പാളയത്തിൽ പടയൊരുക്കം? എം.പി ജാക്സ‌നെതിരേ മണ്ഡലം പ്രസിഡന്റുമാർ , കോൺഗ്രസിൻ്റെ പൊതു പരിപാടികളിൽ നിന്ന് മാറ്റിനിർത്തണമെന്നാവശ്യപ്പെട്ട് നേതൃത്വത്തിന് കത്ത്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ അർബൻ സഹകരണ ബാങ്കിൻ്റെ കിട്ടാക്കടം പെരുകിയതുമൂലം ആർ.ബി.ഐ നിയന്ത്രണത്തിലാകുകയും, ആറുമാസത്തേക്ക് ബാങ്കിൽനിന്ന് പണം പിൻവലിക്കലും മറ്റും നിരോധിച്ചു ഇടപാടുകാർ ബുദ്ധിമുട്ടിലായ സാഹചര്യം മുതലെടുത്ത് കഴിഞ്ഞ 35 വർഷമായി ബാങ്കിൻ്റെ ഭരണം കൈയാളുന്ന കെപിസിസി മുൻ ജനറൽ സെക്രട്ടറിയും ഐടിയു ബാങ്ക് ചെയർമാനുമായ എം.പി. ജാക്സനെ കോൺഗ്രസിൻ്റെ പൊതുപരിപാടികളിൽ നിന്ന് മാറ്റിനിർത്തണമെന്നാവശ്യപ്പെട്ട് പൊറത്തിശ്ശേരി, കാറളം, വേളൂക്കര മണ്ഡലം പ്രസിഡന്റുമാർ നേതൃത്വത്തിന് കത്ത് നൽകി.



എ.ഐ.സി.സി സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, ദീപാദാസ് മുൻഷി, പി.വി. മോഹൻ, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ് എന്നിവർക്കാണ് കത്തയച്ചത്.



1300 കോടിയിൽപ്പരം നിക്ഷേപമുള്ള ഇരിങ്ങാലക്കുട ടൗൺ അർബൻ സഹകരണ ബാങ്കിൽ നിന്ന് പണം നിക്ഷേപകർക്ക് പിൻവലിക്കാൻ സാധിക്കുന്നില്ല. കഴിഞ്ഞ 35 വർഷമായി ബാങ്കിൻ്റെ ഭരണം കൈയാളുന്ന ചെയർമാനും കെപിസിസി മുൻ ജനറൽ സെക്രട്ടറിയുമായ എം.പി. ജാക്‌സന് ഇതിൻ്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും കത്തിൽ പറയുന്നു.



കോൺഗ്രസിന്റെ ബാങ്ക് എന്നതിലുപരി എം.പി. ജാക്സൻ വക ബാങ്ക് എന്ന രീതിയിലാണ് ജനങ്ങൾ ഇതിനെ കണ്ടിരുന്നത്. എന്നാൽ, ഈ പ്രതിസന്ധി ക്ഷീണംചെയ്തത് ജില്ലയിലെ പാർട്ടിക്കും കരുവന്നൂർ സമരമുഖത്തുണ്ടായിരുന്ന പ്രവർത്തകർക്കുമാണ്. എന്നിട്ടും ഇദ്ദേഹം പാർട്ടി പരിപാടികളും കുടുംബസംഗമവും അടക്കം ഉദ്ഘാടനം ചെയ്ത് ഇരിങ്ങാലക്കുടയിൽ വിലസുകയാണ്. ഇത് പാർട്ടിക്ക് വലിയ ക്ഷീണമാണ്.



കോൺഗ്രസ് ഭരണമുള്ള മുനിസിപ്പൽ പ്രദേശത്ത് ഇത് പാർട്ടിക്ക് വലിയ തിരിച്ചടി നൽകും. മാത്രമല്ല, അടുത്ത അസംബ്ലി തിരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുട സീറ്റും നഷ്ടപ്പെടും. ബിജെപിയും എൽഡിഎഫും ഇക്കാര്യം പ്രചാരണായുധമാ ക്കിക്കഴിഞ്ഞു. നേതൃത്വം ഇടപെട്ട് ചുരുങ്ങിയ കാലത്തേക്കെങ്കിലും പൊതുപരിപാടികളിൽ പങ്കെടുക്കുന്നതും മുഖ്യസ്ഥാനം വഹിക്കുന്നതും തടയണമെന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page