംഭവ സ്ഥലം പരിശോധിക്കുകയും
അപാകത കണ്ടെത്തുകയുമായിരുന്നു .ഇതിനെ തുടര്‍ന്നു ഈ ഭാഗം പൊളിച്ചുനീക്കാന്‍ കോണ്‍ട്രാക്ടറോട്‌ ആവശ്യപ്പെടുകയും ചെയ്തു .പുതിയ നിലവാരത്തിലുള വി ജി 30 ടാറിങ് ആണ് ഇവിടെ ചെയ്തിരുന്നത്. റാപിഡ് സീലിംഗ് എമല്‍ഷന്‍ ഉപയോഗിച്ചാണ് ഇവിടെ ടാറിങ് ചെയ്തത് എന്ന് കോണ്‍ട്രാക്ടര്‍ പറയുന്നു . നിലവാര തകര്‍ച്ചയാണോ മറ്റു സാങ്കേതിക തകരാറുകള്‍ ആണോ ഇതിനു പുറകില്‍ എന്ന് അന്വേഷണത്തിലൂടെ പറയാമെന്നു ഉദ്യോഗസ്‌ഥര്‍.

ഊരകം ഇടവകയില്‍ സമാശ്വാസ പദ്ധതി ആരംഭിച്ചു

ഇരിങ്ങാലക്കുട: ശതോത്തര സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന ഊരകം സെന്റ് ജോസഫ്സ് പള്ളിയില്‍ 18 വയസു മുതല്‍ 70 വരെ പ്രായമുള്ള മുഴുവന്‍ ഇടവകാംഗങ്ങളെയും സൗജന്യമായി ഇന്‍ഷൂര്‍ ചെയ്യുന്ന സമാശ്വാസ പദ്ധതി ആരംഭിച്ചു. സോഷ്യല്‍ ആക്ഷന്‍ ഫോറം രൂപത ഡയറക്ടര്‍ ഫാ.ജോസ് മഞ്ഞളി പദ്ധതി ഉദ്ഘാടനം ചെയ്തു. വികാരി റവ.ഡോ. ബെഞ്ചമിന്‍ ചിറയത്ത് ചടങ്ങില്‍  അധ്യക്ഷതവഹിച്ചു.

ഉയരങ്ങള്‍ കീഴടക്കുവാന്‍ ക്രൈസ്റ്റിന്റെ ഇന്‍ഡോര്‍ ജംപിങ്ങ് പിറ്റ് സൗകര്യം

ഇരിങ്ങാലക്കുട : ഇന്‍ഡോര്‍ ജംപിങ്ങ് സൗകര്യമുള്ള ഇന്ത്യയിലെ ആദ്യത്തെ കോളേജ് ആയി ക്രൈസ്റ്റ് കോളേജ് മാറി . വജ്രജൂബിലി ആഘോഷിക്കുന്ന ക്രൈസ്റ്റ് കോളേജ് വളര്‍ന്നു വരുന്ന കായികതാരങ്ങള്‍ക്കായി മഴക്കാലത്തും, വേനല്‍കാലത്തും പരീശീലനം നടത്തുവാന്‍ കഴിയുന്ന വിധത്തില്‍ 11 ലക്ഷം രൂപയോളം ചെലവഴിച്ചു ഇന്‍ഡോര്‍ ജംപിങ്ങ് സൗകര്യം ഒരുക്കിയിരിക്കുന്നു . ജംപിങ്ങ് പിറ്റിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച 4 .30 നു കേരള സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി പി ദാസന്‍ മാസ്റ്റര്‍ നിര്‍വഹിക്കും എന്ന് ഭാരവാഹികള്‍പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഇരിങ്ങാലക്കുട നിയോജക മണ്ഡലം- സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപനം

ഇരിങ്ങാലക്കുട : കേരളത്തിലെ എല്ലാ ഭവനങ്ങളിലും മാര്‍ച്ച് 31 – ാം തീയതിയോടുകൂടി വൈദ്യുതി എത്തിക്കുക എന്ന പദ്ധതി ലക്‌ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുട നിയോജക മണ്ഡലം സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപനം മാര്‍ച്ച് 22 ബുധനാഴ്ച രാവിലെ 10 .30 നു മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ എം എല്‍ എ പ്രൊഫ് കെ യു അരുണന്‍ നിര്‍വഹിക്കും. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. ഈ നിയോജക മണ്ഡലത്തിലെ മുഴുവന്‍ വീടുകളിലും വൈദ്യുതി എത്തിക്കുക എന്ന ഈ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി മൊത്തം 55 ലക്ഷം രൂപയാണ് ചെലവ് വന്നിട്ടുള്ളത്. പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപയും ,കെ എസ് ഈ ബി യുടെ ഫണ്ടില്‍ നിന്നും 30 ലക്ഷം രൂപയും വിനിയോഗിച്ചാണ് ഈ പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിച്ചിട്ടുള്ളത്. പത്ര സമ്മേളനത്തില്‍ ഇരിങ്ങാലക്കുട എം എല്‍ എ പ്രൊഫ് കെ യു അരുണന്‍ മാസ്റ്റര്‍,ഇരിങ്ങാലക്കുട ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ എം നാരായണന്‍ , കെ എസ് ഇ ബി ഓഫീസര്‍സ് അസോസിയേഷന്‍ ജില്ലാ പ്രതിനിധി തിലകന്‍ ഇ കെ, എ ഇ മാരായ ജയചന്ദ്രന്‍ പി , ഷീജ ജോസ് , സോണി ഫ്രാന്‍സിസ് ,  അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ അനീഷ് എ എസ് എന്നിവര്‍ പങ്കെടുത്തു. .

പൂര്‍വവിദ്യാര്‍ഥി സംഘടനയുടെ നേതൃത്വത്തില്‍ ഒരുക്കിയ വായനശാലയും വായനമൂലയും തുറന്നു

കാറളം: എ.എല്‍.പി. സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥി സംഘടനയുടെ നേതൃത്വത്തില്‍ ഒരുക്കിയ വായനശാലയുടെയും വായനമൂലയുടെയും ഉദ്ഘാടനം പൂര്‍വവിദ്യാര്‍ഥിയും സാഹിത്യകാരനുമായ കെ. ഹരി നിര്‍വഹിച്ചു.  പൂര്‍വവിദ്യാര്‍ഥി സംഘടന പ്രസിഡന്റ് കാറളം രാമചന്ദ്രന്‍ നമ്പ്യാര്‍ ചടങ്ങില്‍ അദ്ധ്യക്ഷനായി. ഹെഡ്മിസ്ട്രസ് പി.വി. മേരി വായനശാലയ്ക്കുള്ള പുസ്തകങ്ങളും അനുബന്ധ ഉപകരണങ്ങളും ഏറ്റുവാങ്ങി. സ്‌കൂള്‍ മാനേജര്‍ കാട്ടിക്കുളം ഭരതന്‍ വിശിഷ്ടാതിഥിയായി. പൂര്‍വവിദ്യാര്‍ഥി സംഘടനാ പ്രതിനിധികളായ കെ.പി. മോളി, ടി.ആര്‍. പീതാംബരന്‍, കെ. ശ്യാമള, ചിന്ത സുഭാഷ്, നവിത, സി.വി. വാസു എന്നിവര്‍ സംസാരിച്ചു. മികവുതെളിയിച്ച പൂര്‍വവിദ്യാര്‍ഥികള്‍ക്കുള്ള പുസ്തകങ്ങളും ചടങ്ങില്‍ സമ്മാനിച്ചു. കണ്ണമ്പിള്ളി പ്രഭാകരമേനോന്റെ ഓര്‍മയ്ക്കായാണ് വായനമൂല തുറന്നിരിക്കുന്നത്

കാരുകുളങ്ങര നരസിംഹസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി

ഇരിങ്ങാലക്കുട : കാരുകുളങ്ങര നരസിംഹസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. തന്ത്രി നഗരമണ്ണ് ത്രിവിക്രമന്‍ നമ്പൂതിരി, അണിമംഗലം സുബ്രഹ്മണ്യന്‍ നമ്പൂതിരി എന്നിവര്‍ കൊടിയേറ്റത്തിന് നേതൃത്വം നല്‍കി. തിങ്കളാഴ്ച ശീവേലി, വൈകീട്ട് ആറിന് കലാസന്ധ്യ, വലിയവിളക്ക് ദിവസമായ ചൊവ്വാഴ്ച വൈകീട്ട് ഏഴിന് കഥകളി എന്നിവ നടക്കും. ബുധനാഴ്ച വൈകീട്ട് 6.30ന് നാടകം, ഒമ്പതിന് പള്ളിവേട്ട, വ്യാഴാഴ്ച ആറാട്ട് എന്നിവയാണ് പ്രധാന പരിപാടികള്‍.

Top
Menu Title