മെഗാ എയ്റോബിക്സ് പെർഫോമൻസുമായി യു.ആർ.എഫ് ഏഷ്യൻ റെക്കോർഡ് സ്വന്തമാക്കി സെൻ്റ്. ജോസഫ് കോളേജ്

ഇരിങ്ങാലക്കുട : ഇളം നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞ് മൂവായിരത്തോളം പെൺകുട്ടികൾ പാട്ടിനൊപ്പം ഒരേപോലെ ചുവടു വയ്ക്കുന്നു… പഠിച്ച കലാലയത്തിൽ വിദ്യാഭ്യാസ മന്ത്രിയും കുട്ടികൾക്കൊപ്പം ചേരുന്നു… അധ്യാപകരും അനധ്യാപകരും പ്രിൻസിപ്പലും മാനേജരും അവർക്കൊപ്പം അതേ ചുവടുകളുമായി കൂടെയുണ്ട്. ഒരു പെൺ കലാലയം മുഴുവൻ നൃത്ത മയം. ഉദ്ഘാടന വേളയിൽ പറത്തിവിട്ട വർണ നിറമുള്ള ഹൈഡ്രജൻ ബലൂണുകൾക്കു പോലും കാറ്റിലൊരു ലാസ്യനൃത്ത ഭാവം…

ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളജിൻ്റെ ആരോഗ്യ സംരക്ഷണ സംരംഭമായ ഫിറ്റ് 4 ലൈഫിൻ്റെ ഉദ്ഘാടനച്ചടങ്ങിലാണ് നൃത്ത ചാരുത നിറച്ച് എയ്റോബിക്സ് മെഗാ പെർഫോമൻസ് ഒരുങ്ങിയത്. ഈ വേറിട്ട ദൃശ്യവിരുന്നിൻ്റെ പേരിൽ യു.ആർ.എഫ് ഏഷ്യൻ റെക്കോർഡ് കോളജ് സ്വന്തമാക്കുകയും ചെയ്തു.



വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രാദേശിക സമൂഹത്തിനും സമഗ്രമായ ആരോഗ്യവും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഫിറ്റ് 4 ലൈഫിൻ്റെ ഔദ്യോഗിക ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ സാമൂഹിക വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. ആരോഗ്യ സംരക്ഷണത്തിൻ്റെ പ്രാധാന്യത്തിലൂന്നി കൊണ്ട് ഒരു നൂതനാശയത്തിലൂടെ ചരിത്ര മുഹൂർത്തം സൃഷ്ടിക്കാൻ ഒരു കലാലയം മുഴുവൻ ഒന്നു ചേരുന്നതിലുള്ള സന്തോഷം മന്ത്രി എടുത്തു പറഞ്ഞു. ആരോഗ്യമുള്ള ശരീരവും മനസും സൃഷ്ടിക്കുക മാത്രമല്ല, കൂട്ടായ്മയിലൂന്നി കായികക്ഷമത വർദ്ധിപ്പിക്കുക എന്ന വലിയ ആശയം പ്രാവർത്തികമാക്കിയതിന് മന്ത്രി കലാലയത്തെ അഭിനന്ദിക്കുകയും ചെയ്തു.


ചടങ്ങിൽ ഇരിങ്ങാലക്കുട ശുചിത്വ കർമസേനയിലെ അംഗങ്ങളെ പൊന്നാടയണിയിച്ച് ആദരിച്ചു.
കോളജ് മാനേജർ സിസ്റ്റർ ട്രീസ ജോസ് അധ്യക്ഷയായ ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. സി. ബ്ലെസി സ്വാഗതം പറഞ്ഞു. ഫിറ്റ് ഫോർ ലൈഫ് കോർഡിനേറ്റർ ഡോ. സ്റ്റാലിൻ റാഫേൽ ആമുഖഭാഷണം നടത്തി. എസ്ബിഐ തൃശൂർ റീജിയണൽ ഓഫീസർ ആർ രഞ്ജിനി, പിടിഎ വൈസ് പ്രസിഡണ്ട് പി. എൻ ഗോപകുമാർ
, വാർഡ് കൗൺസിലർ ഫെനി എബിൻ വെള്ളാനിക്കാരൻ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. കോളജ് ചെയർപേഴ്സൺ ഗായത്രി മനോജ് നന്ദി പറഞ്ഞു.

കോളജ് ഒരുക്കിയ എയ്റോബിക്സ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഗണിതശാസ്ത്ര ഡിപ്പാർട്ട്മെൻ്റിനും രണ്ടാം സ്ഥാനം നേടിയ സെൽഫ് ഫിനാംസിങ്ങ് ഇംഗ്ലീഷ് ഡിപ്പാർട്ട്മെൻ്റിനും, മൂന്നാം സ്ഥാനം നേടിയ ബിബിഎ ഡിപ്പാർട്ട്മെൻ്റിനും ചടങ്ങിൽ ക്യാഷ് പ്രൈസ് സമ്മാനിച്ചു. വിവിധ തരം ചാലഞ്ച് ഗെയിമുകൾ, ഫൂഡ് ഫെസ്റ്റ്, ഇലയിൽ ഊണ്, മത്സരങ്ങൾ തുടങ്ങി അനുബന്ധ പരിപാടികളും കോളജിൽ ഒരുക്കിയിരുന്നു.

ഒക്ടോബർ 2024 മുതൽ ജനുവരി 2025 വരെ നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളാണ് ഫിറ്റ് 4 ലൈഫ് വിഭാവനം ചെയ്യുന്നത്. ആരോഗ്യ സംബന്ധമായ വർക്ക് ഷോപ്പുകൾ, സെമിനാറുകൾ, ഫിറ്റ്നസ് പ്രോഗ്രാമുകൾ, ഫിറ്റ്നസ് ചലഞ്ച് ഗെയിമുകൾ, മെഡിക്കൽ ചെക്കപ്പുകൾ, ഫിറ്റ്നസ് ഡാൻസ് പ്രോഗ്രാമുകൾ, മത്സരങ്ങൾ, ബോധവൽക്കരണ പരിപാടികൾ തുടങ്ങി നിരവധി ആരോഗ്യ കേന്ദ്രീകൃത പ്രവർത്തനങ്ങളിലൂടെ ശാരീരിക ക്ഷമത, മാനസിക ക്ഷേമം, സന്തുലിത ജീവിതശൈലി എന്നിവയുടെ പ്രാധാന്യം സമൂഹത്തെ ബോധ്യപ്പെടുത്തുകയാണ് ഈ പരിപാടിയുടെ ലക്ഷ്യം.

ആരോഗ്യ വിദ്യാഭ്യാസത്തെ ദൈനംദിന ജീവിതത്തിലേക്ക് സമന്വയിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, ശാക്തീകരിക്കപ്പെട്ട, ആരോഗ്യമുള്ള, സാമൂഹിക പ്രതിബദ്ധതയുള്ള പൗരന്മാരെ പരിപോഷിപ്പിക്കുക എന്ന കോളേജിൻ്റെ ദൗത്യവുമായി ഒത്തുചേർന്ന് വ്യക്തിപരവും കൂട്ടായതുമായ വളർച്ചയെ പരിപോഷിപ്പിക്കുന്ന ഒരു ആരോഗ്യ സംസ്കാരം സൃഷ്ടിക്കാനാണ് ഈ സംരംഭത്തിലൂടെ ഉദ്യമിക്കുന്നത്.

ഇതിൻ്റെ ഭാഗമായി മുപ്പതിൽ പരം ആരോഗ്യപരിപാടികളാണ് കോളേജിലും മറ്റ് സ്ഥലങ്ങളിലുമായി സംഘടിപ്പിക്കുന്നത്. ഒക്ടോബർ മുതൽ ആരംഭിച്ച പരിപാടികൾ ജനുവരി അവസാനം വരെ നീളും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page