ഇരിങ്ങാലക്കുട : ജനൽ വഴി കയ്യിട്ടും വാതിലുകൾ വഴി വീടിനകത്തു കയറി സ്ത്രീകളുടെ മാലപൊട്ടിക്കുകയും ബാഗുകൾ സ്വർണ്ണാഭരണങ്ങൾ മോഷ്ടിക്കുന്ന കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ . കൂർക്കഞ്ചേരി സ്വദേശി പട്ടാട്ടിൽ ഗോപിയെ (43 വയസ്സ്) ആണ് റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ടി.കെ.ഷൈജു, ചേർപ്പ് എസ്.ഐ. ശ്രീലാൽ.എസ് എന്നിവർ അറസ്റ്റു ചെയ്തത്.
നിരവധി മോഷണ കേസ്സിൽ പ്രതിയായ ഇയാൾ രണ്ടാം ഭാര്യയോടൊപ്പം ആറാട്ടുപുഴ മുളങ്ങിൽ ഒളിച്ചു താമസിക്കുകയായിരുന്നു. സന്ധ്യ സമയങ്ങളിൽ കറങ്ങി നടന്ന് ഇരുട്ടുന്നതോടെ പതുങ്ങിയിരുന്ന് വീടുകൾ നിരീക്ഷിച്ചാണ് മോഷണം നടത്തുക.
കഴിഞ്ഞവർഷം ഇരുപത്താറാം തിയ്യതി രാത്രി ഏഴരയോടെ ഊരകത്തെ വീടിനു പുറകിൽ പാത്രം കഴുകുകയായിരുന്ന 78 കാരിയുടെ അഞ്ചു പവൻ സ്വർണ്ണ മാലയും മാർച്ച് മാസത്തിൽ പെരുമ്പിള്ളിശ്ശേരിയിലെ വീടിന്റെ സിറ്റൗട്ടിൽ ഫോൺ ചെയ്തിരിക്കുകയായിരുന്ന 39 കാരിയുടെ കഴുത്തിലെ മാലയും ഒക്ടോബർ ഏഴാം തിയ്യതി രാത്രി ഒമ്പതരയോടെ പെരുവനത്തെ വീട്ടിൽ ജനൽ അടയ്ക്കുവാൻ ചെന്ന അറുപത്തിനാലുകാരിയുടെ രണ്ടു പവൻ സ്വണ്ണമാലയും ജനലിലൂടെ കൈയ്യിട്ടു പൊട്ടിച്ചതും ഇയാളാണ്.
ഇക്കഴിഞ്ഞ ഏപ്രിലിൽ പൂരം സാമ്പിൾ വെടിക്കെട്ട് ടിവിയിൽ കണ്ടു കൊണ്ടിരിക്കുകയായിരുന്ന ഊരകം സ്വദേശി ബാല മുരുകന്റെ ഒന്നേമുക്കാൽ പവന്റെ സ്വർണ്ണ മാല വീടിന്റെ മുൻ വാതിൽ ഗ്രിൽഡോർ തുറന്ന് അകത്തു കയറിയാണ് ഇയാൾ പൊട്ടിച്ച് ഓടിയത്.
ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെ കരുവന്നൂർ പനങ്കുളത്തും ഒരു മോഷണം നടന്നിരുന്നു. വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന 75 കാരിയുടെ ഒന്നേമുക്കാൽ പവന്റെ സ്വർണ്ണ മാല ജനലിലൂടെ കൈയ്യിട്ട് കള്ളൻ പൊട്ടിച്ചെടുത്തത്. ഈ കേസ്സിലെ അന്വേഷണത്തിലാണ് ഗോപിയെ പിടികൂടിയത്. പിന്നീട് അന്വേഷണ സംഘത്തിന്റെ വിദഗ്ദമായ ചോദ്യം ചെയ്യലിലാണ് അഞ്ചു കേസ്സുകൾ തെളിഞ്ഞത്. മോഷ്ടിച്ച സ്വർണ്ണം ഇയാൾ തൃശൂരിലാണ് വിറ്റത്. മോഷണമുതലുകൾ പോലീസ് കണ്ടെടുത്തു വരുന്നു.
ബിയറും അൽഫാം ചിക്കനും പ്രിയം
തൃശൂരിൽ ശരീര സൗന്ദര്യ മത്സരത്തിൽ പങ്കെടുത്തിട്ടുള്ള ഗോപി മോഷ്ടിച്ചു കിട്ടുന്ന പണം തിന്നും കുടിച്ചും തീർക്കും . പിടികൂടാനെത്തിയ പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാനുള്ള ശ്രമവും ഇയാൾ നടത്തി. മോഷണ ശേഷം സുഹൃത്തുക്കളുമൊത്തുള്ള മദ്യപാനവും ആർഭാട ജീവിതവുമാണ് ഇയാളുടേത്. സൈക്കിലും , ഓട്ടോയും എത്തി ദൂരെ സ്ഥലത്ത് വച്ച് മതിലും വേലിയും ചാടി പറമ്പുകളിലൂടെയാണ് ഇയാൾ മോഷണ സ്ഥലത്ത് എത്തുക.
നെടുപുഴ , തൃശൂർ വെസ്റ്റ്, ഈസ്റ്റ് , വിയ്യൂർ, മാള, ചേർപ്പ് സ്റ്റേഷനുകളിൽ ഇയാൾക്ക് കേസ്റ്റുകളുണ്ട്.
എസ്.ഐ. ബസന്ത് ,എ.എസ്.ഐ. കെ.എസ്.ഗിരീഷ്, സീനിയർ സി.പി.ഒ.മാരായ എം.എ.മാധവൻ പി.എ.സരസപ്പൻ , പി.വി.രാജു, ഇ.എസ് ജീവൻ ,സി.പി.ഒ മാരായ ഫൈസൽ മേച്ചരി, കെ.എസ്.സുനിൽകുമാർ കെ.എസ്.ഉമേഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.