ഇരിങ്ങാലക്കുട : കെഎസ്ഇബി കരാർ മീറ്റർ റീഡർമാർ വേതന വർദ്ധനവ് ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഓൾ കേരള മീറ്റർ റീഡേഴ്‌സ് കൂട്ടായ്മയുടെ നേതൃത്വത്തിൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഇരിങ്ങാലക്കുട സർക്കിളിൽ വരുന്ന 50 ഓളം സെക്ഷനിലെ മീറ്റർ റീഡർമാർ ഇരിങ്ങാലക്കുട വൈദ്യുതി ഭവനിൽ എത്തി അധികൃതർക്ക് നിവേദനം നൽകി .
കെ.എസ്.ഇ.ബി ലിമിറ്റഡിൽ ജോലി ചെയ്യുന്ന കരാർ മീറ്റർറീഡർ മാർ ഇന്ന് വളരെയധികം തൊഴിൽ ചൂഷണം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഓരോ മാസവും പുതിയ പരിഷ്കാരങ്ങൾ പ്രാദേശികമായും അല്ലാതെയും വരുത്തുകയും, അത് കരാർ മീറ്റർ റീഡർമാരെ ഉപയോഗിച്ച് കാലഹരണപ്പെട്ട തുച്ഛമായ വേതനം നൽകി ചെയ്യിക്കുകയാണ് എന്ന് ഓൾ കേരള മീറ്റർ റീഡേഴ്‌സ് കൂട്ടായ്മ ചാലക്കുട സർക്കിൾ കമ്മിറ്റി ജില്ലാ കോഡിനേറ്റർ ഷാജൻ പുത്തൻചിറ പറഞ്ഞു.
സ്പോർട്ട് ബില്ലിംഗ് ബോർഡ് തുടങ്ങിയകാലം മുതൽ 10 പൈസ, 30 പൈസ, തുഛമായ വേതനം വർദ്ധിപ്പിച്ച് അവഹേളിച്ച് മീറ്റർ റീഡിംഗ് എടുപ്പിക്കുകയാണ്. അലൈഡ് വർക്ക് എന്ന പേരിൽ വേതനവർദ്ധനവില്ലാതെ നൽകിക്കൊണ്ടിരിക്കുന്ന നാമമാത്രമായ വേതനത്തിൽ പുതിയ ജോലികൾ അടിച്ചേൽപ്പിക്കുകയും പറഞ്ഞുവിടുമെന്ന ഭീഷണി മുഴക്കി മാനസികമായി പീഡിപ്പിച്ച് ജോലി ചെയ്യിച്ചു വരികയാണ്.
പല മീറ്റർ റീഡേഴ്സും അവരുടെ ശാരീരിക ബുദ്ധിമുട്ടുകൾ സഹിച്ചും, കാലാവസ്ഥാപരമായ ബുദ്ധിമുട്ടുകൾ സഹിച്ചും, പട്ടി, പാമ്പ്, കടന്നൽ തുടങ്ങിയ ക്ഷുദ്രജീവികളിൽ നിന്ന് ജീവൻ രക്ഷിക്കാൻ പാടുപെട്ടുമാണ് ഈ തൊഴിൽ ചെയ്യുന്നത്.
എഫിഷ്യൻസിയുടെ പേര് പറഞ്ഞ് വ്യക്തി പരമായും, കുടുംബപരമായും പല കാര്യങ്ങളിൽ സഹകരിക്കാൻ കഴിയാതെ ഞായറാഴ്‌ച ഉൾപ്പെടെ എല്ലാ അവധി ദിവസങ്ങളിലും ജോലി ചെയ്യേണ്ട സ്ഥിതിയാണ്. സ്ഥിരം ജീവനക്കാരായിട്ടുള്ള റീഡേഴ്സ്‌സിൻ്റെ നോം കഴിഞ്ഞുള്ള റീഡിംഗും കരാർ തൊഴിലാളികളാണ് എടുക്കുന്നത് എന്ന് നേതാക്കൾ പറഞ്ഞു.
ഇപ്പോൾ നടപ്പിലാക്കാൻ ശ്രമിക്കുന്ന RMD Capture എന്ന പ്രക്രിയ സാധാരണ റീഡിംഗ് വർക്കിനേക്കാൾ വളരെയധികം സമയം അപഹരിക്കുന്നതും ദുഷ്‌ക്കരമായ രീതിയിൽ മാത്രം എടുക്കാൻ കഴിയുന്ന ഒരു പ്രവൃത്തിയാണ്, ഇതിനും അർഹമായ വേധനവർദ്ധനവ് ആവശ്യമാണെന്നും ഇവർ ആവശ്യപ്പെടുന്നു.
സമര സമിതി മാനേജ്മെന്റിനു മുന്നിൽ വയ്ക്കുന്ന നിർദ്ദേശങ്ങൾ
* എല്ലാ എനർജി മീറ്ററുകളും യൂണിഫോം ഉയരത്തിൽ വെക്കുവാൻ ആവശ്യ മായ നടപടികൾ ആദ്യം ചെയ്യണം.
* കൂടാതെ kwh പോലും എടുക്കാൻ ബുദ്ധിമുട്ടുള്ള തരത്തിൽ ആണ് ഇപ്പോൾ മീറ്ററുകൾ സ്ഥാപിച്ചിരിക്കുന്നത്. ആയതിനാൽ RMD Capture . നടത്തുവാൻ അനുയോജ്യമായ വിധത്തിൽ എല്ലാ മീറ്ററുകളും
* ടി.ഒ.ഡി റീഡിംഗും, ആർ.എം.ഡിയുമെടുക്കുമ്പോൾ തീർക്കാൻ സാധിക്കുകയില്ല. അതിനാവശ്യമായ ബില്ലിംഗ് എഫിഷ്യൻസി തിയ്യതി നീട്ടി നൽകണം.
* പല മീറ്ററുകളിലും ആർ.എം.ഡി. പല രീതിയിലും പല നോഡുകളിലുമാണ്. എല്ലാ എനർജി മീറ്ററുകളും യൂണിഫോം ഉയരത്തിൽ വെക്കാൻ ആവശ്യമായ നടപടികൾ ആദ്യം സ്വീകരിക്കുന്നതോടൊപ്പം ഗുണനിലവാരമുള്ളതും കൃത്യ മായ റീഡിംഗ് ലഭിക്കുന്നതുമായ മീറ്റർ സ്ഥാപിച്ചശേഷം ഇത് പ്രാബല്യത്തിൽ വരുത്തുക.
* മിക്കവാറും എല്ലാ കെട്ടിടങ്ങളിൽ ഉയരത്തിലും ഉള്ളിലും ആണ് മിക്ക മീറ്ററു കളും സ്ഥാപിച്ചിട്ടുള്ളത്. അത് സൗകര്യപ്രദമായ രീതിയിൽ സ്ഥാപിച്ചു നൽകുക .
* സോളാർ റീഡിംഗ് പലപ്പോഴും ജനറേഷനും എക്സ്പോർട്ടും തമ്മിലുള്ള വ്യത്യാസം കാരണവും, ലോഡിലുള്ള വ്യത്യാസം കാരണവും പി.ഒ.എസ് മെഷിനിൽ ബില്ല് ചെയ്യാൻ കഴിയാതെ വരുന്നത് പരിഹരിക്കുക. പല ഓഫീസു കളിലും റീഡിംഗ് അഡ്‌ജസ്റ്റ്മെൻ്റ് നടത്തിയാണ് മുന്നോട്ട് പോകുന്നത്.
* പല മീറ്ററുകളിലും സമയവും തിയ്യതിയും തെറ്റായിട്ടുള്ളതും ഡിസ്പ്ലേ ക്വാളി റ്റിയും ബാറ്ററി ബാക്കപ്പ് ഇല്ലാത്തതുമാണ്. ഈ മീറ്ററുകളെല്ലാം ഫാൾട്ടിയാക്കി മാറ്റേണ്ടതാണ്.
* ചില സിസ്റ്റത്തിൽ ടി.ഒ.ഡി മീറ്റർ ആണെങ്കിലും പ്രിമിസസിൽ അതിൽ നോൺ ടി.ഒ.ഡി ആയിരിക്കും. ആയത് പരിഹരിക്കണം.
* ഇതെല്ലാം ശരിയാക്കിക്കഴിഞ്ഞാലും ആർ.എം.ഡി ആയാലും മറ്റ് എന്തുതന്നെ യായാലും പുതുതായി നൽകുന്ന ഒരു ജോലിയും മാന്യമായ വേതനം നൽകാതെ ഞങ്ങൾ ചെയ്യില്ല.
അതോടൊപ്പം കാലങ്ങളായി പരിഷ്ക്കരിക്കാത്ത ബൈ-മന്തി ബില്ലിംഗിന് 50 ശതമാനം റേറ്റ് വർദ്ധനവ് അനുവദിക്കുക. ബൈ-മന്തിലി ടി.ഒ.ഡിക്ക് 5 രൂപ അധികം നൽകുക, സോളാർ എല്ലാം ടി.ഒ.ഡി ബില്ലിംഗായ സാഹചര്യത്തിൽ 50 ശതമാനം നിരക്ക് വർദ്ധനവ് അനുവദിക്കുക. ആർ.എം.ഡി എടുക്കുന്നതിനും 20 രൂപ അധികം നൽകുക. തൊഴിലാളികൾക്ക് ഫീൽഡിൽ ഉണ്ടാകുന്ന ജോലി സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുക എന്നീ ആവശ്യങ്ങളും ഇവർ മുന്നോട്ടു വച്ചിട്ടുണ്ട്.
ഒക്ടോബർ 1 വ്യാഴാഴ്ച മുതൽ RMD POS -ൽ അപ്ഡേറ്റ് ആയെന്നും ഇനി പണി മുടക്ക് അല്ലാതെ മറ്റു മാർഗം ഒന്നും ഇല്ല എന്നും ഇവർ പറഞ്ഞു. പല സെക്ഷനുകളിലും മീറ്റർ റീഡിങ് മെഷീൻ നിർബന്ധപൂർവ്വം തിരിച്ചു വാങ്ങാനുള്ള ശ്രമം നടക്കുന്നതായും എന്നാൽ ഇത് തിരിച്ചു നൽകുന്നില്ലെന്നും ഇവർ അറിയിച്ചു.
മീറ്റർ റീഡർമാർ പണിമുടക്കുന്നതോടെ വീടുകളിലും സ്ഥാപനങ്ങളിലും കൃത്യസമയത്ത് മീറ്റർ റീഡിങ് എടുക്കാൻ സാധിക്കാതെ വരികയും, ഉപഭോക്താക്കൾക്ക് വൈദ്യുതി ബില്ലുകൾ വൈകാനോ അല്ലെങ്കിൽ ശരാശരി കണക്കാക്കിയുള്ള (Average Bill) ബില്ലുകൾ ലഭിക്കാനോ ഉള്ള സാധ്യതയുണ്ട്. ഇത്തരം പ്രതിസന്ധികൾ ഉടലെടുത്താൽ അതിനെ തങ്ങൾ ഉത്തരവാദികൾ അല്ലെന്നും വൈദ്യുതി ബോർഡ് ആണ് അതിന് ഉത്തരവാദി എന്നും സമരസമിതി നേതാക്കൾ അറിയിച്ചു. ജില്ലാ കോഡിനേറ്റർ ഷാജൻ പുത്തൻചിറ, ജില്ലാ പ്രസിഡണ്ട് ബിവിൻ വക്കച്ചൻ, ജില്ലാ സെക്രട്ടറി മഹേഷ്, ജില്ലാ ട്രഷറർ സുബ്രമണി എന്നിവർ സമരത്തിന് നേതൃത്വം നൽകി സംസാരിച്ചു .
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



