ഇരിങ്ങാലക്കുട : അന്തിക്കാട് എറവ് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ കവർച്ച നടത്തിയ പ്രതിയെ 48 മണിക്കൂറിനുള്ളിൽ അറസ്റ്റുചെയ്തു. കൊല്ലം അയത്തിൽ സ്വദേശി പുത്തൻവിള വീട്ടിൽ നജിമുദ്ദീനെയാണ്(52 ) തൃശൂർ റൂറൽ എസ്.പി. നവനീത് ശർമ്മയുടെ നിർദ്ദേശ പ്രകാരം ഇരിങ്ങാലക്കുട ഡി.വൈ എസ്.പി. കെ.ജി.സുരേഷും സംഘവും അറസ്റ്റു ചെയ്ത്. ബുധനാഴ്ച രാത്രി പഴയന്നൂരിലെ ഒളിത്താവളത്തിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
ഏറെ നേരത്തെ പരിശോധനയിൽ ഒളിപ്പിച്ചു വച്ചിരുന്ന മോഷ്ടിച്ച പണവും പോലീസ് കണ്ടെത്തി. ഇത് അമ്പലത്തിലെ ഓഫീസ് റൂമും ഭഗവതിയുടെ നടയിലെ ഭണ്ഡാരവും പൊളിച്ചെടുത്ത പണവുമാണെന്ന് ഇയാൾ സമ്മതിച്ചു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെയാണ് അന്തിക്കാട് എറവ് ശ്രീകൃഷ്ണ ക്ഷേത്രത്തിലും തൊട്ടടുത്ത മൃഗാശുപത്രിയിലും മോഷണം നടന്നത്.
വിവരമറിഞ്ഞ് ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. കെജി സുരേഷും എസ് ഐ കെ.അജിത്തും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചിരുന്നു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദരും പരിശോധന നടത്തിയിരുന്നു. ലഭ്യമായ തെളിവുകൾ ശേഖരിച്ചും സംശയത്തിലുള്ള പ്രതികളെക്കുറിച്ചും പോലീസ് സംഘം നടത്തിയ മികവുറ്റ അന്വേഷണമാണ് നാല്‌പത്തെട്ടു മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടാൻ സാധിച്ചത്.
അറസ്റ്റിലായ നജിമുദ്ദീൻ നിരവധി മോഷണ കേസ്സുകളിൽ പ്രതിയാണ്. ജയിലിലായിരുന്ന ഇയാൾ ഒക്ടോബർ മധ്യത്തോടെയാണ് ജാമ്യത്തിലിറങ്ങിയത്. അന്തിക്കാട് എസ്.ഐ. കെ.അജിത്ത്, വി.എസ്.ജയൻ ക്രൈം സ്ക്വാഡ് അംഗങ്ങളായ സീനിയർ സി.പി.ഒ ഇ.എസ്.ജീവൻ, സി.പി.ഒ കെ.എസ്.ഉമേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
കള്ളൻ കുപ്രസിദ്ധൻ കേരളത്തിലുടനീളം കേസ്സുകൾ
ആദ്യമായാണ് കളവു നടത്തിയതിൻ്റെ പിറ്റേന്ന് പിടിയിലാകുന്നതെന്ന പരിഭവം കള്ളന്. മോഷണം ലക്ഷ്യമിട്ട് തിങ്കളാഴ്ച രാത്രി തൃശൂർ നിന്നും ബസ് കയറിയ പ്രതി നേരം ഇരുട്ടിയതോടെ എറവിൽ ബസ് ഇറങ്ങി മൃഗാശുപത്രിയുടെ പുറകിൽ ഇരുട്ടിൽ ഒളിച്ചിരുന്നു. അർദ്ധരാത്രിയോടെ വസ്ത്രം മാറി മൃഗാശുപത്രിയിലും, അമ്പലത്തിൻ്റ ഓഫീസ് റൂമും ഭണ്ഡാരങ്ങളും കുത്തിപ്പൊളിച്ച് പണം കവരുകയായിരുന്നു. സിസിടിവിയിൽ മുഖം പതിയാതിരിക്കാൻ കുട മറച്ചുപിടിച്ചാണ് ഇയാൾ എത്തിയത്.
മോഷണ ശേഷം പുലർച്ചെയാണ് ഇയാൾ അമ്പലപ്പറമ്പിൽ നിന്ന് സ്ഥലം വിട്ടത്. ആലുവ ഈസ്റ്റ്, ആലപ്പുഴ സൗത്ത്, നോർത്ത് , തിരൂർ, കോട്ടയം ഗാന്ധിനഗർ, കരുനാഗപ്പിള്ളി, ചവറ, കിളികൊല്ലൂർ, കുറത്തിക്കാട്, പഴയന്നൂർ, പാലക്കാട് സൗത്ത് പോലീസ് സ്റ്റേഷനുകളിൽ ഇയാൾ കേസ്സുകളിൽ പ്രതിയാണ്. ഇയാൾക്ക് വാറണ്ടും നിലവിലുണ്ട്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com