ഇൻഡസ്ട്രി-അക്കാദമിക സഹകരണത്തിന് പുതിയ വേദിയൊരുക്കി സെന്റ് ജോസഫ്‌സ് കോളേജിൽ ‘കോൺഫ്ലുവൻസ് 2026’

ഇരിങ്ങാലക്കുട : അക്കാദമിക രംഗവും വ്യവസായ മേഖലയും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി സെന്റ് ജോസഫ്‌സ് കോളേജ് (ഓട്ടോണമസ്), ഇരിങ്ങാലക്കുടയിൽ ‘കോൺഫ്ലുവൻസ്’ 2026 സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 21ന് നടക്കുന്ന പരിപാടിയിൽ വിവിധ ഇൻഡസ്ട്രികളിൽ നിന്നുള്ള പ്രതിനിധികൾ സെൻ്റ് ജോസഫ്‌സ് കോളജുമായി ധാരണാപത്രം ഒപ്പു വയ്ക്കും.ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ ഉദ്ഘാടനം ചെയ്യുന്ന പരിപാടി കോളേജിന്റെ ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ (IQAC)-ന്റെ നേതൃത്വത്തിലാണ് സംഘടിപ്പിക്കുന്നത്.


കോളേജും വ്യവസായ–പ്രൊഫഷണൽ മേഖലകളും തമ്മിലുള്ള സഹകരണം കൂടുതൽ സുസ്ഥിരമാക്കുകയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. ഇൻഡസ്ട്രിയുമായി ബന്ധപ്പെട്ട് പാഠ്യപദ്ധതി നവീകരണം, വിദ്യാർഥികളുടെ നൈപുണ്യ വികസനം, ജോലി ലഭ്യത ഉറപ്പാക്കും വിധം വ്യവസായ മേഖലയുമായുള്ള ഇടപെടൽ എന്നിവ ഈ പരിപാടിയിലൂടെ ഉറപ്പുവരുത്തുന്നു.


വ്യവസായ മേഖലയിൽ രൂപപ്പെടുന്ന പുതിയ തൊഴിൽസാധ്യതകൾക്കും ആവശ്യങ്ങൾക്കും അനുസൃതമായി പാഠ്യപദ്ധതി രൂപപ്പെടുത്തുന്നതിനും പരിഷ്‌കരിക്കുന്നതിനും ഈ പദ്ധതിയിലൂടെ അവസരം ലഭിക്കും. വിദ്യാർഥികൾക്ക് ഇന്റേൺഷിപ്പുകൾ, ഫീൽഡ് സന്ദർശനങ്ങൾ, വർക്ക്‌ഷോപ്പുകൾ, വിദഗ്ധരുമായുള്ള സംവാദങ്ങൾ, തൊഴിൽപരിശീലനം, നൈപുണ്യ വികസന ക്ലാസുകൾ എന്നിവ ഒരുക്കുന്നതിനും സഹകരണമുണ്ടാകും.

നാലുവർഷ ബിരുദ പ്രോഗ്രാം (FYUGP) അനുഭവാധിഷ്ഠിത പഠനം, ഇന്റേൺഷിപ്പ്, പ്രോജക്ടുകൾ, എന്നിവയ്ക്ക് നൽകുന്ന വർധിച്ച പ്രാധാന്യത്തിന്റെ പശ്ചാത്തലത്തിൽ കോൺഫ്ലുവൻസ് 2026ന് പ്രത്യേക പ്രസക്തിയുണ്ട്. FYUGP മുന്നോട്ടുവയ്ക്കുന്ന ഈ ആശയങ്ങളെ വ്യവസായ–പ്രൊഫഷണൽ മേഖലയുമായുള്ള ദീർഘകാല സഹകരണങ്ങളാക്കി മാറ്റുന്നതിനുള്ള വേദിയായാണ് കോളേജ് കോൺഫ്ലുവൻസിനെ കാണുന്നത്.


ഉദ്ഘാടന വേദിയിൽ നാഷണൽ സർവ്വീസ് സ്കീം ട്രൈബൽ മേഖലയിലെ യുവജനങ്ങൾക്കായി “സമന്വയം ” എന്ന പേരിൽ നടത്തുന്ന പ്രൊജക്ട് ലോഞ്ച് ഉന്നത വിദ്യഭ്യാസ മന്ത്രി റോജി എം ജോൺ നിർവഹിക്കും. അക്കാദമിക പഠനത്തെ സാമൂഹിക ഉത്തരവാദിത്വത്തോടും സമൂഹപങ്കാളിത്തത്തോടും ചേർത്തുനിർത്താനുള്ള കോളേജിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ സംരംഭം നടപ്പാക്കുന്നത്.

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് ഔപചാരിക സ്വീകരണം, ഉദ്ഘാടന സമ്മേളനം, പങ്കെടുക്കുന്ന കമ്പനികളെയും സഹകരിക്കുന്ന വകുപ്പുകളെയും പരിചയപ്പെടുത്തൽ, വ്യവസായ പ്രതിനിധികളും വിദ്യാർഥികളും തമ്മിലുള്ള സംവാദം, ആദരിക്കൽ, സമാപന സമ്മേളനം എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും.

അക്കാദമിക–വ്യവസായ മേഖലകൾ തമ്മിലുള്ള ഇടയ്ക്കിടെയുള്ള ആശയവിനിമയങ്ങളിൽ ഒതുങ്ങാതെ, തുടർച്ചയായ സഹകരണത്തിന്റെ പുതിയ മാതൃക സൃഷ്ടിക്കുകയാണ് കോൺഫ്ലുവൻസ് 2026ന്റെ ലക്ഷ്യം. പാഠ്യപദ്ധതി രൂപീകരണത്തിലും വിദ്യാർഥികളുടെ പഠനത്തിലും വ്യവസായ മേഖലയെ സജീവ പങ്കാളിയാക്കുന്നതിലൂടെ, സമകാലിക തൊഴിൽ മേഖലയ്ക്ക് ആവശ്യമായ അറിവും നൈപുണ്യവും വിദ്യാർഥികളിൽ വളർത്തുകയാണ് ലക്ഷ്യമിടുന്നത്. അതോടൊപ്പം അക്കാദമിക സമൂഹവുമായി വ്യവസായ മേഖലയ്ക്ക് അർഥപൂർണമായ ഇടപെടലുകൾ നടത്താനുള്ള അവസരങ്ങളും ഒരുക്കും. ഇതിനു തുടർച്ചയായി കൂടുതൽ കമ്പനികളെ കോളജിലേക്ക് തൊഴിൽ ദാതാക്കളായി കൊണ്ടുവരാനുള്ള പ്രവർത്തനങ്ങളും കോളജ് ആസൂത്രണം ചെയ്യുന്നുണ്ട്.



കോളേജ് പ്രിൻസിപ്പൽ ഡോ. സി. ബ്ലെസി, പ്രോഗ്രാം കോർഡിനേറ്റർ ആൻ്റ് ഐക്യുഎസി കോർഡിനേറ്റർ ഡോ. ഷെറിൻ ജോസ് ടി, ജോയിൻ്റ് കോർഡിനേറ്റർ ഡോ. ഡെല്ല തെരേസ് ഡേവിസ്, കോളേജ് പി ആർ ഓ ഡോ സ്റ്റാലിൻ റാഫേൽ, NSS പ്രോഗ്രാം ഓഫീസർ മിസ് വീണ സാനി, മീഡിയ കോർഡിനേറ്റർ ഡോ. അഞ്ജു ആൻ്റണി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page