കരുവന്നൂര്‍ സഹകരണ ബാങ്ക്; ഇതുവരെ നിക്ഷേപകര്‍ക്ക് 108 കോടി നല്കിയെന്ന് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി, മാർച്ച് 31 ന് മുമ്പായി 5 കോടി രൂപ നിക്ഷേപം സമാഹരിക്കാൻ ലക്ഷ്യം

ഇരിങ്ങാലക്കുട : കരുവന്നൂര്‍ സഹകരണ ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി നിലവില്‍ വന്നതിനുശേഷം നിക്ഷേപകര്‍ക്ക് മുതലും പലിശയിനത്തിലും 108 കോടി രൂപ തിരിച്ചുനല്കിയതായി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ഭാരവാഹികള്‍ ബാങ്കിൽ വിളിച്ചു ചേർത്ത പത്രസമ്മേളനത്തില്‍ പറഞ്ഞു.

നേരത്തെ പ്രഖ്യാപിച്ചിരുന്ന പുനരുദ്ധാരണ പ്രവർത്തങ്ങളുടെ ഭാഗമായുള്ള നിക്ഷേപർക്ക് പണം തിരികെ നൽകുന്ന പ്രക്രിയയും പുതിയ വായ്‌പകൾ അനുവദിക്കുന്ന പ്രവർത്തനവും തടസ്സങ്ങളില്ലാതെ മുന്നോട്ടു പോകുകയാണ്.

2023 സെപ്റ്റംബർ 30 ന് സേവിംഗ്‌സ് ബാങ്കിൽ നിക്ഷേപമുള്ളവർക്ക് 50000/- രൂപ വരെ പിൻവലിക്കുവാനും 1 ലക്ഷം രൂപ വരെ സ്ഥിരനിക്ഷേപമുള്ളവരുടെ നിക്ഷേപം പൂർണ്ണമായും തിരിച്ചു കൊടുക്കുന്നതുമായ പാക്കേജ് 2023 നവംബർ 1 മുതൽ നടപ്പിലാക്കി.



31/10/2023 -ന് കാലാവധി കഴിഞ്ഞ 1 ലക്ഷത്തിലധികം രൂപ സ്ഥിര നിക്ഷേപകർക്ക് നിക്ഷേപത്തുകയുടെ 10% വും പൂർണ്ണമായ പലിശയും തിരിച്ചു നൽകുന്ന പാക്കേജ് 2023 ഡിസംബർ 2 മുതൽ നടപ്പിലാക്കി.

ബാങ്ക് നടത്തി വന്നിരുന്നതും എന്നാൽ പ്രതിസന്ധിയെ തുടർന്ന് നിർത്തി വച്ചതുമായ MDS/GDS/RD നിക്ഷേപകരുടെ നിക്ഷേപ തുക അവരുടെ അക്കൗണ്ടിലേക്ക് മാറ്റിനൽകുകയും അതിന്റെ 10% തുക പിൻവലിക്കാൻ അനുവാദം നൽകിയ പാക്കേജ് നടപ്പിലാക്കുകയും, തുടരുകയും ചെയ്യുന്നു. ഈയിനത്തിൽ 7800 നിക്ഷേപകർക്ക് 3 മാസത്തിനകത്ത് 30 കോടി രൂപ തിരിച്ചു നൽകി. കാലാവധിയായ നിക്ഷേപങ്ങൾ പുതുക്കുന്നവർക്ക് ക്വാട്ടർലിയായി പലിശ പൂർണ്ണമായും നൽകി വരുന്നു.

വസ്‌തു പണയ വായ്‌പ, വനിതാ സ്വയം സഹായ സംഘങ്ങൾക്കുള്ള വായ്‌പ, സ്വർണ്ണപണയ വായ്‌പ എന്നിവ ആരംഭിക്കുകയും നല്ല രീതിയിൽ SHG കൾക്ക് 10 ലക്ഷം രൂപ വരെയുള്ള വായ്‌പയും 8% പലിശയിൽ സ്വർണ്ണ പണയ വായ്‌പയും അനുവദിച്ചു വരുന്നു. ഇതു വരെ 1647 പേർക്കായി ഈ ഇനങ്ങളിൽ 7.04 കോടി രൂപയുടെ വായ്‌പകൾ അനുവദിച്ചു.




ബാങ്കിൽ അഡ്‌മിനി‌സ്ട്രേറ്റീവ് കമ്മിറ്റി ഭരണം ആരംഭിച്ചതിനു ശേഷം ഇതു വരെ നിക്ഷേപകർക്ക് മുതലും പലിശയുമിനത്തിൽ 108 കോടി രൂപ തിരിച്ചു നൽകി. ഇതിൽ 86 കോടി രൂപ വായ്‌പ കുടിശ്ശിക തിരിച്ചു പിടിച്ച ഇനത്തിലുള്ള വരവാണ്. ബാക്കി തുക പ്രാഥമിക സഹകരണ സംഘങ്ങളിൽ നിന്നുമുള്ള നിക്ഷേപവും.

കരുവന്നൂർ ബാങ്കിന് കുടിശ്ശിക പിരിവിനായി 2023 ഒക്ടോബറിൽ പ്രത്യേകം അനുവദിച്ചു കിട്ടിയ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഉപയോഗപ്പെടുത്തി കൊണ്ട് ഊർജിതമായ കുടിശ്ശിക പിരിവാണ് സംഘടിപ്പിച്ചിട്ടുള്ളത്. ഈ ചുരുങ്ങിയ സമയംകൊണ്ട് 9 കോടി യിലധികം രൂപ ഈയിനത്തിൽ പിരിച്ചെടുത്തു. ഈ പദ്ധതിക്ക് 31.03.2024 വരെ കാലാവധി അനുവദിച്ചിട്ടുണ്ട്. 50 കോടി പിരിച്ചെടുക്കുക എന്നതാണ് ലക്ഷ്യം. അതിനായിള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.



പുതിയ നിക്ഷേപങ്ങൾ കണ്ടെത്താനും ഭരണസമിതി പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി 123 നിക്ഷേപകരിൽ നിന്നായി 67 ലക്ഷം രൂപ നിക്ഷേപമായി സമാഹരിക്കുവാൻ കഴിഞ്ഞു. മാർച്ച് 31 നു മുമ്പായി 5 കോടി രൂപ നിക്ഷേപം സമാഹരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിലെ നിക്ഷേപകരുടെ താൽപര്യം സംരക്ഷിക്കുന്നതിനും ബാങ്ക് പ്രവർത്തനം പൂർവ്വസ്ഥിതിയി ലാക്കുന്നതിനുമുള്ള പ്രവർത്തനങ്ങളിൽ ഏവരുടെയും സഹകരണങ്ങൾ പ്രതീക്ഷിക്കുന്നതായി കമ്മിറ്റി അറിയിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page