ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ 2025 – 26 വർഷത്തെ ബഡ്ജറ്റ് നഗരസഭ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ അവതരിപ്പിച്ചു. കൗൺസിൽ ഹാളിൽ നടന്ന അവതരണത്തിൽ 11,59,61,862 രൂപ നീക്കിയിരിപ്പും 84,87,08,638 രൂപ വരവും കൂടി ആകെ 96,46,70,300 രൂപ വരവും മൊത്ത ചിലവ് 2 87,06,29,624 രൂപയും കഴിച്ച് 9,40,40,676 രൂപ നീക്കിയിരിപ്പും വരുന്ന 2024-25 വർഷത്തെ പുതുക്കിയ ബഡ്‌ജറ്റും 9,40,40,676 രൂപ നീക്കിയിരിപ്പും 157,34,86,544 രൂപ വരവും കൂടി മൊത്തവരവ് 166,75,27,220 രൂപയും മൊത്തം ചിലവ് 163,11,69,224 രൂപയും കഴിച്ച് 3,63,57,996 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന 2025-26 വർഷത്തെ ബഡ്‌ജറ്റ് എസ്റ്റിമേറ്റും നഗരസഭ കൗൺസിൽ മുമ്പാകെ അംഗീകാരത്തിനായി സമർപ്പിച്ചു. ഇതിന്മേലുള്ള ചർച്ച വരും ദിവസം നടക്കും.
റിപ്പബ്ലിക് പാർക്ക് നവീകരണം, ആധുനിക ക്രിമിറ്റോറിയം, നഗരസഭ ഐഎസ്ഒ സർട്ടിഫിക്കേഷൻ, പൊതുസ്ഥലങ്ങളിലും കൈമാറി കിട്ടിയ ഓഫീസുകളിലും സൗജന്യ വൈഫൈ കണക്ടിവിറ്റി, സ്ഥിരം വിത്ത് വള വിപണന കേന്ദ്രം, പൊതുകുളങ്ങളും പൊതു കിണറുകളും സംരക്ഷണം, ബ്രദർ മിഷൻ റോഡ് ആണ് പൂതംകുളത്തേക്ക് ബന്ധിപ്പിക്കുന്ന റിംഗ് റോഡ് നിർമ്മാണം എന്നിവ അടക്കാൻ ബഡ്ജറ്റിലുണ്ട്. നഗര മേഖലയിലേയും കാർഷിക ഗ്രാമീണ മേഖലയിലേയും ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താനുള്ള ശ്രമമാണ് ബഡ്ജറ്റിൽ ഉള്ളതെന്ന് നഗരസഭ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ പറഞ്ഞു.
നഗരത്തിന്റെ വളർച്ചയുടെ ഭാഗമായുള്ള രൂക്ഷമായ ഗതാഗത കുരുക്ക് യാത്രകളെയും വ്യാപാരത്തെയും ബാധിച്ചു കൊണ്ടിരിക്കുന്നതിനാൽ നഗരവാസികൾക്ക് സൗകര്യപ്രദവും, ട്രാഫിക് നിയന്ത്രണത്തിന് ഉതകും വിധത്തിലും, ഭൂമിയുടെ ഉചിതമായ ഉപയോഗത്തിനുമായിട്ടുള്ള ഒരു അവശ്യ സംവിധാനമായ മൾട്ടി-ലെവൽ പാർക്കിംഗ് സംവിധാനം ഏർപ്പെടുത്തുന്നതിനായി 10 കോടി വകയിരുത്തിയിട്ടുണ്ട്.
ഡിജിറ്റൽ ഡിസ്പ്ലേ ബോർഡുകൾ, സ്‌മാർട്ട് ബസ് സ്റ്റോപ്പുകൾ, ഫ്രീ Wi-Fi സോണുകൾ, പൂന്തോട്ടങ്ങൾ, പച്ചപ്പുള്ള ഇടങ്ങൾ, മ്യൂറൽ പെയിൻ്റിംഗ്, ശില്പ്‌പങ്ങൾ, സ്‌മാരകങ്ങൾ എന്നിവ സ്ഥാപിച്ച് നഗരത്തിൻ്റെ സംസ്‌കാരിക ഐഡൻ്റിറ്റി രൂപപ്പെടുത്തുകയും ചെയ്യുന്ന പട്ടണ സൗന്ദര്യവൽക്കരണം പരിസ്ഥിതി സൗഹ്യദവും, ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതുമായ ഒരു ശാശ്വത പദ്ധതികൾക്കായി 50 ലക്ഷം വകയിരുത്തിയിട്ടുണ്ട്.
പൊതുജനങ്ങൾക്ക് ഉല്ലാസത്തിനും സാമൂഹിക ഇടപെടലുകൾ ഉപയോഗപ്പെടുത്താനുമായി മാസത്തിൽ ഒരു ദിവസം ‘ഹാപ്പിനസ് ഡേ’ സംഘടിപ്പിച്ച് തനത് കലാപരിപാടികളും ഭക്ഷ്യമേളകളും ഉൾപ്പെടെയുള്ള പരിപാടികൾ.
നഗരസഭാ മാർക്കറ്റിലെ കേടു വന്നതും ബലക്ഷയങ്ങളുള്ള കെട്ടിടങ്ങൾ പൊളിച്ചു മാറ്റി സമ്പദ് വ്യവസ്ഥാ വളർച്ചയ്ക്കും ടൂറിസം വിപുലീകരണത്തിനും സഹായിക്കുന്ന ഒരേ സമയം വരുമാന സ്രോതസായും പൈതൃക സംരക്ഷണ മാർഗമായും പ്രവർത്തിപ്പിക്കാൻ സാധിക്കുന്ന നാടൻ ഉൽപ്പന്നങ്ങൾക്കും തദ്ദേശീയ സംസ്‌കാരത്തിനും കൂടുതൽ പ്രാധാന്യം നൽകുന്ന ഹെറിറ്റേജ് മാർക്കറ്റ് നിർമ്മിക്കുന്നതിനും മാർക്കറ്റിൻ്റെ പ്രൗഢി നിലനിർത്തുന്നതിനും 5 കോടി രൂപ വകയിരുത്തുന്നു.
മുനിസിപ്പൽ മൈതാനത്തിന് പടിഞ്ഞാറുവശത്തായി പവലിയൻ നിർമ്മാണവും മറ്റു അടിസ്ഥാന സൗകര്യങ്ങളും നിർമ്മിക്കുക. കായിക മത്സരങ്ങൾക്കും കാണികൾക്കും കളിക്കാരുടെ അടിസ്ഥാന സൗകര്യങ്ങൾ ഇവിടെ ഒരുക്കുക . അതോടൊപ്പം മൈതാനത്തിന് ആധുനിക രീതിയിലുള്ള ഡ്രൈനേജ് സിസ്റ്റം വികസിപ്പിച്ച് പൂർത്തീകരിക്കേണ്ടത് മഴവെള്ളം മൂലമുണ്ടാകുന്ന വെള്ളകെട്ടിന് ഒരു ശാശ്വത പരിഹാരമായിരിക്കും. കൂടാതെ ചുറ്റുമതിൽ സൗന്ദര്യവത്ക്കരണം നടത്തി ഗെയ്റ്റ് സ്ഥാപിക്കുന്നതുൾപ്പടെയുള്ള പ്രവർത്തികൾ കായികവും സാംസ്‌കാരികവുമായ വളർച്ചക്കും സമൂഹവികസനത്തിനും വലിയ പ്രയോജനകരമാകുമെന്ന നിലയിൽ പവലിയന് 3 കോടി രൂപ വകയിരുത്തുന്നു.
നഗരത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി ദീർഘ വീക്ഷണമുള്ള ദിശാ ബോധത്തോടെയാണ് ഈ ബജറ്റ് തയ്യാറാക്കിയിരുന്നത്. കാർഷിക രംഗത്തും. വിദ്യാഭ്യാസ, ആരോഗ്യ രംഗം, പകർച്ച വ്യാധിനിയന്ത്രണം, വരും കാലങ്ങളിൽ ഏറ്റവും വെല്ലുവിളി നേരിടേണ്ടി വരുന്ന കുടിവെള്ളം , സ്ത്രീ സുരക്ഷ പ്രായമായവർക്കും കട്ടികൾക്കുമുള്ള സൗകര്യങ്ങൾ യാത്രാ സൗകര്യങ്ങൾ തുടങ്ങിയ മേഖലകളിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാക്കുന്ന പദ്ധതികൾ ബജറ്റിലുണ്ട് അതുപോലെ ചെറുകിട വ്യവസായങ്ങൾക്കും, തൊഴിൽ സംരംഭങ്ങൾക്കും പിൻതുണ നൽകുന്നതിനുള്ള പ്രത്യേക ഉൾപ്പെടുത്തിയിട്ടുണ്ട്. നഗര വികസനത്തിനായി പദ്ധതികളും പ്രതിബദ്ധതയോടെയും ഏകോപിതമായ ശ്രമങ്ങളോടെയും മുന്നോട്ട് പോകുകയാണെന്ന് നഗരസഭാ വൈസ് ചെയർമാൻ പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb subscribe YouTube channel
https://www.youtube.com/@irinjalakudanews follow Instagram
https://www.instagram.com/irinjalakudalive