ചെട്ടിക്കുന്ന് വ്യൂ പോയൻ്റിലെ ഓണപ്പാട്ട് പ്രകാശനം വിസ്മായനുഭവമായി

പുത്തൻച്ചിറ : അധികമാരും അറിയാതെയും കാണാതെയും കിടക്കുന്ന അതി മനോഹര ദൃശ്യചാരുത അനുഭവവേദ്യമാക്കുന്ന ഇടമാണ് പുത്തൻച്ചിറ തച്ചപ്പിള്ളി പാലത്തിനടുത്തുള്ള ചെട്ടിക്കുന്ന് വ്യൂ പോയൻ്റ്. കനോലി കനാലിൻ്റെ തിട്ടു പൊട്ടി ഒഴുകിയെത്തുന്ന പോലെയുള്ള അതിവിശാലമായ ജലാശയവും അങ്ങകലെ അതിന് അതിരിടുന്ന കുന്നുകളും തുരുത്തുകളുമെല്ലാം സഞ്ചാരികളുടെ മനസ്സിൽ എന്നും ഹരിതാഭമായ പറുദീസയൊരുക്കും.

ഫോട്ടോഷൂട്ടുകാർക്കും ഇത് ഏറ്റവും ഇഷ്ടപ്പെട്ട ലൊക്കേഷനുകളിലൊന്നാണ് . ബന്ധപ്പെട്ടവരുടെ സത്വര ശ്രദ്ധപതിയാത്തതിനാൽ അവിടം ഇന്നും അവഗണിക്കപ്പെട്ടു കിടക്കുകയാണ്. ഈ അടുത്ത കാലത്താണ് ജില്ലാ പഞ്ചായത്ത് കൈവരികളോടുകുടി ഒരു കോൺക്രീറ്റ് തട്ട് നിർമ്മിച്ചതും ഗ്രാമ പഞ്ചായത്ത് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചതും . ‘. ഗ്രാമീണ ടൂറിസത്തിൻ്റെ വികസനത്തിന് ഏറെ പ്രാധാന്യം നൽകുന്ന സർക്കാരിൻ്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനും ആരും ശ്രമിച്ചിട്ടില്ല.



ഈ സാഹചര്യത്തിലാണ് ഗ്രാമീണ വായനശാലയും താഷ്ക്കൻ്റ് ലൈബ്രറിയും ചേർന്ന് അവിടത്തെ ആദ്യ സാംസ്കാരിക പരിപാടി എന്ന നിലയിൽ ഖാദർ പട്ടേപ്പാടം എഴുതിയ രണ്ട് ഓണപ്പാട്ടുകളുടെ പ്രകാശനച്ചടങ്ങ് സംഘടിപ്പിച്ചത്. പ്രദേശവാസികളും കേട്ടറിഞ്ഞെത്തിയ സഹൃദയരും കൂടിച്ചേർന്നപ്പോൾ അത് ചെട്ടിക്കുന്ന് ടൂറിസ്റ്റ് വ്യൂ പോയൻ്റിൻ്റെ വിളംബരമായി മാറി.

ടി.കെ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആർട്ടിസ്റ്റ് ടി.സി. നാരായണനും എഴുത്തുകാരൻ തുമ്പൂർ ലോഹിതാക്ഷനും പാട്ടുകളുടെ പ്രകാശനം നിർവ്വഹിച്ചു. സിനിമ – സീരിയൽ താരം അനൂപ്, കൊടുങ്ങല്ലൂർ അധ്യാപക സഹകരണ സംഘം പ്രസിഡൻ്റ് ടി.എസ്. സജീവനും ഷീന സജിത്തും ഏറ്റുവാങ്ങി.



‘ചാഞ്ചക്കം ചിഞ്ചക്കം ഓണം വന്നേ…’ എന്ന ആൽബത്തിലെ കുഞ്ഞു ഗായകരായ ദ്വിതിക, അശ്വിൻ എന്നിവരെ ഐ.ബാലഗോപാൽ സമ്മാനങ്ങൾ നൽകി ആശീർവദിച്ചു. ഖാദർ പട്ടേപ്പാടം,എ.കെ. ദേവരാജൻ , പി.എസ്. ശങ്കരൻ, എ.വി. ഉണ്ണികൃഷ്ണൻ , രമിത സുധീന്ദ്രൻ എന്നിവർ സംസാരിച്ചു.

പാട്ടരങ്ങും കാവ്യാർച്ചനയും മറ്റു കലാപരിപാടികളും അരങ്ങേറി. ഓണപ്പട്ടുകൾക്ക് ഈണം നൽകിയിട്ടുള്ളത് ആർ.എൻ. രവീന്ദ്രനാണ്. ദ്വിതിക , അശ്വിൻ എന്നിവർക്ക് പുറമെ പ്രശസ്ത ഗായിക സ്വാതി സുധീറും പാടിയിരിക്കുന്നു. എം.സി. ഓഡിയോസും എഡ്യു സ്ക്വയർ ചാനലുമാണ് ഓണപ്പാട്ടുകൾ ശ്രോതാക്കളിലേത്തിക്കുന്നത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page