ഇരിങ്ങാലക്കുട : തിരുവിതാംകൂർ രാജകുടുംബാംഗമായിരുന്ന അശ്വതി തിരുനാൾ രാമവർമ്മ രചിച്ച സംസ്കൃതനാടകമായ രുക്മിണീപരിണയം കഥ മാധവമാതൃഗ്രാമത്തിന്റെ ആഭിമുഖ്യത്തിൽ ആദ്യമായി കൂടിയാട്ടരൂപത്തിൽ അവതരിപ്പിയ്ക്കുന്നു. വിദർഭയുടെ രാജാവായ ഭീഷ്മകന്റെ പുത്രിയായ രുക്മിണിയെ ചേദിരാജാവായ ശിശുപാലന് വിവാഹം ചെയ്തുകൊടുക്കാൻ രുക്മിണി യുടെ സഹോദരൻ തീരുമാനമെടുക്കുന്നു.
ശ്രീകൃഷ്ണനിൽ അനുരക്തയായ രുക്മിണി, ഒരു ദൂതൻ വഴി ശ്രീകൃഷ്ണനെ തന്റെയടുക്കലേയ്ക്ക് വിളിച്ചുവരുത്തി വിവാഹദിവസം ക്ഷേത്രദർശനത്തിനുശേഷം കൃഷ്ണൻ്റെ തേരിൽ കയറി ദ്വാരകയിലേയ്ക്ക് പോകുന്നതാണ് കഥ. ഈ പ്രമേയാവതരണത്തിൽ വൈവിധ്യമാർന്ന പ്രത്യേകതകൾ കാണാവുന്നതാണ്.
വിപ്രലംഭശൃംഗാരരസത്തിലൂന്നിയ ശ്രീകൃഷ്ണന്റെയും, രുക്മിണിയുടെയും അവതരണത്തിലൂടെ ശ്രീകൃഷ്ണനെ ഒരു മനുഷ്യൻ്റെ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോകുന്ന കഥാപാത്രമായി അരങ്ങിലെത്തിയ്ക്കുന്നു. ശ്രീകൃഷ്ണന് കാര്യസചിവനായും നർമ്മസചിവനായും രണ്ട് മന്ത്രിമാരെ സൂചിപ്പിയ്ക്കുന്നതിൽ നർമ്മസചിവനായ കപിഞ്ജലൻ എന്ന വിദൂഷകൻ അരങ്ങിലെത്തുന്നുണ്ട്.
സാധാരണയായി സംസ്കൃതനാടകങ്ങളിൽ അർജ്ജുനനും അഭിഷിക്തരായ രാജാവിന്റെ സ്ഥാനമുള്ള നായകന്മാർക്ക് ഒപ്പവുമാണ് വിദൂഷകൻ എന്ന കഥാപാത്രം കൂടുതലായും കാണുന്നത്. ശ്രീകൃഷ്ണന് നായകപ്രാധാന്യമുള കൂടിയാട്ടം അവതരണങ്ങൾ കുറവുമാണ്. ഇത്തരം ഘടകങ്ങളെ മറികടക്കുന്ന അഭിനയമുഹൂർത്തങ്ങൾ ഈ പുതിയ കൂടിയാട്ടത്തിൽ കാണാം.
ശ്രീകൃഷ്ണകഥയുടെ അവതരണമാണെങ്കിലും ദേവീമാഹാത്മ്യം, ലളിതോപാഖ്യാനം എന്നീ ഗ്രന്ഥങ്ങളിൽനിന്നുളള മഹിഷാസുരവധം, ശങ്കരമോഹനം തുടങ്ങിയ സന്ദർഭങ്ങൾ ഈ അവതരണത്തിൽ ഉൾക്കൊണ്ടിട്ടുണ്ട്. രുക്മിണി, കപിഞ്ജലൻ എന്നീ കഥാപാത്രങ്ങൾ ആദ്യമായാണ് കൂടിയാട്ടവേദിയിൽ വരുന്നത്.
ഈ കൂടിയാട്ടം ആട്ടപ്രകാരം എഴുതി സംവിധാനം ചെയ്യുന്ന ഡോ. അമ്മന്നൂർ രജനീഷ് ചാക്യാർ ശ്രീകൃഷ്ണ നായി രംഗത്തുവരുന്നു. വിദൂഷകനുചൊല്ലേണ്ട ഭാഷാ ശ്ലോകങ്ങൾ രചിച്ച ഡോ. ഭദ്ര.പി.കെ.എം രുക്മിണിയായും. അമ്മന്നൂർ മാധവ് ചാക്യാർ വിദൂഷകനായും, കൃഷ്ണ പൂന്തോട്ടം, ഡോ. ദുർഗ്ഗ. പി.കെ.എം എന്നിവർ സഖികളായും വേഷമിടുന്നു.
കലാമണ്ഡലം രവികുമാർ, കലാമണ്ഡലം രാഹുൽ.ടി. സുരേന്ദ്രൻ, കലാമണ്ഡലം ഹരികൃഷ്ണൻ എന്നിവർ മിഴാവിലും, കലാമണ്ഡലം നിഖിൽ ബാലകൃഷ്ണൻ ഇടയ്ക്കയിലും, ഭദ്ര, കലാമണ്ഡലം രാജലക്ഷ്മി എന്നിവർ താളത്തിലും പങ്കെടുക്കുന്നു. ചുട്ടി കലാമണ്ഡലം വൈശാഖ്.
തൃശ്ശൂർ ആറാട്ടുപുഴയിലെ നീലാംബരി ഇക്കോടൂറിസം റിസോർട്ടിൽ വച്ച് സെപ്തംബർ 26,27 തിയ്യതികളിൽ വൈകിട്ട് 6ന് കൂടിയാട്ടം അരങ്ങേറും. 26ന് വൈകിട്ട് 5ന് ഗുരു അമ്മന്നൂർ ചാച്ചുചാക്യാരുടെ 58ആമത് അനുസ്മരണയോഗം ഇരിങ്ങാലക്കുട ഡോ. കെ.എൻ. പിഷാരോടി കഥകളി ക്ലബ് പ്രസിഡന്റ് രമേശൻ നമ്പീശൻ ഉദ്ഘാടനം ചെയ്യും. കേരളൻ നമ്പൂതിരി ചാക്യാർകൂത്തിന്റെ ആഖ്യാനശൈലിയുടെ തനിമയും പ്രത്യേകതയും എന്ന വിഷയത്തിൽ ചാച്ചുചാക്യാർ സ്മാരക പ്രഭാഷണവും, ശ്രീനി. ടി.എസ് ആശംസയും നിർവ്വഹിയ്ക്കും.
Anusheelanam 2025 (58th Commemoration of Guru Ammannur Chachu Chakyar) Rukminiparinayam koodiyattam (4th Act)
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

