www.irinjalakudalive.com    scroll down for todays detail news
കരുവന്നൂരില്‍ യുവാവിനെ വെട്ടിയ കേസിലെ മൂന്ന്‌ പ്രതികളെ കൂടി പിടികൂടി


ഇരിങ്ങാലക്കുട : കരുവന്നൂരില്‍ യുവാവിനെ വെട്ടിയ കേസിലെ മൂന്ന്‌ പ്രതികളെ കൂടി ഇരിങ്ങാലക്കുട പോലീസ്‌ ഇന്ന്‌ അറസ്റ്റ്‌ ചെയ്തു. ഇനി ഒരാള്‍ കൂടി കേസില്‍ പിടിയിലാകാനുണ്ട്. പനങ്കുളം കാട്ടൂക്കാരന്‍ രഞ്ചിത്ത്‌(26), എട്ടുമുന രാജാക്കമ്പനി കുണ്ടായി വീട്ടില്‍ വിബീഷ്‌(21), ഊരകം പനങ്കുളം വീട്ടില്‍ രഘുനാഥ്‌(25) എന്നിവരെയാണ്‌ ഇരിങ്ങാലക്കുട സി.ഐ സോണി ഉമ്മന്‍ കോശിയുടെ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ച രാത്രിയോടെ ഇരിങ്ങാലക്കുട റെയില്‍വെ സ്റ്റേഷന് സമീപത്തു നിന്നും പിടികൂടിയത് . കഴിഞ്ഞ മാസം 29 നാണ് കേസിനാസ്പദമായ സംഭവം . കരുവന്നൂര്‍ പാലത്തിനു സമീപം നിന്നിരുന്ന കരുവന്നൂര്‍ സ്വദേശി ചാമവളപ്പില്‍ സലീഷിനെ ബൈക്കിലെത്തിയ ആറംഗ സംഘം പൂര്‍വ്വ വൈരാഗ്യത്തെ തുടര്‍ന്ന് വെട്ടുകയായിരുന്നു. ഇതില്‍ മൂന്നു പ്രതികളെ ദിവസങ്ങള്‍ക്കു മുന്‍പ് ഇരിങ്ങാലക്കുട പോലീസ് പിടികൂടിയിരുന്നു.

നടവരമ്പ് സ്കൂളില്‍ ഇഫ്ത്താര്‍ സംഗമം


ഇരിങ്ങാലക്കുട : നടവരമ്പ്‌ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിലെ എന്‍.എസ്‌.എസ്‌ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഇഫ്‌ത്താര്‍ സംഗമം നടത്തി. ബാല സാഹിത്യക്കാരന്‍ കെ.വി രാമനാഥന്‍, ഫാ.ആന്റണി മഞ്ഞളി, ഇരിങ്ങാലക്കുട എസ്‌.ഐ പ്രേമാനന്ദകൃഷ്‌ണന്‍, ജില്ലാ പഞ്ചായത്തംഗം കെ.ശ്രീകുമാര്‍, വേളൂക്കര ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌ ടി.എസ്‌ സജീവന്‍ മാസ്റ്റര്‍, ആന്റണി മാസ്റ്റര്‍, പ്രിന്‍സിപ്പാള്‍ കെ. ലളിത, എന്നിവര്‍ സംസാരിച്ചു. എന്‍.എസ്‌.എസ്‌ പ്രോഗ്രാം ഓഫീസര്‍ സി.ബി ഷക്കീല, ബിജു വാര്യര്‍, സജിമോന്‍, മോഹനന്‍ മാസ്‌റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി. പി.ടി.എ അംഗങ്ങള്‍, മാതൃസംഘം അംഗങ്ങള്‍, മാധ്യമ പ്രവര്‍ത്തകര്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.

പൊറത്തിശ്ശേരി ഗ്രാമപഞ്ചായത്ത്‌ ഗ്രാമോത്സവം ; സാംസ്‌ക്കാരിക ഘോഷയാത്രയും, പൊതുസമ്മേളനവും സെപ്‌തംബര്‍ 10 ന്‌


ഇരിങ്ങാലക്കുട : പൊറത്തിശ്ശേരി ഗ്രാമപഞ്ചായത്ത്‌ നടപ്പാക്കി വരുന്ന ഗ്രാമോത്സവത്തോടനുബന്ധിച്ചുള്ള സാംസ്‌ക്കാരിക ഘോഷയാത്രയും, പൊതുസമ്മേളനവും സെപ്‌തംബര്‍ 10 ന്‌ നടക്കും. വെള്ളിയാഴ്‌ച ഉച്ചതിരിഞ്ഞ്‌ 3 മണിക്ക്‌ കരുവന്നൂര്‍ ബംഗ്ലാവ്‌ മൈതാനിയില്‍ നിന്നും ആരംഭിക്കുന്ന സാസ്‌ക്കാരിക ഘോഷയാത്ര വൈകീട്ട്‌ 5 മണിക്ക്‌ മാപ്രാണം സെന്ററില്‍ സമാപിക്കും. തുടര്‍ന്ന്‌ മാപ്രാണത്തുള്ള സഹകരണ ഹാളില്‍ ചേരുന്ന പൊതു സമ്മേളനം കേരള നിയമസഭാ സ്‌പീക്കര്‍ കെ.രാധാകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്യും. അഡ്വ. തോമസ്‌ ഉണ്ണിയാടന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ അമ്പാടി വേണു, മുന്‍ പഞ്ചായത്ത്‌ പ്രസിഡണ്ടുമാരായ ശാരദാ കുഞ്ഞന്‍, എ.ജെ ആന്റണി, ചിന്ത ധര്‍മ്മരാജന്‍, തങ്കമണി ഗോപിനാഥ്‌‌, മുന്‍ ജില്ലാ പഞ്ചായത്ത്‌ മെമ്പര്‍മാരായ കെ.ആര്‍ വിജയ, സി.കെ ചന്ദ്രന്‍, മുന്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പര്‍മാരായ കെ.എസ്‌ സുമതി, ഉണ്ണികൃഷ്‌ണന്‍ കെ.എന്‍, എ.ആര്‍ സഹദേവന്‍, എം.എന്‍ നീലകണ്‌ഠന്‍, ഷീബ സുനില്‍ എന്നിവരെ ആദരിക്കും. തുടര്‍ന്ന്‌ പട്ടുറുമാല്‍ ടീമിന്റെ മാപ്പിള പാട്ടുകളും, രസികരാജ നമ്പര്‍ വണ്‍ ടീമിന്റെ കോമഡി ഷോയും അരങ്ങേറും. 18 വാര്‍ഡുകളില്‍ നിന്നുള്ള ജനങ്ങള്‍ ഘോഷ യാത്രയില്‍ പങ്കെടുക്കും. ഗ്രാമോത്സവത്തോടനുബന്ധിച്ചുള്ള കലാമത്സരങ്ങള്‍ സെപ്‌തംബര്‍ 11,12 തിയ്യതികളിലായി കരുവന്നൂര്‍ പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. സെപ്‌തംബര്‍ 12ന്‌ കരുവന്നൂര്‍ സെന്റ്‌ ജോസഫ്‌സ്‌ കോണ്‍വെന്റ്‌ ഗേള്‍സ്‌ ഹൈസ്‌ക്കൂളില്‍ വച്ചു നടക്കുന്ന 'വയോജന സംഗമം' ഔഷധി ചെയര്‍മാന്‍ സി.ഒ പൗലോസ്‌ ഉദ്‌ഘാടനം ചെയ്യും. മാപ്രാണം ലാല്‍ മെമ്മോറിയല്‍ ഹോസ്‌പിറ്റലും, കരുവന്നൂര്‍ സര്‍വ്വീസ്‌ സഹകരണ ബാങ്കും സംയുക്തമായി സംഘടിപ്പിക്കുന്ന ജനറല്‍ മെഡിക്കല്‍ ക്യാമ്പും, ആയുര്‍വ്വേദ മെഡിക്കല്‍ ക്യാമ്പും ഉണ്ടായിരിക്കും.

വേണു നാഗവള്ളി അന്തരിച്ചു


നടനും സംവിധായകനും തിരക്കഥാകൃത്തുമായ വേണു നാഗവള്ളി(60) അന്തരിച്ചു. മലയാളത്തിന്റെ പ്രിയ കലാകാരന്‍ ഇനി ദീപ്തമായ ഓര്‍മ. വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ മീരയും മകന്‍ വിവേകും സമീപത്തുണ്ടായിരുന്നു. ഏറെ നാളുകളായി കരള്‍ സംബന്ധമായ രോഗത്തിനു ചികിത്സയിലായിരുന്നു.

കള്ളുഷാപ്പുകള്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ അടപ്പിച്ചു


ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട റേഞ്ചിലെ കള്ളുഷാപ്പുകള്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ അടപ്പിച്ചു. ജില്ലയിലെ മുഴുവന്‍ കള്ളുഷാപ്പുകളും അടപ്പിക്കാനുള്ള എക്സൈസ് കമ്മീഷണറുടെ ഉത്തരവിനെ തുടര്‍ന്നാണിത്. പഴുവില്‍ ഷാപ്പില്‍ നിന്ന് മദ്യം കഴിച്ചയാള്‍ക്ക് ഗുരുതരമായ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നുള്ള കരുതല്‍ നടപടികളുടെ ഭാഗമായാണ് ഉത്തരവ്. ഇരിങ്ങാലക്കുട റേഞ്ചിലെ മാപ്രാണം, മുരിയാട്, താണിശ്ശേരി, വെള്ളാനി, തുറവന്‍കാട് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം അധികൃതര്‍ നേരിട്ടെത്തി കള്ളുഷാപ്പുകള്‍ അടപ്പിക്കുകയായിരുന്നു. സ്റ്റോക്കുള്ള കള്ള് ഒഴിച്ച് കളഞ്ഞാണ് ഷാപ്പുകള്‍ അടപ്പിച്ചത്. മുരിയാട് മേഖലയില്‍ ഇരിങ്ങാലക്കുട പോലീസിന്റെ നേതൃത്വത്തില്‍ ഷാപ്പുകളില്‍ പരിശോധന നടത്തി സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനക്കായി അയച്ചു.

മലപ്പുറം മദ്യദുരന്തത്തില്‍ നഗരസഭാ കൌണ്‍സില്‍ അനുശോചിച്ചു


ഇരിങ്ങാലക്കുട : മലപ്പുറം വിഷമദ്യ ദുരന്തത്തില്‍ ഇരിങ്ങാലക്കുട നഗരസഭാ കൌണ്‍സില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. വിഷമദ്യ ദുരന്തത്തില്‍ മരിച്ച 24 പേര്‍ക്ക് യോഗം ആദരാഞ്ജലികള്‍ നേര്‍ന്നു. മലയാളി ഓരോ വര്‍ഷവും മദ്യപാനത്തിനായി 5000 കോടി രൂപ ചിലവാക്കുന്നത് പൊറുക്കാനാകാത്ത അപരാധവും സാമൂഹ്യ ദുരന്തവുമാണ്. നിയമം മൂലം നിയന്ത്രിക്കാനാവാത്ത സാമൂഹ്യ വിപത്തിനെതിരെ രാഷ്ട്രീയ സാമൂഹ്യ മത സംഘടനകള്‍ ഇനിയും അര്‍ത്ഥപൂര്‍ണ്ണമായ ഇടപെടലുകള്‍ നടത്തണമെന്ന് ചെയര്‍മാന്‍ എം.പി ജാക്‌സണ്‍ അനുശോചന പ്രമേയത്തില്‍ പറഞ്ഞു.

മാര്‍ക്കറ്റില്‍ നിന്ന് വീണ്ടും പാന്‍ മസാലകള്‍ പിടികൂടി


ഇരിങ്ങാലക്കുട : നഗരത്തില്‍ വീണ്ടും പാന്‍ മസാലവേട്ട. മാര്‍ക്കറ്റില്‍ ഇരുചക്ര വാഹനത്തില്‍ വിപണനത്തിനെത്തിച്ച നിരോധിച്ച പാന്‍ മസാലകളാണ് ഇരിങ്ങാലക്കുട എസ്.ഐ.പ്രേമാനന്ദ കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. രണ്ടു ചാക്കോളം വരുന്ന പാന്‍ മസാലകള്‍ ബുധനാഴ്ച രാവിലെയാണ് പിടികൂടിയത്. ആഴ്ചകള്‍ക്ക് മുന്‍പ് സ്റ്റുഡന്റ് പോലീസിന്റെ അന്വേഷണത്തെ തുടര്‍ന്ന് മാര്‍ക്കറ്റില്‍ നിന്നും പാന്‍ മസാലകള്‍ പിടിച്ചെടുത്തിരുന്നു. ഇതിനു ശേഷം ഇവയുടെ വില്പന കുറച്ചുനാള്‍ നിര്‍ത്തി വച്ചിരുന്നു. എന്നാല്‍ വില്പന രണ്ടു ദിവസം മുന്‍പ് പുനരാരംഭിച്ചതായി പോലീസിനു ലഭിച്ച വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നൂതന ആശയത്തിലുള്ള പാന്‍ മസാല വിപണനം കണ്ടെത്തിയത്. വില്പനക്കാരനെ പിടികൂടാന്‍ പോലീസിന് സാധിച്ചിട്ടില്ല

വല്ലക്കുന്നില്‍ കാറും ബസ്സും കൂട്ടിയിടിച്ചു ; ഒരു മാസത്തിനിടെ മേഖലയിലെ അഞ്ചാമത്തെ അപകടം


വല്ലക്കുന്ന് : വല്ലക്കുന്ന് മേഖലയില്‍ അപകടങ്ങള്‍ തുടര്‍ക്കഥ. ബുധനാഴ്ച രാവിലെ വല്ലക്കുന്ന് ജംഗ്ഷനില്‍ സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ചു. ആമ്പല്ലൂരില്‍ നിന്ന് ഇരിങ്ങാലക്കുടയിലേക്ക് വന്ന ബസ് എതിര്‍ ദിശയില്‍ പോയിരുന്ന കാറില്‍ ഇടിക്കുകയായിരുന്നു. ഇരുവാഹനങ്ങള്‍ക്കും വേഗത കുറവായതിനാല്‍ യാത്രികര്‍ക്ക് സാരമായി പരുക്കേറ്റില്ല. ഒരു മാസത്തിനിടെ വല്ലക്കുന്ന് മേഖലയിലുണ്ടാകുന്ന നാലാമത്തെ അപകടമാണിത്. രണ്ടാഴ്ച മുന്‍പ് കെ.എസ്.ആര്‍.ടി.സി ബസ്സും ലോറിയും കൂട്ടിയിടിച്ച ഇവിടെ ഒരാഴ്ച മുന്‍പ് ഓട്ടോറിക്ഷയും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചിരുന്നു. സ്കൂട്ടറില്‍ ബസ്സിടിച്ച് സ്കൂട്ടര്‍ യാത്രിക മരിച്ചതും ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഈ മേഖലയില്‍ തന്നെയായിരുന്നു. കുത്തനെയുള്ള ഇറക്കവും കൊടും വളവും ചേരുന്ന റോഡാണ് വല്ലക്കുന്ന് തൊമ്മാന മേഖലകളെ അപകടങ്ങളുടെ പറുദീസയാക്കുന്നത്. വാഹനങ്ങള്‍ ഈ മേഖലയിലെത്തുമ്പോള്‍ വേഗത പരമാവധി കുറയ്ക്കുന്നതാണ് പല അപകടങ്ങളും ദുരന്തങ്ങളാകാത്തതിന് കാരണം. റോഡ്‌ നിര്‍മ്മാണത്തിലെ അശാസ്ത്രീയതയും മുന്നറിയിപ്പ് ബോര്‍ഡുകളുടെ അഭാവവും റോഡിന്റെ വീതി കുറവാണെന്നതും വല്ലക്കുന്നിനെ അപകട മേഖലയാക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്നു.

തരിശായ പാടശേഖരങ്ങളില്‍ കൃഷിയിറക്കി


ആളൂര്‍: ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡിലെ കല്ലറ പാടശേഖരത്തില്‍ ദേശീയ തൊഴിലുറപ്പുപദ്ധതിയില്‍ ഉള്‍പ്പെടുത്തി തരിശായി കിടന്ന സ്ഥലങ്ങളില്‍ നെല്‍കൃഷി ഇറക്കി. ആളൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആര്‍. ജോജോ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെംബര്‍ പി.സി. ഷണ്‍മുഖന്‍, വറീത് മാടോന, വര്‍ഗീസ് ഐനിക്ക, എ.കെ. സുബ്രഹ്്മണ്യന്‍ എന്നിവര്‍ കൃഷി ഇറക്കുന്നതിന് നേതൃത്വം നല്‍കി. നെല്‍വിത്ത് വിതരണം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീന ഡേവിസ് നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. മോഹനന്‍ അധ്യക്ഷത വഹിച്ചു. കെ.എന്‍. വേണു, രജനി രാജന്‍, ഡെയ്സി ഫ്രാന്‍സിസ്, ബിന്ദു സുബ്രന്‍, കെ.വി. ബൈജു, ബീന രവീന്ദ്രന്‍, ജി.എ. ജോര്‍ജ്, കൃഷി ഓഫീസര്‍ എന്‍.കെ. ഷീബ, ജയശ്രീ ശശി, ഇ.എം. ലോഹിതാക്ഷന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

പണിമുടക്ക് ദിവസം കൃഷിപ്പണിയിലേര്‍പെട്ട് നടവരമ്പ് ഗവ.മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍ മാതൃകയായി


നടവരമ്പ്: പണിമുടക്ക് ദിവസം കൃഷിപ്പണിയിലേര്‍പെട്ട് നടവരമ്പ് ഗവ.മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍ മാതൃകയായി. സ്കൂളിലെ എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ സ്കൂളിലെ പച്ചക്കറി തോട്ടത്തില്‍ കൃഷിപ്പണിയിലേര്‍പെട്ടത്. സ്കൂള്‍ പരിസര ശുചീകരണത്തിലും വിദ്യാര്‍ഥികളേര്‍പെട്ടു. ഇതിനു മുമ്പും ഇതുപോലുള്ള ഒഴിവ് ദിവസങ്ങളില്‍ വീടുകളില്‍ പോയി ബോധവത്കരണം നടത്തിയും സാമൂഹ്യപ്രവര്‍ത്തനങ്ങളിലേര്‍പെട്ടും സ്കൂളിലെ വിദ്യാര്‍ഥികള്‍ ശ്രദ്ധ നേടിയിരുന്നു.

മമ്മൂട്ടിയുടെ ജന്മദിനം ആഘോഷിച്ച് ഫാന്‍സ്‌ അസോസിയേഷന്‍


ഇരിങ്ങാലക്കുട : സിനിമാതാരം മമ്മൂട്ടിയുടെ പിറന്നാള്‍ദിനത്തോടനുബന്ധിച്ച്‌ മമ്മൂട്ടി ഫാന്‍സ്‌ അസ്സോസിയേഷന്‍ ഇരിങ്ങാലക്കുട യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പ്രിയതാരത്തിന്‌ ജന്‍മദിനാശംസകള്‍ നേര്‍‍ന്നുകൊണ്ട്‌ നഗരത്തില്‍ ഫ്ലക്സ്‌ ബോര്‍‍ഡുകള്‍ സ്ഥാപിച്ചു. അസോസിയേഷന്റെ നേതൃത്വത്തില്‍ കേക്ക്‌ മുറിക്കലും, മധുര പലഹാര വിതരണവും ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഉണ്ടായിരുന്നു.

പണിമുടക്ക്‌ ഇരിങ്ങാലക്കുടയില്‍ പൂര്‍ണ്ണം ; ട്രേഡ് യൂണിയനുകള്‍ നഗരത്തില്‍ പ്രകടനം നടത്തി


ഇരിങ്ങാലക്കുട : ട്രേഡ് യൂണിയനുകള്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് നടത്തുന്ന ദേശീയ പണിമുടക്ക്‌ ഇരിങ്ങാലക്കുടയില്‍ പൂര്‍ണ്ണം. പെട്രോള്‍ പമ്പുകള്‍ ഒഴികെയുള്ള എല്ലാ സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്. കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള ബസ്സുകള്‍ സര്‍വീസ് നടത്തുന്നില്ല. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ആരും തന്നെ ജോലിക്കെത്തിയില്ല. ബാങ്കുകളും അടഞ്ഞു കിടക്കുകയാണ്. പോസ്റ്റല്‍ മേഖലയെയും പണിമുടക്ക്‌ സാരമായി ബാധിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസില്‍ പോസ്റ്റല്‍ സൂപ്രണ്ട് മാത്രമാണ് ജോലിക്കെത്തിയത്. സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിറത്തിലുള്ളത്. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ നഗരത്തിലെ പലയിടത്തും പോലീസുകാര്‍ നിലയുറപ്പിച്ചിട്ടുണ്ട്. പണിമുടക്കിനോടനുബന്ധിച്ച് വിവിധ ട്രേഡ് യൂണിയനുകള്‍ നഗരത്തില്‍ പ്രകടനം നടത്തി. തുടര്‍ന്ന് ആല്‍ത്തറക്കല്‍ നടന്ന സമാപനച്ചടങ്ങ് സി.ഐ.ടി.യു സംസ്ഥാന നേതാവ് സി.കെ.ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി ജില്ലാ ജോ.സെക്രട്ടറി എ.ടി വര്‍ഗീസ്‌ അധ്യക്ഷത വഹിച്ചു. ഐ.എന്‍.ടി.യു.സി മണ്ഡലം പ്രസിഡന്റ് പോള്‍ കരുമാലിക്കല്‍, വിജയന്‍ എളേടത്ത്, വി.എ.മനോജ്‌ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

അധ്യാപകന്റെ ജീവിതവും വെട്ടിമാറ്റിയെന്ന് ഹിന്ദു ഐക്യവേദി


ഇരിങ്ങാലക്കുട: അധ്യാപകന്റെ കൈവെട്ടിമാറ്റിയവരുടെ 'പിന്‍ഗാമികള്‍' അദ്ദേഹത്തിന്റെ ജീവിതവും വെട്ടിമാറ്റിയെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി കെ.പി. ഹരിദാസ് അഭിപ്രായപ്പെട്ടു. വേദിയുടെ ജില്ലാസമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കൈവെട്ടിയവരുടെ നടപടിയെ സാധൂകരിക്കുംവിധമാണ് കോളേജ് മാനേജ്‌മെന്റ് പെരുമാറിയത്. ഇക്കാര്യത്തില്‍ അധ്യാപകസംഘടനകളുടെയും സാംസ്‌കാരികനായകരുടെയും പ്രതികരണം അറിയാന്‍ താത്പര്യമുണ്ടെന്നും കെ.പി. ഹരിദാസ് പറഞ്ഞു.

കെ.എം.മാണിയുമായി ഐ വിഭാഗത്തിന്റെ കൂടിക്കാഴ്ച ; എ വിഭാഗത്തിന് തിരിച്ചടി


ഇരിങ്ങാലക്കുട : കോണ്‍ഗ്രസ് ഐ വിഭാഗം നേതാക്കള്‍ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം.മാണിയുമായി കൂടികാഴ്ച നടത്തി. കേരള കോണ്‍ഗ്രസ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ കെ.എം.മാണിയുമായി റസ്റ്റ്‌ ഹൌസില്‍ വച്ചാണ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയത്. ഇരിങ്ങാലക്കുടയില്‍ ശക്തിയാര്‍ജിച്ച കേരള കോണ്‍ഗ്രസ് വിഭാഗത്തെ തെരഞ്ഞെടുപ്പില്‍ ഒപ്പം നിര്‍ത്താനാണ് കൂടികാഴ്ചയെന്നറിയുന്നു. കോണ്‍ഗ്രസില്‍ ശക്തമായ ഗ്രൂപ്പ് പോരില്‍ എ വിഭാഗത്തിനെതിരെയുള്ള നീക്കത്തിന്റെ ഭാഗമായും ഈ കൂടികാഴ്ചയെ വിലയിരുത്തുന്നുണ്ട്. തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് ഐ വിഭാഗത്തിന് പൂര്‍ണ്ണപിന്തുണ വാഗ്ദാനം ചെയ്തതായും തെരഞ്ഞെടുപ്പു പ്രചാരണവേളയില്‍ യോജിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനമായതായും അറിയുന്നു. ഡി.സി.സി.ജില്ലാ സെക്രട്ടറി അഡ്വ.എം.എസ് അനില്‍കുമാര്‍ , അഡ്വ, ആന്റണി തെക്കേക്കര തുടങ്ങിയ നേതാക്കളാണ് കൂടിക്കാഴ്ച നടത്തിയത്. ഇരിങ്ങാലക്കുടയിലെ പ്രബല വിഭാഗമായ കേരള കോണ്‍ഗ്രസുമായി ചേര്‍ന്ന് ഐ ഗ്രൂപ്പ് തെരഞ്ഞെടുപ്പിനിറങ്ങുന്നത് എ വിഭാഗത്തിന് കനത്ത തിരിച്ചടിയാകുമെന്ന് വിലയിരുത്തപ്പെടുന്നു.

മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി തൊഴിലാളിവര്‍ഗത്തെ ഭിന്നിപ്പിക്കുന്നു ; കെ.എം.മാണി


ഇരിങ്ങാലക്കുട : തൊഴിലാളിവര്‍ഗത്തെ ഭിന്നിപ്പിക്കുകയാണ് മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി ചെയ്യുന്നതെന്ന് കേരള കോണ്‍ഗ്രസ്സ്‌ (എം)ചെയര്‍മാന്‍ കെ.എം.മാണി. കേരള കോണ്‍ഗ്രസ്സ്‌ ഇരിങ്ങാലക്കുട നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്‌ഘാടനം ചെയ്‌ത്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തെ വാണിജ്യ വല്‍ക്കരിക്കുകയാണ് മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി ഇപ്പോള്‍ ചെയ്യുന്നത്. മാര്‍ക്സിസം തികഞ്ഞ പരാജയമാണ്, വര്‍ഗസമത്തില്‍ വിശ്വസിക്കുന്നതാണ്‌ മാര്‍ക്സിസത്തിന്റെ പരാജയമെന്ന് കെ.എം.മാണി തുടര്‍ന്ന് പറഞ്ഞു. ദര്‍ശനത്തിന്റെ അഭാവമാണ്‌ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിയിലെ വിഭാഗീയതയുടെ അടിസ്ഥാനം. പൊതു ലക്ഷ്യമില്ലാത്തതിനാല്‍ വ്യക്തിനേട്ടങ്ങള്‍ക്കായാണ് രാഷ്ട്രീയത്തേയും, ഭരണത്തേയും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി ഉപയോഗപ്പെടുത്തുന്നത്. മാര്‍ക്സിസത്തിന് ബദല്‍ പ്രത്യയശാസ്ത്രം എന്നതാണ് കേരള കോണ്‍ഗ്രസിന്റെ ലക്‌ഷ്യം കെ.എം.മാണി തുടര്‍ന്നു. ലോട്ടറി വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിനു തോമസ്‌ ഐസക്ക്‌ എന്തുകൊണ്ട്‌ തയ്യാറാകുന്നില്ലെന്നു ചോദിച്ച മാണി ഒരു ദിവസം 40 കോടി രൂപയുടെ അഴിമതിയാണ് സര്‍ക്കാര്‍ ലോട്ടറി ഇടപാടിലൂടെ ഉണ്ടാക്കിയിരുന്നതെന്നും പറഞ്ഞു. ലോട്ടറി കുംഭകോണത്തിലെ കമ്മീഷന്‍ രാഷ്ട്രീയ കേന്ദ്രങ്ങളിലാണ്‌ എത്തുന്നത്‌. കേരളം ഒരു ഭരണ മാറ്റത്തിനു കാതോര്‍ക്കുന്നു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്‌ വരാനിരിക്കുന്ന സംസ്ഥാന ഭരണമാറ്റത്തിന്റെ സൂചനയാണ്. തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് പൂര്‍ണ്ണ പിന്തുണ നല്‍കാന്‍ തയ്യാറാണ്. എന്നാല്‍ അവര്‍ക്ക് വേണ്ടെങ്കില്‍ ഞങ്ങള്‍ക്കും വേണ്ടെന്നും മാണി കൂട്ടിച്ചേര്‍ത്തു. സമ്മേളനത്തില്‍ നിയോജക മണ്ഡലം പ്രസിഡണ്ട്‌ റോക്കി ആളൂക്കാരന്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. തോമസ്‌ ഉണ്ണിയാടന്‍ മുഖ്യ പ്രഭാഷണം നടത്തി. എം.പി പോളി, പ്രൊഫ. സെബാസ്റ്റ്യന്‍ ജോസഫ്‌, ടി.കെ വര്‍ഗ്ഗീസ്‌, ഷൈജോ ഹസ്സന്‍, ഉണ്ണികൃഷ്‌ണന്‍ ഈച്ചരത്ത്‌, പി.ടി ജോര്‍ജ്ജ്‌, മേഴ്‌സി തുടങ്ങിയവര്‍ സംസാരിച്ചു. ഒ.എസ്‌ ടോമി സ്വാഗതം പറഞ്ഞു. പുതിയ ഭാരവാഹികള്‍ക്കുള്ള മെമ്പര്‍ഷിപ് കാര്‍ഡ് ചടങ്ങില്‍ ‍വച്ച് കെ.എം.മാണി വിതരണം ചെയ്തു.

അധ്യാപകരെ 5 മണിക്കൂറോളം വരാന്തയില്‍ നിര്‍ത്തി സെന്‍സസ് പ്രതിഫല വിതരണം ; താലൂക്ക് അധികൃതരുടെ അലംഭാവമെന്ന് അധ്യാപകര്‍


പൊറത്തിശേരി ; സെന്‍സസ്‌ ഡ്യൂട്ടിയുടെ പ്രതിഫലം വാങ്ങാനെത്തിയ അധ്യാപകര്‍ക്ക് താലൂക്ക് അധികൃതരുടെ അലംഭാവം നിമിത്തം വരാന്തയില്‍ നില്‍ക്കേണ്ടി വന്നത് 5 മണിക്കൂര്‍. ഒടുവില്‍ ,കാത്തുനിന്നവര്‍ക്ക് ഇരിപ്പിടം നല്‍കാന്‍ അധികൃതര്‍ തയ്യാറായത് സംഭവമറിഞ്ഞ് മാധ്യമാപ്രവര്‍ത്തകരെത്തുന്നതിന് നിമിഷങ്ങള്‍ക്ക് മുന്‍പ് മാത്രം. സെന്‍സസ് ഡ്യൂട്ടിയുടെ രണ്ടാം ഘട്ട പ്രതിഫല വിതരനത്തിനിടെയാണ് സംഭവം. സിവില്‍ സ്റ്റെഷനിലുള്ള ഇരിങ്ങാലക്കുട താലൂക്ക്‌ ഓഫീസില്‍ രാവിലെ 9 മണിയോടെയാണ് നൂറോളം വരുന്ന അധ്യാപകര്‍ പ്രതിഫലം വാങ്ങാന്‍ എത്തിയത്‌. എന്നാല്‍ 11 മണിക്ക്‌ ശേഷം മാത്രമാണ്‌ അധികാരികള്‍ പ്രതിഫലം വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതു തന്നെ. പ്രതിഫലം വിതരണം ചെയ്യാന്‍ ഒരു ഉദ്യോഗസ്ഥന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതാണ് വിതരണം വൈകാന്‍ കാരണമായത്. മണിക്കൂറുകളോളം വരാന്തയില്‍ നിന്ന അധ്യാപകര്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടു. എന്നാല്‍ അധികൃതര്‍ ഇത് കേട്ട ഭാവം നടിച്ചില്ല. ഇത് നേരിയ തോതില്‍ അദ്ധ്യാപകരും ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റത്തിന് ഇടയാക്കി. തുടര്‍ന്ന്‌ അദ്ധ്യാപകര്‍ മാധ്യമങ്ങളെ വിവരം അറിയിക്കുകയും, മാധ്യമപ്രവര്‍ത്തകര്‍ എത്തിതുടങ്ങിയതോടെ അദ്ധ്യാപകരെ കൗണ്‍സില്‍ ഹാളിലേക്ക്‌ ഇരുത്തി കൂടുതല്‍ ഉദ്യോഗസ്ഥരേയെത്തിച്ചു പ്രതിഫലവിതരണ നടപടികള്‍ വേഗത്തിലാക്കുകയായിരുന്നു. സര്‍ക്കാര്‍ ഏല്‍പ്പിച്ച ജോലി കൃത്യമായി ചെയ്‌ത അദ്ധ്യാപകരെ താലൂക്ക്‌ അധികാരികള്‍ അപമാനിക്കുകയായിരുവെന്ന്‌ അദ്ധ്യാപകര്‍ മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ഫണ്ടും അധികാരവും ആവശ്യമെന്ന് ആഭ്യന്തരമന്ത്രി


മാപ്രാണം : ഗ്രാമീണമേഖലയിലെ വികസനം സാധ്യമാക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ഫണ്ടും അധികാരവും ആവശ്യമാണെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍. പൊറത്തിശേരി പഞ്ചായത്ത് ഗ്രാമോത്സവത്തിന്റെ ഭാഗമായി പഞ്ചായത്തും കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കും സംയുക്തമായി നടത്തിയ വനിതാ സംഗമവും സഹകാരി സംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ 43000 കോടി രൂപ കഴിഞ്ഞ 50 മാസക്കാലത്തിനിടെ വിനിയോഗിച്ചു. ഇതില്‍ 16000 കോടി രൂപയും വിനിയോഗിച്ചത് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ വഴിയാണ്. ഗ്രാമീണ മേഖലയില്‍ വന്‍ മുന്നേറ്റമുണ്ടാക്കിയ കുടുംബശ്രീ ഇന്ന് അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കേരള പോലീസിലെക്കുള്ള അടുത്ത എസ്.ഐ റിക്രൂട്ട്മെന്റില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യപങ്കാളിത്തം നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇരിങ്ങാലക്കുട എം.എല്‍.എ അഡ്വ.തോമസ്‌ ഉണ്ണിയാടന്‍ അധ്യക്ഷത വഹിച്ചു. കൊടകര എം.എല്‍.എ സി.രവീന്ദ്രനാഥ്‌ , സുസ്ഥിര വികസനം കൊടകര മാതൃക എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.ബി രാജു മാസ്റ്റര്‍, അഡ്വ.എം.വി ജസ്റ്റിന്‍ എന്നിവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്തിന്റെ കേരളപിറവി സുവര്‍ണ്ണ ജൂബിലി സ്മാരകത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.

ഗേള്‍സ്‌ ഹൈസ്കൂളില്‍ അദ്ധ്യാപകദിനാഘോഷവും, അവാര്‍ഡ്‌ വിതരണവും


ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല അദ്ധ്യാപകദിനാഘോഷവും ജില്ലയില്‍ കഴിഞ്ഞ എസ്‌.എസ്‌.എല്‍.സി. പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ്സ്‌ നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്ന ചടങ്ങും നടന്നു. ഗവ.ഗേള്‍സ്‌ ഹയര്‍സെക്കന്ററി സ്‌ക്കൂളില്‍ വച്ചു നടന്ന സമ്മേളനം ഇരിങ്ങാലക്കുട എം.എല്‍.എ. അഡ്വ.തോമസ്‌ ഉണ്ണിയാടന്‍ ഉദ്‌ഘാടനം ചെയ്‌തു. നഗരസഭ ചെയര്‍മാന്‍ എം.പി.ജാക്‌സണ്‍ അദ്യക്ഷത വഹിച്ചു. ഡോ.എം.എസ്‌.മുരളീധരന്‍ മുഖ്യ പ്രഭാഷണം നടത്തി. ഇരിങ്ങാലക്കുട ഡി.ഇ.ഒ എം.എന്‍. ലതിക സമ്മാനദാനം നിര്‍വ്വഹിച്ചു. മല്ലിക, എം.ജെ.സാനി, അബ്ദുള്‍ഹഖ്‌ എന്നിവര്‍ സംസാരിച്ചു.

അധ്യാപകദിനം പ്രതിഷേധദിനമാക്കി കെ.പി.എസ്.ടി.യു


ഇരിങ്ങാലക്കുട : കേരള പ്രൈമറി ആന്റ് സെക്കന്ററി സ്കൂള്‍ ടീച്ചേഴ്സ് യൂണിയന്‍ അധ്യാപക നത്തില്‍ ഇരിങ്ങാലക്കുട ഗവ.ഗേള്‍സ്‌ ഹയര്‍ സെക്കന്ററി സ്കൂളിനുമുന്നില്‍ പ്രതിഷേധദിനം ആചരിച്ചു. നിയമനം ലഭിച്ച എല്ലാ അധ്യാപകര്‍ക്കും ജോലി സ്ഥിരത ഉറപ്പുവരുത്തുക, കേന്ദ്ര വിദ്യാഭ്യാസ നിയമം കേരളത്തില്‍ നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം. സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി.പോളച്ചന്‍ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് കെ.കെ.കൃഷ്ണന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. പി.വി.വിത്സണ്‍, അനില്‍കുമാര്‍, സാജു ജോര്‍ജ്, വിത്സണ്‍ മാമ്പിള്ളി , എം.ജെ.ഷാജി തുടങ്ങിയവര്‍ സംസാരിച്ചു. സ്കൂളിനുള്ളില്‍ അധ്യാപകദിനാഘോഷങ്ങള്‍ നടക്കുമ്പോഴാണ് കെ.പി.എസ്.ടി.യുവിന്റെ നേതൃത്വത്തില്‍ സ്കൂള്‍ ഗേറ്റിനു മുന്നില്‍ പ്രതിഷേധം നടന്നത്.

last updated 8:15am, September 8th 2010


news archives    previous page