മൂന്നാം ഊഴവും എൽഡിഎഫിന് ആകട്ടെ എന്ന ജനങ്ങളുടെ തീരുമാനത്തെ അട്ടിമറിക്കാൻ ബേപ്പൂർ മോഡൽ സംഖ്യത്തിന്റെ വിപുലീകരണവുമായി കോൺഗ്രസ് – ബിനോയ് വിശ്വം

ഇരിങ്ങാലക്കുട : മൂന്നാം ഊഴവും കേരളത്തിൽ എൽഡിഎഫിന് ആകട്ടെ എന്ന് ജനങ്ങളുടെ തീരുമാനത്തെ അട്ടിമറിക്കാൻ ബേപ്പൂർ മോഡൽ സംഖ്യത്തിന്റെ വിപുലീകരണവുമായി കോൺഗ്രസ് എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇരുപത്തിയഞ്ചാം പാർട്ടി കോൺ​ഗ്രസിനു മുന്നോടിയായുള്ള സിപിഐ തൃശൂർ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഇരിങ്ങാലക്കുട നഗരസഭ ടൗൺ ഹാളിൽ (പി കെ ചാത്തൻ മാസ്റ്റർ ന​ഗറിൽ) ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.


ജനങ്ങളുടെ ആ തീരുമാനത്തെ മാറ്റാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. അതിനായി എന്ത് തലതിരിഞ്ഞ പ്രവൃത്തികളും അവർ ചെയ്യും. ബിജെപിയുമായി വലിയ ചങ്ങാത്തത്തിലാണ് യുഡിഎഫ്. വടകര, ബേപ്പൂർ മോഡൽ സംഖ്യത്തിന്റെ തഴമ്പാണ് കോൺ​ഗ്രസിന്റെ കൈപ്പത്തിയിൽ. എസ്ഡിപിയെ അടക്കം പുതുരൂപങ്ങളെ ചേർത്തുകൊണ്ട് ആ പഴയ സംഖ്യം വിപുലീകരിച്ചിരിക്കുകയാണിന്ന് കോൺ​ഗ്രസും യുഡിഎഫും. എല്ലാ അടവും പയറ്റിയാലും കോൺ​ഗ്രസിന്റെ ആ നീക്കത്തെ ജനങ്ങൾ ചെറുത്തു തോൽപ്പിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

വെള്ളിയാഴ്ച രാവിലെ സിപിഐ സംസ്ഥാന എക്സി.അം​ഗം സി എൻ ജയദേവൻ സമ്മേളന ന​ഗരിയിൽ പതാക ഉയർത്തി. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പുഷ്പചക്രം സമർപ്പിച്ച രക്തിസാക്ഷിമണ്ഡപത്തിൽ പ്രതിനിധികൾ പുഷ്പാർച്ചന നടത്തിയ ശേഷമാണ് പ്രതിനിധി സമ്മേളന വേദിയിലേക്കെത്തിയത്. കുമാരി അനുഷ്കാ സനീഷും സംഘവും സ്വാ​ഗത​ഗാനം ആലപിച്ച് പ്രതിനിധികളെ വരവേറ്റു.

സിപിഐ ജില്ലാ അസി. സെക്രട്ടറി അഡ്വ.ടി ആർ രമേഷ്കുമാർ രക്തസാക്ഷി പ്രമേയവും ജില്ലാ എക്സി.അം​ഗം കെ ജി ശിവാനന്ദൻ അനുശോചന പ്രമേയങ്ങളും അവതരിപ്പിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറിയായിരിക്കെ അന്തരിച്ച കാനം രാജേന്ദ്രനും ദേശീയ സെക്രട്ടേറിയറ്റം​ഗമായിരിക്കെ അന്തരിച്ച അതുൽകുമാർ അഞ്ജാനും പ്രത്യേകം അനുശോചനം രേഖപ്പെടുത്തി.

കെ വി വസന്തകുമാർ ചെയർമാനും കെ എസ് ജയ, ഇ ടി ടൈസൺ മാസ്റ്റർ, എൻ കെ ഉദയപ്രകാശ്, ബിനോയ് ഷെബീർ എന്നിവർ അം​ഗങ്ങളുമായ പ്രസീഡിയവും പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് അം​ഗങ്ങൾ അടങ്ങിയ സിറ്റിയറിങ് കമ്മിറ്റിയുമാണ് സമ്മേളന നടപടികൾ നിയന്ത്രിക്കുന്നത്. മറ്റു നടപടികൾ കൈകാര്യം ചെയ്യുന്നതിനായി ടി കെ സുധീഷ് കൺവീനറായ പ്രമേയ കമ്മിറ്റിയും ടി പ്രദീപ് കുമാർ കൺവീനറായ ക്രഡൻഷ്യൽ കമ്മിറ്റിയും രാ​ഗേഷ് കണിയാംപറമ്പിൽ കൺവീനറായ മിനിറ്റ്സ് കമ്മിറ്റിയും സമ്മേളനം തിരഞ്ഞെടുത്തു. സംഘാടക സമിതി ജനറൽ കൺവീനർ ടി കെ സുധീഷ് സ്വാ​ഗതം പറഞ്ഞു. ജൂലായ് 13 വരെയാണ് സമ്മേളനം.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page