ഇരിങ്ങാലക്കുട : സേവനവാരം ക്യാമറകൾക്ക് മുന്നിൽ ഒക്ടോബർ 2 ന് മാത്രം അവസാനിക്കുന്ന പ്രതിഭാസമല്ലെന്നു തെളിയിച്ചിരിക്കുകയാണ് ഇരിങ്ങാലക്കുട ഉണ്ണായി വാരിയർ സ്മാരക കലാനിലയത്തിലെ ഒരു കൂട്ടം വിദ്യാർത്ഥികളും അധ്യാപകനും.
മണ്ഡലകാലം ആരംഭിച്ചിട്ടും കൂടൽമാണിക്യം തെക്കേകുളത്തിന്റെ കൽപ്പടവുകളിൽ മാസങ്ങളായി കാടുകയറി ഉപയോഗശൂന്യമായി കിടക്കുന്നത് അധികൃതർ ആരും തന്നെ ഗൗനിക്കാത്തതിനെ തുടർന്ന് കലാനിലയത്തിലെ മദ്ദളം അദ്ധ്യാപകനായ കലാനിലയം ശ്രീജിത്ത്, വിദ്യാർത്ഥികളായ അർണാബ് (മദ്ദളം), വൈകേഷ് (ചെണ്ട) എന്നിവർ ചേർന്ന് അവധിദിവസമായി ശനിയാഴ്ച ഒരു പടവിലെ കാടും പടലും വൃത്തിയാക്കിയത്. ആ സമയം അവിടെയെത്തിയ പടിയൂർ സ്വദേശി പ്രമോദ് പ്രഭാകരനും ഇവരുടെ ഉദ്യമത്തിൽ പങ്ക്ചേർന്നു.
ദിനംപ്രതി 100 കണക്കിന് ഭക്തർ ഉൾപ്പെടെയുള്ളവരാണ് കുളിക്കുവാനായി കുളത്തെ ആശ്രയിക്കുന്നത്. തെക്കേകുളത്തിന്റെ കൽപ്പടവുകളിൽ ഇരുവശത്തും മാലിന്യം അടിഞ്ഞുകൂടി പടവുകൾ ഉപയോഗശൂന്യമായിരിക്കുകയാണ്. പ്ലാസ്റ്റിക് മാലിന്യങ്ങളും മദ്യ കുപ്പികളുമാണ് അധികവും.

കാടുകയറി കാട്കയറി വൃത്തിഹീനമായി കിടക്കുന്നത് മൂലമാണ് സാമൂഹ്യവിരുദ്ധർ ഉൾപ്പെടെയുള്ളവർ തെക്കേ കുളത്തിൽ ഇത്തരം നടപടികൾക്ക് മുതിരുന്നതെന്ന് കലാനിലയം ശ്രീജിത്ത് പറഞ്ഞു. തങ്ങൾക്കു ചെയ്യാൻ പറ്റിയ ഒരു എളിയ ശ്രമം എന്ന നിലയിലാണ് പടവ് വൃത്തിയാക്കിയതെന്നു അദ്ദേഹം പറഞ്ഞു.
ക്ഷേത്രക്കുളം വലിയതോതിൽ മലിനമാകുന്നതിൽ കുളം ഉപയോഗിക്കുന്നവരുടെയും അശ്രദ്ധയുമുണ്ട്. സാമൂഹ്യവിരുദ്ധരുടെ ശല്യം കുളത്തിന് ചുറ്റും സ്ഥിരമാണെന്ന് പരാതി നിലനിൽക്കുന്നുണ്ട്. ഇവിടെ ദേവസ്വം സെക്യൂരിറ്റിയെ നിയോഗിക്കണമെന്ന് ആവശ്യവും ശക്തമാണ്. ക്ഷേത്ര പരിസരങ്ങളിൽ ദേവസ്വം സെക്യൂരിറ്റി ക്യാമറകൾ വെച്ചിട്ടുണ്ടെങ്കിലും, തെക്കേകുളം അതിന്റെ പരിധിയിൽ പെടുന്നില്ല.
തെക്കേകുളത്തിന്റെ കൽപ്പടവുകൾ എല്ലാം വീണ്ടും കാടുകയറിയ അവസ്ഥയിലാണ്. പതിവിൽ നിന്ന് വിപരീതമായി കുളത്തിൽ ഇപ്പോൾ പായലും പരക്കുന്നുണ്ട്. ഇത് കുളത്തിന്റെ സ്വാഭാവികത നഷ്ടപ്പെടുത്തും.
തെക്കേകുളത്തിന്റെ 12 കുളിക്കടവുകളിൽ ആവശ്യമുള്ളവ മാത്രം തുറന്നുകൊടുത്ത് സംരക്ഷിക്കണമെന്ന് ആവശ്യവും നിലനിൽക്കുന്നുണ്ട്. രാത്രികാലങ്ങളിൽ ഇവിടെ വെളിച്ചക്കുറവും ഉണ്ട്. ഇത്തരം അനാസ്ഥകൾ മുതലെടുത്ത് ലഹരി മാഫിയയുടെ ഒരു വിഹാരകേന്ദ്രമായി മാറിയിരിക്കുകയാണ് ഈ മേഖല.
കലാനിലയം വിദ്യാർത്ഥികളുടെയും അധ്യാപകന്റെയും സൽപ്രവർത്തി കണ്ടു മനസ്സിലാക്കിയെങ്കിലും കാടുപിടിച്ചു കിടക്കുന്ന പടവുകൾ കൂടൽമാണിക്യം ദേവസ്വം അധികൃതർ ഉടൻ വൃത്തിയാക്കും എന്ന് നമുക്ക് പ്രതീക്ഷിക്കാം.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

