ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ സാംസ്കാരിക സാമൂഹികരംഗത്ത് വലിയ സംഭാവനകൾ നല്കിയ അഡ്വ. കെ കെ തമ്പാനെയും അഡ്വ. കെ ആർ തമ്പാനെയും ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ ഒരുവർഷം നീണ്ടുനില്ക്കുന്ന സുവർണ്ണജൂബിലി ആഘോഷപരമ്പരയുടെ ഭാഗമായി അനുസ്മരിക്കുന്നു.
ഡിസംബർ 8, ഞായറാഴ്ച ഇരിങ്ങാലക്കുട നഗരസഭ ടൗൺ ഹാളിൽ ഒരുക്കുന്ന അനുസ്മരണപരിപാടിയിൽ ക്ലബ്ബ് ഭരണസമിതിയംഗം റഷീദ് കാറളം നടത്തുന്ന ആമുഖത്തെ തുടർന്ന് അഡ്വക്കേറ്റ് രഞ്ജിത്ത് തമ്പാൻ ഭദ്രദീപം തെളിയിക്കുകയും, മീര തമ്പാൻ ഓർമ്മകൾ പങ്കുവച്ചു സംസാരിക്കുകയും ചെയ്യും. 10ന് ടി ആർ ദാമോദരൻ നമ്പ്യാർ അനുസ്മരണപ്രഭാഷണം നടത്തും. തുടർന്ന് ഇ എം സതീശൻ “സംഗമഗ്രാമത്തിന്റെ സാംസ്കാരികപൈതൃകസ്വത്തിൽ ഭരണസിരാകേന്ദ്രത്തിന്റെ ഇടപെടലുകളും, ഇടർച്ചകളും, പരിഹാരങ്ങളും” എന്ന വിഷയത്തെ അധികരിച്ച് സ്മാരകപ്രഭാഷണം നിർവ്വഹിക്കും.
“സുവർണ്ണ”ത്തിന്റെ ഭാഗമായി “കെ പി എസ് മേനോനും രംഗകലകളും” എന്ന വിഷയത്തെ ആസ്പദമാക്കി കാലത്ത് 11.30ന് നടക്കുന്ന സെമിനാറിൽ പ്രശസ്ത കൂടിയാട്ട ആചാര്യൻ വേണുജിയും കേരള കലാമണ്ഡലം ഡീനും ഭരണ സമിതിയംഗവുമായ ഡോക്ടർ എൻ അജയകുമാറും പ്രഭാഷണങ്ങൾ നടത്തും.
ഉച്ചക്ക് 2ന് “നളചരിതം രണ്ടാംദിവസം കഥയുടെ കാണാപ്പുറങ്ങൾ” എന്ന വിഷയത്തെക്കുറിച്ച് പ്രശസ്ത കലാനിരൂപകൻ കെ ബി രാജ് ആനന്ദ് ആമുഖപ്രഭാഷണം നടത്തും. തുടർന്ന് നടക്കുന്ന നളചരിതം രണ്ടാം ദിവസം കഥകളിയിൽ കലാമണ്ഡലം കൃഷ്ണകുമാർ (നളൻ), കലാമണ്ഡലം ചമ്പക്കര വിജയകുമാര്‍ (ദമയന്തി), കലാമണ്ഡലം ഹരി ആർ നായർ (കലി), കലാമണ്ഡലം ശ്രീരാമൻ (ദ്വാപരൻ), കലാമണ്ഡലം ആഷിക് (ഇന്ദ്രൻ), കലാമണ്ഡലം ഷൺമുഖദാസ് (പുഷ്കരൻ), കലാനിലയം സൂരജ് (മന്ത്രി), കലാനിലയം അജയ് (കാള), കലാമണ്ഡലം മനോജ് കുമാർ (കാട്ടാളൻ) എന്നിവർ വേഷമിടും.
കലാമണ്ഡലം ജയപ്രകാശ്, കലാമണ്ഡലം വിനോദ്, തൃപ്പൂണിത്തുറ അർജ്ജുൻരാജ്, വൈക്കം വിഷ്ണുദേവ് എന്നിവർ സംഗീതത്തിലും, കലാമണ്ഡലം കൃഷ്ണദാസ്, കലാനിലയം രതീഷ്, കലാനിലയം ദീപക് എന്നിവർ ചെണ്ടയിലും സദനം ഭരതരാജൻ, കലാനിലയം പ്രകാശൻ, ആർഎൽവി ജിതിൻ എന്നിവർ മദ്ദളത്തിലും പശ്ചാത്തലമൊരുക്കും. കലാമണ്ഡലം സുധീഷ്, കലാമണ്ഡലം ഷിബു എന്നിവർ ചുട്ടികുത്തും. ഊരകം നാരായണൻ നായർ, ചേർത്തല ശ്രീരാജ്, നാരായണൻകുട്ടി എന്നിവർ അണിയറ സഹായികളാകും. ഇരിങ്ങാലക്കുട രംഗഭൂഷ ചമയമൊരുക്കും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com