News

മദ്യനയം: എക്സൈസ് മന്ത്രിയെയും മുഖ്യമന്ത്രിയെയും പരോക്ഷമായി കളിയാക്കിക്കൊണ്ട്‌ ഇരിങ്ങാലക്കുട രൂപത മുഖപത്രം

14090108ഇരിങ്ങാലക്കുട: ഭരണ നേതൃത്വത്തിലെ ഒരു വിഭാഗവും അവരുടെ പിന്നിലുള്ള മദ്യമുതലാളിമാരുമാണ് പുതിയ മദ്യനയം മൂലമുള്ള കേരളത്തിന്റെ വരുമാന നഷ്ടത്തെ കുറിച്ച് പ്രചരണം നടത്തിക്കൊണ്ടിരിക്കുന്നത് എന്ന് ഇരിങ്ങാലക്കുട രൂപത മുഖപത്രമായ കേരളസഭയില്‍ ലേഖനം.പുതിയ മദ്യനയത്തിന് അനുകൂലമായി ഉണ്ടായ ജനാഭിപ്രായത്തില്‍ നിന്ന് മുതലെടുക്കാന്‍ ചിലര്‍ അതിന്റെ പിതൃത്വം അവകാശപ്പെടുന്നുണ്ടെന്ന് ലേഖനം കളിയാക്കുന്നു. നിലവാരമില്ലാത്തത്തിന്റെ പേരില്‍ പൂട്ടിയ 418 ബാറുകള്‍ അടയ്ക്കാനും സര്‍ക്കാറിന് തിരുമാനിക്കേണ്ടി വന്നതിന്റെ മേന്മ കെ പി സി സി പ്രസിഡണ്ട് വി എം സുധീരന് മാത്രമാണെന്നും കേരളസഭ വിലയിരുത്തുന്നു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പും അതിന് പുറകെ വരുന്ന നിയമസഭ തിരഞ്ഞെടുപ്പും ലക്ഷ്യമിട്ടുള്ള താത്കാലിക ചെപ്പടി വിദ്യയാണിതെങ്കില്‍ യു ഡി എഫ് പിന്നിട് ദോഷം ചെയ്യുമെന്നും ലേഖനം വിലയിരുത്തുന്നു.

 

ദൈവദശകം രചനാ ശതാബ്ദി അതിവിപുലമായി ആഘോഷിച്ചു

14090107ഇരിങ്ങാലക്കുട: എടതിരിഞ്ഞി എച്ച് ഡി പി സമാജവും ,മുകുന്ദപുരം എസ് എന്‍ ഡി പി യൂണിയന്‍ പടിയൂര്‍ മേഖല ശാഖയോഗങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ ദൈവദശകം രചനാ ശതാബ്ദി ആഘോഷിച്ചു. എടതിരിഞ്ഞി എച്ച് ഡി പി സമാജം ശ്രീനാരായണ ഹാളില്‍ നടന്ന സമ്മേളനം മുകുന്ദപുരം യൂണിയന്‍ സെക്രട്ടറി പി കെ പ്രസന്നന്‍ ഉദ്ഘാടനം ചെയ്തു. പടിയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ലോഹിതാക്ഷന്‍ ഭദ്രദീപം തെളിയിച്ചു. സമാജം പ്രസിഡണ്ട് ഭരതന്‍ കണ്ടെങ്കാട്ടില്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പടിയൂര്‍ മേഖല ചെയര്‍മാന്‍ കെ എസ് പുഷ്പാംഗദന്‍ കണ്‍വീനര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.റിട്ട .പ്രിന്‍സിപ്പാള്‍ ഗീത സുരാജ് ദൈവദശകം രചനാ പ്രഭാഷണം നടത്തി. സമാജം സെക്രട്ടറി കെ വി മോഹനന്‍ സ്വാഗതവും സുബ്രഹ്മണ്യന്‍ കളപ്പുരത്തറ നന്ദിയും പറഞ്ഞു.

കെ പി കേശവമേനോന്റെ ജന്മദിനം ആഘോഷിച്ചു

14090106ഇരിങ്ങാലക്കുട: സ്വാതന്ത്ര സമര സേനാനിയും മാതൃഭൂമി സ്ഥാപക പത്രാധിപരും ഗ്രന്ഥകാരനുമായിരുന്ന കെ പി കേശവമേനോന്റെ 128 മത് ജന്മദിനം ശക്തി സാംസ്കാരിക വേദി വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രസിഡണ്ട് ഉണ്ണികൃഷ്ണന്‍ കിഴുത്താനി അദ്ധ്യക്ഷത വഹിച്ചു. പ്രൊ കെ ജെ ജോസഫ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബാബുരാജ് പൊറത്തിശ്ശേരി പി മുരളികൃഷ്ണന്‍ ,എം കെ മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

മാവേലി സ്റ്റോറിന് മുമ്പില്‍ പ്രതിക്ഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

14090103
ഇരിങ്ങാലക്കുട:
വിപണികളിലും മാവേലി സ്റ്റോറുകളിലും ആവശ്യമായത്ര സാധനങ്ങള്‍ എത്തിക്കുക എന്നാവശ്യപ്പെട്ട് എ ഐ ഡി ഡബ്ലിയു എ ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ഠാണാവിലെ മാവേലി സ്റ്റോറിന് മുമ്പില്‍ പ്രതിക്ഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.എ ഐ ഡി ഡബ്ലിയു എ ജില്ല പ്രസിഡണ്ട് അഡ്വ കെ ആര്‍ വിജയ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ഏരിയ പ്രസിഡണ്ട് വത്സല ബാബു,സെക്രട്ടറി ലത ചന്ദ്രന്‍ ,ട്രഷറര്‍ കാഞ്ചന കൃഷ്ണന്‍ ,കമ്മിറ്റി അംഗം മല്ലിക ചാത്തുക്കുട്ടി തുടങ്ങിയവര സംസാരിച്ചു. കൂടുതല്‍ സബ്സിഡി വിപണന കേന്ദ്രങ്ങള്‍ ആരംഭിക്കുക എന്നീ പ്ലക് കാര്‍ഡുകളുമേന്തി നൂറുകണക്കിന് വനിതകള്‍ പ്രതിക്ഷേധ കൂട്ടായ്മയില്‍ പങ്കെടുത്തു.

ശ്രീനാരായണ ജയന്തി ആഘോഷം സെപ്തംബര്‍ 8 ന്

14090104ഇരിങ്ങാലക്കുട: എസ് എന്‍ ബി എസ് സമാജം ,എസ് എന്‍ വൈ എസ് ,മുകുന്ദപുരം എസ് എന്‍ ഡി പി യൂണിയന്‍ ഇരിങ്ങാലക്കുട മേഖല ,ശാഖയോഗങ്ങള്‍ മറ്റ് ശ്രീനാരായണ പ്രസ്ഥാനങ്ങള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ശ്രീനാരായണഗുരു ജയന്തി വിശ്വനാഥപുരം ക്ഷേത്രാങ്കണത്തില്‍ സെപ്തംബര്‍ 8 തിങ്കളാഴ്ച വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് പ്രസിഡണ്ട് പ്രവികുമാര്‍ ചെറാകുളം ,സെക്രട്ടറി കെ കെ ചന്ദ്രന്‍ എന്നിവര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.ഇതോടനുബന്ധിച്ച് എട്ടാം തിയ്യതി രാവിലെ 10 മുതല്‍ 12 വരെ എസ് എന്‍ വൈ എസ് സംഘടിപ്പിക്കുന്ന അഖില കേരള പൂക്കളമത്സരം നടക്കും.ഉച്ചതിരിഞ്ഞ് 3 മണി മുതല്‍ കുട്ടംകുളം പരിസരത്ത് നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര തുടര്‍ന്ന് 5 മണി മുതല്‍ നടക്കുന്ന പൊതുസമ്മേളനം അഡ്വ തോമസ്‌ ഉണ്ണിയാടന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. എസ് എന്‍ ഡി പി മുകുന്ദപുരം യൂണിയന്‍ പ്രസിഡണ്ട് മുഖ്യാഥിതിയായിരിക്കും. ഇരിങ്ങാലക്കുട നഗരസഭാ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് സാഹിത്യ മത്സരങ്ങളിലെ വിജയികള്‍ക്കും,ചിത്ര രചന ,പൂക്കള മത്സരം എന്നിവയിലെ വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിക്കും . ഇരിങ്ങാലക്കുട പ്രസ്‌ ക്ലബ് പ്രസിഡണ്ട് നവീന്‍ ഭഗീരഥന്‍ സമാജം മെമ്പര്‍മാരുടെ മക്കളില്‍ ഉന്നത വിജയം കരസ്ഥമാക്കിയവര്‍ക്കുള്ള വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ചെയ്യും.സമ്മേളാനന്തരം കൊച്ചിന്‍ സ്റ്റാര്‍വോയ്സ്‌ അവതരിപ്പിക്കുന്ന ഗാനമേള ഉണ്ടായിരിക്കുന്നതാണ്.

കരുവന്നൂര്‍ സര്‍വ്വീസ് സഹകരണബാങ്ക് സൂപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു

14090101കരുവന്നൂര്‍ : കരുവന്നൂര്‍ സര്‍വ്വീസ് സഹകരണബാങ്കിന്റെ ഹെഡ് ഓഫീസിനോട് ചേര്‍ന്ന് പുതുതായി ആരംഭിച്ച സഹകരണ സൂപ്പര്‍മാര്‍ക്കറ്റ് ഇന്നസെന്റ് എം.പി. ഉദ്ഘാടനം ചെയ്തു. അഡ്വ. തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ. ആധ്യക്ഷ്യം വഹിച്ചു. സി.കെ. ചന്ദ്രന്‍ ആദ്യവില്‍പ്പന നടത്തി. ഉപകരണങ്ങള്‍, യന്ത്രങ്ങള്‍, വിത്തുകള്‍, നടീല്‍ വസ്തുക്കള്‍ എന്നിവയ്ക്കായി ഒരുക്കിയ കാര്‍ഷിക സേവനകേന്ദ്രത്തിന്റെ ഉദ്ഘാടനം സഹകരണ ജോ. രജിസ്ട്രാര്‍ സി.വി. ശശിധരനും വിദ്യാര്‍ത്ഥികള്‍ക്കുള്ള എന്‍ഡോവ്‌മെന്റ് വിതരണം നഗരസഭാ വൈസ് ചെയര്‍മാന്‍ ആന്റോ പെരുമ്പിള്ളിയും നിര്‍വ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് കെ.കെ. ദിവാകരന്‍, എം.ബി. രാജു, കാഞ്ചന കൃഷ്ണന്‍, വി.കെ. സരള, ടി.ആര്‍. പൗലോസ്, ടി.ആര്‍. സുനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഡോണ്‍ബോസ്‌കോയുടെ 200-ാം ജന്‍മദിനാഘോഷങ്ങള്‍ക്ക് തുടക്കമായി

14090102ഇരിങ്ങാലക്കുട: ഡോണ്‍ബോസ്‌കോയുടെ 200-ാം ജന്‍മദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികള്‍ക്ക് തുടക്കമായി. ഡോണ്‍ബോസ്‌കോ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ തക്കല രൂപത മെത്രാനും സലേഷ്യന്‍ സഭാംഗവുമായ മാര്‍ ജോര്‍ജ്ജ് രാജേന്ദ്രന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ജൂബിലി ആഘോഷപരിപാടികളുടെ ലോഗോ പ്രകാശനവും പതാക ഉയര്‍ത്തലും സി.എന്‍. ജയദേവന്‍ എം.പി. നിര്‍വ്വഹിച്ചു. ജൂബിലി പദ്ധതികളായ 200 നിര്‍ധന രോഗികള്‍ക്ക് ഡയാലിസിസിനുള്ള ധനസഹായവും 200 കുട്ടികളുടെ പഠനത്തിനുള്ള സഹായധനവും ഇരിങ്ങാലക്കുട നഗരസഭാ ചെയര്‍പേഴ്‌സന്‍ മേരിക്കുട്ടി ജോയ് നിര്‍വ്വഹിച്ചു. സ്‌കൂള്‍ റെക്ടര്‍ ഫാ. തോമസ് പൂവേലിക്കല്‍, പ്രിന്‍സിപ്പല്‍ ഫാ. മാര്‍ട്ടിന്‍ കുരുവമ്മാക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തില്‍ നവീകരണകലശ കൂപ്പണ്‍ വിതരണോദ്‌ഘാടനം നടത്തി

14083101കാറളം : കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തില്‍ 32 വര്‍ഷത്തിനുശേഷം നടക്കു നവീകരണ കലശത്തിന്റെ ആദ്യകൂപ്പണ്‍ വിതരണം ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ്‌ ദിനേശന്‍ നമ്പൂതിരിപ്പാട്‌ ബാലചന്ദ്രന്‍ പൊന്തേങ്കണ്ടത്തിന്‌ നല്‍കി തുടക്കം കുറിച്ചു. ക്ഷേത്രക്ഷേമ സമിതി പ്രസിഡന്റ്‌ അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. തിരുവമ്പാടി ദേവസ്വം പ്രസിഡന്റ്‌ പ്രൊഫ. മാധവന്‍കുട്ടി , പി.എസ്‌ സുരേഷ്‌, സതീശന്‍ നമ്പൂതിരി തുടങ്ങിയവര്‍ സംസാരിച്ചു.

സംസ്ഥാനത്ത് ചൊവ്വാഴ്ച ആര്‍.എസ്.എസ് ഹര്‍ത്താല്‍

14090109ഇരിങ്ങാലക്കുട: കണ്ണൂരില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ചൊവ്വാഴ്ച ആര്‍.എസ്.എസ് ഹര്‍ത്താല്‍ ആചരിക്കും. പയ്യന്നൂരില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകനായ വിനോദ്കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ സി പി എം നടപടിയില്‍ പ്രതിക്ഷേധിച്ച് ഇരിങ്ങാലക്കുടയില്‍ ആര്‍ എസ് എസിന്റെ നേതൃത്വത്തില്‍ പ്രതിക്ഷേധ പ്രകടനം നടത്തി. കൂടല്‍മാണിക്യം പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനത്തില്‍ നൂറോളം പ്രവർത്തകര്‍ പങ്കെടുത്തു.  കതിരൂരിന് സമീപം ഡയമണ്ട് മുക്കിലുണ്ടായ അക്രമത്തില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകനായ ഇളന്തോട്ടില്‍ മനോജാണ് കൊല്ലപ്പെട്ടത്. മറ്റൊരു പ്രവര്‍ത്തകന് ഗുരുതരമായി പരിക്കേറ്റു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

ചരമം : ചെന്താമരാക്ഷമേനോന്‍

14083102ഇരിങ്ങാലക്കുട: എം.ജി റോഡില്‍ തോട്ടാപ്പിള്ളി വിട്ടില്‍ ചെന്താമരാക്ഷന്‍(അപ്പു-69) അന്തരിച്ചു. ഭാര്യ: ശോഭ സി. മേനോന്‍. മക്കള്‍: രാകേഷ്‌, രാജീവ്‌, രമേഷ്‌. ശവസംസ്‌ക്കാരം തിങ്കളാഴ്‌ച രാവിലെ 11ന്‌ വീട്ടുവളപ്പില്‍.

ആലത്തൂര്‍ കായ ഉപ്പേരിയുടെ രുചി ഇരിങ്ങാലക്കുടയിലും

14083008ഇരിങ്ങാലക്കുട: പ്രസിദ്ധമായ ആലത്തൂര്‍ കായ ഉപ്പേരിയുടെ രുചി ഓണക്കാലമായത്തോടെ ഇരിങ്ങാലക്കുടയിലും എത്തി. ഇന്‍സ്റ്റന്റ് കായ ഉപ്പേരി വറുക്കുന്നത്‌ കാണാന്‍ ഇരിങ്ങാലക്കുട കൂടല്‍മാണിക്യം റോഡിലെ ലക്ഷ്മി ബേക്കറിയ്ക്ക് മുന്‍പില്‍ ജനം കൂടുന്നുണ്ട്. ഓണക്കാലം ആവുന്നതോടെ എല്ലാ വര്‍ഷവും ആലത്തൂരിലെ പ്രസിദ്ധരായ ഉപ്പേരി വറവുകാരെ ഇരിങ്ങാലക്കുടയില്‍ എത്തിച്ച് കായ പൊളിച്ച് ചിപ്സ് ആക്കി വെളിച്ചെണ്ണയില്‍ വറുത്തെടുക്കുന്ന കാഴ്ച തന്നെ ആനന്ദകരമാണ്.ഇത്തവണ വിലക്കയറ്റം ഈ മേഖലയിലേയ്ക്ക് കടന്നുകയറിയിട്ടുണ്ട്. ആവശ്യക്കാരുടെ മുന്‍പില്‍ വച്ചു തന്നെ വറുത്തെടുക്കുന്ന ഉപ്പേരിയ്ക്ക് കിലോയ്ക്ക് 300/- രൂപയും പായ്ക്കറ്റില്‍ കിട്ടുന്നതിന് 250 രൂപയുമാണ് വില .

മൃതദേഹത്തോട് അനാദരവ് : ബിഷപ്പിനും പള്ളി വികാരിക്കുമെതിരെ കേസ് എടുക്കാന്‍ ഉത്തരവ്

14083010ഇരിങ്ങാലക്കുട: മൃതദേഹത്തോട് അനാദരവ് കാണിച്ചെന്ന പരാതിയിൽ  ഇരിങ്ങാലക്കുട ബിഷപ്പിനെതിരെയും പുളിങ്കര സെന്റ്‌ മേരിസ് പള്ളി വികാരിക്കെതിരെയും കേസ് എടുക്കാന്‍ ചാലക്കുടി ജൂഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ലീന റഷീദ് ഉത്തരവിട്ടു. ബിഷപ്പിനോടും പള്ളി വികാരിയോടും കോടതിയില്‍ ഹാജരാകുന്നതിന് സമന്‍സും അയക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്.ഗുഡല്ലുരില്‍ കൃഷി ചെയ്തു വന്നിരുന്ന കുറ്റിച്ചിറ സ്വദേശി പൌലോസ് ആകസ്മികമായി ഉണ്ടായ അപകടത്തിൽ മരണ മടഞ്ഞതിനെ തുടർന്ന് മതപരമായ സംസ്കാരം നടത്തുന്നതിനായി നേരത്തെ ബന്ധുക്കള്‍ അപേക്ഷിച്ചിരുന്നെങ്കിലും ,  മൃതദേഹവുമായി വിലാപയാത്ര പള്ളിയില്‍ എത്തിയപ്പോള്‍ ഇടവക വികാരി മൃതദേഹത്തിനു നല്കേണ്ട മതാചാര ചടങ്ങുകള്‍ക്ക് തയ്യാറായില്ല. തുടര്‍ന്ന് പുളിങ്കര സെന്റ്‌ മേരിസ് പള്ളിയില്‍ മതപരമായ ആചാരങ്ങൾ ഒന്നുമില്ലാതെ ഒരു ഒഴിഞ്ഞ കല്ലറയില്‍ സ്ലെബ് ഇട്ടു മൂടി മൃദദേഹം മറവു ചെയ്യുകയായിരുന്നു.  പരാതിക്കാരന്   വേണ്ടി  അഡ്വ: പി പ്രോമോദ്, അഡ്വ:  സജി കുറുപ്  എന്നിവർ ഹാജരായി.

ഇരിങ്ങാലക്കുട ഫെസ്റ്റ് : ഈണവര്‍ണ്ണങ്ങള്‍ ശ്രദ്ധേയമായി

14083009ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ഫെസ്റ്റിനൊടനുബന്ധിച്ച് ആകാശവാണി തൃശൂര്‍ നിലയം ,ഇരിങ്ങാലക്കുട ബ്ലോക്ക്‌ ജനശ്രീ സുസ്ഥിര വികസന മിഷന്റെ സഹകരണത്തോടെ നടത്തിയ ചലച്ചിത്ര ഗാനങ്ങൾ ,ലളിതഗാനങ്ങൾ ,ലഘു ശാസ്ത്രിയ കൃതികള്‍ ,നാടന്‍ പാട്ടുകള്‍ എന്നിവ കോര്‍ത്തിണക്കിയ ഫ്യുഷന്‍ സംഗീതംഈണവര്‍ണ്ണങ്ങള്‍ ശ്രദ്ധേയമായി. പരിപാടിയുടെ ഉദ്ഘാടനം അഡ്വ തോമസ്‌ ഉണ്ണിയാടൻ എം എല്‍ എ നിര്‍വഹിച്ചു. ഐ ടി സി ബാങ്ക് ചെയര്‍മാന്‍ എം പി ജാക്ക്സണ്‍ അദ്ധ്യക്ഷത വഹിച്ചു. ജനശ്രീ സുസ്ഥിര വികസന മിഷന്‍ ബെന്‍സി ഡേവിഡ്‌ സ്വാഗതവും ആകാശവാണി പ്രോഗ്രാം കോഡിനെറ്റര്‍ എസ് നാരായണന്‍ നന്ദിയും പറഞ്ഞു. ഈ പരിപാടി ആകാശവാണിയുടെ കേരളത്തിലെ എല്ലാ നിലയങ്ങളിലും സെപ്തംബർ 8 ന് ?(അവിട്ടം) രാവിലെ 10 മണി മുതല്‍ പ്രക്ഷേപണം ചെയ്യും .

കൂട്ടുകുടുംബത്തിന്റെ തകര്‍ച്ച ഇളം തലമുറയുടെ മാനസിക സംഘര്‍ഷത്തിന് കാരണമാകുന്നു: ഡോ വി പി ഗംഗാധരന്‍

14083005 ഇരിങ്ങാലക്കുട: നാം അന്തമായി പാര്‍ശ്വവത്കരിക്കപ്പെടുകയാണെന്നും, മുന്നിലുള്ളവരെയും നേട്ടങ്ങള്‍ കൊയ്യുന്നവരെയും മാതമല്ല പുരകിലുള്ളവരെയാണ് നാം കാണെണ്ടതെന്നും പ്രശസ്ത കാന്‍സര്‍ വിദഗ്ദന്‍ ഡോ വി പി ഗംഗാധരന്‍ അഭിപ്രായപ്പെട്ടു. വിദ്യോദയ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ക്യാമ്പസില്‍ പുതിയതായി ആരംഭിച്ച തുഷാരം കൌണ്‍സിലിങ്ങ് ആന്റ് ഗൈഡന്‍സ് സെന്ററിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യാഥിതിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. നല്ലവശങ്ങള്‍ അവഗണിക്കുകയും ചീത്തവശങ്ങള്‍ അനുകരിക്കുകയും ചെയ്യുന്ന പ്രവണതയാണ് എവിടെയും കണ്ടു വരുന്നത്. നമ്മുടെ പൈതൃകമായ കൂട്ട്കുടുംബ വ്യവസ്ഥിതി ഇന്ന് നമുക്ക് അന്യമായിക്കൊണ്ടിരിക്കുന്നത്,അതിന്റെ ഫലമായിട്ടാണ് ഇന്ന് കുട്ടികളില്‍ കണ്ടു വരുന്ന ദുഷ്പ്രവണതയ്ക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു. പണ്ടൊക്കെ നമ്മുടെ നാട്ടിന്‍പുറങ്ങളിലെ കളിക്കളങ്ങള്‍ കുട്ടികളെക്കൊണ്ട് നിറയുമായിരുന്നു, എന്നാല്‍ കണ്ണിനു കുളിര്‍മയും മനസിന്‌ ആനന്ദവും നല്കുന്ന കുട്ടികളെ അവധിക്കാലങ്ങളില്‍ പോലും കളിക്കളങ്ങളില്‍ കാണാറില്ല.ഭാരമേറിയ പുസ്തക സഞ്ചികളുമായി ട്യുഷന്‍ സെന്‍ന്ററിലേയ്ക്ക് പോകുന്ന കുട്ടികളെയാണ് നമ്മുക്ക് ഇന്ന് കാണാന്‍ സാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രപതിയുടെ ദേശിയ അവാര്‍ഡിന് സിജു ജോസഫ് അര്‍ഹനായി

14083006ഇരിങ്ങാലക്കുട: സെന്‍സസ് പ്രവര്‍ത്തനത്തിലെ മികവിന് രാഷ്ട്രപതിയുടെ ദേശിയ അവാര്‍ഡിന് ഇരിങ്ങാലക്കുട സ്വദേശി സിജു ജോസഫ് അര്‍ഹനായി. മുകുന്ദപുരം താലൂക്ക് ഓഫിസിലെ സീനിയര്‍ ക്ലാര്‍ക്കാണ്‌ ഇദ്ദേഹം .

Top
Menu Title