ഐ.ആർ.ഡബ്ല്യു.വിന്റെ മുങ്ങിമരണ പ്രതിരോധ ക്യാമ്പയിൻ സമാപിച്ചു

ജൂലൈ 25 മുതൽ 31 വരെ ലോക മുങ്ങിമരണ പ്രതിരോധ ദിനത്തോടനുബന്ധിച്ച് ഐഡിയൽ റിലീഫ് വിംഗ് കേരള (IRW) സംഘടിപ്പിച്ച ഒരാഴ്ച നീണ്ടുനിന്ന മുങ്ങിമരണ പ്രതിരോധ ക്യാമ്പയിൻ സമാപിച്ചു. ‘മുങ്ങി മരണങ്ങൾ ആവർത്തിക്കാതിരിക്കട്ടെ’ എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് ജലസുരക്ഷയെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്യാമ്പയിൻ സംഘടിപ്പിച്ചത്.

സംസ്ഥാന തലത്തിൽ നദികൾ, കുളങ്ങൾ, കടൽത്തീരങ്ങൾ തുടങ്ങി മുങ്ങിമരണ സാധ്യത കൂടുതലുള്ള ഇടങ്ങൾ കേന്ദ്രീകരിച്ചാണ് ബോധവൽക്കരണ പരിപാടികൾ ഉൾപ്പെടെ ക്യാമ്പയിൻ പ്രവർത്തനങ്ങൾ നടന്നത്. അപകടസാധ്യതയുള്ള ഈ സ്ഥലങ്ങളിൽ ഐ.ആർ.ഡബ്ല്യു. പ്രവർത്തകർ അപകട മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും പ്രാദേശികമായി എളുപ്പത്തിൽ ലഭ്യമാവുന്ന പ്ലാസ്റ്റിക് കുപ്പികളും കാനുകളും മറ്റും ഉപയോഗിച്ചുള്ള ഇംപ്രൊവൈസ്ഡ് ഫ്ലോട്ടിംഗ് ഡിവൈസുകളുടെ നിർമ്മാണ പരിശീലനം നടത്തുകയും ഡിവൈസ് കോർണറുകൾ സ്ഥാപിക്കുകയും ചെയ്തു.



ഇത്തരം സ്ഥലങ്ങളിൽ ഇറങ്ങുമ്പോൾ പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകളെക്കുറിച്ചുള്ള വിവരങ്ങളും ബോർഡുകളിൽ ഉൾപ്പെടുത്തിയിരുന്നു. ക്യാമ്പയിനിന്റെ ഭാഗമായി, പൊതുജനങ്ങൾക്കായി ജലസുരക്ഷയെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.

ചില സ്ഥലങ്ങളിൽ നീന്തൽ പരിശീലനം സംഘടിപ്പിച്ചു. നീന്തൽ അറിയാത്തവർ വെള്ളത്തിൽ ഇറങ്ങരുതെന്നും, കുട്ടികളെ മുതിർന്നവരുടെ മേൽനോട്ടമില്ലാതെ ജലാശയങ്ങളിൽ കളിക്കാൻ അനുവദിക്കരുതെന്നും ക്യാമ്പയിനിലൂടെ ജനങ്ങളെ ഓർമ്മിപ്പിച്ചു. അടിയന്തര സാഹചര്യങ്ങളിൽ എങ്ങനെ രക്ഷാപ്രവർത്തനം നടത്താമെന്നും പ്രഥമശുശ്രൂഷ നൽകണമെന്നും വിദഗ്ദ പരിശീലനം നേടിയ രക്ഷാ പ്രവർത്തകർ വിശദീകരിച്ചു. നിരവധി സ്കൂളുകളിൽ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസുകളും പ്രഥമ ശുശ്രൂഷാ പരിശീലനങ്ങളും സംഘടിപ്പിച്ചു.



വാഹനാപകട മരണങ്ങൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സംഭവിക്കുന്ന മുങ്ങിമരണങ്ങൾ ഒഴിവാക്കാൻ ഓരോ പൗരനും ജാഗ്രത പുലർത്തണമെന്നും വ്യക്തികളുടെയും കുടുംബങ്ങളുടെയും കൂട്ടായ ശ്രമത്തിലൂടെ മാത്രമേ ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ സാധിക്കുകയുള്ളൂ എന്നും ഐ.ആർ.ഡബ്ല്യു. സംസ്ഥാന ജനറൽ കൺവീനർ ഷിഹാബുദ്ദീൻ. ടി.കെ പറഞ്ഞു. ക്യാമ്പയിൻ സമാപനത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രസ്താവനയിൽ ബോധവൽക്കരണ പ്രവർത്തനങ്ങൾ തുടരുമെന്നും, സുരക്ഷിതമായ ഒരു സമൂഹം കെട്ടിപ്പടുക്കാൻ ഐ.ആർ.ഡബ്ല്യു. പ്രതിജ്ഞാബദ്ധമാണെന്നും” അദ്ദേഹം വ്യക്തമാക്കി.

ക്യാമ്പയിൻ്റെ ഭാഗമായി തൃശൂർ കൊച്ചന്നൂരിലും, കൊടുങ്ങല്ലൂരും ജല സുരക്ഷാ കോർണർ സ്ഥാപിച്ചു. വിവിധ ജല രക്ഷാ ഉപകരണങ്ങളുടെ ഉപയോഗത്തെക്കുറിച്ച് ക്ലാസ് സംഘടിപ്പിച്ചു. എം.ബി.ഫസൽ, ഹിഷാം താലിബ്, പി.എ. സലാഹുദ്ദീൻ, പി.ഐ. നിസാർ, എ.കെ.അബ്ദുൽ കരീം, എം.എച്ച്. റഫീക്ക് നേതൃത്വം നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page