കൂടൽമാണിക്യം ക്ഷേത്രത്തിലെ തണ്ടിക വരവ്, തൃപ്പുത്തരി, മുക്കൂടി ആഘോഷങ്ങൾ നവംബർ 8, 9,10 ദിവസങ്ങളിൽ ആഘോഷിക്കുന്നു

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ തണ്ടിക വരവ്, തൃപ്പുത്തരി, മുക്കൂടി ആഘോഷങ്ങൾ നവംബർ 8, 9,10 (1200-ാമാണ്ട് തുലാമാസം 23, 24, 25) വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ആഘോഷിക്കുകയാണ്.

തൃപ്പത്തരിയോടനുബന്ധിച്ച് കലവറ നിറയ്ക്കൽ 2024 നവംബർ 6 (ബുധൻ) രാവിലെ 9 മണി മുതൽ ആരംഭിക്കുന്നു. തൃപ്പുത്തരി സദ്യയിലേക്ക് ആവശ്യമായ പലവ്യഞ്ജനങ്ങൾ, പച്ചക്കറി, ഉണക്കല്ലരി മുതലായവ ഭക്തജനങ്ങൾക്ക് അന്നേ ദിവസം സമർപ്പിക്കാവുന്നതാണ്.

നവംബർ 8-ാം തീയതി വെള്ളിയാഴ്ച് പോട്ട പ്രവർത്തി കച്ചേരിയിൽ നിന്നും ഉച്ചക്ക് 12.30ന് തൃപ്പുത്തരി സദ്യയുടെ ആവശ്യത്തിലേക്കുള്ള തണ്ടിക പുറപ്പെട്ട് വൈകീട്ട് 5 മണിക്ക് ഠാണാവിൽ എത്തിച്ചേരുന്നു. അവിടെ നിന്ന് നാദസ്വരത്തിൻ്റെ അകമ്പടിയോടെ പള്ളിവേട്ട ആൽത്തറയിൽ – എത്തി സന്ധ്യാവെടിക്ക് ശേഷം പഞ്ചവാദ്യത്തിൻ്റെ അകമ്പടിയോടെ 6.45ന് ക്ഷേത്രത്തിൽ എത്തി ചേരുന്നു. വൈകിട്ട് ആറുമണിക്ക് കിഴക്കേ ഗോപുര നടയിൽ ഇരിങ്ങാലക്കുട അജയും സംഘവും അവതരിപ്പിക്കുന്ന പാണ്ടിമേളം ഉണ്ടായിരിക്കും

നവംബർ 9 ശനിയാഴച തൃപ്പുത്തരിക്ക് ആറായിരത്തോളം ഭക്തജനങ്ങൾക്ക് തെക്കേ ഊട്ടുപുരയിലും, പടിഞ്ഞാറെ ഊട്ടുപുരയിലുമായി തൃപ്പുത്തരി സദ്യ നടത്തുന്നു. രാവിലെ 10.30 മുതൽ 12.00 മണി വരെയുള്ള മുഹൂർത്തത്തിൽ ക്ഷേത്രം തന്ത്രി നകരമണ്ണ് ത്രിവിക്രമൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ തൃപ്പുത്തരി പൂജ നടത്തുന്നു. തൃപ്പുത്തരി ദിവസം അത്താഴപൂജയ്ക്കു ശേഷം ഉണ്ണായിവാരിയർ സ്‌മാരക കലാനിലയം അവതരിപ്പിക്കുന്ന കഥകളി (നളചരിതം രണ്ടാം ദിവസം-കാട്ടാളനും ദമയന്തിയും) ഉണ്ടായിരിക്കുന്നതാണ്. പിറ്റേ ദിവസം നവംബർ 10ന് പ്രസിദ്ധമായ മുക്കുടി നിവേദ്യം എന്ന ചടങ്ങ് നടത്തപ്പെടുന്നു.

കുട്ടഞ്ചേരി അനൂപ് മൂസ്സ് മുക്കുടിയിലേക്കുള്ള മരുന്ന് തയ്യാറാക്കി ഭഗവാന് നടയ്ക്കൽ സമർപ്പിക്കുകയും തൃക്കോൽ മുസ്സ് ഏറ്റെടുത്ത് കീഴ്ശാന്തിമാരെ ഏൽപ്പിക്കുന്നു. പിന്നീട് ഈ മരുന്ന് തൈരിൽ ചേർന്ന് തിടപ്പള്ളിയിൽ കീഴ്‌ശാന്തിമാർ തയ്യാറാക്കി ഭഗവാന് സമർപ്പിക്കുന്നു. മുക്കുടി നിവേദിക്കുന്നതിന് തന്ത്രി അണിമംഗലം ഇല്ലക്കാർക്കാണ് അവകാശം സിദ്ധിച്ചിട്ടുള്ളത്.

പൂജക്കുശേഷം രാവിലെ 7.30 മുതൽ മുക്കൂടി പടിഞ്ഞാറെ നടപ്പുരയിൽ വിതരണം ചെയ്യുന്നു. മുക്കുടി നിവേദ്യം സേവിച്ചാൽ ഉദരസംബന്ധമായ അസുഖങ്ങൾക്ക് ഉത്തമമാണെന്നാണ് വിശ്വാസം. രണ്ടായിരത്തി അഞ്ഞൂറ് ലിറ്റർ തൈരിലാണ് മുക്കുടി നിവേദ്യം തയ്യാറാക്കുന്നത്. തൃപ്പുത്തരി മുക്കുടി ദിവസങ്ങളിൽ എത്യത്ത് പൂജ രാവിലെ 6.00 മണിക്ക് നടത്തുന്നു. വർഷത്തിൽ തൃപ്പുത്തരി ദിവസം മാത്രമാണ് ക്ഷേത്രത്തിൽ നാല് പൂജകൾ നടത്തുന്നത്.

ദേവസ്വം ഓഫീസിൽ നടന്ന വാർത്ത സമ്മേളനത്തിൽ ചെയർമാൻ അഡ്വ. സി.കെ. ഗോപി, ദേവസ്വം ഭരണസമിതി അംഗങ്ങളായ അഡ്വ അജയ് കുമാർ, വി സി പ്രഭാകരൻ, കെ ബിന്ദു അഡ്‌മിനിസ്ട്രേറ്റർ ഉഷാ നന്ദിനി എന്നിവർ പങ്കെടുത്തു

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

 

You cannot copy content of this page