കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പ് അനുസ്മരണം – കഥകളി സംഗീതോത്സവം ഇന്നും നാളെയും ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ

ഇരിങ്ങാലക്കുട: കഥകളിസംഗീതശാഖയിൽ വെങ്കലനാദം കൊണ്ട് അനശ്വരമുദ്ര ചാർത്തിയ പ്രശസ്ത ഗായകൻ കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പ് തന്റെ ജീവിതത്തിലെ അവസാനത്തെ സംഗീതാർച്ചന നടത്തിയ ദിനമായ ഒക്ടോബർ ഒമ്പതിന്റെ 39-ാമത് സ്മരണദിനാചരണത്തോടനുബന്ധിച്ചുള്ള കഥകളി സംഗീതോത്സവം ഒക്ടോബർ 9, 10 (വെള്ളി, ശനി) തീയതികളിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. ഡോ. കെ. എൻ. പിഷാരടി സ്മാരക കഥകളി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച വിപുലമായ നിർവ്വാഹകസമിതി ക്രൈസ്റ്റ് കോളേജ് ഐ കെ എസ് സെല്ലിൻ്റെ സഹകരണത്തോടെയാണ് ഇത്തവണ പരിപാടികൾ സംഘടിപ്പിക്കുന്നത്.

ഒക്ടോബർ 9 വെള്ളിയാഴ്ച വൈകിട്ട് 4-ന് ആരംഭിക്കുന്ന കഥകളിസംഗീതസദസ്സിൽ പ്രമുഖ സംഗീതജ്ഞരായ കലാനിലയം ഉണ്ണികൃഷ്ണൻ, കോട്ടക്കൽ നാരായണൻ, പത്തിയൂർ ശങ്കരൻകുട്ടി, കോട്ടക്കൽ മധു എന്നിവർ സംഗീതാർച്ചന നടത്തും. കലാനിലയം രാജീവൻ, ജിഷ്ണു ഒരുപുലാശ്ശേരി, ശ്രീദേവൻ ചെറുമിറ്റം എന്നിവർ സഹഗായകരായും, കലാനിലയം അഖിൽ (ചെണ്ട), കലാനിലയം മണികണ്ഠൻ (മദ്ദളം), മൂർക്കനാട് ദിനേശൻ (ഇടയ്ക്ക) എന്നിവർ പക്കമേളത്തിലും അണിനിരക്കും. തുടർന്ന് ഡോ. എം. എസ്. പരമേശ്വരൻ “രാഗരസഭാവം കഥകളി-കർണ്ണാടക സംഗീതത്തിൽ – ഒരവലോകനം” എന്ന വിഷയത്തിൽ സ്മാരകപ്രഭാഷണം നടത്തും.


ഒക്ടോബർ 10 ശനിയാഴ്ച രാവിലെ 10.15 ന് കേരള കലാമണ്ഡലം കഥകളിസംഗീതവിഭാഗത്തിലെ കലാകാരന്മാർ ‘നവരത്നപദമാലിക’ എന്ന പ്രത്യേക കഥകളിസംഗീത പരിപാടി സമർപ്പിക്കും. തുടർന്ന് പ്രമുഖ കഥകളി സംഗീതാചാര്യന്മാരും ഗായകരും വിദ്യാർത്ഥിനീ-വിദ്യാർത്ഥികളും മഹാഗായകന്റെ സ്മരണാർത്ഥം അവതരിപ്പിക്കുന്ന സംഗീതാർച്ചനയ്ക്ക് കലാമണ്ഡലം ശ്രീരാജ്, കലാമണ്ഡലം ശ്രീരാഗ് (ചെണ്ട), കലാമണ്ഡലം സുധീഷ്, നീലകണ്ഠൻ നമ്പീശൻ (ആർ.എൽ.വി) (മദ്ദളം), കലാമണ്ഡലം സായ് നാഥ് (ഇടയ്ക്ക) എന്നിവർ പക്കമേളമൊരുക്കും.

മറ്റു ഭാരതീയസംഗീതശാഖകളെ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി ഉച്ചതിരിഞ്ഞ് 3.45-ന് നടക്കുന്ന ‘നാദ സൗരഭ്’ ഹിന്ദുസ്ഥാനി കച്ചേരിയിൽ ബാംഗ്ലൂർ ചൈത്ര എച്ച്. ജി. (വായ്പ്പാട്ട്), പണ്ഡിറ്റ് ഗോപിനാഥ് എച്ച്. എസ്. (തബല), പണ്ഡിറ്റ് ജയപ്രകാശ് (ഹാർമോണിയം) എന്നിവർ പങ്കെടുക്കും.

സന്ധ്യയ്ക്ക് 6.15-ന് ‘ബാലിവധം’ കഥകളി. കലാമണ്ഡലം മനോജ്‌കുമാർ (രാവണൻ), കലാമണ്ഡലം ആഷിക് (അകമ്പൻ/ മാരീചൻ), സുജ കൊറ്റിവട്ടം (മണ്ഡോദരി) എന്നിവർ കഥകളിവേഷവും നെടുംമ്പിള്ളി രാംമോഹൻ, ശ്രീദേവൻ ചെറുമിറ്റം (സംഗീതം), കലാമണ്ഡലം സുധീഷ് (ചെണ്ട), കലാമണ്ഡലം വൈശാഖ് (മദ്ദളം), കലാമണ്ഡലം ശ്രീജിത്ത്‌ (ചുട്ടി), നെടുമുടി മധുസൂദനപ്പണിക്കർ, ഊരകം നാരായണൻ നായർ, കലാമണ്ഡലം മനേഷ് (അണിയറ) എന്നിവർ കഥകളിയുടെ പിന്നണിയിലും അണിനിരക്കും.

You cannot copy content of this page