‘ഗോപിനാഥം – ഓർമ്മകളിലേയ്ക്കൊരു തിരനോക്ക്…’ ജൂലായ് 26ന്

ഇരിങ്ങാലക്കുട : ‘ഓർമ്മകളിലേയ്ക്കൊരു തിരനോക്കു’മായി “ഗോപിനാഥം 2026” ജൂലായ് 26ന് അരങ്ങേറും. യശശ്ശരീരനായ പ്രശസ്ത കഥകളി വേഷകലാകാരൻ കലാനിലയം ഗോപിനാഥന്റെ സ്മരണ പുതുക്കാനായി, കലാനിലയം ഗോപിനാഥൻ്റെ ശിഷ്യർ, ഇരിങ്ങാലക്കുട കഥകളി ക്ലബിൻ്റെ സഹകരണത്തോടെ ഒരുക്കുന്ന അനുസ്മരണ പരിപാടി ജൂലായ് 26, ഞായറാഴ്ച വൈകീട്ട് 4 മണിക്ക് ഇരിങ്ങാലക്കുട നഗരസഭ ടൗൺഹാളിൽ ഒരുക്കുന്നു.



വൈകീട്ട് 4ന് നടക്കുന്ന അനുസ്മരണ പരിപാടിയിൽ പ്രമുഖർ പങ്കെടുക്കും. ആവണങ്ങാട്ടിൽ ഋഷികേശ് പണിക്കർ ഛായാചിത്രത്തിനു മുന്നിൽ തിരിതെളിയിച്ച്‌ പുഷ്പാർച്ചന നടത്തും. മാസ്റ്റർ ശൈലേഷ്, കലാനിലയം വൈകേഷ് എന്നിവരുടെ കേളികൊട്ടും.



എം.എൽ.എ അഡ്വ തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്യും. ഉണ്ണായിവാരിയർ സ്മാരക കലാനിലയം സെക്രട്ടറി അഡ്വ. സതീഷ് വിമലൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഇരിങ്ങാലക്കുട നഗരസഭ ചെയർമാൻ എം പി ജാക്സൺ പങ്കെടുക്കും.



അനുസ്മരണഭാഷണത്തിൽ “ഗോപിനാഥന്റെ വ്യക്തിജീവിതം” എന്ന വിഷയത്തിൽ അഡ്വ എ യു രഘുരാമപണിക്കർ, “ഗോപിനാഥന്റെ കുടുംബജീവിതം” എന്ന വിഷയത്തിൽ മുൻ ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു, “ഗോപിനാഥൻ എന്ന അധ്യാപകനും കളരിയും” എന്ന വിഷയത്തിൽ സി വിനോദ് കൃഷ്ണൻ എന്നിവർ സംസാരിക്കും.



കലാനിലയം ഗോപിനാഥന്റെ സ്മരണാർത്ഥം കുടുംബം ഏർപ്പെടുത്തിയ ‘ഗോപിനാഥം പുരസ്കാര’ത്തിന് ഈ വർഷം അർഹനായ യുവകഥകളി നടൻ കലാമണ്ഡലം ആശിർവാദിന് ഡോക്ടർ സദനം കൃഷ്ണൻകുട്ടിയാശാനും, ഗോപിനാഥം അനുസ്മരണസമിതി ഏർപ്പെടുത്തിയ ‘ഗോപിനാഥം സ്മൃതി’ പുരസ്കാരത്തിന് അർഹനായ കലാനിലയം സൂരജ് സുബ്രഹ്മണ്യന് കലാനിലയം രാഘവൻ ആശാനും പുരസ്കാരങ്ങൾ സമർപ്പിക്കും .



ഡോ. ഭദ്ര പി കെ എം അവതാരികയാകുന്ന യോഗത്തിൽ പാർവ്വതി പിണയ്ക്കാമിറ്റം പ്രാർത്ഥനഗാനമാലപിക്കും. ഇരിങ്ങാലക്കുട കഥകളി ക്ലബ്ബ് പ്രസിഡണ്ട് രമേശൻ നമ്പീശൻ യോഗത്തിന് സ്വാഗതവും പ്രദീപ് രാജ് പറാക്കടവ് നന്ദിയും പ്രകാശിപ്പിക്കും. വൈകീട്ട് 6ന് ശിഷ്യർ പങ്കെടുക്കുന്ന ദക്ഷയാഗം കഥകളി അരങ്ങേറും. കലാനിലയം ഗോപിനാഥൻ ആശാൻ അനുസ്മരണ സമിതിയാണ് പരിപാടി ഒരുക്കുന്നത്.



ക്ഷമാരാജ (സതി) കലാനിലയം അജയ് ശങ്കർ (വൃദ്ധബ്രാഹ്മണൻ)
കലാനിലയം അരവിന്ദ് (ശിവൻ), കലാനിലയം വിനോദ് കുമാർ (ദക്ഷൻ), രാധിക ബാലു (ഇന്ദ്രൻ), വിജയൻ പിണയ്ക്കാമിറ്റം (ദധീചി), കലാനിലയം ശ്രീജിത്ത് സുന്ദരൻ (വീരഭദ്രൻ), രശ്മി വാര്യർ (ഭദ്രകാളി), മറ്റ് ശിഷ്യർ (ബ്രാഹ്മണൻ, ഭൂതഗണങ്ങൾ ) എന്നിവർ വേഷമിടും. നെടുമ്പള്ളി രാംമോഹൻ, ജിഷ്ണു ഒരുപുലാശ്ശേരി, ശ്രീദേവൻ ചെറുമിറ്റം എന്നിവർ സംഗീതമാലപ്പിക്കും. കലാനിലയം ഉദയൻ നമ്പൂതിരി, കലാനിലയം അഖിൽ എന്നിവർ ചെണ്ടയിലും കലാനിലയം ഉണ്ണികൃഷ്ണൻ, കലാനിലയം മണികണ്ഠൻ എന്നിവർ പക്കമേളമൊരുക്കും. കലാനിലയം പത്മനാഭൻ, കലാനിലയം രാജീവ് ചുട്ടി കുത്തും. കലാമണ്ഡലം മനേഷ് എം പണിക്കർ, നാരായണൻകുട്ടി (അനിയൻ) ഇരിങ്ങാലക്കുട, എം. എൻ നാരായണൻ നായർ, കലാമണ്ഡലം മനേഷ് എം പണിക്കർ, കലാനിലയം ശ്യാംമനോഹർ എന്നിവർ അണിയറ സഹായികളാകും. രംഗഭൂഷ ഇരിങ്ങാലക്കുട ചമയം ഒരുക്കും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page