പുതിയ കൂടൽമാണിക്യം ദേവസ്വം ചെയർമാൻ ആരായിരിക്കും ?

ഇരിങ്ങാലക്കുട : പുതിയ കൂടൽമാണിക്യം ദേവസ്വം ചെയർമാൻ ആരായിരിക്കും ? ആറാമത് കൂടൽമാണിക്യം ദേവസ്വം മാനേജിങ് കമ്മിറ്റി അംഗങ്ങളെ കേരള സർക്കാർ നാമനിർദ്ദേശം ചെയ്തു വിജ്ഞാപനം ഇറങ്ങിയതിനു ശേഷം ഉയരുന്ന പ്രധാന ചോദ്യമാണ് ഇത്. കേവലം രാഷ്ട്രീയ നിയമനം ആണെങ്കിലും കൂടൽമാണിക്യം ദേവസ്വം ചെയർമാൻ സ്ഥാനത്തിന് അതിനപ്പുറം ഒരു പ്രമാണിത്വം ഉണ്ട് , അതിനാൽ തന്നെ ചോദ്യവും പ്രസക്തം

കഴിഞ്ഞ കമ്മിറ്റിയിൽ ഇടക്കാലത്ത് അംഗമായ സി.പി.ഐ പ്രതിനിധി അഡ്വക്കേറ്റ് കെ ജി അജയകുമാർ ഒഴിച്ച് പുതിയ മാനേജിംഗ് കമ്മിറ്റിയിൽ ഏവരും പുതുമുഖങ്ങളാണ്. തന്ത്രി പ്രതിനിധിയായി നോമിനേറ്റ് ചെയ്യപ്പെട്ട നെടുമ്പിള്ളി തരണനല്ലൂർ മന ഗോവിന്ദൻ നമ്പൂതിരിപ്പാട്, ജീവനക്കാരുടെ പ്രതിനിധിയായ കെ ബിന്ദു, ഇരുവരും ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്നവരായത് കൊണ്ട് തന്നെ ഭക്തജനങ്ങൾക്ക് പരിചിതരാണ്, മറ്റു മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ ഡോ മുരളി ഹരിതം, അഡ്വ സി കെ ഗോപി, വി സി പ്രഭാകരൻ, എം കെ രാഘവൻ, ഇവരിൽ പലരും എല്ലാ അർത്ഥത്തിലും പുതുമുഖങ്ങളാണ്.

അവട്ടത്തൂർ ശിവക്ഷേത്രത്തിലെ നിലവിലെ പ്രസിഡണ്ടായ മുരളി ഹരിതം, ഇരിങ്ങാലക്കുട നാദോപാസനയുടെ പ്രസിഡണ്ടും ആയിരുന്നു. കൂടൽമാണിക്യ ക്ഷേത്രവുമായി ബന്ധപ്പെട്ട പല പരിപാടികളിലും അദ്ദേഹം സ്ഥിരം സാന്നിധ്യം ആകാറുണ്ട് എന്നതിനാൽ ഈ പേരും പലർക്കും പരിചിതമാണ്.

ചെയർമാൻ ആരാകണം എന്ന് തീരുമാനിക്കാനുള്ള അധികാരവും അവകാശവും ഭക്തജനങ്ങൾക്ക് ഇല്ലല്ലോ, സർക്കാരും സർക്കാരിനെ നിയന്ത്രിക്കുന്ന രാഷ്ട്രീയ സംവിധാനങ്ങളും തീരുമാനിക്കുന്നവർ ദേവസ്വം ചെയർമാനായി വരുന്ന കാലഘട്ടമാണ്.

നൂലിൽ കെട്ടി ഇറക്കിയ പരീക്ഷണങ്ങളിൽ വിജയിച്ചവയും ഉണ്ട്, തീരെ പരാജയം ഏറ്റുവാങ്ങിയവരും ഉണ്ട് ചെയർമാൻ സ്ഥാനം കഴിഞ്ഞകാലങ്ങളിൽ അലങ്കരിച്ചവരിൽ. കഴിഞ്ഞ അഞ്ചു ദേവസ്വം കമ്മിറ്റി ഭരണസമിതികളിൽ ഒന്നൊഴിച്ച് എല്ലാം എൽ.ഡി.എഫ് ആണ് ഭരണം നിലനിർത്തിയിരുന്നത്. 3 തവണയും സി.പി.എം പ്രതിനിധികളാണ് ചെയർമാൻ സ്ഥാനം ഏറ്റെടുത്തത്. ഒരുതവണ അത് ഘടകകക്ഷിയായ കോൺഗ്രസ് എസ്സിന് നൽകുകയുണ്ടായി. അന്നത്തെ സർക്കാരിൽ ദേവസ്വം ചുമതലയുണ്ടായിരുന്ന മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ പാർട്ടി പ്രതിനിധിക്കായിരുന്നു ചെയർമാൻ സ്ഥാനം.

യു.ഡി.എഫിന് ഭരണം ലഭിച്ചപ്പോൾ ചെയർമാൻ സ്ഥാനം സ്വപ്നം കണ്ട ഇരിങ്ങാലക്കുടയിലെ നേതാക്കളെ അമ്പരിപ്പിച്ചുകൊണ്ട് ചാലക്കുടിയിൽ നിന്നും പനമ്പിള്ളി ഗോവിന്ദമേനോൻ ചെയർമാൻ സ്ഥാനം ഏറ്റെടുത്ത ചരിത്രവും ഇവിടെയുണ്ട്.

ഇതോടൊപ്പം വായിച്ചെടുക്കേണ്ട മറ്റൊന്നും കൂടിയുണ്ട്. എൽഡിഎഫിലെ പ്രധാന ഘടകകക്ഷിയായ സിപിഐക്ക് ഇതുവരെ ചെയർമാൻ സ്ഥാനം ലഭിച്ചിട്ടില്ല. നാല് ഊഴവും എൽഡിഎഫിന് ആയിരുന്നിട്ടും, പ്രധാന ഘടകകക്ഷി അല്ലാത്ത കോൺഗ്രസ് എസ്സിന് പോലും ചെയർമാൻ സ്ഥാനം ലഭിച്ചി ലഭിച്ചിട്ടും, സിപിഐക്ക് സ്ഥാനം ലഭിക്കാത്തതിൽ പ്രാദേശിക നേതൃത്വത്തിന് അടക്കം അഭിപ്രായ വ്യത്യാസമുണ്ട്. ഇത്തവണ സിപിഐ ചെയർമാൻ സ്ഥാനത്തിന് അവകാശമുന്നയിച്ചാൽ നറുക്ക് വീഴുക മാനേജിംഗ് കമ്മിറ്റിയിലെ ഏക സിപിഐ പ്രതിനിധിയായ അഡ്വക്കേറ്റ് കെ ജി അജയകുമാറിന് ആയിരിക്കും. മാനേജ്‌മന്റ് കമ്മിറ്റിയിൽ വരുന്നതിനു മുൻപ് വർഷങ്ങളായി ക്ഷേത്രവുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് ഇദ്ദേഹം.

ഇത്തവണ ജനതാദളിനാണ് മാനേജ്മെന്റ് കമ്മിറ്റിയിൽ ഒരു പ്രധിനിധിയെ ആദ്യമായി ലഭിച്ചിട്ടുള്ളത്. അവർ എന്തായാലും ചെയർമാൻ സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കില്ല എന്ന് വ്യക്തം

മാനേജ്‌മന്റ് കമ്മറ്റിയിൽ ഇത്തവണ സിപിഎം പ്രതിനിധികളായി വന്ന മൂന്ന് പേരായ ഡോ മുരളി ഹരിതം, അഡ്വ സി കെ ഗോപി, വി സി പ്രഭാകരൻ എന്നിവരിൽ ചെയർമാൻ സ്ഥാനത്തിന് പ്രഥമ പരിഗണന മുരളി ഹരിതത്തിനാണ്. കലാസാംസ്കാരിക രംഗത്ത് ഇരിങ്ങാലക്കുടയിൽ സുപരിചിതനാണ് അദ്ദേഹം. ബാങ്ക് മാനേജർ ആയി റിട്ടയർ ചെയ്ത വ്യക്തി കൂടിയാണ്. അവട്ടത്തൂർ ശിവക്ഷേത്രത്തിലെ നിലവിലെ ഭരണസമിതി പ്രസിഡന്റ് കൂടി ആയതിനാൽ ക്ഷേത്രഭരണത്തിൽ ധാരണയുള്ള വ്യക്തി കൂടിയാണ്. ഇതിലപ്പുറം കൂടൽമാണിക്യം ക്ഷേത്രത്തിലെ ഒരു സ്ഥിരം സാന്നിധ്യം കൂടിയാണ്. മറ്റു പല പേരുകളും ഉയർന്നു കേൾക്കുന്നുണ്ടെങ്കിലും ഭക്തജനങ്ങൾക്ക് ഇവരെ ആരെയും ക്ഷേത്ര പരിസരത്ത് കണ്ടു പരിചയം ഉള്ളവരല്ല.

ലോകസഭ തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിനു മുൻപ് ചെയർമാൻ സ്ഥാനത്തിൽ തീർപ്പുണ്ടായി, സ്ഥാനം വരുന്ന ആഴ്ചതന്നെ ഏറ്റെടുക്കൽ ഉണ്ടാകാൻ സാധ്യത കാണുന്നു.

ഭരണപരമായ കുറെ നേട്ടങ്ങൾ കൈവരിച്ചതിനു ശേഷമാണ് യു പ്രദീപ് മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതി സ്ഥാനമൊഴിഞ്ഞത്. അതിനാൽ തന്നെ പുതിയ ഭരണസമിതിയിൽ നിന്നും ഇതിന് തുടർച്ചയുണ്ടാകുമെന്ന പ്രതീക്ഷയാണ് ഭക്തജനങ്ങൾക്ക് ഉള്ളത്. ചെയർമാനെ നിയോഗിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിന് ഇത് നന്നായി അറിയാം എന്നിരിക്കെ രാഷ്ട്രീയ താൽപര്യങ്ങൾക്കപ്പുറം ക്ഷേത്രതാല്പര്യം മുൻനിർത്തിയുള്ള ഒരു തീരുമാനമാകും ഇക്കുറി ഉണ്ടാക്കുക എന്ന് പ്രത്യാശിക്കാം.

You cannot copy content of this page