ഇരിങ്ങാലക്കുട : കേരളത്തിലെ നവോത്ഥാന പോരാട്ടങ്ങളിൽ നിർണ്ണായക സ്ഥാനമുള്ള ഐതിഹാസികമായ കുട്ടംകുളം സമരഭൂമിയിൽ സ്മാരകം പണിയെരുതെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത സംഘപരിവാർ ഇപ്പോൾ കേവല താല്പര്യങ്ങൾക്ക് വേണ്ടി ചാത്തൻ മാസ്റ്ററെ റാഞ്ചാൻ ശ്രമിക്കുന്നതിന്റെ കാപട്യം ഏവർക്കും മനസിലാകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ രാജൻ എംഎൽഎ.
കുട്ടംകുളം സമരസ്മാരകം സമരഭൂമിയിൽ തന്നെ നിർമ്മിക്കുക എന്ന് ആവശ്യപ്പെട്ട് സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അയ്യങ്കാളി സ്ക്വയറിൽ നടന്ന സമര സ്മരണ സായാഹ്നം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
1957-ൽ അധികാരത്തിൽ വന്ന ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയ്ക്കെതിരെ നടന്ന വിമോചന സമരവുമായി ബന്ധപ്പെട്ട ഉയർന്നുകേട്ട “തമ്പ്രാനെന്ന് വിളിപ്പിക്കും, പാളയിൽ കഞ്ഞി കുടിപ്പിക്കും, ചാത്തൻ പൂട്ടാൻ പോകട്ടെ, ചാക്കോ നാടു ഭരിക്കട്ടെ,… എന്ന മുദ്രാവാക്യം വിളിച്ചവരും ആസ്വദിച്ചവരും തന്നെ ഇപ്പോൾ ചാത്തൻ മാസ്റ്ററെ അനുസ്മരിക്കുന്നു എന്നത് കമ്മ്യൂണിസ്റ്റുകാർക്ക് അഭിമാനമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
പി.കെ. ചാത്തൻ മാസ്റ്റർ ഒന്നാം കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ തദ്ദേശസ്വയംഭരണ-പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു. അദ്ദേഹം. ദളിത് വിഭാഗത്തിൽ നിന്നുള്ള മന്ത്രി എന്ന നിലയിൽ അദ്ദേഹത്തെ അധിക്ഷേപിക്കാനാണ് “ചാത്തൻ പൂട്ടാൻ പോകട്ടെ” എന്ന് വിളിച്ചത്. അതുവരെ അടിച്ചമർത്തപ്പെട്ടിരുന്ന പിന്നാക്ക-ദളിത് വിഭാഗങ്ങളുടെ പ്രതിനിധികൾ ഭരണതലത്തിലേക്ക് എത്തിയതിനോടുള്ള സവർണ്ണ-ജന്മിത്വ വിഭാഗങ്ങളുടെ അസഹിഷ്ണുതയാണ് ഈ മുദ്രാവാക്യത്തിൽ പ്രതിഫലിച്ചത്.
ഇപ്പോൾ സംഘപരിവാർ നേതാക്കൾ കുട്ടംകുളം സമരനേതാക്കൾ കൂടിയായ ചാത്തൻ മാസ്റ്ററുടെയും കെ വി ഉണ്ണിയുടെയും വീടുകൾ അന്വേഷിച്ച് നടക്കുകയും കേവല താല്പര്യങ്ങൾക്ക് വേണ്ടി ഇവരുടെ ചരിത്രം മാറ്റിയെഴുതാൻ ശ്രമിക്കുകയുമാണ്. എന്നാൽ ചാത്തൻ മാസ്റ്ററും ആ തലമുറ കൈമാറിത്തന്ന സമര പാരമ്പര്യം ഇപ്പോളും കൊണ്ടുനടക്കുന്ന യുവതലമുറ ഇവരെ ആട്ടിപായിക്കുക തന്നെ ചെയ്യുമെന്നും കെ രാജൻ പറഞ്ഞു.
പി.കെ. ചാത്തൻ മാസ്റ്ററെ അദ്ദേഹം നയിച്ച കമ്മ്യൂണിസ്റ്റ് പോരാട്ടങ്ങളിൽനിന്ന് വേർതിരിക്കാനാവില്ലെന്നും ജാതിവ്യവസ്ഥയ്ക്കും സാമൂഹിക അസമത്വങ്ങൾക്കുമെതിരെ നടന്ന പോരാട്ടങ്ങളുടെ ചരിത്രം വളച്ചൊടിക്കാനുള്ള ശ്രമങ്ങൾ വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു.
കുട്ടംകുളം സമരത്തിൽ പങ്കെടുത്ത ചാത്തൻ മാസ്റ്റർ ഉൾപ്പെടെയുള്ള സമരനായകരുടെ സ്മരണയ്ക്കായി സർക്കാർ സ്മാരകം നിർമ്മിക്കണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദനും ആവശ്യപ്പെട്ടു.
ജില്ലാ എക്സിക്യൂട്ടീവ് അംഗം പി. മണി അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ടി.കെ. സുധീഷ്, മണ്ഡലം സെക്രട്ടറി എൻ.കെ. ഉദയപ്രകാശ്, കെ. ശ്രീകുമാർ, അഡ്വ. പി.ജെ. ജോബി, മിഥുൻ പൊട്ടക്കാരൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

