ഇരിങ്ങാലക്കുട : പ്രശസ്ത ബാലസാഹിത്യകാരൻ കെ. വി. രാമനാഥന്റെ സ്മരണ നിലനിർത്താനായി, മലയാളത്തിലെ മികച്ച ബാലസാഹിത്യരചയിതാക്കൾക്ക് പുരസ്കാരവും, വളർന്നുവരുന്ന ബാലസാഹിത്യരചയിതാക്കളെ പ്രോത്സാഹിപ്പിക്കാനുള്ള വിവിധപദ്ധതികളും, കുട്ടികൾക്കായി ബാലോത്സവം എന്ന പേരിൽ കലാ-സാഹിത്യ ക്യാമ്പുകളും ഉൾപ്പെടെയുള്ള വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതാണെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യക്ഷേമ വകുപ്പു മന്ത്രി ഡോ. ആർ. ബിന്ദു പ്രസ്താവിച്ചു.
പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ, ഇരിങ്ങാലക്കുട മണ്ണാത്തിക്കുളം റോഡിലെ ‘വാൾഡൻ പോണ്ട് ഹൗസി’ൽ കുട്ടികൾക്കായി സംഘടിപ്പിച്ച ‘ആലവട്ടം’ ഏകദിന ശിൽപ്പശാലയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഡോ. ബിന്ദു. ക്യാമ്പംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റുകളും മന്ത്രി വിതരണം ചെയ്തു.
പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി ഡോ. എം. എൻ വിനയകുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത കൂടിയാട്ടം കലാകാരനും അഭിനയപരിശീലകനുമായ വേണുജി, ജയൻ ചേലാട്ട്, എന്നിവർ കെ. വി. രാമനാഥനെപ്പറ്റിയുള്ള ഓർമ്മകൾ പങ്കുവെച്ചു. പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖലാ പ്രസിഡണ്ട് ഖാദർ പട്ടേപ്പാടം സ്വാഗതം പറയുകയും, രേണു രാമനാഥ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
പ്രശസ്ത ഇല്ലസ്ട്റേറ്റർ മോഹൻ ദാസ്, തലമുറകളായി കുട്ടികളെ ആകർഷിച്ചുപോരുന്ന കഥാപാത്രങ്ങളായ കപീഷ്, മായാവി തുടങ്ങിയവരുടെ രേഖാചിത്രങ്ങൾ ആലേഖനം ചെയ്തുകൊണ്ടാണു രാവിലെ ഏകദിന ക്യാമ്പ് ആരംഭിച്ചത്. കെ. വി. രാമനാഥന്റെ പ്രശസ്തകൃതികളിലൊന്നായ ‘അത്ഭുത നീരാളി’യിൽ നിന്നുള്ള രംഗങ്ങളും ശ്രീ. മോഹൻ ദാസ് ചിത്രീകരിച്ചു.
പ്രശസ്ത മിമിക്രി കലാകാരനും, കേരള സംഗീതനാടക അക്കാദമി പുരസ്കാര ജേതാവുമായ കലാഭവൻ നൗഷാദ്, നാടകപ്രവർത്തകനായ ആദിത്യൻ കാതിക്കോട്, രാജൻ നെല്ലായി, ഡോ. കെ.രാജേന്ദ്രൻ, ഷൈജു കൊടകര തുടങ്ങിയവർ കുട്ടികളുമായി ആശയവിനിമയം നടത്തി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb subscribe YouTube channel
https://www.youtube.com/@irinjalakudanews follow Instagram
https://www.instagram.com/irinjalakudalive