ഇരിങ്ങാലക്കുട : ഭാരതത്തിൻ്റെ മഹത്തായ വൈജ്ഞാനിക പരമ്പരയുടെ സമ്പന്നത സമകാലിക വിദ്യാഭ്യാസത്തിൽ അടയാളപ്പെടുത്തേണ്ടത് പുതിയ കാലത്തിൻ്റെ ആവശ്യമാണെന്ന് യുജിസി സെക്രട്ടറി പ്രൊഫ.മനീഷ് ആർ ജോഷി. പുരാതന അറിവുകളെ കൂടി ഉൾക്കൊള്ളുന്ന തരത്തിൽ വിദ്യാഭ്യാസം മാറേണ്ടതുണ്ട്. പുതിയ കാലത്തിൻ്റെ പ്രശ്നപരിഹാരങ്ങൾക്ക് നമ്മുടെ തനത് അറിവുകൾ ഉപകാരപ്രദമായി വിനിയോഗിക്കാൻ ഉന്നത വിദ്യാഭ്യാസ പാഠ്യപദ്ധതി നവീകരിക്കണം.
ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് (ഓട്ടോണമസ്)കോളേജ്, “ഭാരതീയ ജ്ഞാന പരമ്പരകളിലെ തനത് അറിവുകളുടെ വീണ്ടെടുക്കലും സംരക്ഷണവും ” എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ത്രിദിനദേശീയ സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസി സ്വാഗതം ആശംസിച്ചു.കോളേജ് മാനേജർ സിസ്റ്റർ. ട്രീസ ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെമിനാർ കോർഡിനേറ്റർ ഡോ. വി. എസ്. സുജിത ആമുഖ പ്രഭാഷണം നടത്തി. ഡോ. ഇ. റ്റി. യദു നാരായണൻ മൂസ് മുഖ്യാതിഥിയായിരുന്നു. ചെയർപേഴ്സൺ അഫ് ല സിമിൻ നന്ദി രേഖപ്പെടുത്തി.
തുടർന്ന് കേരളത്തിലെ വിവിധ കോളജുകളിൽ നിന്നുള്ള പ്രിൻസിപ്പൽമാർ, ഇന്ത്യൻ നോളജ് സിസ്റ്റം കോർഡിനേറ്റർമാർ എന്നിവരുമായി പ്രൊഫ. മനീഷ് ആർ ജോഷി സംവദിച്ചു.
റിസേർച്ച് സെമിനാർ ഹാളിൽ രാവിലെ 11: 30 ന് വൈദ്യ രത്നം ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടറും അഷ്ടവൈദ്യ തൈക്കാട്ടുമൂസ് കുടുംബാംഗവുമായ ഡോ. ഇ. റ്റി. യദു നാരായണ മൂസ് “അഷ്ടവൈദ്യ ആയുര്‍വേദ പാരമ്പര്യം” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ആയുര്‍വേദത്തിന്റെ പാരമ്പര്യവും ശാസ്ത്രീയ അടിത്തറയും അദ്ദേഹം വിശദീകരിച്ചു.
ഐഐടി ഹൈദരാബാദ് ഡിസൈൻ വിഭാഗം പ്രൊഫസർ പ്രൊഫ. ദീപക് ജെ. മാത്യു “ഇന്ത്യൻ പൈതൃകത്തിന്റെ ഡിജിറ്റൽ സംരക്ഷണം” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. പാരമ്പര്യ അറിവുകളുടെ സംരക്ഷണത്തിൽ ഡിജിറ്റൽ സാങ്കേതിക വിദ്യകൾ വഹിക്കുന്ന പങ്ക് അദ്ദേഹം ചൂണ്ടിക്കാട്ടി.
“തനത് അറിവുകളിലെ സയൻസിൻ്റെ പ്രായോഗികത” എന്ന വിഷയത്തിൽ പാനൽ ചർച്ച നടന്നു. ഡോ. സന്ദീപ് ദാസ് (Biologist, EDGE Fellow, Zoological Society of London) മോഡറേറ്ററായ ചർച്ചയിൽ ഡോ. മായ എസ്. നായർ (കേരള ഫോക്‌ലോറിലെ പരമ്പരാഗത ഔഷധരീതികൾ), ഡോ. ഉണ്ണികൃഷ്ണൻ ടി. (ഗ്രഹസ്ഥാനങ്ങളിലൂടെ കാലാവസ്ഥ പ്രവചനം), ഡോ. സൂരജ് ആർ. എസ്. (സംസ്കൃത വെറ്ററിനറി തനത് ചികിത്സാരീതികൾ), സ്വദേശീയ വിജ്ഞാന ഗവേഷകൻ ശ്രീ. വി. എച്ച്. ദിറാർ (കേരളത്തിലെ പരമ്പരാഗത ലോഹവിദ്യ) എന്നിവർ വിഷയാവതരണം നടത്തി.
ശ്രീ നീലകണ്ഠ ഗവൺമെന്റ് സംസ്കൃത കോളേജ്, പാലക്കാട് മലയാളം വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. അരുണ്‍ മോഹൻ പി. “മധ്യകാല കേരളത്തിലെ വ്യാപാരവും വാണിജ്യവും” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.
അധ്യാപകരും ഗവേഷകരും വിദ്യാർത്ഥികളും ഉൾപ്പെടെ നിരവധി പേർ സെമിനാറിൽ പങ്കെടുത്തു. നാളെ പദ്മശ്രീ ചെറുവയൽ രാമനുമായി ഡോ. അനീഷ് ഇ. എം ( അസോസിയേറ്റ് പ്രൊഫസർ, കാലിക്കറ്റ് സർവകലാശാല) നടത്തുന്ന സംഭാഷണം, വേദങ്ങളിലെ ശാസ്ത്രത്തെ പറ്റി ഡോ. വിജയ് ശ്രീകാന്ത് കാഞ്ചി നടത്തുന്ന പ്രഭാഷണം, ഡോ. സന്ദീപ് ദാസ്, ഡോ. പ്രമോദ് ഇരുമ്പുഴി എന്നിവർ പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ടു നടത്തുന്ന ക്ലാസുകൾ എന്നിവ നടക്കും. മറ്റന്നാൾ വിപിൻ വിശ്വനാഥ പുലവരും സംഘവും അവതരിപ്പിക്കുന്ന തൊൽപ്പാവക്കൂത്ത് പരിപാടിയുടെ പ്രധാന ആകർഷണമാണ്.

