സുരക്ഷക്കായി കൂടൽമാണിക്യം ആനപ്പടിയുടെ വീതി കൂട്ടുന്ന പണികൾ ആരംഭിച്ചു

ഇരിങ്ങാലക്കുട : ഉത്സവക്കാലത്തുണ്ടാകാറുള്ള തിരക്ക്‌ പരിഗണിച്ചും സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായും കൂടൽമാണിക്യം ആനപ്പടിയുടെ വീതി കൂട്ടുന്ന പണികൾ ആരംഭിച്ചു. വെള്ളിയാഴ്ച രാത്രിയോടെ കിഴക്കേനടയിലെ ആനപ്പടി പൊളിക്കൽ തുടങ്ങി. ഇപ്പോഴുള്ള വാതിലടക്കം അഞ്ചുമീറ്റർ വീതിയിൽ, അഞ്ചുമീറ്റർ ഉയരത്തിൽ പുതിയ വാതിൽ പണിയാൻ തീരുമാനം.


ഇപ്പോഴുള്ള വാതിലിന്റെ തെക്കുഭാഗത്തുമിന്നും കൂടുതലായി ഇതിനായി സ്ഥലമെടുക്കും. കരിങ്കല്ലുകൊണ്ടുള്ള കട്ടിള പണിത് അതിനുള്ളിൽ വാതിൽ പണിയാനാണ് തീരുമാനിച്ചിരിക്കുന്നത്. നിലവിലെ പാരമ്പര്യ നിർമാണ രീതി തന്നെ തുടരും. ഐ.സി.എൽ ഫിൻ കോർപ് മാനേജിങ് ഡയറക്ടർ കെ ജി അനികുമാർ ആണ് നിർമാണത്തിന്റെ ചിലവുകൾ വഹിക്കുന്നതെന്നു ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി പറഞ്ഞു.




കൂടൽമാണിക്യ ക്ഷേത്രത്തിലെ ഉത്സവക്കാലത്ത് ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങളും ആനകളും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന കിഴക്കേനടപ്പുരയുടെ തെക്കുവശത്തുള്ള ആനപ്പള്ളമതിലിലെ ആനപ്പടി വീതി കൂട്ടി നിർമിക്കുന്ന പ്രവർത്തികൾ മെയ് 8 മുതൽ 18 വരെ നടക്കുന്ന ഉത്സവത്തിനു മുൻപ് പൂർത്തിയാക്കാൻ ശ്രമം തുടരുന്നു.


ആനപ്പള്ളമതിലിന്റെ രൂപം ആനയുടെ വയറുപോലെ മതിലിന്റെ ഇരുവശവും വീർത്തു ഇരിക്കുന്നതുപോലെയാണ്. കല്ലും കുമ്മായവും കൊണ്ടാണ് ഇപ്പോളുള്ള നിർമിതിയെന്ന് പൊളിച്ചപ്പോൾ കാണുകയുണ്ടായി. ഏകദേശം അര നൂറ്റാണ്ടിലേറെയായി ഇപ്പോളുള്ള രീതിയിൽ ആനപ്പടിയുണ്ടെന്നു പഴമക്കാർ പറയുന്നു. ആദ്യകാലത്ത് മരം കൊണ്ടുള്ള നിർമിതിയായിരുന്നു. പിന്നീടാണ് ഇരുമ്പു ഗേറ്റ് വന്നത്. ആനപടിവാതിലിനു മുകളിൽ ഒറ്റ കരിങ്കല്ലുകൊണ്ടുള്ള തൂണായിരുന്നു ഉണ്ടായിരുന്നത്.

ഉത്സവത്തിന്റെ മുന്നോടിയായി നടക്കുന്ന സുരക്ഷാക്രമീകരണങ്ങളെ സംബന്ധിച്ചുള്ള യോഗങ്ങളിലെല്ലാം വാതിലിന്റെ വീതി കൂട്ടണമെന്ന് പോലീസും അഗ്നിരക്ഷാസേനയും നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂടിയാണ് ഇപ്പോൾ വീതികൂട്ടൽ നടക്കുന്നത്.



ഉത്സവക്കാലത്തുണ്ടാകാറുള്ള തിരക്ക്‌ പരിഗണിച്ചാണ് തീരുമാനം. ഉത്സവത്തിന്‌ ശീവേലി എഴുന്നള്ളിപ്പും വൈകീട്ട് കലാപരിപാടികളും വിളക്കും കാണാൻ ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങൾ മതിൽക്കെട്ടിനകത്തേക്ക് പ്രവേശിക്കുന്നതിനും മടങ്ങുന്നതിനും ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നത് ഈ വഴിയാണ്. ആനകളും ഈ വഴി ഉപയോഗിക്കാറുള്ളതിനാൽ ആനവാതിലെന്നും ഇതിന് പേരുണ്ട്.

മാസങ്ങൾക്ക് മുൻപ് വസ്തുവിദഗ്‌ധൻ പഴുങ്ങാമ്പറമ്പിൽ ഉണ്ണികൃഷ്ണൻ നമ്പൂതിരി ക്ഷേത്രത്തിലെത്തി സ്ഥലം പരിശോധിച്ചു. ജ്യോതിഷി ജയദേവപ്പണിക്കർ ഒറ്റരാശി താംബൂലപ്രശ്‌നം നടത്തിയിരുന്നു.

പണികൾ നടക്കുന്നതിനാൽ കിഴെക്കെനടയിൽ നിന്നും തെക്കേ നടയിലേക്കുള്ള മതിലിടവഴിയിലൂടെയുള്ള ഗതാഗതം താത്കാലികമായി തടഞ്ഞിട്ടുണ്ട്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page