തോമസ് ഉണ്ണിയാടനെ യൂത്ത് കോൺഗ്രസ് വ്യക്തിഹത്യ ചെയ്യുകയാണെന്ന രൂക്ഷ വിമർശനവുമായി കേരള കോണ്‍ഗ്രസ് യൂത്ത് ഫ്രണ്ട്

ഇരിങ്ങാലക്കുട : യു.ഡി.എഫ് ഘടകകക്ഷിയായ കേരള കോൺഗ്രസിന് അനുവദിച്ചുവരുന്ന ഇരിങ്ങാലക്കുട നിയോജകമണ്ഡലം നിയമസഭ സീറ്റിൽ മുന്നണി മര്യാദകൾ മറന്ന് കോൺഗ്രസിന് തിരികെ വേണമെന്ന യൂത്ത് കോൺഗ്രസിന്റെ പ്രസ്താവന അനവസരത്തിൽ ആണെന്നും പ്രതിഷേധാർഹമാണെന്നും കേരള കോണ്‍ഗ്രസ്- യൂത്ത് ഫ്രണ്ട് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മറ്റി.

തോമസ് ഉണ്ണിയാടൻ ഇരിങ്ങാലക്കുടയിൽ വിജയിക്കുന്ന ഒരു സ്ഥാനാർത്ഥിയല്ലെന്ന യൂത്ത് കോൺഗ്രസ് പ്രസ്താവന വ്യക്തിഹത്യ ആണെന്നും ഇതിൽ യൂത്ത് ഫ്രണ്ടിന്റെ പ്രതിഷേധം അറിയിക്കുകയാണെന്ന് ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ യൂത്ത് ഫ്രണ്ട് ഭാരവാഹികൾ പറഞ്ഞു .

ഇടതുപക്ഷ കോട്ടയായി അറിയപ്പെട്ടിരുന്ന ഇരിങ്ങാലക്കുടയിൽ 2001 മുതൽ തോമസ് ഉണ്ണിയാടൻ വിജയിച്ചു വന്നിരുന്നതും അദ്ദേഹത്തിന്റെ കഠിനാധ്വാനവും സമർപ്പണവും മൂലം ജനഹൃദയങ്ങളിൽ സ്ഥാനം പിടിക്കുകയും ചെയ്ത കാര്യം ആരും മറക്കരുത് എന്നും യൂത്ത് ഫ്രണ്ട് ഓർമിപ്പിച്ചു. യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കി പക്വതപരമായ പ്രസ്താവനകൾ യൂത്ത് കോൺഗ്രസ് ഇറക്കണമെന്നു ഇവർ ആവശ്യപ്പെട്ടു.

യുഡിഎഫിന് വിജയ സാധ്യത ഇല്ലാതിരുന്ന ഇരിങ്ങാലക്കുട മണ്ഡലത്തിൽ തോമസ് ഉണ്ണിയാടിന്റെ വരവോടെ നല്ല പ്രവർത്തനം കാഴ്ച വയ്ക്കുകയും ഇരങ്ങാലക്കുട ഉറപ്പുള്ള ഒരു യുഡിഎഫ് മണ്ഡലമായി മാറ്റുകയും ചെയ്ത കാര്യം ആരും വിസ്മരിക്കരുതെന്നും യൂത്ത് ഫ്രണ്ട് പറഞ്ഞു . ഈ യാഥാർത്ഥ്യം യൂത്ത് കോൺഗ്രസ് ഓർമയിൽ കൊണ്ടുവരണമെന്നും ഇവർ ആവശ്യപ്പെട്ടു.

മുന്നണി വിപുലീകരണമെന്ന് യുഡിഎഫ് സംസ്ഥാന നേതാക്കൾ പറയുകയും, ഒപ്പം താഴെത്തട്ടിൽ വരുമ്പോൾ ഘടകകക്ഷികളെ ഉപദ്രവിക്കുന്ന കോൺഗ്രസ് നിലപാട് പ്രതിഷേധാർഹം ആണ് . തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ വിവിധ ഇടങ്ങളിൽ കേരള കോൺഗ്രസിന് അനുവദിച്ച സീറ്റുകളിൽ റിബൽ സ്ഥാനാർത്ഥികളെ നിർത്തുകയും അവർക്ക് വേണ്ടി പ്രവർത്തനം കാഴ്ചവയ്ക്കുകയും ചെയ്ത കോൺഗ്രസിന്റെ നിലപാട് മുന്നണി ശാക്തീകരണത്തിന് എതിരായ പ്രവർത്തനങ്ങൾ ആയി മാത്രം കാണാൻ കഴിയൂ എന്ന് ഇവർ കുറ്റപ്പെടുത്തി.

മുന്നണി സംവിധാനത്തിൽ ഏവരെയും ചേർത്തുനിർത്തുന്ന നിലപാടിന് പകരം തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകളും ആട്ടിയോടിക്കാൻ ശ്രമിക്കുന്ന പ്രവണതയുമായി യൂത്ത് കോൺഗ്രസ് നീങ്ങുന്നത് ദുഃഖകരമാണെന്നും നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

മുന്നണി സംവിധാനത്തിൽ ഇരിങ്ങാലക്കുടയിൽ കേരള കോൺഗ്രസിന് അനുവദിച്ച നിയമസഭാ സീറ്റിൽ തോമസ് ഉണ്ണിയാടാൻ തന്നെ സ്ഥാനാർത്ഥി ആകണമെന്നാണ് യൂത്ത് ഫ്രണ്ടിന്റെ ആഗ്രഹമെന്നും ഇവർ വ്യക്തമാക്കി .

ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ ചേർന്ന് വാർത്താ സമ്മേളനത്തിൽ യൂത്ത് ഫ്രണ്ട് കോർഡിനേറ്റർ വിവേക് വിൻസെന്റ് , നിയോജകമണ്ഡലം പ്രസിഡന്റ് വിനോദ് ചേലുക്കാരൻ , ജില്ലാ സെക്രട്ടറി വിനീത് വിൻസന്റ് , നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ആർതർ വിൻസന്റ് , നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ആന്റോൺ പാറൂക്കാരൻ, മണ്ഡലം സെക്രട്ടറി ലാലു വിൻസെന്റ് , ടൗൺ മണ്ഡലം സെക്രട്ടറി റിസ്‌വിൻ ബാഷിക് എന്നിവർ പങ്കെടുത്തു .

Kerala Congress Youth Front strongly criticizes Youth Congress for personal assassination of Thomas Unniyadan.



അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page