സെന്റ്. ജോസഫ്സ് കോളേജിൽ ലിംഗസമത്വ കോൺഫറൻസിന് സമാപനം

ഇരിങ്ങാലക്കുട : സെന്റ്. ജോസഫ്സ് കോളേജിൽ സാമൂഹ്യ പ്രവർത്തന വിഭാഗം സംഘടിപ്പിച്ച ലിംഗസമത്വത്തെ ആസ്പദമാക്കിയ ദ്വിദിന അന്തർദേശീയ സമ്മേളനത്തിന്റെ രണ്ടാം ദിവസം പ്രാധാന്യമേറിയ അക്കാദമിക് ചർച്ചകളോടെ നടന്നു.

പാട്ന, നോതൃദാം അക്കാദമിയിലെ ജൻഡർ ആൻഡ് വുമൺ പ്രോഗ്രാമർ സിസ്റ്റർ സുജിത, ദരിദ്ര വനിതകളെ സമൂഹത്തിൽ ഏകോപിപ്പിക്കുന്നതിലെ വെല്ലുവിളികളെക്കുറിച്ച് പ്രഭാഷണം നടത്തി. ദാരിദ്ര്യം, വിദ്യാഭ്യാസക്കുറവ്, ലിംഗവിവേചനം തുടങ്ങിയവയാണ് വനിതാ ശാക്തീകരണത്തിന് മുന്നിലെ പ്രധാന തടസ്സങ്ങളെന്ന് അവർ ചൂണ്ടിക്കാട്ടി. അവബോധ സൃഷ്ടിയും തുടർച്ചയായ പങ്കാളിത്തവുമാണ് മാറ്റത്തിന് വഴിയൊരുക്കുന്നതെന്നും സിസ്റ്റർ സുജിത പറഞ്ഞു

യു.എൻ. യൂണിവേഴ്സിറ്റിയുടെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗ്ലോബൽ ഹെൽത്ത് , മലേഷ്യയിൽ ലിംഗസമത്വവും ഇന്റർസെക്ഷനാലിറ്റിയും സംബന്ധിച്ച നയഗവേഷണ വിഭാഗത്തിന്റെ മേധാവി ആയി പ്രവർത്തിക്കുന്ന ഡോ. ജോഹന്ന റീഹ, വികസന മാതൃകയിൽ ലിംഗസമത്വം എന്ന വിഷയത്തെക്കുറിച്ച് സംസാരിച്ചു.

വികസനം സുസ്ഥിരവും സമഗ്രവുമായിരിക്കണമെങ്കിൽ എല്ലാ തലങ്ങളിലും ലിംഗസമത്വം ഉറപ്പാക്കുന്നത് അനിവാര്യമാണെന്ന് അവർ ഊന്നിപ്പറഞ്ഞു. തുടർന്ന് വിമല കോളേജ് (ഓട്ടോണമസ്), തൃശൂരിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. ജയ ചെറിയാൻ ‘ജെൻഡർ സെൻസിറ്റീവ് പെഡഗോജിയും ഇൻക്ലൂസീവ് കരിക്കുലവും’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ഡോ. ജയ ചെറിയാനെ ആദരിക്കുന്ന പ്രത്യേക ചടങ്ങും സംഘടിപ്പിച്ചു.

വിവിധ കോളേജുകളിൽ നിന്നും ഉള്ള വിദ്യാർത്ഥികളുടെ സെമിനാർ അവതരണവും നടന്നു. ഉച്ചയ്ക്ക് ശേഷം നടന്ന പാനൽ ചർച്ചയിൽ ലിംഗസമത്വവും സാമൂഹിക നീതിയും സംബന്ധിച്ച വിഷയങ്ങൾ വിശദമായി വിലയിരുത്തി. തൃശൂർ ജില്ലാ കളക്ടറേറ്റിലെ സീനിയർ സൂപ്രണ്ട് പണ്ടു സിന്ധു (LSGD), തൃശൂർ സിറ്റി അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് അപർണ ലവകുമാർ, കണ്ണൂർ സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. കവിത ബാലകൃഷ്ണൻ, ചെറുതുരുത്തി കേരളകലാമണ്ഡലത്തിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ആർ. എൽ. വി. രാമകൃഷ്ണൻ, പരിസ്ഥിതി വിദ്യാഭ്യാസ വിദഗ്ധ വിദ്യ രാജു, ലൈസൻസ്ഡ് ഡ്രോൺ പൈലറ്റ് സുധ ദേവദാസ്, ട്രാൻസ്‌ജെൻഡർ കവി വിജയരാജമല്ലിക എന്നിവർ പങ്കെടുത്തു.

ഡോ. ഉർസുല എൻ മോഡറേറ്ററായിരുന്നു. വൈകുന്നേരം നടന്ന സമാപന സമ്മേളനത്തിൽ ഡോ. റെനാൾഡോ എസ്. രാജ്കുമാർ സ്വാഗതം ആശംസിച്ചു. സമ്മേളന റിപ്പോർട്ട് സാമൂഹ്യ പ്രവർത്തന വിഭാഗം മേധാവി ഡോ. സി. ജെസ്സി കെ. സി. അവതരിപ്പിച്ചു. UNICEF ഉത്തർപ്രദേശ് സ്റ്റേറ്റ് ഓഫീസിലെ സോഷ്യൽ പോളിസി സ്പെഷ്യലിസ്റ്റ് മിസ്. പീയൂഷ് ആന്റണി മുഖ്യപ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ. സി. ബ്ലെസി അദ്ധ്യക്ഷയായിരുന്നു. മികച്ച പ്രബന്ധത്തിനുള്ള അവാർഡും മെറിറ്റ് ഡേ പുരസ്കാരവും ഗോപിനാഥ് ടി. മേനോൻ വിതരണം ചെയ്തു. രശ്മി രാമചന്ദ്രൻ നന്ദി പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page