കര്‍ക്കിടകമാസദര്‍ശന പുണ്യംതേടി കൂടല്‍മാണിക്ക്യത്തില്‍ എത്തുന്നവർക്ക് വഴുതന നിവേദ്യത്തിന് പ്രിയമേറുന്നു

ഇരിങ്ങാലക്കുട : കര്‍ക്കിടകമാസദര്‍ശന പുണ്യംതേടി എത്തുന്ന ഭക്തജനങ്ങള്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് തൃശൂര്‍ ജില്ലയിലെ നാല് അമ്പലങ്ങളിലും വര്‍ദ്ധിച്ചു വരുന്നു. കോരിച്ചൊരിയുന്ന കാലവര്‍ഷത്തിലും ഓരോ ക്ഷേത്രത്തിലും ദര്‍ശനഭാഗ്യം തേടുന്ന ഭക്തരുടെ നീണ്ട ക്യു തുടരുകയാണ്. ഭാരതത്തിലെ തന്നെ അപുര്‍വ്വമായ ഭരതപ്രതിഷ്ഠയുള്ള ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രവും പരിസരവും ഭക്തജനങ്ങളാല്‍ നിബിഡമായ കാഴ്ചയാണ് കര്‍ക്കിടകത്തിന്റെ ആദ്യനാളുകളില്‍. താമരമാലയും താമരപൂവ്വും നിത്യേന ചാര്‍ത്തുന്ന കേരളത്തിലെ അപുര്‍വ്വം ക്ഷേത്രമാണ് കൂടല്‍മാണിക്യം.

ശതാബ്ദങ്ങളുടെ പാരമ്പര്യവും അനന്യമായ ആചാരാനുഷ്ഠാനങ്ങളും നിറഞ്ഞ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ സവിശേഷതയായി ഐതിഹ്യമാലയിലും വര്‍ണ്ണിക്കുന്ന വഴുതന നിവേദ്യത്തിനായി ഭക്തരുടെ നീണ്ട ക്യു ആണ് ഓരോ ദിവസവും.

ആരോഗ്യത്തിനും സൗഖ്യത്തിനുമായി ധാരാളം നിവേദ്യങ്ങളും അര്‍ച്ചനകളും ഗുരുവായൂര്‍, ചോറ്റാനിക്കര, തിരുവിഴ, നെല്ലുവായ്, തിരുവുള്ളക്കാവ് തുടങ്ങിയ കേരളത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ നടക്കുമ്പോള്‍ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ മാത്രമായി നടക്കുന്ന നിവേദ്യമാണ് വഴുതന നിവേദ്യം. ഉദരരോഗ ശാന്തിക്കായി ഭഗവാന് സമര്‍പ്പിക്കുന്ന നിവേദ്യമാണ് വഴുതന നിവേദ്യം.

27 നക്ഷത്രക്കാര്‍ക്കുമായി രാവിലെ തന്നെ ശ്രീകോവിലില്‍ വഴുതന നിവേദ്യം നടത്തപ്പെടുന്നു. നിവേദ്യ പ്രസാദം ഭക്തര്‍ക്ക്‌ വിതരണം ചെയ്യുന്നു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഭക്തര്‍ക്ക്‌ പ്രസാദം ദീര്‍ഘയാത്രയില്‍ സൂക്ഷിക്കുന്നതിനായി പ്രത്യേകം സജ്ജമാക്കിയ പാത്രത്തില്‍ ആണ് വിതരണം നടത്തുന്നത്. ക്ഷേത്രജീവനക്കാരില്‍ ഒരു വിഭാഗം വഴുതനനിവേദ്യം തയ്യാറാക്കുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു.

തലമുറകളായി അനുഷ്ടിച്ചു വരുന്ന ഈ നിവേദ്യം മറ്റു ജില്ലകളില്‍ നിന്ന് എത്തുന്ന കൂടല്‍ മാണിക്യം ഭക്തര്‍ക്ക് വലിയ ആകര്‍ഷണമായി മാറിയിരിക്കുന്നു. അപൂര്‍വ്വവും അനന്യവുമായ ഈ വഴുതനനിവേദ്യത്തിന്റെ പ്രശസ്തി നാലമ്പലദര്‍ശന തീര്‍ത്ഥ യാത്രയില്‍ ഭക്തര്‍ ഏറ്റെടുത്തതിന്റെ ആഹ്ലാദത്തിലാണ് കൂടല്‍മാണിക്യം ദേവസ്വം.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page