|
|
 |
ക്രൈസ്റ്റ് വിദ്യാനികേതനില്‍ ജനല്‍ പാളി അടര്‍ന്നു വീണ് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരുക്ക് |
|
ഇരിങ്ങാലക്കുട : ക്രൈസ്റ്റ് വിദ്യാനികേതനില്‍ ജനല്‍ പാളി അടര്‍ന്നു വീണ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കൈക്ക് ഗുരുതരമായി പരുക്കേറ്റു. എ.കെ.പി.ജംഗ്ഷന് സമീപം താമസിക്കുന്ന ആലങ്ങാടന്‍ ടോണ്‍ ഡെന്നി(13 )യ്ക്കാണ് ഗുരുതരമായി പരുക്കേറ്റത് . വലതു കയ്യിലെ ഞരമ്പ് വേര്‍പെട്ട അവസ്ഥയില്‍ കുട്ടിയെ തൃശൂര്‍ എലൈറ്റ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. സ്കൂള്‍ മുറ്റത്ത് കളിച്ചു കൊണ്ടിരിക്കവേ പ്രിന്‍സിപ്പാളിന്റെ മുറിയുടെ മുകളിലത്തെ നിലയിലെ ജനല്‍ പാളി അടര്‍ന്നു ടോണിന്റെ മേല്‍ പതിക്കുകയായിരുന്നു. ഉടനെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും രക്തം വാര്‍ന്നു സ്ഥിതി ഗുരുതരമായതിനാല്‍ എല്കൈട്റ്റ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
|
 |
 |
ഇരിങ്ങാലക്കുട രൂപതയ്ക്ക് മൂന്നു ഉപവികാരി ജനറാള്‍മാര്‍ |
|
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട രൂപതയുടെ ദ്വിതീയ മെത്രാനായ മാര്‍.പോളി കണ്ണൂക്കാടന്‍ മൂന്ന് ഉപവികാരി ജനറാള്‍മാരെ നിയമിച്ചു. നിലവിലുള്ള വികാരി ജനറാള്‍ മോണ്‍.വിത്സണ്‍ ആലപ്പാട്ടിനു പുറമെയാണ് ഫാ.ജോസ് പാലാട്ടി, ജോസ് ഇരിമ്പന്‍, ഫാ.ഡേവീസ് അമ്പൂക്കന്‍ എന്നിവരെ പുതിയ ഉപവികാരി ജനറാള്‍മാരായി നിയമിച്ചിരിക്കുന്നത്.
|
 |
 |
ബൈക്ക് മോഷണ സംഘം പിടിയില്‍ |
|
ഇരിങ്ങാലക്കുട : ബൈക്കുകള്‍ മോഷ്ടിച്ച് പാര്‍ട്ട്സുകളാക്കി വില്‍ക്കുന്ന നാലംഗ സംഘത്തെ ഇരിങ്ങാലക്കുട എസ്.ഐ.പ്രേമാനന്ദ കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. മാപ്രാണം വാലത്ത് വീട്ടില്‍ അജോഷ് (20 ) , പുല്ലൂര്‍ പൊയ്യാറ വീട്ടില്‍ ബിമല്‍ (26 ) , തളിയക്കോണം കരിപ്പായി വീട്ടില്‍ പ്രണവ് (17 ) , ചെമ്മണ്ട തൈവലപ്പില്‍ ദിബിന്‍ (18 ) എന്നിവരാണ് പിടിയിലായത്. മേയ് 18 ന് ഇരിങ്ങാലക്കുട പ്രഭാത് തിയേറ്ററിനു സമീപമുള്ള ജിംനേഷ്യത്തിന് സമീപത്തു നിന്നും എടതിരിഞ്ഞി സ്വദേശി നദീമിന്റെ ബൈക്ക് മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ദിവസം മാടായിക്കോണത്ത് നടന്ന വാഹന പരിശോധനക്കിടെ ഒന്നാം പ്രതി അജോഷ് മോഷ്ടിച്ച ബൈക്കുമായി പോലീസ് പിടിയിലായി. വ്യാജ നമ്പര്‍ പ്ലേറ്റും രേഖകളുമാണ് ബൈക്കിലുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മറ്റ് 3 പ്രതികളെ കുറിച്ച് വിവരം ലഭിച്ചത്. ഈ ബൈക്ക് മൈസൂരില്‍ വില്പന നടത്താന്‍ ശ്രമിച്ചിരുന്നെങ്കിലും നടക്കാതെ വന്നതിനെ തുടര്‍ന്ന് അജോഷ് കൈവശം വച്ചിരിക്കുകയായിരുന്നു. പ്രതികളുടെ പക്കല്‍ നിന്നും മറ്റ് രണ്ട് മോട്ടോര്‍ബൈക്കുകള്‍ കൂടി പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി പി.കെ രഞ്ചന്‍, സി.ഐ സോണി ഉമ്മന്‍ കോശി, എസ്.ഐ പ്രേമാനന്ദകൃഷ്ണന്‍, എ.എസ്.ഐ മാരായ ഷെല്‍വി, വിശ്വമോഹന്‍, ഹെഡ് കോണ്‍സ്റ്റബിള്‍ ഫ്രാന്‍സിസ്, പോലീസുകാരായ അബ്ദുള്‍ സത്താര്‍, അജിത്കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
|
 |
 |
നഗരസഭ മന്ദിരം ഉദ്ഘാടനം ആഗസ്റ്റ് 14 ന് |
|
ഇരിങ്ങാലക്കുട : അയ്യങ്കാവ് മൈതാനത്തിനു സമീപം പുതുതായി പണി കഴിപ്പിച്ച നഗരസഭ മന്ദിരത്തിന്റെ ഉദ്ഘാടനം ആഗസ്റ്റ് 14 ന് കേന്ദ്രമന്ത്രി വയലാര്‍ രവി നിര്‍വ്വഹിക്കും. എം.എല്‍.എ അഡ്വ.തോമസ് ഉണ്ണിയാടന്‍ അദ്ധ്യക്ഷത വഹിക്കും. നഗരസഭ ആരംഭിക്കുന്ന ഭവന്‍ നിര്‍മ്മാണ പദ്ധതിയുടെ ആനുകൂല്യ വിതരണം പി.സി ചാക്കോ എം.പി വിതരണം ചെയ്യും. രണ്ടു നിലകളിലായി പണി പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന കെട്ടിടത്തിനു 60 മീറ്റര്‍ നീളവും, 15 മീറ്റര്‍ വീതിയും 17000 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണവുമുണ്ടെന്ന് നഗരസഭ പത്രക്കുറിപ്പില്‍ അറിയിച്ചു.
|
 |
 |
സംഗമേശ സ്തോത്രം ഭക്തികാവ്യം ; പുന:പ്രകാശനം ആഗസ്റ്റ് 2 ന് |
|
ഇരിങ്ങാലക്കുട : യശ:ശരീരനായ ബ്രഹ്മശ്രീ നെടുമ്പിള്ളി തരണനെല്ലൂര്‍ പത്മനാഭര് ഗോവിന്ദര് നമ്പൂതിരിപ്പാട് രചിച്ച ശ്രീ സംഗമേശ സ്തോത്രം എന്ന ഭക്തികാവ്യം ആഗസ്റ്റ് 2ന് വൈകിട്ട് 5 .30 ന് പുന:പ്രകാശനം നടത്തുമെന്ന് സംഘാടക സമിതിയംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഉണ്ണായി വാര്യര്‍ സ്മാരക കലാനിലയത്തില്‍ വച്ച് പ്രഥമ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ആര്‍.രാമചന്ദ്രന്‍ നായര്‍ പുന പ്രകാശനം നിര്‍വഹിക്കുന്നത്. ദേവസ്വം ചെയര്‍മാന്‍ പി.തങ്കപ്പന്‍ ആദ്യപ്രതി സ്വീകരിക്കും. ഡോ.കെ.വി . വാസുദേവന്‍ ഗ്രന്ഥത്തെ സദസ്സിനു പരിചയപ്പെടുത്തും. സമ്മേളനത്തിന് ശേഷം കലാമണ്ഡലം നാരായണന്‍ എമ്പ്രാന്തിരി ശ്രീ സംഗമേശ സ്തോത്ര കാവ്യത്തില്‍ നിന്ന് തെരഞ്ഞെടുത്ത ഏതാനും ശ്ലോകങ്ങള്‍ ആലപിക്കും ഗ്രന്ഥത്തിന്റെ പുന:പ്രകാശന പതിപ്പ് ആഗസ്റ്റ് 1 ന് വൈകിട്ട് 5 .30 ന് തിരുവിതാംകൂര്‍ മഹാരാജാവ് പത്മനാഭ ദാസ ഉത്രാടം തിരുന്നാള്‍ , ശ്രീ സംഗമെശന്റെ തൃപ്പടിയില്‍ സമര്‍പ്പിക്കും. കൂടല്‍മാണിക്യം ഭരണ സമിതി ചെയര്‍മാന്‍ പി.തങ്കപ്പന്‍, സംഘാടക സമിതി ചെയര്‍മാന്‍ പി.കെ.ഭരതന്‍ മാസ്റ്റര്‍, കണ്‍വീനര്‍ കെ.എ.അഗ്നിശര്‍മ്മന്‍, നെടുമ്പിള്ളി തരണനെല്ലൂര്‍ കുടുംബാംഗങ്ങള്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരാകും. സംഘാടക സമിതി ഭാരവാഹികളായ പി.കെ.ഭരതന്‍ മാസ്റ്റര്‍, എന്‍.പി.പരമേശ്വരന്‍ നമ്പൂതിരി , കെ.എ.അഗ്നിശര്‍മ്മന എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
|
 |
 |
ഒറ്റയാന്റെ ആക്രമണത്തില്‍ ഇരിങ്ങാലക്കുട സ്വദേശിയായ വനപാലകന്റെ കാലൊടിഞ്ഞു |
|
ഇരിങ്ങാലക്കുട : അഞ്ചംഗ വനപാലക സംഘത്തിന് നേരെയുള്ള ഒറ്റയാന്റെ ആക്രമണത്തില്‍ ഇരിങ്ങാലക്കുട സ്വദേശിയായ വനപാലകന്റെ കാലൊടിഞ്ഞു. പാലപ്പിള്ളി പാറക്കടവ് റേഞ്ച് ഉദ്യോഗസ്ഥന്‍ ഇരിങ്ങാലക്കുട ഗാന്ധിഗ്രാം സ്വദേശി വിനോദ് കുമാറി(40 )നാണ് ഒറ്റയാന്റെ ആക്രമണത്തില്‍ പരുക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി പാലപ്പിള്ളി റേഞ്ചിലെ വനത്തിനുള്ളില്‍ കള്ളവാറ്റും കഞ്ചാവ് കൃഷിയും നടക്കുന്നുണ്ടെന്നറിഞ്ഞ് അന്വേഷിക്കാന്‍ പോകുന്നതിനിടെയാണ് വനപാലക സംഘത്തിന് നേരെ ഒറ്റയാന്റെ ആക്രമണമുണ്ടായത്. ചിതറിയോടിയ വനപാലക സംഘത്തിന് നേരെ ഒറ്റയാന്‍ പാഞ്ഞടുത്തു. ഇതിനിടെ വിനോദ് കുമാര്‍ കാട്ടുവള്ളിയില്‍ തട്ടി നിലത്തു വീഴുകയും ആന കാലില്‍ ചവിട്ടുകയുമായിരുന്നു. കുത്താനാഞ്ഞ ആനയെ മനോധൈര്യം കൈവിടാതെ വിരട്ടിയോടിക്കാനുള്ള ശ്രമമാണ് തനിക്കു ജീവന്‍ തിരിച്ചു നല്‍കിയതെന്ന് വിനോദ് കുമാര്‍ ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിനോട് പറഞ്ഞു. (08 :00pm july 28th 2010 )
|
 |
 |
ഇരിങ്ങാലക്കുടയില്‍ കലാസാംസ്കാരിക സര്‍വകലാശാല സ്ഥാപിക്കണമെന്ന് എം.എല്‍.എ അഡ്വ.തോമസ് ഉണ്ണിയാടന്‍ നിയമസഭയില്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു |
|
ഇരിങ്ങാലക്കുട : കേരളത്തിന്റെ പ്രൌഡോജ്ജ്വലമായ കലകള്‍, സാഹിത്യം, സംസ്കാരം എന്നിവ തനിമയോടെ നില നിര്‍ത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും മറ്റും ഒരു കലാ സാംസ്കാരിക സര്‍വകലാശാല ഇരിങ്ങാലക്കുടയില്‍ സ്ഥാപിക്കണമെന്ന് ഇരിങ്ങാലക്കുട എം.എല്‍.എ അഡ്വ.തോമസ് ഉണ്ണിയാടന്‍ നിയമസഭയില്‍ സബ്മിഷനിലൂടെ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഈ ആവശ്യം ഗൌരവമുള്ളതാണെന്നും എന്നാല്‍ ഇപ്പോള്‍ ഇത് സാധ്യമല്ലെങ്കിലും ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തിക്കുന്ന ഉണ്ണായി വാര്യര്‍ സ്മാരക കലാനിലയം പഠന ഗവേഷണ കേന്ദ്രത്തിനു തുല്യമായി ഉയര്‍ത്തുന്ന കാര്യം പരിഗണിക്കുമെന്നും സബ്മിഷന് മറുപടിയായി സംസ്ഥാന സാംസ്കാരിക വകുപ്പ് മന്ത്രി എം.എ ബേബി നിയമസഭയെ അറിയിച്ചു. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂര്‍ ജില്ലയില്‍ ഇരിങ്ങാലക്കുട കൂത്തിന്റെയും കൂടിയാട്ടതിന്റെയും മറ്റു വിവിധങ്ങളായ കലകളുടെയും ഉദ്ഭവ സ്ധാനമാനെന്നും ഉണ്ണായി വാര്യര്‍ സ്മാരക കലാനിലയം , അമ്മന്നൂര്‍ മാധവ ചാക്യാരുടെ നേതൃത്വത്തില്‍ തുടങ്ങിയതും വിവിധ കലാ കേന്ദ്രങ്ങള്‍, വാദ്യ സംഗീത പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങി വിവിധ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇരിങ്ങാലക്കുട കലാ സാംസ്കാരിക സര്‍വകലാശാല സ്ഥാപിക്കുന്നതിന് അനുയോജ്യമാണെന്നും എം.എല്‍.എ അഡ്വ.തോമസ് ഉണ്ണിയാടന്‍ സബ്മിഷനില്‍ ചൂണ്ടിക്കാട്ടി.
|
 |
 |
സി.എല്‍.സി. യുവജന സംഗമം |
|
ഊരകം : ഊരകം സെന്റ് ജോസഫ് പള്ളിയില്‍ സി.എല്‍.സി. യുവജന സംഗമം നടത്തി. ഇരിങ്ങാലക്കുട രൂപത്ത പ്രഥമ ബിഷപ്പ് മാര്‍ ജെയിംസ് പഴയാറ്റില്‍ ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ ഫാ. ജോസ് പുല്ലുപറമ്പില്‍ അധ്യക്ഷത വഹിച്ചു . മദര്‍ മാര്‍ട്ടീന, ബ്രദര്‍ നെല്‍സന്‍ പോള്‍, സി.ലിയോ, തോമസ് തത്തംപിള്ളി, കെ.ഡി.ജോസഫ്, പി.ആര്‍.ഡേവിസ് തുടങ്ങിയവര്‍ സംസാരിച്ചു.
|
 |
 |
ഇരിങ്ങാലക്കുടയുടെ സുരക്ഷയ്ക്ക് മാതൃകാ നടപടികളുമായി നഗരസഭ ; അന്യസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണ പദ്ധതി ആരംഭിച്ചു |
|
ഇരിങ്ങാലക്കുട : നഗരസഭ പ്രദേശത്ത് ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണ പദ്ധതിക്ക് തുടക്കം കുറിച്ച് നഗരസഭ മാതൃകയാകുന്നു. ഇരിങ്ങാലക്കുടയെ പകര്‍ച്ച വ്യാധികളില്‍ നിന്നും ക്രിമിനല്‍ നടപടികളില്‍ നിന്നും രക്ഷിക്കാനുള്ള നടപടികളുടെ ഭാഗമായാണിത്. ബംഗാള്‍, തമിഴ്നാട്, ഒറീസ്സ, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും ഇരിങ്ങാലക്കുടയില്‍ വിവിധ ജോലികള്‍ക്കായെത്തിയ തൊഴിലാളികളില്‍ മലമ്പനി, കുഷ്ഠ രോഗം തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ കണ്ടെത്തിയിരുന്നു. ഇത് ഇരിങ്ങാലക്കുട മേഖലയില്‍ ഗുരുതരമായ ആരോഗ്യ പ്രതിസന്ധി സൃഷ്ടിക്കുമെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പുതിയ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഒപ്പം ഭീകരവാദികളുടെയും ക്രിമിനലുകളുടെയും നുഴഞ്ഞു കയറ്റ സാധ്യതക്കെതിരെയുള്ള മുന്‍കരുതലും പദ്ധതിയുടെ ലക്ഷ്യമാകുന്നുണ്ട്. മഴക്കാലമായതോടെ ഇരിങ്ങാലക്കുടയുടെ സമഗ്ര സുരക്ഷയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പകര്‍ച്ച വ്യാധികലുള്ള അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് ചികിത്സ ലഭ്യമാക്കാനും സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തുന്നവരെ നിരീക്ഷിക്കാനും ഈ പദ്ധതിയിലൂടെ സാധിക്കും. ഇരിങ്ങാലക്കുട നഗരസഭയും താലൂക്ക് ആശുപത്രിയും ജനമൈത്രി പോലീസും തൊഴില്‍ വകുപ്പും സംയുക്തമായാണ് പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്. ഇരിങ്ങാലക്കുടയില്‍ കെട്ടിട നിര്‍മ്മാണ മേഖലയിലും ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളിലുമായി നൂറുകണക്കിന് അന്യ സംസ്ഥാന തൊഴിലാളികളാണ് നിലവില്‍ ജോലി ചെയ്തു കൊണ്ടിരിക്കുന്നത്.
|
 |
 |
വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് കരുവന്നൂര്‍ പോസ്റ്റ് ഓഫീസ് ഉപരോധിച്ചു |
|
കരുവന്നൂര്‍ : വിലക്കയറ്റത്തിനും കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കുമെതിരെ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ ഉപരോധിക്കുന്നതിന്റെ ഭാഗമായി കരുവന്നൂര്‍ പോസ്‌റ്റോഫീസ് ഉപരോധിച്ചു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം അമ്പാടി വേണു ഉപരോധസമരം ഉദ്‌ഘാടനം ചെയ്‌തു. ഏരിയ സെക്രട്ടറി ഉല്ലാസ് കളക്കാട്ട അദ്ധ്യക്ഷത വഹിച്ചു. അഡ്വ. എ.എം പ്രകാശന്‍, കെ.സി പ്രേമരാജന്‍, ഇ.എം പ്രസന്നന്‍, എം.ബി രാജു മാസ്റ്റര്‍, പി.കെ ദിവാകരന്‍ മാസ്റ്റര്‍, വി.എ മനോജ്‌കുമാര്‍, അംബിക ചാത്തു തുടങ്ങിയവര്‍ സംസാരിച്ചു .
|
 |
 |
സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പ് |
|
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയുടേയും, സര്‍ക്കാര്‍ ഹോമിയോപ്പതി വകുപ്പിന്റേയും സംയുക്താഭിമുഖ്യത്തില്‍ മഴക്കാല രോഗ പ്രതിരോധത്തിനായി സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പ് നടത്തി. നഗരസഭ വൈസ് ചെയര്‍മാന്‍ സതീഷ് പുളിയത്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു. നഗരസഭ ആരോഗ്യ വിദ്യാഭ്യാസ സ്‌റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബേബി ജോസ് കാട്ട്‌ള അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ എം.പി ജാക്‌സണ്‍, നഗരസഭ സെക്രട്ടറി പി.കെ സജീവ്, ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.പി ലളിതാംബിക എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
|
 |
 |
കെ.എസ്.വൈ.എഫ് പഞ്ചായത്ത് കണ്‍വെന്‍ഷന്‍ |
|
മാപ്രാണം ; കെ.എസ്.വൈ.എഫ്. പൊറത്തിശേരി പഞ്ചായത്ത് കണ്‍വെന്‍ഷന്‍ മാപ്രാണം ചാത്തന്‍ മാസ്റ്റര്‍ ഹാളില്‍ നടന്നു. ജില്ലാ സെക്രട്ടറി എ.എം.രമേശ് ഉദ്ഘാടനം ചെയ്തു. വി.എം.മനോജ് അധ്യക്ഷത വഹിച്ചു. സി.എം.പി ജില്ലാ കമ്മിറ്റിയംഗം കെ.വി.ചന്ദ്രന്‍, കെ.എസ്.വൈ.എഫ്.ഏരിയ പ്രസിഡന്റ് ജയചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു . പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായി വി.എം.മനോജ് (സെക്രട്ടറി),സതീഷ് ശാരത് (പ്രസിഡന്റ് )എന്നിവരെ തെരഞ്ഞെടുത്തു .
|
 |
 |
മലിനജലവും ദുര്‍ഗന്ധവും പുറത്തേക്ക് ; ദുരിതമേകി ബസ് സ്റ്റാന്റിലെ കംഫര്‍ട്ട് സ്റ്റേഷന്‍ |
|
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബസ് സ്റ്റാന്റിനുള്ളില്‍ ലക്ഷങ്ങള്‍ ചിലവിട്ട് നിര്‍മ്മിച്ച കംഫര്‍ട്ട് സ്റ്റേഷനില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നതു നാട്ടുകാര്‍ക്കും സമീപത്തെ കച്ചവടക്കാര്‍ക്കും ദുരിതമാകുന്നു. ഇരിങ്ങാലക്കുട നഗരസഭാ പുതിയ ബസ് സ്റ്റാന്ഡ് കെട്ടിടങ്ങള്‍ നിര്‍മ്മിച്ചപ്പോള്‍ വടക്ക് ഭാഗത്ത് ലക്ഷങ്ങള്‍ ചിലവിട്ട് നിര്‍മ്മിച്ചതാണ് ഈ കംഫര്‍ട്ട് സ്റ്റേഷന്‍ .എന്നാല്‍ കരാറെടുത്തവര്‍ ശുചിയായി പരിപാലിക്കാത്തതിനാല്‍ വൃത്തിഹീനമായിരിക്കുകയാണ്. സ്റ്റേഷനില്‍ ശരിയായ വിധം സാനിറ്റേഷന്‍ സംവിധാനം ഏര്‍പ്പെടുത്തത്തതാണ് ഇതിനു കാരണം. മലിന ജലവും ദുര്‍ഗന്ധവും പുറത്തേക്ക് വമിക്കുന്നത് ലക്ഷങ്ങള്‍ മുടക്കി കടമുറികള്‍ എടുത്ത് ഉപജീവനമാര്‍ഗം തേടുന്ന കച്ചവടക്കാര്‍ക്കും ദുരിതമാകുന്നു. നഗരസഭാ ആരോഗ്യ വിഭാഗത്തില്‍ നിരവധി തവണ പരാതി പറഞ്ഞിട്ടും നടപടികള്‍ ഉണ്ടായിട്ടില്ലെന്ന് കടയുടമകള്‍ സാക്ഷ്യപ്പെടുത്തുന്നു. മഴക്കാലമായതിനാല്‍ മലിന ജലം ഗണ്യമായി പുറത്തേക്ക് വമിക്കുന്നുണ്ട്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ പര്യാപ്തമാണിത്. പകര്‍ച്ച വ്യാധികളുടെ വ്യാപനത്തിനും ഇത് കാരണമാകും. നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ അനാസ്ഥയാണ് കംഫര്‍ട്ട് സ്റ്റേഷന്റെ ഈ അവസ്ഥയില്‍ പ്രതിഫലിക്കുന്നത്.
|
 |
 |
ഇരിങ്ങാലക്കുട നഗരസഭയ്ക്ക് ഇനി വനിതാ അധ്യക്ഷ |
|
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയ്ക്ക് ഇനി വനിതാ അധ്യക്ഷ. സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍ ഇരിങ്ങാലക്കുട നഗരസഭയുടെ അധ്യക്ഷ പദവി വനിതകള്‍ക്ക് മാത്രമായി സംവരണം ചെയ്തു. സംസ്ഥാന വ്യാപകമായി 3 കോര്‍പറേഷനുകളുടെയും 30 നഗരസഭകളുടെയും അധ്യക്ഷ പദവി വനിതകള്‍ക്കായി സംവരണം ചെയ്തതിനൊപ്പമാണ് ഇത്. ജില്ലയില്‍ ചാവക്കാട് , കൊടുങ്ങല്ലൂര്‍ എന്നീ നഗരസഭകളുടെ അധ്യക്ഷ പദവിയും വനിതകള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്.
|
 |
 |
മരുന്ന് വിതരണവും മെഡിക്കല്‍ ക്യാമ്പും |
|
കാറളം : കാറളം ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ 60 വയസ് കഴിഞ്ഞവര്‍ക്കുള്ള മരുന്ന് വിതരണവും മെഡിക്കല്‍ ക്യാമ്പും ആയുര്‍വേദ ഡിസ്പന്‍സറിയില്‍ വച്ച് പഞ്ചായത്ത് പ്രസിഡന്റ് സി.വി.വാസു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.കെ.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. കെ.എസ.ബാബു, അനില്‍ മംഗലത്ത്, ഇ.ബി.അബ്ദുള്‍ സത്താര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഡോക്ടര്‍മാരായ അബ്ദുള്‍ റഹ്മാന്‍, രജിത, ആശ കരുണാകരന്‍ എന്നിവര്‍ ക്യാമ്പ് നയിച്ചു.
|
 |
 |
പ്രതിനിധി സംഘത്തില്‍ പ്രതിഫലിച്ചത് സി.പി.എമ്മിലെ അഭിപ്രായഭിന്നത |
|
ഇരിങ്ങാലക്കുട : നഗരസഭയുടെ അനുമതിയോടെ നികത്തുന്ന പാടവും തോടും സന്ദര്‍ശിച്ച എല്‍.ഡി.എഫ് പ്രതിനിധി സംഘത്തില്‍ പ്രതിഫലിച്ചത് സി.പി.എം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയിലെ രൂക്ഷമായ അഭിപ്രായഭിന്നത. മഹിളാ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ.ആര്‍.വിജയ അടക്കമുള്ള ചില നേതാക്കള്‍ സി.പി.എം നടത്തുന്ന വിലക്കയറ്റ വിരുദ്ധ റാലി അടക്കമുള്ള പരിപാടികളില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് പതിവായപ്പോഴാണ് പാര്‍ട്ടിക്കുള്ളിലെ അഭിപ്രായ ഭിന്നത പുറത്തറിയുന്നത്. സംഭവം വന്‍ വിവാദമായതോടെയാണ് കൌണ്‍സിലില്‍ ഇതിനെ അനുകൂലിച്ച കെ.ആര്‍.വിജയയുടെ നടപടിയും ചോദ്യം ചെയ്യപ്പെട്ടു തുടങ്ങിയത്. ഇതേ തുടര്‍ന്ന് പാര്‍ട്ടിയില്‍ ഈ വിഷയത്തില്‍ അഭിപ്രായ ഭിന്നത രൂക്ഷമായി. തോട് നികത്തിയ സ്ഥലം നേരിട്ട് സന്ദര്‍ശിക്കാന്‍ പാര്‍ട്ടി തലപ്പത്ത് നിന്നും നിര്‍ദേശവും വന്നു. എന്നാല്‍ തിങ്കളാഴ്ച തോട് സന്ദര്‍ശിക്കാനെത്തിയ എല്‍.ഡി.എഫ് സംഘത്തില്‍ നിന്നും കെ.ആര്‍.വിജയ ഒഴിഞ്ഞു നിന്നത് അഭിപ്രായ ഭിന്നതയെ സാധൂകരിക്കുന്ന നടപടിയായി വിലയിരുത്തപ്പെടുന്നു. കെ.ആര്‍.വിജയ എവിടെയെന്നു തിരക്കിയ മാധ്യമ പ്രവര്‍ത്തകരോട് അവര്‍ 25 കിലോമീറ്ററോളം അകലെയുള്ള കാടുകുറ്റിയില്‍ മഹിളാ അസോസിയേഷനുമായി ബന്ധപ്പെട്ട ഒരു പരിപാടിയില്‍ പങ്കെടുത്തു കൊണ്ടിരിക്കുകയാണെന്നാണ് സി.പി.എം നേതാക്കള്‍ മറുപടി നല്‍കിയത്. എന്നാല്‍ രണ്ടു മിനുട്ടിനുള്ളില്‍ പ്രതിനിധി സംഘം മടങ്ങുമ്പോള്‍ പെട്ടെന്ന് കെ.ആര്‍.വിജയ അവിടെക്കെത്തി . എന്നാല്‍ തോട് സന്ദര്‍ശിക്കാനോ സ്ഥിതിഗതികള്‍ വിലയിരുത്താനോ ഇവര്‍ മുതിര്‍ന്നില്ല. ഇത് കണ്ട പൊളിറ്റിക്കല്‍ ഡസ്ക്കിന് ഒരു സംശയം 25 കിലോമീറ്ററോളം അകലെയുള്ള കാടുകുറ്റിയില്‍ നിന്നും ഇരിങ്ങാലക്കുടയിലേക്ക് രണ്ടു മിനുട്ട് കൊണ്ട് എത്താവുന്ന വാഹനം ഏതാണ് ? ഭിന്നതയില്ല എന്ന് കെ.ആര്‍.വിജയും സി.പി.എം നേതൃത്വം ആവര്‍ത്തിച്ചു പറയുമ്പോഴും ഇത്തരം നടപടികള്‍ സി.പി.എം നേതൃത്വത്തിലെ അഭിപ്രായ ഭിന്നത വ്യക്തമാക്കുന്നു
|
 |
 |
പോസ്റ്റ് ഓഫീസിനു മുന്നില്‍ കര്‍ഷക മാര്‍ച്ചും ധര്‍ണ്ണയും |
|
ഇരിങ്ങാലക്കുട : വിവിധ ആവശ്യങ്ങളുന്നയിച്ച് അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നില്‍ കര്‍ഷക മാര്‍ച്ചും ധര്‍ണ്ണയും നടത്തി. എ.ഐ.കെ.എസ് സംസ്ഥാന കൗണ്‍സില്‍ അംഗം എന്‍.കെ സുബ്രഹ്മണ്യന്‍ ധര്‍ണ്ണ ഉദ്‌ഘാടനം ചെയ്‌തു. മണ്ഡലം പ്രസിഡന്റ് എം.സി.രമണന്‍ അധ്യക്ഷത വഹിച്ചു . സി.പി.ഐ മണ്ഡലം സെക്രട്ടറി ടി.കെ സുധീഷ്, എം.ബി ലത്തീഫ്, അഡ്വ. പി.ജെ ജോബി, എടത്താട്ടില്‍ മാധവന്‍ മാസ്‌റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.
|
 |
 |
കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍ക്ക് രണ്ടു രൂപക്ക് അരി നല്‍കണമെന്ന് |
|
കരുവന്നൂര്‍ ; കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍ക്ക് രണ്ടു രൂപക്ക് അരിയും ചികിത്സാ സഹായ ഇന്‍ഷുറന്‍സ് പദ്ധതിയും അനുവദിക്കണമെന്ന് ഇരിങ്ങാലക്കുട ഏരിയ കെട്ടിട നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ പൊറത്തിശേരി നോര്‍ത്ത് മേഖല സമ്മേളനം ആവശ്യപ്പെട്ടു. സി.പി.എം ഏരിയ സെക്രട്ടറി ഉല്ലാസ് കളക്കാട്ട് ഉദ്ഘാടനം ചെയ്തു. പി.എസ.വിശ്വംഭരന്‍ അധ്യക്ഷത വഹിച്ചു. ഏരിയ ജോ. സെക്രട്ടറി വി.കെ.ബൈജു, കെ.എ.ഗോപി, ജയശ്രീ കുട്ടപ്പന്‍, വി.എ.മോഹനന്‍, പി.സദാനന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
|
 |
 |
കെ.എസ്.യു. തിരഞ്ഞെടുപ്പ് പ്രചാരണജാഥ |
|
ഇരിങ്ങാലക്കുട : കാലിക്കറ്റ് സര്‍വ്വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കെ.എസ്.യു പ്രചാരണജാഥ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെത്തി. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ ഉദ്ഘാടനം ചെയ്തു. , ടി.ജെ. സനീഷ്‌കുമാര്‍, വി.ടി. ബല്‍റാം, കുക്കുമെറിന്‍ ഫിലിപ്പ്, ലീഷ്മ, ശ്യാംകുമാര്‍ എ.എസ്., അനൂപ് വി.ആര്‍., ശ്യാംകുമാര്‍ പി.കെ., അനില്‍ലാല്‍, റാംമോഹന്‍, കെ.ആര്‍.രഞ്ജിത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.
|
 |
 |
യോഗക്ഷേമ സഭക്ക് പുതിയ ഭാരവാഹികള്‍ |
|
ഇരിങ്ങാലക്കുട : യോഗക്ഷേമ സഭയുടെ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇരിങ്ങാലക്കുടയില്‍ നടന്ന വാര്‍ഷിക സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ജില്ലാ പ്രസിഡന്റായി കെ.ബി. വാസുദേവന്‍ നമ്പൂതിരിയേയും സെക്രട്ടറിയായി കെ.ഡി. ദാമോദരന്‍ നമ്പൂതിരിയേയും തിരഞ്ഞെടുത്തു. വനിതാ സഭ ജില്ലാ പ്രസിഡന്റായി കൊരമ്പൂര് പുഷ്പ വിജയനേയും സെക്രട്ടറിയായി അഡ്വ. പി.സി. ഉഷയെയും തിരഞ്ഞെടുത്തു. അവണാവ് നാരായണനെ യുവജനസഭ ജില്ലാ പ്രസിഡന്റായും അനൂപ് വേണാടിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു.
|
 |
 |
നഗരസഭാ മാലിന്യ നിക്ഷേപത്തിന്റെ മറവില്‍ ഭൂമി നികത്തല്‍ , തോട് നികത്തി റോഡ് നിര്‍മ്മിക്കല്‍ ; ഇരു സ്ഥലങ്ങളും എല്‍.ഡി.എഫ്.പ്രതിനിധി സംഘം സന്ദര്‍ശിച്ചു |
|
ഇരിങ്ങാലക്കുട : നഗരസഭാ അനുമതിയോടെ മാലിന്യ നിക്ഷേപത്തിന്റെ മറവില്‍ നികത്തുന്ന ചെറാക്കുളം ബാറിനു സമീപമുള്ള പാടവും എസ്.എന്‍ നഗറില്‍ സ്ലാബിടുന്നതിന്റെ മറവില്‍ നികത്തുന്ന തോടും എല്‍.ഡി.എഫ് പ്രതിനിധി സംഘം സന്ദര്‍ശിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്തിയ സംഘം രണ്ടിടത്തും നടന്നിട്ടുള്ളത് റിയല്‍ എസ്റ്റെറ്റ് ലോബിയുടെ കയ്യേറ്റങ്ങളാണെന്ന് വിലയിരുത്തി. ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം നടത്തിയ അന്വേഷണത്തിന്റെ ഫലമായി പുറം ലോകമറിഞ്ഞ വിഷയങ്ങളാണ് ഇവ രണ്ടും. ഇതില്‍ സ്ലാബിടുന്നതിന്റെ മറവില്‍ തോട് നികത്തുന്ന സ്ഥലം പ്രതിപക്ഷ കൌണ്‍സിലര്‍ കെ.ആര്‍.വിജയയുടെ വാര്‍ഡിലാണ്. എന്നാല്‍ തോടിനു മുകളില്‍ സ്ലാബിടുന്നതിനുള്ള അപേക്ഷ കൌണ്‍സിലില്‍ പരിഗണനയ്ക്ക് വന്നപ്പോള്‍ പ്രതിപക്ഷവും അനുമതി നല്‍കിയിരുന്നു. ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാര്‍ത്തയിലൂടെ പുറം ലോകം കണ്ടറിഞ്ഞ തോട് നികത്തല്‍ വന്‍ വിവാദമായതോടെ എല്‍.ഡി.എഫും നികത്തലിന് കൂട്ട് നിന്നുവെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പ്രതിരോധത്തിലായ എല്‍.ഡി.എഫ് ഇതോടെ തോട് നികത്തുന്ന സ്ഥലവും മാലിന്യം നിക്ഷേപിക്കുന്ന പാടവും സന്ദര്‍ശിക്കുകയായിരുന്നു. നഗരസഭാ ചെയര്‍മാന്റെ സ്വകാര്യ സ്ഥാപനം വിപുലീകരിക്കാനാണ് മാലിന്യ നിക്ഷേപത്തിന്റെ മറവില്‍ വയല്‍ നികത്തുന്നതെന്ന് എല്‍.ഡി.എഫ് ആരോപിച്ചു. തോട് നികത്തുന്നതിനു പിന്നില്‍ നഗരസഭാ ചെയര്‍മാന്റെ റിയല്‍ എസ്റ്റെറ്റ് താല്പര്യങ്ങളാണ് ഉള്ളതെന്നും തോട് നികത്തി റോഡ് നിര്‍മ്മിക്കലാണ് ലക്ഷ്യമെന്നും പ്രതിനിധി സംഘം ആരോപിച്ചു. സ്വകാര്യ വ്യക്തിക്ക് തോടിനു കുറുകെ സ്ലാബിടാന്‍ അനുമതി നല്‍കുന്നതിനെ പ്രതിപക്ഷം പിന്തുണച്ചിരുന്നില്ലെന്നും പ്രതിനിധി സംഘം പറഞ്ഞു. വേണ്ടി വന്നാല്‍ സ്ലാബിടല്‍ പ്രവര്‍ത്തനങ്ങള്‍ തടയുമെന്നും സ്ലാബുകള്‍ പൊളിച്ചുനീക്കുമെന്നും എല്‍.ഡി.എഫ്.മുന്നറിയിപ്പ് നല്‍കി. പ്രതിപക്ഷ കൌണ്‍സിലര്മാരായ ശിവകുമാര്‍, എന്‍.രാധാകൃഷ്ണന്‍ മാസ്റ്റര്‍, സി.പി.ഐ. പ്രതിനിധികളായ എ.ടി.വര്‍ഗീസ്, രമണന്‍, ജനതാദള്‍ പ്രതിനിധി ഷാജു ഓട്ടക്കാരന്‍ തുടങ്ങിയ ഇടതുപക്ഷ നേതാക്കള്‍ സന്ദര്‍ശനത്തിനു നേതൃത്വം നല്‍കി .
|
 |
 |
ഫാര്‍മസി കം സ്റ്റോര്‍ ഉദ്ഘാടനം |
|
അരിപ്പാലം ; പൂമംഗലം ഗ്രാമപഞ്ചായത്ത് ഫാര്‍മസി കം സ്റ്റോര്‍ ഉദ്ഘാടനം വെള്ളാങ്കല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.സി.പ്രേമരാജന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അംബികാ ചാത്തു അധ്യക്ഷത വഹിച്ചു. പി.വി.ലത താക്കോല്‍ ഏറ്റുവാങ്ങി. വിമല സുധാകരന്‍, അഡ്വ.ജോസ് മൂഞ്ഞേലി, ജോസ് പുന്നമ്പറമ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
|
 |
 |
ഓട്ടോയും കാറും കൂട്ടിയിടിച്ചു ഓട്ടോ ഡ്രൈവര്‍ക്ക് പരുക്ക് |
|
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സിന്ധു തിയ്യേറ്ററിനു മുന്നില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിമുട്ടി ഓട്ടോ ഡ്രൈവര്‍ക്ക് പരുക്കേറ്റു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ റോഡരികിലെ തോട്ടിലേക്ക് മറിഞ്ഞു. ബസ്സ് സ്‌ന്റാഡിലേക്കു പോകുകയായിരുന്ന ഓട്ടോറിക്ഷയും, എതിര്‍ ദിശയില്‍ നിന്നു വന്ന കാറും തമ്മിലാണ് കൂട്ടിമുട്ടിയത്. നിസ്സാര പരുക്കേറ്റ ഓട്ടോ ഡ്രൈവറെ ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
|
 |
 |
സി: ഡോ. ആനി കുര്യാക്കോസിന്റെ ഫീസ്റ്റ് ആഘോഷങ്ങളും റാങ്ക് ജേതാക്കള്‍ക്ക് സ്വീകരണവും |
|
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജ് പ്രിന്‍സിപ്പാള്‍ സി: ഡോ. ആനി കുര്യാക്കോസിന്റെ ഫീസ്റ്റ് ആഘോഷങ്ങളും റാങ്ക് ജേതാക്കള്‍ക്ക് സ്വീകരണവും നടന്നു. കോളേജില്‍ നടന്ന ചടങ്ങില്‍ കഴിഞ്ഞ വര്‍ഷത്തില്‍ റാങ്ക് നേടിയ 12 വിദ്യാര്‍ത്ഥിനികളേയും, ഇന്ത്യന്‍ വോളിബോള്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സെന്റ് ജോസഫ്‌സ് കോളേജ് വിദ്യാര്‍ത്ഥിനി നീതു ഹരിദാസിനേയും ആദരിച്ചു. അദ്ധ്യാപക, അനദ്ധ്യാപകരെ പ്രതിനിധീകരിച്ച് സോഷ്യോളജി വിഭാഗം മേധാവി അല്‍ഫോണ്‍സാ വര്‍ക്കിയും വിദ്യാര്‍ത്ഥിനികള്‍ക്കു വേണ്ടി ധന്യാ ബാബുവും പ്രിന്‍സിപ്പാളിന് ഫീസ്റ്റ് ആശംസകള്‍ നേര്‍ന്നു.
|
 |
 |
ഓള്‍ ഇന്ത്യാ ലൈഫ് ഇന്‍ഷൂറന്‍സ് ഏജന്റ്‌സ് ഫെഡറേഷന്‍ ബ്രാഞ്ച് കൗണ്‍സില്‍ |
|
ഇരിങ്ങാലക്കുട : ഓള്‍ ഇന്ത്യാ ലൈഫ് ഇന്‍ഷൂറന്‍സ് ഏജന്റ്‌സ് ഫെഡറേഷന്‍ ഇരിങ്ങാലക്കുട ബ്രാഞ്ച് കൗണ്‍സില്‍ സമ്മേളനംനടന്നു. വര്‍ക്കിങ് പ്രസിഡണ്ട് കെ.സി ജയിംസ് ഉദ്‌ഘാടനം ചെയ്തു. സെക്രട്ടറി ജനറല്‍ കെ. രാമചന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി. സി.ജി മേനോന്‍ അദ്ധ്യക്ഷത വഹിച്ചു. വിജയന്‍ മൂച്ചിക്കല്‍. സി.എല്‍ ജോര്‍ജ്ജ്, കെ.എസ് രവി തുടങ്ങിയവര്‍ സംസാരിച്ചു.
|
 |
 |
വിശുദ്ധ അല്‍ഫോണ്‍സാമ്മയുടെ മരണതിരുനാള്‍ ആഘോഷം |
|
വല്ലക്കുന്ന് : വല്ലക്കുന്ന് ഇടവക ദേവാലയത്തില്‍ വിശുദ്ധ അല്‍ഫോണ്‍സാമ്മയുടെ മരണതിരുനാള്‍ 28ന് ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു . രാവിലെ 10 മണിക്ക് വിശുദ്ധ കുര്‍ബ്ബാന, നൊവേന, ലദീഞ്ഞ്, തിരുശേഷിപ്പ് വന്ദനം എന്നിവയുണ്ടാകും. വൈകീട്ട് 5 .15 ന് ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന് സ്വീകരണം നല്‍കും. തുടര്‍ന്ന് നടക്കുന്ന തിരുനാള്‍ കുര്‍ബ്ബാനയ്‌ക്ക് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. ശേഷം പ്രദക്ഷിണം, വര്‍ണ്ണമഴ, വിശുദ്ധ അല്‍ഫോണ്‍സാമ്മയുടെ ജീവചരിത്രം ഉള്‍ക്കൊള്ളുന്ന സിനിമാ പ്രദര്‍ശനം എന്നിവയുണ്ടാകും. വികാരി ഫാ. ലിജോ കളപറമ്പത്ത്, ആന്റോ ബേബി തണ്ടേക്കല്‍, വിത്സണ്‍ നെടുപറമ്പില്‍, ഷാജു കോക്കാട്ട് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
|
 |
 |
കാറളം തൃത്താണിപ്പാടത്ത് അംഗനവാടിക്ക് പുതിയ കെട്ടിടം |
|
കാറളം ; കാറളം ഗ്രാമപഞ്ചായത്തിലെ തൃത്താണിപ്പാടത്ത് പ്രവര്‍ത്തിച്ചിരുന്ന അംഗനവാടിയുടെ പുതിയ കെട്ടിടം പഞ്ചായത്ത് പ്രസിഡന്റ് സി.വി.വാസു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.കെ.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം വി.കെ.ഭാസ്കരന്‍, കെ.എസ്.ബാബു, അനില്‍ മംഗലത്ത്, ഷീല അജയഘോഷ്, പഞ്ചായത്ത് സെക്രട്ടറി ലളിത കുമാരി തുടങ്ങിയവര്‍ സംസാരിച്ചു.
|
 |
 |
റിക്കവറി മാനേജര്‍ ചമഞ്ഞ് കാര്‍ തട്ടിപ്പ്: അന്വേഷണിക്കണമെന്ന് കോടതി |
|
ഇരിങ്ങാലക്കുട: ബാങ്കിലെ റിക്കവറി മാനേജരായി ചമഞ്ഞ് കാര്‍ തട്ടിയെടുത്ത സംഭവത്തില്‍ പോലീസ് കേസന്വേഷണത്തിന് കോടതി ഉത്തരവ്. ആനന്ദപുരം കൊറവങ്ങാട്ട് വീട്ടില്‍ സുരേഷ് കുമാറിന്റെ ഭാര്യ മീനാകുമാരിയുടെ മാരുതി ഓള്‍ട്ടോ കാറാണ് റിക്കവറി മാനേജര്‍ എന്ന പേരില്‍ തട്ടിയെടുത്തത്. കാറിനുവേണ്ടി എടുത്ത ലോണിന്റെ തവണകള്‍ മുടങ്ങി എന്ന് പറഞ്ഞ് ബാങ്കിന്റെ റിക്കവറി മാനേജര്‍ എന്ന വ്യാജേന പ്രദീപ് എന്നയാളും സംഘവും 2009 ഡിസംബര്‍ 27 നാണ് മീനാകുമാരിയും ഭര്‍ത്താവും വീട്ടില്‍ ഇല്ലാത്തപ്പോള്‍ വീട്ടില്‍ അതിക്രമിച്ച് കടന്ന് മകനെ ഭീഷണിപ്പെടുത്തി ബലമായി കാറിന്റെ താക്കോല്‍ വാങ്ങി കാര്‍ കടത്തികൊണ്ടുപോയത്. തുടര്‍ന്ന് ലോണ്‍ തീര്‍ക്കുന്നതിനുവേണ്ടി മീനാകുമാരിയും ഭര്‍ത്താവും ബാങ്കിന്റെ തൃശൂര്‍ ബ്രാഞ്ചില്‍ ചെന്നപ്പോള്‍ ലോണ്‍ മുഴുവന്‍ അടച്ചുതീര്‍ത്തതായും പിടിച്ചെടുത്ത കാര്‍ ബാങ്കില്‍ ഹാജരാക്കാതെ കൂടിയ വിലക്ക് മറിച്ചു വില്‍ക്കുന്നതിനായി സൂക്ഷിച്ചിരിക്കുന്നതായും അറിയാന്‍ സാധിച്ചു. ബാങ്കിന്റെ നിര്‍ദേശപ്രകാരമാണ് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് പ്രദീപ് വാഹനം പിടിച്ചെടുത്തത്. വാഹനം പിടിച്ചെടുക്കുന്നതിന് കുറച്ചുനാളുകള്‍ക്ക് മുമ്പ് പ്രദീപും സംഘവും മീനാകുമാരിയുടെ ഭര്‍ത്താവിന്റെ ഊരകത്തുള്ള കടയില്‍ ചെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. നിരന്തര ഭീഷണിയെ തുടര്‍ന്ന് കട അടച്ചുപൂട്ടുകയായിരുന്നു. തുടര്‍ന്ന് അഡ്വ.പി.പി. ഗോപകുമാര്‍ മാമ്പുഴ, അഡ്വ.കെ.എ. സുനിത തുടങ്ങിയവര്‍ മുഖാന്തിരം ഇരിങ്ങാലക്കുട ജുഡീഷ്യല്‍ ഫസ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ സ്വകാര്യ അന്യായം ബോധിപ്പിക്കുകയും അന്യായം ഫയലില്‍ സ്വീകരിച്ച ഇരിങ്ങാലക്കുട ജുഡീഷ്യല്‍ ഫസ്റ് ക്ളാസ് മജിസ്ട്രേറ്റ് പി.എം. സീത റിക്കവറി മാനേജര്‍ അജ്ഞാത കേന്ദ്രത്തില്‍ ഒളിപ്പിച്ച കാര്‍ കണ്െടടുത്ത് കോടതിയില്‍ ഹാജരാക്കുവാന്‍ പുതുക്കാട് പോലീസിനോട് ഉത്തരവിട്ടു. ഈ കേസിലെ പ്രതിയായ പ്രദീപ് പല ബാങ്കുകളുടെയും മാനേജരായി ചമഞ്ഞ് ഇടപാടുകാരെ ഭീഷണിപ്പെടുത്താറുണ്ടന്നാണ് പറയപ്പെടുന്നത്.
|
 |
 |
റിട്ട :അധ്യാപകനെ ആക്രമിച്ച കേസ് ; പുനരന്വേഷണത്തിന് ഉത്തരവ് |
|
ഇരിങ്ങാലക്കുട ; ഇരിങ്ങാലക്കുടയിലെ ഒരു പ്രമുഖ സ്വകാര്യ സോസൈറ്റിയുടെ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് റിട്ട : അധ്യാപകനെ ആക്രമിച്ചു എന്ന പരാതിയില്‍ പുനരന്വേഷണം നടത്താന്‍ ഇരിങ്ങാലക്കുട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രെറ്റ് കോടതി ഉത്തരവിട്ടു . കഴിഞ്ഞ മാര്‍ച് 5ന് സോസൈറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് റിട്ട. അധ്യാപകനെ സൊസൈറ്റി അംഗങ്ങളായ മൂന്നു പേര്‍ മര്‍ദ്ദിച്ചു എന്ന് കാണിച്ചു കോടതിയില്‍ സമര്‍പ്പിച്ച സ്വകാര്യ അന്യായത്തിലാണ് ഉത്തരവ്. അഡ്വ. ഗോപകുമാര്‍ മാമ്പുഴ മുഖേന സമര്‍പ്പിച്ച സത്യസന്ധമായ പുനരന്വേഷണത്തിനുള്ള ഹര്‍ജി പരിഗണിച്ച് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രെറ്റ് പി.എം.സീതയാണ് പുനരന്വേഷണത്തിന് ഉത്തരവിട്ടത് (07 :42pm july 25th 2010 ).
|
 |
 |
ക്യാപ്റ്റന്‍ പാഴാട്ട് രാമകൃഷ്ണന്‍ നായര്‍ നിര്യാതനായി |
|
ഇരിങ്ങാലക്കുട : രണ്ടാം ലോക മഹായുദ്ധമാടക്കം നിരവധി യുദ്ധങ്ങളില്‍ പങ്കെടുത്ത ഇരിങ്ങാലക്കുട സ്വദേശി ക്യാപ്റ്റന്‍ പാഴാട്ടു രാമകൃഷ്ണന്‍ നായര്‍ നിര്യാതനായി. 84 വയസ്സായിരുന്നു. 32 വര്‍ഷത്തെ മിലിട്ടറി സേവന കാലത്ത് രണ്ടാം ലോക മഹായുദ്ധം, 1961 ലെ ചൈനീസ് യുദ്ധം , 1965 ലെയും 1971 ലെയും പാക്കിസ്ദ്ധാന്‍ യുദ്ധം തുടങ്ങിയവയില്‍ പങ്കെടുത്ത് വിശിഷ്ട സേവാ മെഡലുകള്‍ നേടിയിട്ടുണ്ട്. സംസ്കാരം 26 ന് രാവിലെ 10 ന് ഐവര്‍ മഠത്തില്‍ . ഇരിങ്ങാലക്കുടയില്‍ മകള്‍ ഡോക്ടര്‍ പ്രേമലതയുടെ വസതിയില്‍ വച്ചായിരുന്നു അന്ത്യം.മക്കള്‍ : മോഹന്‍ദാസ് (റിട്ട:ബാങ്ക് ഉദ്യോഗസ്ഥന്‍, ശശികല, ഡോ.പ്രേമലത(ശാന്തി ഹോസ്പിറ്റല്‍ കൊടകര ), മുരളീധരന്‍. മരുമക്കള്‍ : ബേബി (ലൈബ്രേറിയന്‍ കൊടുവായൂര്‍ പഞ്ചായത്ത്), വിശ്വനാഥ മേനോന്‍(റിട്ട: ഒ.എന്‍.ജി.സി. എക്സി.എന്‍ജിനീയര്‍ , ഡോ. പ്രദീപ് കുമാര്‍ (പാലക്കാട് ജില്ലാ ആശുപത്രി), ശോഭ. (04 :34pm july 25th 2010 ).
|
 |
 |
'നന്മ' ഇരിങ്ങാലക്കുട മേഖലാ സമ്മേളനം |
|
ഇരിങ്ങാലക്കുട : മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നാഷണല്‍ അസോസിയേഷന്‍ ഓഫ് മലയാളം ആര്‍ട്ടിസ്റ്റ്സ് (നന്മ ) ഇരിങ്ങാലക്കുട മേഖലാ സമ്മേളനം നടന്നു. കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ പി.തങ്കപ്പന്‍ ഉദ്ഘാടനം ചെയ്തു. നന്മ മേഖല പ്രസിഡന്റ് കലാഭവന്‍ നൌഷാദ് അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ എം.പി.ജാക്സന്‍ മുഖ്യാതിഥിയായി. നന്മ മേഖല സെക്രട്ടറി ബിപിന്‍ കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പട്ടാളം സുരേന്ദ്രന്‍, തനൂഫ് കരീം, കലാനിലയം രാഘവനാശാന്‍ തുടങ്ങിയവര്‍ സംസാരിച്ചു (06:18pm july 25th 2010).
|
 |
 |
യോഗക്ഷേമ സഭ ജില്ലാ വാര്‍ഷിക സമ്മേളനം |
|
ഇരിങ്ങാലക്കുട: യോഗക്ഷേമസഭ ജില്ലാ വാര്‍ഷിക സമ്മേളനം ഇരിങ്ങാലക്കുട ഉണ്ണായി വാരിയര്‍ സ്മാരക കലാനിലയത്തില്‍ നടന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എം പരമേശ്വരന്‍ നമ്പൂതിരി ഉദ്ഘാടനം നിര്‍വ്വഹിച്ചു. കെ.യു നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തില്‍ മികച്ച ഉപസഭ പ്രവര്‍ത്തകനുള്ള കൊരമ്പൂര്‍ രാജന്‍ പുരസ്കാരവും, മികച്ച സാഹിത്യത്തിനുള്ള വെള്ളാലം അവാര്‍ഡ് ദാനവും നടന്നു. ഉച്ചക്ക് നടന്ന സെമിനാറില്‍ 'വ്യവസായ സംരംഭം' എന്ന വിഷയത്തില്‍ ഏഷ്യാനെറ്റ് ഡയറക്ടര്‍ സുരേഷ് നാരായണന്‍ ക്ളാസ്സെടുത്തു. വൈകീട്ട് നടന്ന സമാപന സമ്മേളനം എം.എല്‍.എ അഡ്വ.തോമസ് ഉണ്ണിയാടന്‍ ഉദ്ഘാടനം ചെയ്തു. പി.തങ്കപ്പന്‍ മാസ്റ്റര്‍, കെ.എന്‍ ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംസ്സാരിച്ചു.
|
 |
 |
ഗതാഗതക്കുരുക്ക് രൂക്ഷം ; സ്ഥലമുണ്ടായിട്ടും കൊട്ടിലാക്കല്‍ പറമ്പിനെ അവഗണിച്ച് ടൂറിസ്റ്റ് ബസ്സുകള്‍ വഴിയോരങ്ങളില്‍ പാര്‍ക്ക് ചെയ്യുന്നു |
|
ഇരിങ്ങാലക്കുട : നാലമ്പല ദര്‍ശനത്തിന്റെ ഭാഗമായി കൂടല്‍മാണിക്യം ക്ഷേത്രത്തിലേക്ക് ഭക്തരുമായെത്തുന്ന ടൂറിസ്റ്റ് ബസ്സുകള്‍ റോഡരികുകളില്‍ പാര്‍ക്ക് ചെയ്യുന്നത് രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമാകുന്നു. വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് നിഷ്കര്‍ഷിച്ചിട്ടുള്ള കൊട്ടിലാക്കല്‍ പറമ്പില്‍ പാര്‍ക്കിംഗിന് ആവശ്യമായ സ്ഥലം ഉള്ളപ്പോഴാണ് ഇതിനെ അവഗണിച്ച് ടൂറിസ്റ്റ് ബസ്സുകള്‍ വഴിയോരങ്ങള്‍ കയ്യടക്കി ഗതാഗത കുരുക്ക് രൂക്ഷമാക്കുന്നത്. ക്ഷേത്രത്തിനു സമീപമുള്ള വീടുകളുടെ ഗെയ്റ്റിനു മുന്നില്‍ ബസ്സുകള്‍ പാര്‍ക്ക് ചെയ്യുന്നത് സമീപ വാസികള്‍ക്ക് ദുരിതമാകുന്നുണ്ട്. നാലമ്പല ദര്‍ശനത്തിന്റെ ഭാഗമായി ഗതാഗതക്കുരുക്ക് ഉണ്ടാകാതിരിക്കാന്‍ ദേവസ്വം , കൊട്ടിലാക്കല്‍ പറമ്പില്‍ വിപുലമായ പാര്‍ക്കിംഗ് സൗകര്യം ഒരുക്കിയിരുന്നു. എന്നാല്‍ വിരലിലെണ്ണാവുന്ന ബസ്സുകള്‍ മാത്രമാണ് കൊട്ടിലാക്കല്‍ പറമ്പില്‍ പാര്‍ക്ക് ചെയ്യുന്നത്. നിലവില്‍ നാഷണല്‍ സ്കൂളിലേക്കുള്ള വഴിയിലാണ് ബസ്സുകള്‍ കൂടുതലായി പാര്‍ക്ക് ചെയ്യുന്നത്. പട്ടമാളി റോഡും പെഷ്ക്കാര്‍ റോഡും ഇവര്‍ കയ്യടക്കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ബസ്സുകളുടെ പാര്‍ക്കിംഗ് സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ സുഗമമായ യാത്രക്ക് വിലങ്ങു തടിയാകുമെന്നുറപ്പ് . വാഹനങ്ങളെയും ഭക്തജനത്തിരക്കും നിയന്ത്രിക്കാന്‍ ക്ഷേത്രത്തിനു മുന്നില്‍ നിലയുറപ്പിച്ചിരിക്കുന്ന പോലീസുകാര്‍ കാര്യക്ഷമമായി ഇടപെടാത്തതാണ് ബസ്സുകള്‍ തോന്നിയ സ്ഥത്തു പാര്‍ക്ക് ചെയ്യുന്നതിന് കാരണമെന്നും ആക്ഷേപമുണ്ട്. ഒരു മാസക്കാലത്തോളം നീണ്ടു നില്‍ക്കുന്ന നാലമ്പല ദര്‍ശനത്തിനു ഭക്തരുമായെത്തുന്ന ബസ്സുകളുടെ റോഡരികിലെ പാര്‍ക്കിംഗ് നിര്‍ത്താന്‍ അധികൃതരുടെ ഭാഗത്ത് നിന്നും നടപടി ഉണ്ടായില്ലെങ്കില്‍ ഒരു മാസക്കാലം ഇരിങ്ങാലക്കുട ഗതാഗതക്കുരുക്കിലാകും.( 02 :06pm july 25th 2010 )
|
 |
 |
കേരള എന്‍.ജി.ഒ സംഘ് ജില്ലാ സമ്മേളനം |
|
ഇരിങ്ങാലക്കുട : കേരള എന്‍.ജി.ഒ സംഘ് ജില്ലാ സമ്മേളനം ഇരിങ്ങാലക്കുടയില്‍ നടന്നു. സംസ്ഥാന സെക്രട്ടറി കെ.പി.രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി.ശക്തിധരന്‍ അധ്യക്ഷത വഹിച്ചു. ബി.എം.എസ് ജില്ലാ പ്രസിഡന്റ് ടി.സി . സേതുമാധവന്‍, പി.എന്‍.ഈശ്വരന്‍, എം.എസ.ഗോവിന്ദന്‍ കുട്ടി, കെ.ആര്‍. ശശിധരന്‍ , കെ.മനോജ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു
|
 |
 |
കോണത്തുകുന്ന് ഗവ.യു.പി.സ്കൂളിലെ ക്ലാസ്റൂം കെട്ടിടം ഉദ്ഘാടനം ചെയ്തു |
|
കരൂപ്പടന്ന : കോണത്തുകുന്ന് ഗവ.യു.പി.സ്കൂളില്‍ എസ്.എസ്.യുടെയും വെള്ളാങ്കല്ലൂര്‍ ഗ്രാമ പഞ്ചായത്തിന്റെയും സഹായത്തോടെ നിര്‍മ്മിച്ച ക്ലാസ് റൂം കെട്ടിടത്തിന്റെ ഉദ്ഘാടനം കെ.പി.ധനപാലന്‍ എം.പി.നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബീന മജീദ് അധ്യക്ഷത വഹിച്ചു. സ്കൂളിന്റെ മുഖ പത്രമായ ജാലകം പ്രത്യേക പതിപ്പ് തൃശൂര്‍ എസ്.എസ്.എ ഡി.പി.ഒ സി.സുബ്രഹ്മണ്യന്‍ പ്രകാശനം ചെയ്തു. കൊടുങ്ങല്ലൂര്‍ എ.ഇ.ഒ മീരാഭായ്, ബി.പി.ഒ രാമജയം തുടങ്ങിയവര്‍ സംബന്ധിച്ചു.
|
 |
 |
വ്യാപാരഹര്‍ത്താലും രാജ്ഭവന്‍ മാര്‍ച്ചും വിജയിപ്പിക്കും |
|
ഇരിങ്ങാലക്കുട : കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ 29 ന് സംസ്ഥാന വ്യാപകമായി നടത്തുന്ന ഹര്‍ത്താലും തൊഴില്‍ സംരക്ഷണത്തിനായി നടത്തുന്ന രാജ്ഭവന്‍ മാര്‍ച്ചും വിജയിപ്പിക്കാന്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിങ്ങാലക്കുട യൂണിറ്റ് വ്യാപാര ഭവനില്‍ നടത്തിയ പ്രത്യേക കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. പോലീസ് നടപ്പിലാക്കി കൊണ്ടിരിക്കുന്ന ജനമൈത്രി സുരക്ഷാ പദ്ധതിയെ കുറിച്ച് ഇരിങ്ങാലക്കുട എസ്.ഐ. പ്രേമാനന്ദ കൃഷ്ണന്‍ വിശദീകരിച്ചു. രാത്രി പട്രോളിംഗ് നടത്തുന്ന പോലീസ് ജനമൈത്രി അംഗങ്ങള്‍ക്ക് വര്‍ഷ കാലത്ത് ഉപയോഗിക്കുന്നതിനു വേണ്ടി വ്യാപാരി വ്യവസായി ഏകോപന സമിതി നല്‍കിയ റെയിന്‍ കൊട്ട് എസ്.ഐക്ക് പ്രസിഡന്റ് ടെന്നിസന്‍ തെക്കേക്കര കൈമാറി. ജനറല്‍ സെക്രട്ടറി ടി.വി.ആന്റോ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ ജോസ് മൊയലന്‍ മുഖ്യ പ്രഭാഷണം നടത്തി. വനിതാവിംഗ് പ്രസിഡന്റ് ബേബി ജോസ് കാട്ട്ള , ജോര്‍ജ് തോമസ്, പ്രഭുല്ല ചന്ദ്രന്‍, പ്രവീണ്‍ വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു.
|
 |
 |
പി.ടി.എ യോഗവും അനുമോദന സമ്മേളനവും |
|
ഇരിങ്ങാലക്കുട : ലിറ്റില്‍ ഫ്ലവര്‍ സ്കൂളിലെ പി.ടി.എ യോഗവും അനുമോദന സമ്മേളനവും നടത്തി. അഡ്വ. ഐബന്‍ മാത്തന്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ഫ്ലോറന്‍സ് സംസാരിച്ചു. അഡ്വ.ചാര്‍ളി പോള്‍ ക്ലാസ്സെടുത്തു. മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അനുമോദിച്ചു.
|
 |
 |
ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് -2010 സെമിനാര്‍ |
|
ഇരിങ്ങാലക്കുട ; നാഷണല്‍ ഇന്റഗ്രേഷന്‍ എംപവര്‍മെന്റ് ആന്‍ഡ് ഡവലപ്‌മെന്റ് സൊസൈറ്റി (നീഡ്‌സ്) യുടെ ആഭിമുഖ്യത്തില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് -2010 നെക്കുറിച്ച് സെമിനാര്‍ സംഘടിപ്പിച്ചു. ശാന്തിനികേതന്‍ പബ്ലിക്ക് സ്‌ക്കൂളില്‍ നടന്ന സെമിനാറിന്റെ ഉദ്‌ഘാടനം ചാവക്കാട് മുന്‍സിഫ് ബിജു മേനോന്‍ നിര്‍വ്വഹിച്ചു. 'ഇലക്ട്രോണിക് മീഡിയയുടെ ഉപയോഗവും, ദുരുപയോഗവും' എന്ന വിഷയത്തില്‍ തൃശ്ശൂര്‍ ഗവണ്‍മെന്റ് ലോ കോളേജ് ലക്‌ചറര്‍ അഡ്വ. എം.ആര്‍ ദീപക് ക്ലാസ്സെടുത്തു. പ്രഫ .ആര്‍ ജയറാം ക്ലാസ്സെടുത്തു, അഡ്വ.കെ.ആര്‍. അച്യുതന്‍, അഡ്വ.എസ്. ബോസ് കുമാര്‍, ടി.കെ.ഉണ്ണികൃഷ്ണന്‍, ബോബി ജോസ്, എം.എന്‍.തമ്പാന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
|
 |
 |
നാലമ്പല സപ്ലിമെന്റ് പ്രകാശനം |
|
ഇരിങ്ങാലക്കുട : ഭക്ത സഹസ്രങ്ങള്‍ക്ക് വഴികാട്ടിയായി ടിക്ക് പബ്ലിക്കേഷന്‍സിന്റെ ഇക്കൊല്ലത്തെ നാലമ്പല സപ്ലിമെന്റിന്റെ പ്രകാശന കര്‍മ്മം നടന്നു. കൂടല്‍മാണിക്യം ക്ഷേത്രനടയില്‍ വച്ചു നടന്ന ചടങ്ങില്‍ ടിക്ക് ചീഫ് കോ ഓര്‍ഡിനേറ്റര്‍ ഭാസ്‌കര വാര്യര്‍, കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ പി. തങ്കപ്പന്‍ മാസ്റ്റര്‍ക്ക് സപ്ലിമെന്റ് നല്‍കി പ്രകാശനം ചെയ്‌തു. ദേവസ്വം ഭരണ സമിതിയംഗങ്ങളായ രാജേഷ് ബാലകൃഷ്ണന്‍ , വനജ ധര്‍മ്മരാജന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
|
 |
 |
രക്താര്‍ബുദം ; പിഞ്ചുബാലിക ചികിത്സാ സഹായം തേടുന്നു |
|
കാറളം : രക്താര്‍ബുദം ബാധിച്ച പിഞ്ചുബാലിക ചികിത്സാ സഹായം തേടുന്നു. കാറളം ഗ്രാമ പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ വെള്ളാനി സെറ്റില്‍മെന്റ് കോളനിയില്‍ താമസിക്കുന്ന വലിയപറമ്പില്‍ മനോജിന്റെ മകള്‍ മൂന്നര വയസ്സുള്ള മനീഷയാണ് ചികിത്സാ സഹായം തേടുന്നത്. തിരുവനന്തപുരം ആര്‍.സി.സിയി യടക്കമുള്ള ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന മനീഷയ്ക്ക് പണമില്ലാത്തതിനാല്‍ യഥാവിധി ചികിത്സ നല്‍കാന്‍ കൂലിപ്പണിക്കാരനായ മനോജിന് സാധിക്കുന്നില്ല. മനീഷയുടെ ചികിത്സയുമായി ബന്ധപ്പെട്ടു വാര്‍ഡംഗം അനില്‍ മംഗലത്ത് ചെയര്‍മാനായും, സുബ്രഹ്മണ്യന്‍ കൈതവലപ്പില്‍ കണ്‍വീനറായും ശങ്കരന്‍ പെരുമ്പിള്ളി ട്രഷററായും മനീഷ ചികിത്സാ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. കാറളം സഹകരണ ബാങ്കില്‍ 1153 നമ്പര്‍ അക്കൌണ്ടിലേക്ക് ചികിത്സാ സഹായം അയക്കണം.
|
 |
 |
പി.എസ്.സി പരിശീലന ക്ലാസ് സമാപിച്ചു |
|
കരൂപ്പടന്ന : ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പി.എസ്.സി പരീക്ഷക്കുള്ള സൌജന്യ പരിശീലനം സമാപിച്ചു. ദാറുല്‍ ഒളൂം മദ്രസാ ഹാളില്‍ നടന്ന സമാപന സമ്മേളനം മുകുന്ദപുരം താലൂക്ക് ലൈബ്രറി കൌണ്‍സില്‍ സെക്രട്ടറി ഖാദര്‍ പട്ടേപ്പാടം ഉദ്ഘാടനം ചെയ്തു. പി.കെ.അബ്ദുല്‍ മനാഫ് അധ്യക്ഷത വഹിച്ചു. ദാറുല്‍ ഒളൂം മദ്രസാ ചെയര്‍മാന്‍ കെ.എസ്.അബ്ദുല്‍ മജീദ് , കെ.കെ.ശിവരാമന്‍, സോജന്‍, വി.എം.റഊഫ് , എം.ലീന, കെ.എം.ഉല്ലാസ് തുടങ്ങിയവര്‍ സംസാരിച്ചു
|
 |
 |
മാര്‍ ജയിംസ് പഴയാറ്റിലിനെ അനുമോദിച്ചു |
|
ഇരിങ്ങാലക്കുട ; നാമഹേതു തിരുനാളും ജന്‍മദിനവും ആഘോഷിക്കുന്ന ഇരിങ്ങാലക്കുട രൂപത പ്രഥമ മെത്രാന്‍ മാര്‍ ജെയിംസ് പഴയാറ്റിലിനെ കേരള സിറ്റിസണ്‍ ഫോറം അനുമോദിച്ചു. ഫോറം സംസ്ഥാന പ്രസിഡണ്ട് പി.എം ഷാഹുല്‍ ഹമീദ് അദ്ദേഹത്തിന് ഉപഹാരം നല്‍കി. ജനറല്‍ സെക്രട്ടറി എ.സി സുരേഷ് വാരിയര്‍ , ഡോ. മാര്‍ട്ടിന്‍ പി.പോള്‍ , തോമസ് തത്തംപിള്ളി തുടങ്ങിയവര്‍ സംസാരിച്ചു.
|
 |
 |
1000 കുപ്പി രക്തം ; ജനമൈത്രി രക്തദാന പ്രചരണത്തിന് കലാഭവന്‍ മണി ഇരിങ്ങാലക്കുടയിലെത്തി |
|
ഇരിങ്ങാലക്കുട : ജനമൈത്രി സുരക്ഷാ സമിതിയുടെ രക്തദാന പ്രചരണ പ്രവര്‍ത്തനങ്ങളുമായി ചലചിത്ര നടന്‍ കലാഭവന്‍ മണി ഇരിങ്ങാലക്കുടയിലെ കോളേജ് ക്യാമ്പസുകളില്‍ എത്തി. ഇരിങ്ങാലക്കുട പോലീസ് ജനമൈത്രി സുരക്ഷാ സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന രക്തദാന യജ്ഞത്തിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിദ്യാര്‍ത്ഥികളില്‍ നിന്നും 1000 കുപ്പി രക്തം ശേഖരിക്കുന്നതിനായാണ് കലാഭവന്‍ മണി ക്യാമ്പസുകളില്‍ പ്രചാരണത്തിനെത്തിയത്. രാവിലെ 9.30 ന് ക്രൈസ്റ്റ് കോളേജിലും 10 ന് സെന്റ് ജോസഫ്‌സ് കോളേജിലും എത്തിയ മണി രക്തം നല്‍കൂ ജീവന്‍ നല്‍കൂ എന്ന ആഹ്വാനവുമായി രക്തസാക്ഷരതാ യജ്ഞത്തില്‍ പങ്കാളിയായി. ഡി.വൈ.എസ്.പി. പി.കെ രഞ്ചന്‍, സി.ഐ.സോണി ഉമ്മന്‍ കോശി, എസ്.ഐ.പ്രേമാനന്ദ കൃഷ്ണന്‍, ക്രിസ്റ് കോളേജ് പ്രിന്‍സിപ്പാള്‍ ഫാ.ജോസ് തെക്കന്‍ , സെന്റ് ജോസഫ് കോളേജ് പ്രിന്‍സിപ്പാള്‍ സി.ആനി കുര്യാക്കോസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
|
 |
 |
ബസ് സ്റ്റാന്റിലെ അപകടം ; കെ.എസ്.ആര്‍.ടി.സിക്ക് അരലക്ഷത്തോളം രൂപ നഷ്ടം ; കേസുമായി അധികൃതര്‍ കോടതിയിലേക്ക് |
|
ഇരിങ്ങാലക്കുട : കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുട ബസ് സ്റ്റാന്റിനുള്ളില്‍ അപകടത്തില്‍ പെട്ട കെ.എസ്.ആര്‍.ടി.സി ബസ് അറ്റകുറ്റപ്പണികള്‍ക്കായി ആലുവയിലെ റീജിയണല്‍ വര്‍ക്ക് ഷോപ്പിലേക്ക് കൊണ്ട് പോയി. അപകടത്തെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സിക്ക് സംഭവിച്ചത് അര ലക്ഷത്തോളം രൂപയുടെ നഷ്ടം. ഇതുസംബന്ധിച്ച വിവരങ്ങള്‍ ഒരു ഉന്നത കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥന്‍ ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിനു നല്‍കി. തൃശൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടില്‍ പുതുതായി ആരംഭിച്ച കെ.എസ്.ആര്‍.ടി.സി ബസ്സുകളുടെ യാത്ര തടസ്സപ്പെടുതാനുള്ള സ്വകാര്യ ബസ്സുകളുടെ നടപടിയുടെ ഭാഗമായാണ് ബസ് സ്റ്റാന്റില്‍ അപകടമുണ്ടായത്. തൃശ്ശൂര്‍ക്ക് പോയിരുന്ന കെ.എസ്.ആര്‍.ടി.സിയുടെ യാത്ര തടസ്സപ്പെടുത്താന്‍ രാജു മോട്ടോഴ്സ് എന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് കെ.എസ്.ആര്‍.ടി.സിക്ക് മുന്നില്‍ പെട്ടെന്ന് ബ്രെക്കിടുകയും കെ.എസ്.ആര്‍.ടി.സി സ്വകാര്യ ബസ്സിനു പിന്നില്‍ ഇടിക്കുകയും ആയിരുന്നു. കഴിഞ്ഞ പതിനാലാം തിയതിയാണ് അപകടമുണ്ടായത്. ഇതേ തുടര്‍ന്ന് ഇരിങ്ങാലക്കുട പോലീസ് ഇരു ബസ്സുകളും കസ്റ്റഡിയിലെടുത്തു. മൂന്നു ദിവസങ്ങള്‍ക്കു ശേഷം ശനിയാഴ്ചയാണ് പോലീസ് കെ.എസ്.ആര്‍.ടി.സി. ബസ് തിരികെ വിട്ടു കൊടുത്തത്. ഇടിയുടെ ആഘാതത്തില്‍ കെ.എസ്.ആര്‍.ടി.സി ബസ്സിന്റെ മുന്‍ ഭാഗത്തിന് ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഫ്രണ്ട് കവര്‍ മുഴുവനായി മാറ്റി സ്ഥാപിക്കേണ്ടി വരും. ഫ്രണ്ട് കവറിന്റെ അരികുകളിലെ വളവുകള്‍ തകിടില്‍ തീര്‍ക്കുക ശ്രമകരവും ചിലവേറിയതുമായ ജോലിയാണ്. പ്രത്യേക അച്ചിലാണ് തകിടിന്റെ അരികുകള്‍ വളക്കേണ്ടത്. ഇത്തരത്തില്‍ മുന്‍ ഭാഗം പൂര്‍ണ്ണമായും മാറ്റി സ്ഥാപിക്കുന്നതിന് പതിനായിരത്തോളം രൂപ ചെലവ് വരും. ഈ ജോലികള്‍ തീര്‍ക്കാന്‍ ചുരുങ്ങിയത് രണ്ടു ദിവസം ആവശ്യമാണ്. അങ്ങനെ വന്നാല്‍ മൊത്തം അഞ്ചു ദിവസത്തെ കളക്ഷന്‍ ഈ ബസ്സിനു നഷ്ടമാകും. ഒരു ദിവസം ശരാശരി 7000 രൂപ വച്ച് 35000 രൂപയാണ് വരുമാനയിനത്തില്‍ നഷ്ടമാകുക.ഇത് മുന്‍ നിര്‍ത്തി സ്വകാര്യ ബസ് ഉടമയില്‍ നിന്നും നഷ്ട പരിഹാരം ആവശ്യപ്പെട്ടു കേസ് കൊടുത്തിരിക്കുകയാണ് കെ.എസ്.ആര്‍.ടി.സി അധികൃതര്‍.
|
 |
 |
തെങ്ങുകൃഷി കര്‍ഷകരുടെ യോഗം |
|
ഇരിങ്ങാലക്കുട: 2010-2011 വര്‍ഷത്തില്‍ നാളികേര വികസന ബോര്‍ഡും കൃഷിവകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന തെങ്ങുകൃഷി പുനരുദ്ധാരണ പദ്ധതിയില്‍ കാറ്റുവീഴ്ച ബാധിച്ചതും കായ്ഫലം തീരെ കുറഞ്ഞതുമായ തെങ്ങുകള്‍ വെട്ടിമാറ്റല്‍, തെങ്ങിന് വളം, വെട്ടിമാറ്റിയ സ്ഥലത്ത് പുതിയ തെങ്ങിന്‍ തൈ നടീല്‍ എന്നിവ നടപ്പിലാക്കുന്നതിനായി വാര്‍ഡുതല കമ്മിറ്റികള്‍ രൂപീകരിക്കുന്നതിനായി കര്‍ഷകരുടെ യോഗം നടക്കും. പ്രസ്തുത യോഗത്തില്‍ വാര്‍ഡിലെ ഓരോ കര്‍ഷകരും പങ്കെടുക്കണമെന്ന് വേളൂക്കര കൃഷി ഓഫീസര്‍ അറിയിച്ചു. ഇന്ന് ഉച്ചക്ക് 2.30 ന്, മൂന്നാം വാര്‍ഡ്, നടവരമ്പ് പള്ളി മിനിഹാള്‍, 27 ന് രാവിലെ 10.30 ന്, ഒമ്പതാം വാര്‍ഡ്, കൃഷി ഭവന്‍ ഓഫീസ്, ഉച്ചക്ക് 2.30 ന്, നാലാം വാര്‍ഡ്, കല്ലംകുന്ന് എസ്എന്‍ ഹാള്‍, 26 ന് ഉച്ചക്ക് 2.30 ന്, ആറാം വാര്‍ഡ്, ഗ്രാമപഞ്ചായത്ത് ഹാള്‍, 24 ന് രാവിലെ 10.30 ന്, 11ാം വാര്‍ഡ്, തുമ്പൂര്‍ ഹരിശ്രീ ഹാള്‍, ഉച്ചക്ക് 2.30 ന്, എട്ടാം വാര്‍ഡ്, അവിട്ടത്തൂര്‍ സ്പെയ്സ് ലൈബ്രറി ഹാള്‍, 28 ന് രാവിലെ 10.30 ന്, 14ാം വാര്‍ഡ്, പട്ടേപ്പാടം താഷ്ക്കന്റ് ലൈബ്രറി ഹാള്‍, ഉച്ചക്ക് 2.30 ന്, പത്താം വാര്‍ഡ്, എകെജി സ്മാരക വായനശാലാ ഹാള്‍, 26 ന് രാവിലെ 10.30 ന്, 12ാം വാര്‍ഡ്, തുമ്പൂര്‍ നാദം തിയറ്റര്‍, നാളെ രാവിലെ 10.30 ന്, 17ാം വാര്‍ഡ്, നടവരമ്പ് കോളനിപ്പടി-ആംഗന്‍വാടി, ഉച്ചക്ക് 2.30 ന്, 15ാം വാര്‍ഡ്, പൂന്തോപ്പ് നിരഞ്ജന സാംസ്കാരികകേന്ദ്രം, 31 ന് രാവിലെ 10.30 ന് 16ാം വാര്‍ഡ്, മുകുന്ദപുരം പബ്ളിക് സ്കൂള്‍ എന്നിങ്ങനെയാണ് യോഗങ്ങള്‍ നടക്കുന്നത്.
|
 |
 |
ഉദ്യോഗസ്ഥരുടെ അനാസ്ഥ: പ്ളസ് വണ്‍ ഫലം വൈകുന്നു, വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തില്‍ |
|
ഇരിങ്ങാലക്കുട: വിദ്യാഭ്യാസവകുപ്പിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തില്‍. പ്ളസ് വണ്‍ പരീക്ഷയെഴുതിയ വിദ്യാര്‍ഥികളുടെ പരീക്ഷാഫലം ലഭിക്കാത്തതാണ് വിദ്യാര്‍ഥികളെ ആശങ്കയിലാക്കിയത്. ഇരിങ്ങാലക്കുട ടൌണിലെ സ്വകാര്യ മാനേജ്മെന്റിന്റെ കീഴില്‍ പ്ളസ് വണ്‍ പരീക്ഷയെഴുതിയ 13 വിദ്യാര്‍ഥികളുടെ പരീക്ഷാഫലമാണ് ഇതുവരെയും വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിക്കാത്തത്. ഹയര്‍ സെക്കന്‍ഡറി എക്സാമിനേഷന്‍ ജോയിന്റ് രജിസ്ട്രാറുമായി പലതവണ സ്കൂള്‍ അധികൃതര്‍ ബന്ധപ്പെട്ടുവെങ്കിലും വിദ്യാഭ്യാസ വകുപ്പില്‍ നിന്നും ഇതുവരെയും മറുപടിയൊന്നും ലഭിച്ചിട്ടില്ല. 2010 മാര്‍ച്ചില്‍ ഈ വിദ്യാലയത്തിലെ 200 ഓളം വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയിരുന്നതെങ്കിലും 13 പേരുടെ ഒഴികെ മറ്റെല്ലാവരുടെയും പരീക്ഷാഫലം വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധപ്പെടുത്തിയിരുന്നു. പരീക്ഷഭവന്റെ വെബ്സൈറ്റ് പരിശോധിച്ചപ്പോള്‍ ഈ 13 പേരുടെ പരീക്ഷാഫലം പിന്നീട് പ്രഖ്യാപിക്കുമെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരത്തുള്ള ഹയര്‍ സെക്കന്‍ഡറി എക്സാമിനേഷന്‍ ജോയിന്റ് ഡയറക്ടറെ പലതവണ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെ ങ്കിലും വിജയിച്ചില്ല. പിന്നീട് നേരിട്ട് ചെന്ന് കാര്യം തിരക്കിയപ്പോള്‍ സ്കൂള്‍ പ്രിന്‍സിപ്പലില്‍ നിന്നും രേഖാ മൂലം പരാതി ലഭിക്കണമെന്നായിരുന്നു ജോയിന്റ് രജിസ്ട്രാറുടെ മറുപടി. എന്നാല്‍ ഇതു സംബന്ധിച്ച് രേഖാ മൂലം പരാതി നല്‍കി ആഴ്ചകള്‍ പിന്നിട്ടെങ്കിലും ഇതുവരെയും യാതൊരു നടപടിയുമുണ്ടായിട്ടില്ല. ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്കായി അപേക്ഷ നല്‍കേണ്ട അവസാന തീയതി 28 ആണ്. വിദ്യാര്‍ഥികളുടെ മാര്‍ക്ക് ലിസ്റ് ലഭിച്ചാല്‍ മാത്രമേ ഇംപ്രൂവ്മെന്റ് പരീക്ഷക്കുള്ള അപേക്ഷാഫോം പൂരിപ്പിക്കാന്‍ സാധിക്കൂ.
|
 |
 |
ഹൈസ്കൂളിന് ഹയര്‍ സെക്കന്‍ഡറി അനുവദിച്ചതില്‍ പിടിഎയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ആഹ്ളാദപ്രകടനം നടത്തി |
|
പൊയ്യ: പൊയ്യ എ.കെ.എം. ഹൈസ്കൂളിന് ഹയര്‍ സെക്കന്‍ഡറി അനുവദിച്ചതില്‍ പിടിഎയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ആഹ്ളാദപ്രകടനം നടത്തി. ആഹ്ളാദപ്രകടനത്തിന് പഞ്ചായത്ത് പ്രസിഡന്റ് എം.കെ. മുരളി, വൈസ് പ്രസിഡന്റ് എം.എ. സുബ്രന്‍, ജില്ലാ പഞ്ചായത്ത് അംഗം ത്യാഗരാജന്‍, പി.കെ. ഡേവിസ് മാസ്റര്‍, സി.എ. ബെന്നി, ആന്റണി ചക്കാലയ്ക്കല്‍, സ്കൂള്‍ മാനേജര്‍ ഔസേപ്പച്ചന്‍ അമ്പൂക്കന്‍ എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന യോഗത്തില്‍ കെ.പി.ധനപാലന്‍ എംപി, എ.ആര്‍. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
|
 |
 |
മേളാചാര്യന്‍ മഠത്തില്‍ ഗോപാലമാരാര്‍ക്ക് ചികിത്സാ സഹായനിധി പെരുവനം കുട്ടന്‍ മാരാര്‍ കൈമാറി |
|
ഇരിങ്ങാലക്കുട : മേളാചാര്യന്‍ മഠത്തില്‍ ഗോപാലമാരാരുടെ ചികിത്സാ സഹായനിധിയുടെ ആദ്യ ഗഡു പെരുവനം കുട്ടന്‍ മാരാര്‍ കൈമാറി. വലതു കാലിലുണ്ടായ വ്രണത്തെ തുടര്‍ന്ന് മൂന്നു മാസമായി ചികിത്സയിലാണ് മഠത്തില്‍ ഗോപാലമാരാര്‍ . കാലിലെ മുറിവ് ഗുരുതരമായതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ തൃശൂര്‍ അമല മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. ഒരു ലക്ഷത്തി നാല്പതിനായിരത്തോളം രൂപ വിദഗ്ധ ചികിത്സക്ക് ആവശ്യമുണ്ട്. ഈ അവസ്ഥയിലാ ണ് ദേവസ്വങ്ങളും ആസ്വാദകരും കലാകാരന്മാരും മുന്നോട്ടു വന്നത്. ഇവര്‍ സ്വരൂപിച്ച സഹായ നിധിയാണ് ഗോപാലമാരാരുടെ വസതിയില്‍ വച്ച് പെരുവനം കുട്ടന്‍ മാരാര്‍ നല്‍കിയത്. പെരുവനം കുട്ടന്‍ മാരാര്‍ പ്രസിഡണ്ടും ശിവദാസ് സെക്രട്ടറിയുമായ കമ്മിറ്റിയാണ് സഹായ നിധി സ്വരൂപിക്കുന്നത്. സംഭാവനകള്‍ കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ താണി ബ്രാഞ്ചിന്റെ അക്കൌണ്ട് നമ്പര്‍ 1406 ല്‍ ചെക്കായോ ഡി.ഡി.ആയോ പണമായോ സ്വീകരിക്കും. അന്നമനട പരമേശ്വര മാരാര്‍, പെരുവനം സതീശന്‍ തുടങ്ങിയവര്‍ പെരുവനം കുട്ടന്‍ മാരാര്‍ക്കൊപ്പം ഉണ്ടായിരുന്നു
|
 |
|
last updated
9:30pm,
JULY 28th 2010 |