ഇരിങ്ങാലക്കുട : സമകാലിക വിഷയങ്ങൾ ഉൾപ്പെടുത്തി യുവജനങ്ങൾക്ക് അവരുടെ അഭിപ്രായങ്ങളും ആശങ്കകളും രാഷ്ട്രീയ വിഷയങ്ങളിലെ ആശയങ്ങളും പ്രകടിപ്പിക്കാൻ ഒരു വേദി നല്കുകയും ജനാധിപത്യ പ്രക്രിയയിൽ യുവാക്കളെ ഉൾപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ് യൂണിയൻ ‘യുക്ത’ ‘യൂത്ത് പാർലമെൻ്റ് സംഘടിപ്പിച്ചു .
തൃശൂർ ലോക് സഭാംഗം ടി. എൻ പ്രതാപൻ ഉദ്ഘാടനം നിർവഹിച്ചു. നിയമസഭാംഗമായ അഡ്വ. പി. വി. ശ്രീനിജിൻ മുഖ്യ പ്രഭാഷകനായിരുന്നു.
ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്തിൻ്റെ സാമൂഹിക ശാസ്ത്രജ്ഞരായി ഓരോരുത്തരും മാറണമെന്ന് എം.പി. ടി എൻ പ്രതാപൻ അഭിപ്രായപ്പെട്ടു. നിയമം ഉണ്ടാക്കുന്നവരും നിയമത്തിന് അതീതരല്ല എന്ന ജനാധിപത്യ വീക്ഷണത്തെ മനസിലുറപ്പിക്കേണ്ട ആവശ്യകത എം എൽ എ ശ്രീനിജൻ ചൂണ്ടിക്കാട്ടി. വിദ്യാർത്ഥിനികളിലെ നേതൃപാടവം വളർത്തുന്നതിനും ഇന്ത്യൻ പാർലിമെൻ്റിലെ പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിനുമാണ് ഇത്തരം ഒരു പരിപാടി ക്യാമ്പസിയിൽ സംഘടിപ്പിച്ചത്.
സത്യപ്രതിജ്ഞാ ചടങ്ങോടെയാണ് യൂത്ത് പാർലമെൻ്റ് ആരംഭിച്ചത്. ചോദ്യോത്തര വേളയിൽ പുതിയ വിദ്യാഭ്യാസ നയം, കർഷക സമരം, അഗ്നിവീർ പദ്ധതി, മണിപ്പൂർ കൂട്ടക്കൊല തുടങ്ങി കാലിക പ്രസക്തമായ വിഷയങ്ങളിൽ ചൂടേറിയ സംവാദങ്ങളും ചർച്ചകളും നടന്നു.
പ്രതിപക്ഷ ഭാഗത്ത് നിന്നും ഉയർന്ന ചോദ്യങ്ങൾക്ക് ഭരണ പക്ഷം മറുപടി നൽകി. പ്രിൻസിപ്പൽ ഡോ സി ബ്ലെസ്സി , അസ്സി. പ്രൊഫ ഡോ. മനോജ് ലാസർ, സ്റ്റുഡൻ്റ് എഡിറ്റർ എയ്ഞ്ചലിൻ സണ്ണി എന്നിവർ സംസാരിച്ചു.