IRINJALAKUDALIVE.COM

ഇരിങ്ങാലക്കുട കെ എസ് ഇ ലിമിറ്റഡില്‍ 200% ഡിവിഡന്റ്

14092516ഇരിങ്ങാലക്കുട: കെ എസ് ഇ ലിമിറ്റഡിന്റെ 50 – ാം വാര്‍ഷിക പൊതുയോഗം നടന്നു.കമ്പനി ചെയര്‍മാന്‍ ആന്റ് എം ഡി എം സി പോളിന്റെ അദ്ധ്യക്ഷതയില്‍ കമ്പനിയുടെ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് 200% ഡിവിഡന്റ് ഓഹരി ഉടമകള്‍ക്ക് നല്കാന്‍ തിരുമാനമായി. കമ്പനി സെക്രട്ടറിയും ഫിനാന്‍സ് ജനറല്‍ മാനേജരുമായ ആര്‍ ശങ്കരനാരായണന്‍ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു.


ഒരപ്പന്‍ തോട് സ്വകാര്യവ്യക്തി കയ്യേറിയതായി പരാതി

14092517 കല്ലേറ്റുംകര: കല്ലേറ്റുംകര പള്ളിനടയിലെ പുറമ്പോക്കിലെ ഒരപ്പന്‍ തോട് സ്വകാര്യ വ്യക്തി അനധികൃതമായി കയ്യേറി മണ്ണിട്ട് നികത്തിയതായി പരാതി. ആളൂര്‍ പഞ്ചായത്തിന്റെയും കല്ലേറ്റുംകര വില്ലേജ് ഒഫിസിന്റെയും അനുമതി ഇല്ലാതെയാണ് സ്വകാര്യ വ്യക്തി ഈ പ്രവൃത്തി ചെയ്യുന്നത്. നാട്ടുകാരുടെ പ്രതിക്ഷേധത്തെ തുടര്‍ന്ന് ജെ സി ബി ഉപയോഗിച്ച് മണ്ണ് മാറ്റുകയാനിപ്പോള്‍ . ഈ അനധികൃത കയ്യേറ്റത്തെ കുറിച്ച് അടിയന്തിരമായി അന്വേഷണം നടത്തി നിയമപരമായ നടപടികള്‍ എടുക്കണമെന്ന് ആളൂര്‍ പഞ്ചായത്ത് പൗരസമിതി ചെയര്‍മാന്‍ പി എം ഷാഹുല്‍ ഹമീദ്, സെക്രട്ടറി ഉണ്ണികൃഷ്ണന്‍ പുതുവീട്ടില്‍ എന്നിവര്‍ ആവശ്യപ്പെട്ടു.


ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇരിങ്ങാലക്കുട സെന്റ്‌ ജോസഫ്‌സ്‌ കോളേജ്‌ കിരീടം ചൂടി

14092515ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ്‌ ജോസഫ്‌സ്‌ കോളേജിന്റെ ആഭിമുഖ്യത്തില്‍ നടന്ന പ്രഥമ പോള്‍ ടി ജോണ്‍ മെമ്മോറിയല്‍ അഖില കേരള ഇന്റര്‍ കോളേജിയറ്റ്‌ ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണമെന്റില്‍ അസംഷന്‍ കോളേജ്‌ ചങ്ങനാശ്ശേരിയെ തോല്‍പ്പിച്ച്‌ (56-48) ഇരിങ്ങാലക്കുട സെന്റ്‌ ജോസഫ്‌സ്‌ കോളേജ്‌ കിരീടം ചൂടി.ഗോള്‍ഡന്‍ ജൂബിലി മെമ്മോറിയല്‍ കണിച്ചായി ട്രസ്‌റ്റ്‌ വോളീബോള്‍ ടൂര്‍ണമെന്റില്‍ അസംഷന്‍ കോളേജ്‌ ചങ്ങനാശ്ശേരി സെന്റ്‌ ജോസഫ്‌സ്‌ കോളേജിനെ (25-18), (25-15), (25-23) തോല്‍പ്പിച്ച്‌ കിരീടം ചൂടി. ഇരിങ്ങാലക്കുട എം എല്‍ എ. അഡ്വ തോമസ്‌ ഉണ്ണിയാടന്‍ വിജയികള്‍ക്ക്‌ സമ്മാനങ്ങള്‍ വിതരണം ചെയ്തു. . പ്രിന്‍സിപ്പാള്‍ ഡോ സി ആനികുര്യാക്കോസ്‌, കായിക വിഭാഗം മേധാവി സ്‌റ്റാലിന്‍ റാഫേല്‍, തുഷാര ഫിലിപ്പ്‌, റോസിലി പോള്‍ എന്നിവര്‍ സംസാരിച്ചു .


എസ് എന്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കലോത്സവം ആരംഭിച്ചു

14092514ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട എസ് എന്‍ ഹയര്‍സെക്കന്ററി സ്‌കൂളുകളിലെ ഈ വര്‍ഷത്തെ സ്‌കൂള്‍ കലോത്സവം സുപ്രസിദ്ധ സിനിമാതാരം ടൊവിനോ തോമസ് ഉദ്ഘാടനം ചെയ്‌തു. ശ്രീ.പി.കെ.ഭരതന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ. പ്രസിഡന്റ് ശ്രീ.വേണു തോട്ടുങ്കല്‍, വിദ്യാര്‍ത്ഥിനികളായ കൃഷ്ണ.എം, ജിമി ജഗല്‍ പ്രസാദ്, ആദിത്യ പട്ടേല്‍ എന്നിവര്‍ സംസാരിച്ചു.


തപാല്‍ ജീവനക്കാര്‍ സൂപ്രണ്ട് ഓഫിസിന് മുമ്പില്‍ ധര്‍ണ്ണ നടത്തി

14092513ഇരിങ്ങാലക്കുട: ജി ഡി എസ് ജീവനക്കാരെ എഴാം ശമ്പള കമ്മിഷന്റെ പരിധിയിൽ ഉള്‍പ്പെടുത്തുക, ജീവനക്കാര്‍ക്ക് സിവിൽ സര്‍വെന്റ് സ്റ്റാറ്റസ് മറ്റു ആനുകൂല്യങ്ങള്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് തപാല്‍ ജീവനക്കാര്‍ രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി പോസ്റല്‍ ജെ സി എ യുടെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട പോസ്റല്‍ സൂപ്രണ്ട് ഓഫിസിന് മുമ്പില്‍ ധര്‍ണ്ണ നടത്തി. എന്‍ എഫ് പി എ മുന്‍ സംസ്ഥാന പ്രസിഡണ്ട് വി എ മോഹനന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. എം എ അബ്ദുള്‍ ഖാദര്‍ അദ്ധ്യക്ഷത വഹിച്ചു.


കബഡി മത്സരത്തില്‍ ഒന്നാം സ്ഥാനം എച്ച് ഡി പി സമാജം വിദ്യാര്‍ത്ഥികള്‍ക്ക്

14092511ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സബ് ഡിസ്ട്രിക്റ്റ് കബഡി മത്സരത്തില്‍ സീനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ എച്ച് ഡി പി സമാജം ഹയര്‍ സെക്കണ്ടറി സ്കൂള്‍ എടതിരിഞ്ഞി.


വെള്ളാങ്കല്ലുരില്‍ മലഞ്ചരക്ക് കട കുത്തി തുറന്ന് മോഷണം

14092508വെള്ളാങ്കല്ലുര്‍ :വെള്ളാങ്കല്ലുര്‍ ജംഗ്ഷനില്‍ മലഞ്ചരക്ക് കട കുത്തി തുറന്ന് മോഷണം. പൈങ്ങോട് കോനിക്കര വിന്‍സെന്റിന്റെ കടയിലാണ് മോഷണം നടന്നത്. ഒരുലക്ഷം രൂപയുടെ സാധനങ്ങള്‍ മോഷണം പോയിട്ടുണ്ട്. ഇരിങ്ങാലക്കുട പോലിസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.


ഇരിങ്ങാലക്കുടയിലേക്കുള്ള ഇടമലയാര്‍ കനാല്‍ നിര്‍മ്മാണ നടപടികള്‍ അവസാനിപ്പിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിക്ഷേധ ധര്‍ണ്ണ

14092504ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയിലേക്കുള്ള ഇടമലയാര്‍ കനാല്‍ നിര്‍മ്മാണ നടപടികള്‍ അവസാനിപ്പിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ കേരള കര്‍ഷക സംഘം ഇരിങ്ങാലക്കുട ഏരിയാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചാലക്കുടി ഇടമലയാര്‍ ഇറിഗേഷന്‍ പ്രോജക്ട്‌ ഓഫീസിലേക്ക്‌ സെപ്തംബര്‍ 27 ശനിയാഴ്‌ച മാര്‍ച്ചും ധര്‍ണ്ണയും നടത്തുവാന്‍ തീരുമാനിച്ചതായി കര്‍ഷകസംഘം ഏരിയാപ്രസിഡണ്ട്‌ ടി എസ്‌ സജീവന്‍ മാസ്റ്ററും സെക്രട്ടറി ടി ജി ശങ്കരനാരായണനും പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇടമലയാര്‍ ഇറിഗേഷന്‍ പ്രോജക്ട്‌ തയ്യാറാക്കിയതനുസരിച്ച് കടുപ്പശ്ശേരി,മുരിയാട് ,മതിലകം ,കാട്ടുര്‍, മതിലകം, പുത്തന്‍ചിറ ബ്രാഞ്ച്‌ കനാലുകളുടെ നിര്‍മ്മാണത്തിന് 40 വര്‍ഷങ്ങള്‍ക്കുമുമ്പ്‌ സര്‍വ്വേ നടത്തുകയും കനാല്‍ നിര്‍മ്മാണത്തിനായി കല്ലുകള്‍ സ്ഥാപിച്ച്‌ പോയതുമാണ്‌.കനാല്‍ നിര്‍മ്മാണത്തിനായി കക്ഷി രാഷ്ട്രീയത്തിനതീതമായി ജനങ്ങള്‍ നടത്തിയ മുറവിളിയെ തുടര്‍ന്ന്‌ കനാലിന്റെ നിര്‍മ്മാണത്തിനാവശ്യമായ സ്ഥലം ഏറ്റെടുത്ത്‌ അതിര്‍ത്തികള്‍ സ്ഥാപിക്കാനുള്ളവര്‍ക്ക്‌ ടെന്‍ഡര്‍ ചെയ്യപ്പെടുകയും പാസ്റ്റ്‌ റീച്ച്‌ വര്‍ക്കുകള്‍ രെജി.ജോസഫ്‌ എടുക്കുകയും ചെയ്‌തതാണ്‌. എന്നാല്‍ ഏതാനും  ചില 14092509തല്‍പരകക്ഷികള്‍ നടത്തിയ ഏതിര്‍പ്പിനെ തുടര്‍ന്ന്‌ പൊതുതാല്‍പര്യം പരിഗണിക്കാതെ ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലേയും സമീപ പഞ്ചായത്തുകളിലെയും കാര്‍ഷിക പുരോഗതിക്കും കുടിവെള്ള ക്ഷാമത്തിനും ഒരളവ്‌ വരെ പരിഹാരമാകുന്ന കനാലിന്റെ നിര്‍മ്മാണ നടപടികള്‍ സൂപ്രണ്ടിംഗ്‌ എഞ്ചിനീയര്‍ പ്രൊജക്ട്‌ സര്‍ക്കിള്‍ പിറവം , ഉത്തരവ്‌ പ്രകാരം ക്ലോസ്‌ ചെയ്‌തിരിക്കുകയാണെന്നും . ഈ തെറ്റായ നടപടി തിരുത്തണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് കര്‍ഷക സംഘം പ്രക്ഷോപം നടത്തുന്നത്‌. കര്‍ഷകസംഘം നേതാക്കളായ കെ പി ദിവാകരന്‍ മാസ്റ്റര്‍, എം ബി രാജു മാസ്റ്റര്‍, കെ കെ മോഹനന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.


കല്ലേറ്റുംകര റെയില്‍വേ സ്റ്റേഷന്‍ കോമ്പൗണ്ടിലെ പക്ഷിക്കൊല : പ്രതിക്ഷേധം ശക്തമാകുന്നു

14092313കല്ലേറ്റുംകര: അന്താരാഷ്ട്ര പരിസ്ഥിതി സംരക്ഷണ യൂണിയന്റെ (IUCN) റെഡ് ഡാറ്റാ ലിസ്റ്റില്‍പ്പെടുന്ന ദേശാടനപ്പക്ഷികള്‍ അടക്കമുള്ളവയുടെ ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനില്‍ സ്ഥിതിചെയ്യുന്ന കല്ലേറ്റുംകരയിലെ സ്റ്റേഷന്‍ കോമ്പൗണ്ടിലെ ആവാസകേന്ദ്രം നശിപ്പിച്ചതില്‍ പ്രതിക്ഷേധം ശക്തമാകുന്നു. ജൂണ്‍ മുതല്‍ നവംബര്‍ വരെയുള്ള പക്ഷികളുടെ പ്രജനന സമയത്ത് യാതൊരു മുന്നറിയിപ്പോ ,ഫോറസ്റ്റ് അധികാരികളുടെ അനുമതിയില്ലാതെയാണ് പരിസരങ്ങളിലെ മരങ്ങള്‍ മുറിച്ച് മാറ്റുന്നത്. ഒറിയന്റല്‍ ഡാര്‍ട്ടര്‍ ,ഇന്ത്യന്‍ ഷാങ്ങ്‌ ,ലിറ്റില്‍ കോമറന്റ് ,അഗ്രറ്റ്സ് തുടങ്ങിയ വംശനാശ ഭിഷണിയില്‍പ്പെടുന്ന പക്ഷികളുടെ കൂടുകള്‍ തകര്‍ക്കുകയും പക്ഷികളും കുഞ്ഞുങ്ങളും ജീവനില്ലാതെയും പാതി ജീവനോടെയും താഴെ ചിതറിക്കിടക്കുന്ന അവസ്ഥ ദയനീയമാണ്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ ഉദയനും സംഘവും സ്ഥലം സന്ദര്‍ശിക്കുകയും കേസെടുക്കുകയും ചെയ്തു. മനുഷത്വരഹിതമായ ഈ പ്രവൃത്തിക്കെതിരെ നാട്ടുകാര്‍ തിരുവനന്തപുരം ചീഫ് വൈല്‍ഡ്‌ ലൈഫ് വാര്‍ഡന്‍ ,ചാലക്കുടി ഡി എഫ് ഒ എന്നിവര്‍ക്ക് പരാതി നല്കുകയും റെയില്‍വേ സ്റ്റേഷന്‍ കോമ്പൗണ്ടിലെ വൃക്ഷങ്ങള്‍ മുറിച്ചുമാറ്റിയതോടെ വംശനാശ ഭീഷണി നേരിടുന്ന പക്ഷികളുടേതടക്കമുള്ള ആവാസകേന്ദ്രം ഇല്ലാതാക്കുന്ന ശ്രമത്തെ തടയണമെന്നും ആവശ്യപ്പെട്ടു.


ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ രാധാകൃഷ്‌ണന് ഒക്ടോബറില്‍ ഇരിങ്ങാലക്കുടയില്‍ പൗരസ്വീകരണം

14092503ഇരിങ്ങാലക്കുട: ചരിത്രത്തില്‍ ഇടം നേടിയ മംഗള്‍യാന്‍ ദൗത്യത്തിന്റെ പ്രധാന ശില്‍പികളില്‍ ഒരാളായ ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ ഡോ കെ. രാധാകൃഷ്‌ണന് അദ്ദേഹത്തിന്റെ ജന്മനാടായ ഇരിങ്ങാലക്കുടയില്‍ ഒക്ടോബര്‍ അവസാനവാരം പൗരസ്വീകരണം നല്കുമെന്ന് ഈൗങ്ങാലക്കുട എം എല്‍ എ അഡ്വ തോമസ്‌ ഉണ്ണിയാടന്‍ വ്യാഴാഴ്ച വിളിച്ച് ചേര്‍ത്ത പത്ര സമ്മേളനത്തില്‍ അറിയിച്ചു. ഇരിങ്ങാലക്കുടയില്‍ എല്ലാ വിഭാഗം ജനങ്ങളും ഈ അഭിമാന നിമിഷത്തില്‍ സന്തോഷിക്കുകയാണ്, ഈ വിജയത്തില്‍ ഐഎസ്‌ആര്‍ഒ ചെയര്‍മാനെ അഭിനന്ദിക്കാന്‍ ജന്മനാട് ഒരുങ്ങുകയാണ്. നാടിന്റെ ആദരവും അഭിനന്ദനവും ഏറ്റവും നല്ല രീതിയില്‍ , പ്രമുഖ വ്യക്തികളുടെ സാനിദ്ധ്യത്തില്‍ നല്കുവാനാണ് നിശ്ചയിച്ചിരിക്കുന്നതെന്നും എം എല്‍ എ പറഞ്ഞു. ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ ഡോ കെ. രാധാകൃഷ്‌ണന്റെ സൌകര്യാര്‍ത്ഥം വരും ദിവസങ്ങളില്‍ തിയ്യതി നിശ്ചയിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.


ഖോ ഖോ മത്സരം: കരുപ്പടന്ന ഗവ ഹയര്‍ സെക്കണ്ടറി സ്കൂളിന് ഒന്നാംസ്ഥാനം

14092512കരുപ്പടന്ന : കൊടുങ്ങല്ലൂര്‍ ഉപജില്ല ഖോ ഖോ മത്സരത്തിൽ കരുപ്പടന്ന ഗവ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കായികാധ്യാപകന്‍ എ രമേശന്റെ പരിശിലനത്തില്‍ റഫീക്ക് ,അനരേഷ്,ദില്‍ബര്‍ ,ആരിഫ് ഷാ ,അമല്‍ പ്രകാശ് , റയീസ് റിസാല്‍ ,സറില്‍ ഹാഫിസ് ,അക്ഷയ്,കാളിദാസ് ,ഹാബില്‍ എന്നിവര്‍ അംഗങ്ങളായിരുന്നു.


ഭദ്രാചല പുരസ്‌കാരം വാദ്യകലാരത്‌നം പുല്ലൂര്‍ സജുചന്ദ്രന്

14092507ഇരിങ്ങാലക്കുട: എടമുട്ടം എസ്‌ എന്‍ ബി എസ്‌ ഭദ്രാചല പുരസ്‌കാരം വാദ്യകലാരത്‌നം പുല്ലൂര്‍ സജുചന്ദ്രന്‍ സി എന്‍ ജയദേവന്‍ എം പിയില്‍ നിന്നും ഏറ്റുവാങ്ങി. വാദ്യകലയിലും കളമെഴുത്ത്‌ രംഗത്തും നാടകമേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനാണ്‌ സജു . പുല്ലൂര്‍ അമ്പാട്ടുപറമ്പില്‍ ചന്ദ്രന്റെയും കാര്‍ത്ത്യായനിയുടേയും മകനായ സജുചന്ദ്രന്റെ കുടുംബം പൂര്‍ണ്ണമായും കലാരംഗത്താണ്‌. സഹോദരന്‍ ബിജു ചന്ദ്രന്‍ കളമെഴുത്ത്‌-വാദ്യകലാകാരനാണ്‌. രഞ്ചു ചന്ദ്രന്‍ പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നാടക ഗവേഷകനാണ്‌. ഭാര്യ സൂര്യ നൃത്ത അദ്ധ്യാപികയാണ്‌. കല്ല്യാണി മിശ്രയും ജാനകി മിശ്രയും മക്കളാണ് .19 വര്‍ഷമായി പുല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന ചമയം നാടകവേദിയുടെ സാംസ്‌കാരിക ഉത്സവമായ പുല്ലൂര്‍ നാടകരാവിന്റെ ശില്‌പിയാണ്‌ സജുചന്ദ്രന്‍.


ബയോടെക്‌നോളജിയിലെ സാങ്കേതിക വിദ്യകള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു

14092506ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിലെ ബയോടെക്‌നോളജി വിഭാഗം യു ജി സി യുടെ നേതൃത്വത്തില്‍ ‘ബയോടെക്‌നോളജിയിലെ സാങ്കേതിക വിദ്യകള്‍’ എന്ന വിഷയത്തില്‍ ദ്വിദിന സെമിനാര്‍ സംഘടിപ്പിച്ചു . നാഷണല്‍ ബ്യൂറോ ഓഫ് ഫിഷ് ജനറ്റിക് റിസോഴ്‌സ് കൊച്ചിന്‍ യൂണിറ്റ് മേധാവി ഡോ. വി.എസ്. ബഷീര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു . വൈസ് പ്രിന്‍സിപ്പല്‍ റോസാ കെ ഡി അദ്ധ്യക്ഷത വഹിച്ചു .


മംഗളയാന്‍ ദൗത്യവിജയത്തിന്റെ ആഹ്‌ളാദത്തില്‍ പങ്കുചേര്‍ന്ന്‌ വജ്ര റബ്ബേഴ്‌സും

14092312കോണത്തുകുന്ന് : മംഗളയാന്‍ ദൗത്യവിജയത്തിന്റെ ആഹ്‌ളാദം ഇരിങ്ങാലക്കുടയില്‍ മാത്രമല്ല, റോക്കന്റിന്റെ പ്രധാനഭാഗം നിര്‍മ്മിച്ച വെള്ളാങ്കല്ലൂര്‍ കോണത്തുകുന്നിലും വിജയാഹ്‌ളാദം നടന്നു. പി.എസ്‌.എല്‍.വി-സി25 ന്റെ പ്രധാനപ്പെട്ട ഭാഗം നിര്‍മ്മിച്ചത്‌ ഇരിങ്ങാലക്കുടയുടെ സമീപപ്രദേശമായ കോണത്തുകുന്ന്‌ വജ്ര റബ്ബേഴ്‌സിലാണ്‌. മംഗള്‍യാന്‍ വഹിച്ചുകൊണ്ടുള്ള പി.എസ്‌.എല്‍.വിയുടെ എക്‌സ്‌എല്‍ വിഭാഗത്തില്‍പ്പെട്ട സി-25 റോക്കറ്റിന്റെ ഏറ്റവും പ്രധാനഗതിനിയന്ത്രണ ഭാഗമായ എച്ച്‌.പി എസ്‌3 ഫ്‌ളെക്‌സീലടക്കം പ്രധാനപ്പെട്ട ഭാഗങ്ങളാണ്‌ വജ്രയില്‍ നിര്‍മ്മിച്ചത്‌. റബ്ബര്‍ ടൂ മെറ്റല്‍ ബോണ്ടിലുള്ള ഫ്‌ളക്‌സീല്‍ നിര്‍മ്മിച്ചിരിക്കുന്നത്‌. കഴിഞ്ഞ 20 വര്‍ഷത്തോളമായി 14092311ഐഎസ്‌ആര്‍ഓയുമായി സഹകരിക്കുന്ന വജ്ര പ്രതിരോധ വകുപ്പിനുവേണ്ടിയും സഹകരിച്ചുവരുന്നുണ്ട്‌. ഇതിനുപുറമെ ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിനുവേണ്ടി അഗ്നി, പ്രിഥ്വി തുടങ്ങിയ സിരിസുകളുടെ പ്രധാനഭാഗങ്ങള്‍ നിര്‍മ്മിച്ചതും വജ്രയിലാണ്‌. ബുധനാഴ്‌ച രാവിലെ മംഗളയാന്‍ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയതോടെ വജ്രയിലെ ജീവനക്കാരും തൊഴിലാളികളും മധുരപലഹാരം വിതരണം ചെയ്‌ത്‌ വിജയത്തില്‍ പങ്കുചേര്‍ന്നു. വജ്ര മാനേജിംഗ്‌ ഡയറക്ടര്‍ പി.എസ്‌ സജീന്ദ്രനാഥ്‌, ഡയറക്ടര്‍മാരായ കണ്ണന്‍ പി.എസ്‌, പ്രശാന്ത്‌ പി.എസ്‌, ശബരിനാഥ്‌ തുടങ്ങിയവര്‍ വിജയാഹ്‌ളാദത്തിന്‌ നേതൃത്വം നല്‍കി.


മംഗള്‍യാന്‍ ദൗത്യവിജയം ലോകത്തെ അറിയിച്ചത് ഇരിങ്ങാലക്കുടക്കാരിയായ ശാസ്ത്രജ്ഞ അനുരാധ എസ് പ്രകാശ

14092308ഇരിങ്ങാലക്കുട: ചൊവ്വയിലേയ്ക്കുള്ള ഗ്രഹാന്തര ദൗത്യം ആദ്യ ഉദ്യമത്തില്‍ തന്നെ വിജയകരമായി പൂര്‍ത്തിയാക്കുന്ന രാജ്യമെന്ന ബഹുമതി ഇന്ത്യയ്ക്കെന്ന് ലോകത്തെ അറിയിച്ചത് ഒരു ഇരിങ്ങാലക്കുടക്കാരിയായ ശാസ്ത്രജ്ഞയാണെന്ന് പലരും അറിഞ്ഞില്ല. മംഗള്‍യാന്‍ ദൗത്യത്തിന്റെ ചരിത്ര നിമിഷം ഐ എസ് ആര്‍ ഓ യുടെ ഔദ്യോഗിക തത്സമയ സംപ്രേക്ഷണം നമുക്ക് വേണ്ടി അവതരിപ്പിച്ചത് ഇരിങ്ങാലക്കുട നടവരമ്പ് സ്വദേശിനിയായ അനുരാധ എസ് പ്രകാശയും ആലോക് കുമാര്‍ ശ്രീവാസ്തവയും കൂടിയായിരുന്നു. 2012- ല്‍ വിക്ഷേപിച്ച ഇന്ത്യയുടെ അഭിമാനമായ ജി എസ് എല്‍ വി 12 റോക്കറ്റിന്റെ ഓപ്പറേഷന്‍ ഡയറക്ടര്‍ ആയി അനുരാധ സേവനം അനുഷ്ടിച്ചിട്ടുണ്ട്. ഐ എസ് ആര്‍ ഒ ടെലിമെന്ററി ട്രാക്കിംഗ് ആന്‍റ് കമാന്റ് നെറ്റ് വര്‍ക്ക്‌ -ISTRAC ന്റെ ബാഗ്ലൂര്‍ കേന്ദ്രത്തില്‍ നിന്നാണ് മംഗള്‍യാന്‍ ദൗത്യത്തിന്റെ തത്സമയ സംപ്രേക്ഷണം ലോകത്തിനു മുമ്പില്‍ അനുരാധ അവതരിപ്പിച്ചത്. 2 മണിക്കൂറോളം നീണ്ട സംപ്രേക്ഷണത്തില്‍ ഏവരും ആകാംഷയോടെ കാത്തിരുന്ന ആ വിജയ വാര്‍ത്ത സംപ്രേക്ഷണം ആരംഭിച്ച് 1 മണിക്കൂറും 15 മിനിട്ടും ഉള്ളപ്പോള്‍ അനൌണ്‍സ് ചെയ്യാനുള്ള ഭാഗ്യവും “മാര്‍സ് ഓര്‍ബിറ്റ് മിഷന്‍ സക്സ്സസ്സ് ” എന്ന് അനൌണ്‍സ് ചെയ്യാനുള്ള ഭാഗ്യവും അനുരാധയ്ക്ക് ലഭിച്ചു. ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയ്ക്ക് മുമ്പിലെ മാരുതികല്പം എന്നാ വസതിയിലെ 14092305അനുരാധയുടെ അച്ഛന്‍ ഡോ എന്‍ വി കൃഷ്ണന്‍ ,അമ്മ ജയലക്ഷ്മിയും മംഗള്‍യാന്‍ സംപ്രേക്ഷണവും വിജയവും വീക്ഷിച്ചിരുന്നു. ലോകം കാത്തിരുന്ന വാര്‍ത്ത ശാസ്ത്രജ്ഞയായ തന്റെ മകള്‍ അവതരിപ്പിക്കുന്നത്‌ കണ്ടപ്പോള്‍ സന്തോഷമായെന്നും ഐ എസ് ആര്‍ ഓ ചെയര്‍മാന്‍ ഡോ രാധാകൃഷ്ണന്‍ ഇരിങ്ങാലക്കുടക്കാരന്‍ ആണെന്നുള്ളതും ഈ സന്തോഷത്തിന് ഇരട്ടിമധുരം പകര്‍ന്നെന്ന് അദ്ദേഹം പറഞ്ഞു. പുതുക്കാട് എം എല്‍ എ പ്രൊഫ .സി രവീന്ദ്രനാഥ് അനുരാധ യുടെ വീട്ടിലെത്തി മാതാപിതാക്കളെ കാണുകയും അനുരാധയ്ക്ക് ആശംസ എഴുതി നല്കുകയും ചെയ്തു.


Top