ഇ കേശവദാസ് അനുസ്മരണം ഞായറാഴ്ച

ഇരിങ്ങാലക്കുട : കലാസാംസ്ക്കാരികരംഗത്ത് ഊർജ്ജസ്വലസാന്നിദ്ധ്യവും ഇരിങ്ങാലക്കുട കഥകളി ക്ലബ്ബിൻ്റെ മുൻനിരപ്രവർത്തകനുമായിരുന്ന ഇ കേശവദാസിൻ്റെ അനുസ്മരണം ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നവംമ്പർ 16, ഞായറാഴ്ച്ച വൈകീട്ട് 5ന് ഉണ്ണായിവാരിയർ സ്മാരക കലാനിലയം ഹാളിൽ സംഘടിപ്പിക്കുന്നു.

നാലുപതിറ്റാണ്ടോളംനീണ്ട അക്ഷീണപ്രവർത്തനങ്ങളിലൂടെ കലാകാരന്മാരുടേയും ക്ലബ്ബ് അംഗങ്ങളുടേയും ഉറ്റതോഴനായിമാറി അദ്ദേഹം. ഏഴു വർഷങ്ങൾക്കു മുമ്പ് ക്ലബ്ബിൻ്റെ ജോയിൻ്റ് സെക്രട്ടറിയായിരിക്കേ അപ്രതീക്ഷിതമായി വിട്ടുപിരിഞ്ഞ കേശവദാസ് ഏവരുടെയും സ്മൃതിപഥത്തിലുണ്ട്. അദ്ദേഹത്തിന്റെ കുടുംബം കഥകളി ക്ളബ്ബിനുവേണ്ടി ഏർപ്പെടുത്തിയിരുന്ന ഇ കേശവദാസ് സ്മാരക കഥകളി പുരസ്ക്കാരങ്ങൾ ക്ലബ്ബിൻ്റെ മുൻവർഷങ്ങളിലെ വാർഷികദിനത്തിൽ നല്കിവന്നിരുന്നു. സ്മര്യപുരുഷന്റെ ജന്മമാസമായ നവംബറിൽ കുടുംബത്തിന്റെ സഹകരണത്തോടെയാണ് ഇ കേശവദാസ് അനുസ്മരണം നടത്തുന്നത്.

ഞായറാഴ്ച വൈകീട്ട് 5ന് നടക്കുന്ന ഇ കേശവദാസ് അനുസ്മരണ പരിപാടികൾ കഥകളിയാചാരൻ ഡോ. സദനം കൃഷ്ണൻകുട്ടി തിരിതെളിയിക്കുന്നതോടെ ആരംഭിക്കും. കഥകളി നടൻ കലാനിലയം ഗോപി അനുസ്മരണഭാഷണം നടത്തും. ചാലക്കുടി എം മുരളീധരൻ കേശവദാസിൻ്റെ മകൻ ഇ കെ വിനോദ് വാരിയർ രചനയും, രംഗസംവിധാനവും നിർവ്വഹിച്ച ‘യുധിഷ്ഠിരാർജ്ജുനീയം’ ആട്ടക്കഥയെ പരിചയപ്പെടുത്തി കഥകളിക്കുമുമ്പ് ആമുഖപ്രഭാഷണം നടത്തും. ക്ലബ്ബ് പ്രസിഡണ്ട് രമേശൻ നമ്പീശൻ സ്വാഗതവും, സെക്രട്ടറി അഡ്വക്കേറ്റ് രാജേഷ് തമ്പാൻ കൃതജ്ഞതയും പറയും.

കഥകളിയിൽ യുധിഷ്ഠിരനായി കലാമണ്ഡലം അരുൺ വാര്യർ, അർജ്ജുനനായി കലാമണ്ഡലം ഷണ്മുഖദാസ്, കൃഷ്ണനായി ഡോ. ജയന്തി ദേവരാജ് എന്നിവർ വേഷമിടും. കലാനിലയം രാജീവൻ, കലാമണ്ഡലം കൃഷ്ണകുമാർ എന്നിവർ പാട്ടിലും കലാനിലയം ഉദയൻ നമ്പൂതിരി ചെണ്ടയിലും കലാനിലയം പ്രകാശൻ മദ്ദളത്തിലും അകമ്പടിയേകും. കലാനിലയം വിഷ്ണു ചുട്ടി കുത്തും. നെടുമുടി മധുസൂദനപ്പണിക്കർ, കലാമണ്ഡലം മനേഷ്, നാരായണൻകുട്ടി എന്നിവർ അണിയറ സഹായികളാകും. ശ്രീപാർവ്വതി കലാകേന്ദ്രം, ഇരിങ്ങാലക്കുട ചമയമൊരുക്കും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page