ഠാണാ – ചന്തക്കുന്ന് റോഡ് വികസനം, പണികൾ തിങ്കളാഴ്ച മുതൽ ആരംഭിക്കുന്നു – മന്ത്രി ഡോ ആർ ബിന്ദു

ഇരിങ്ങാലക്കുട : ഠാണ – ചന്തക്കുന്ന് ജംഗ്‌ഷൻ വികസനത്തിന്റെ ഭാഗമായി ഭൂമിയും കെട്ടിടങ്ങളും സ്ഥാപനങ്ങളും ജീവനോപാധിയും നഷ്ട്ടപ്പെടുന്നവർക്കുള്ള പുനരധിവാസ പാക്കേജുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പൂർണമായും പൂർത്തീകരിച്ച് നിർമ്മാണ ആരംഭത്തിലേക്ക് കടക്കുകയാണ്. ഇവർക്കുള്ള നഷ്ടപരിഹാരത്തുക വിതരണം ചെയ്ത് ഭൂമി ഏറ്റെടുക്കൽ പ്രക്രിയ പൂർത്തീകരിച്ച് കഴിഞ്ഞ സാഹചര്യത്തിലാണ് പൊതുമരാമത്തുവകുപ്പിനു ഭൂമി കൈമാറി പൊളിച്ചമാറ്റൽ ഉടൻ ആരംഭിക്കുന്നത്. 40.76 കോടി രൂപയാണ് 133 പേർക്കായി വിതരണം ചെയ്തത്. ഏറ്റെടുത്ത ഭൂമിയിലെ കെട്ടിടങ്ങളും നിർമ്മാണങ്ങളും പൊളിച്ചുമാറ്റുന്നതിന് ജൂലൈ 15ന് തുടക്കമാവും. സംസ്ഥാനപാതയിലെയും ഇരിങ്ങാലക്കുട നഗരത്തിലെയും യാത്രാക്ലേശം അവസാനിപ്പിക്കാനുള്ള സ്വപ്നപദ്ധതിയുടെ സാക്ഷാൽക്കാരത്തിലേക്ക് മറ്റൊരു കാൽവെപ്പുകൂടിയാവുകയാണ് പൊളിച്ചുമാറ്റൽ ആരംഭിക്കുന്നതിലൂടെ.




ഠാണ, ചന്തക്കുന്ന് ജംഗ്ഷനുകളുടെ മുഖച്ഛായ മാറ്റൽ ലക്ഷ്യമിട്ടുകൊണ്ടാണ് കൊടുങ്ങല്ലൂര്‍ – ഷൊര്‍ണൂര്‍ റോഡില്‍ ചന്തക്കുന്ന് മുതല്‍ പൂതംകുളം വരെയുള്ള ഭാഗം വീതി കൂട്ടുന്നത്. മുകുന്ദപുരം താലൂക്കിലെ ഇരിങ്ങാലക്കുട, മനവലശ്ശേരി വില്ലേജുകളില്‍ ഉൾപെട്ട 0.5512 ഹെക്ടര്‍ ഭൂമിയാണ് ഠാണ – ചന്തക്കുന്ന് ജംഗ്ഷന്‍ വികസനത്തിനായി പൊന്നുംവില നൽകി ഏറ്റെടുത്തത്. പദ്ധതി പ്രദേശത്ത്‌ വീടും സ്ഥലവും സ്ഥാപനങ്ങളും ജീവനോപാധിയും പൂര്‍ണ്ണമായി നഷ്ടപ്പെടുന്നവര്‍ക്കുള്ള പുനരധിവാസ പാക്കേജുകൾ പൂർത്തീകരിച്ചാണ് നിർമ്മാണാരംഭത്തിലേക്ക് കടക്കുന്നത്.




ഇരിങ്ങാലക്കുട ടൗണിന്റെയും അനുബന്ധ പ്രദേശങ്ങളുടെയും വ്യാപാര-വാണിജ്യ-സാംസ്‌കാരിക മേഖലകളുടെ വളര്‍ച്ചക്ക് ആക്കംകൂട്ടുന്ന ജംഗ്ഷൻ വികസനപദ്ധതി ഇരിങ്ങാലക്കുടയുടെ വികസനകുതിപ്പിലേക്ക് നയിക്കുമെന്ന് കണ്ടറിഞ്ഞാണ് അതിദ്രുതം ഇതുവരേക്കുമുള്ള നടപടികൾ സർക്കാർ പൂർത്തീകരിച്ചത്. അതിന്റെ തുടർനടപടികളിലേക്കാണ് ജൂലൈ 15ന് പ്രവേശിക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ ചന്തക്കുന്ന് മുതൽ പൂതംകുളം വരെയുള്ള റോഡ് 17 മീറ്ററായി വികസിക്കും.



ജംഗ്‌ഷൻ വികസന നാൾവഴികൾ


* 2020 ജനുവരി:

ഒന്നാം പിണറായി സർക്കാർ സംസ്ഥാന ബജറ്റിൽ ഠാണ – ചന്തക്കുന്ന് ജംഗ്‌ഷൻ വികസനത്തിന് 32 കോടി രൂപ വകയിരുത്തി


* 2021 ജനുവരി 14:

പൊതുമരാമത്തു വകുപ്പിൽനിന്ന് ജംഗ്‌ഷൻ വികസനത്തിന് ഭരണാനുമതി ലഭിച്ചു


* 2021 ആഗസ്റ്റ് :
ഈ സർക്കാർ വന്നതിന് ശേഷം 2021 ആഗസ്റ്റിൽ പദ്ധതിക്കായി 0.5512 ഹെക്റ്റർ ഭൂമി ഏറ്റെടുക്കുന്നതിന് റവന്യൂ വകുപ്പ് അനുമതി നൽകി ഉത്തരവായി.


* 2021 ഡിസംബർ:

6 (1) നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ച് ഭരണാനുനുമതി ലഭിച്ച പ്രവൃത്തിയുടെ പ്രാരംഭപ്രവർത്തനങ്ങൾ റവന്യൂ – പൊതുമരാമത്ത് വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് ആരംഭിച്ചു


* 2022 മാർച്ച് 15:

സ്ഥലമേറ്റെടുപ്പ് ആവശ്യമായ പ്രവൃത്തിക്കു വേണ്ട നിയമനടപടികൾ പൂർത്തിയാക്കി സാമൂഹികാഘാത പഠനമാരംഭിച്ചു


* 2022 ഏപ്രിൽ 23:

സാമൂഹികാഘാത പഠന റിപ്പോർട്ട് കളക്ടർക്ക് സമർപ്പിച്ചതിൻ്റെ വെളിച്ചത്തിൽ പദ്ധതി ബാധിതരുമായി മന്ത്രി ചർച്ച നടത്തി


2022 ജൂൺ 6:

സാമൂഹികാഘാത പഠന റിപ്പോർട്ട് ഏഴംഗ വിദഗ്ധസമിതിക്ക് കളക്ടർ വിലയിരുത്തലിനായി കൈമാറി


* 2022 ജൂൺ 21:

11( 1 ) നോട്ടിഫിക്കേഷൻ പ്രസിദ്ധപ്പെടുത്തി ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ ഉത്തരവ് ലഭ്യമാക്കി.


* 2023 ജനുവരി 15:

പൊളിക്കേണ്ട കെട്ടിടങ്ങളുടെ മൂല്യനിർണ്ണയം പൊതുമരാമത്ത് കെട്ടിടവിഭാഗം ആരംഭിച്ചു


* 2023 ജൂലൈ 1:

വികസനത്തിന് ഭൂമി ഏറ്റെടുക്കുമ്പോൾ തൊഴിലും തൊഴിലിടങ്ങളും നഷ്ടപ്പെടുന്നവർക്കുള്ള പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു


* 2023 ജൂലൈ 22:

ഭൂമിയേറ്റെടുക്കൽ നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ മന്ത്രിയുടെ അധ്യക്ഷതയിൽ കളക്ടറുടെ കൂടി സാന്നിധ്യത്തിൽ രാമനിലയത്തിൽ ചേർന്ന യോഗത്തിൽ തീരുമാനം


* 2023 ഓഗസ്റ്റ് 5:

പദ്ധതിയുടെ പുതുക്കിയ ബി.വി.ആർ നിർവ്വഹണ ഉദ്യോഗസ്ഥർ കളക്ടർക്ക് സമർപ്പിച്ചു


* 2023 ആഗസ്റ്റ് – സെപ്റ്റംബർ:

12 കോടിയോളം രൂപ കൂടുതലായി ചിലവ് വരുന്ന ബി.വി.ആർ കളക്ടർ അംഗീകരിച്ച് നിർമ്മാണ നിർവ്വഹണം നടത്തുന്ന പൊതുമരാമത്ത് വകുപ്പിന് സമർപ്പിച്ചു. പൊതുമരാമത്ത്-ധന വകുപ്പുകളുടെ അംഗീകാരത്തിന് സമർപ്പിച്ചു


* 2023 ഒക്‌ടോബർ 23:

പദ്ധതിപ്രദേശത്ത് വീടും സ്ഥലവും സാധനങ്ങളും ജീവനോപാധിയും നഷ്ടപ്പെടുന്നവർക്കുള്ള പുനരധിവാസ പാക്കേജിന്റെ ഗസറ്റ് വിജ്ഞാപനം പുറത്തിറക്കി. തുടർന്ന്, ആക്ഷേപങ്ങളും പരാതികളും പരിഹരിച്ചു


* 2023 നവംബർ 23:

പദ്ധതിയ്ക്ക് 45.03 കോടിയുടെ പുതുക്കിയ ഭരണാനുമതി ലഭ്യമാക്കി


* 2023 ഡിസംബർ 21:

പുനരധിവാസ പാക്കേജ് തുക (41.86 കോടി രൂപ) ട്രഷറിയിൽ എത്തിച്ചു


* 2024 ജനുവരി 3:

പുനരധിവാസ പാക്കേജിന് അർഹരായവരുടെ പേരുകളും അവർക്കുള്ള തുകയും പ്രഖ്യാപിക്കുന്ന 19(1) വിജ്ഞാപനം ഗസറ്റിൽ പ്രസിദ്ധീകരിച്ചു. അസ്സൽ രേഖകൾ ഹാജരാക്കുന്നതിനുള്ള അറിയിപ്പും ഇതോടൊപ്പം നൽകി


* 2024 ജനുവരി 22:

ഹാജരാക്കേണ്ട രേഖകൾ സംബന്ധിച്ച സംശയദൂരീകരണത്തിന് ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷനിൽ പ്രത്യേക ഓഫീസ് ആരംഭിച്ചു


* 2024 ജനുവരി 29, 30, 31:

മന്ത്രിയുടെ പ്രത്യേക നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുടയിൽത്തന്നെ പ്രത്യേക ഹിയറിംഗിന് (അവാർഡ് എൻക്വയറി ഹിയറിംഗ്) അവസരം ഒരുക്കി. അതിനായി ലാൻഡ് അക്വിസിഷൻ തഹസിൽദാരുടെ ക്യാമ്പ് ഓഫീസ് സിവിൽ സ്റ്റേഷനിൽ പ്രവർത്തിച്ചു. ഭൂരിപക്ഷം പേർക്കും ഹിയറിംഗ് ഇവിടെവെച്ചുതന്നെ പൂർത്തീകരിക്കാനായി


* 2024 മാർച്ച് 11:

ഭൂമിയും തൊഴിലും നഷ്ടപ്പെടുന്നവർക്കുള്ള നഷ്ടപ്രതിഫലത്തുക വിതരണം ആരംഭിച്ചു. ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറി


* 2024 മെയ്:

തുക സ്വീകരിച്ച ഗുണഭോക്താക്കൾക്ക് ഭൂമി ഏറ്റെടുക്കുന്നതു സംബന്ധിച്ച രേഖകൾ നൽകി. റവന്യൂ വകുപ്പ് ഭൂമി ഏറ്റെടുക്കൽ ആരംഭിച്ചു


* 2024 ജൂൺ 29:

മന്ത്രിയുടെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ വിളിച്ചുചേർത്ത യോഗത്തിൽ കെ എസ് ടി പി കൊടുങ്ങല്ലൂർ-ഷൊർണൂർ റോഡ് നിർമ്മാണവും ഠാണ-ചന്തക്കുന്ന് ജംഗ്‌ഷൻ വികസനവും ഏകോപിപ്പിച്ചു കൊണ്ടുപോകുന്നതിൽ ധാരണയായി (27/ 4 / 23 ന് തിരുവനന്തപുരത്ത് വച്ച് ചേർന്ന ഉന്നത തല യോഗത്തിന്റെ തീരുമാനപ്രകാരം)


* 2024 ജൂലൈ 10:

ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കി. റവന്യൂ വകുപ്പ് ഏറ്റെടുത്ത സ്ഥലം പൊതുമരാമത്തു വകുപ്പിന് കൈമാറുന്ന നടപടി ആരംഭിച്ചു.

ആകെ 134 ഗുണഭോക്താക്കളിൽ 133 പേർക്കും തുക കൈമാറി
ഇതിനായി 40,75,58,657 രൂപ വിനിയോഗിച്ചു.
ഇതിൽ 19 പേരുടെ നഷ്ടപ്രതിഫലത്തുക വിവിധ കാരണങ്ങളാൽ കോടതിയിൽ കെട്ടിവെച്ചു.
5 പേരുടേത് ഭാഗികമായും കോടതിയിൽ കെട്ടിവച്ചിരിക്കുകയാണ്.
ശേഷിക്കുന്ന ഒരാളുടേത് കോടതി നിർദ്ദേശപ്രകാരം കളക്ടറുടെ തീരുമാനത്തിന് അയച്ചിരിക്കുകയാണ്

You cannot copy content of this page