“ഓപ്പറേഷൻ തൂഫാൻ, ദ നാർക്കോ ഹണ്ട്” – സെന്റ് ജോസഫ്സ് കോളേജിൽ ലഹരിവിരുദ്ധ കാമ്പയിന് ആവേശോജ്ജ്വല തുടക്കം

ഇരിങ്ങാലക്കുട : സർക്കാർ സംസ്ഥാന വ്യാപകമായി ലഹരിമാഫിയക്കെതിരെ നടപ്പിലാക്കിവരുന്ന ശക്തമായ പ്രതിരോധ നടപടിയായ “ഓപ്പറേഷൻ തൂഫാൻ, ദ നാർക്കോ ഹണ്ട്” (Operation Toofan the Narco Hunt)-ന്റെ ഭാഗമായി തൃശ്ശൂർ റൂറൽ പോലീസുമായി ചേർന്ന് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിൽ (ഓട്ടോണമസ്) ലഹരിവിരുദ്ധ കാമ്പയിൻ സംഘടിപ്പിച്ചു.

‘The wind of change’ (മാറ്റത്തിന്റെ കാറ്റ്) എന്ന സന്ദേശവുമായി സംഘടിപ്പിച്ച ഈ ബൃഹദ് ബോധവത്കരണ പരിപാടിയുടെ ഉദ്ഘാടനം തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ.പി.എസ് നിർവ്വഹിച്ചു. മയക്കുമരുന്നിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചും ഇത്തരം ലഹരിവിരുദ്ധ പ്രതിരോധ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥി സമൂഹത്തിന്റെ പങ്കിനെക്കുറിച്ചും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ വിശദീകരിച്ചു.



കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസിയുടെ അധ്യക്ഷതയിലാണ് ചടങ്ങുകൾ നടന്നത്. കാമ്പയിന് ആവേശം പകർന്നു കൊണ്ട് കോളേജിലെ രണ്ടായിരത്തി അഞ്ഞൂറോളം വിദ്യാർത്ഥിനികൾ അണിനിരന്ന് നടത്തിയ എയ്റോബിക്സ് ഡാൻസ് പരിപാടിയുടെ മുഖ്യ ആകർഷണമായി മാറി. കൂടാതെ, എൻ.സി.സി കേഡറ്റുകളും സ്പോർട്സ് ക്ലബ് വിദ്യാർത്ഥികളും ചേർന്ന് അവതരിപ്പിച്ച ലഹരിവിരുദ്ധ ഫ്ലാഷ് മോബും സോഷ്യൽ വർക്ക് വിഭാഗം വിദ്യാർത്ഥികളുടെ തെരുവുനാടകവും ലഹരിക്കെതിരെയുള്ള ശക്തമായ സന്ദേശവുമായി.



ചടങ്ങിൽ സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി സലീഷ് എൻ.എസ്, ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി എം. സന്തോഷ് കുമാർ, ഇരിങ്ങാലക്കുട എസ്.എച്ച്.ഒ ദിലീഷ് ടി എന്നിവരും തൃശ്ശൂർ ജില്ലാ പോലീസ് ഓഫീസിലെയും ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെയും വിവിധ സബ് ഇൻസ്പെക്ടർമാർ (SI), അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാർ (ASI), സി.പി.ഒമാർ എന്നിവരും പങ്കെടുത്തു.



ക്യാപ്റ്റൻ ലിറ്റി ചാക്കോ, ഡോ. സ്റ്റാലിൻ റാഫേൽ, ശ്രീമതി വീണ സാനി തുടങ്ങിയ അധ്യാപകരും കോളേജ് യൂണിയൻ, എൻ.സി.സി, എൻ.എസ്.എസ്, സ്പോർട്സ് ക്ലബ് അംഗങ്ങളും വിദ്യാർത്ഥി വോളണ്ടിയർമാരും ചേർന്നാണ് പരിപാടികൾ ഏകോപിപ്പിച്ചത്. കോളേജിലെ അധ്യാപകരും അനധ്യാപകരും വിദ്യാർത്ഥികളും ഒന്നടങ്കം ഈ ലഹരിവിരുദ്ധ കൂട്ടായ്മയുടെ ഭാഗമായി. ചടങ്ങിന്റെ സമാപനത്തിൽ പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസി ചൊല്ലിക്കൊടുത്ത ലഹരിവിരുദ്ധ പ്രതിജ്ഞ വിദ്യാർത്ഥിനികൾ ഏറ്റുചൊല്ലി ലഹരിക്കെതിരെ ഒന്നിച്ച് നിൽക്കുമെന്ന് ഉറപ്പുനൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page