വേളൂക്കര 33 കെവി സബ്‌സ്റ്റേഷൻ 27ന് നാടിന് സമർപ്പിക്കും: മന്ത്രി ഡോ. ബിന്ദു – തുമ്പൂർ, കൊമ്പൊടിഞ്ഞാമാക്കൽ, കടുപ്പശ്ശേരി, കുഴിക്കാട്ടുശ്ശേരി, കൊറ്റനല്ലൂർ പ്രദേശങ്ങളിലെ കാൽ ലക്ഷത്തോളം ഉപഭോക്താക്കൾക്ക് പദ്ധതി പ്രയോജനപ്പെടും

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മണ്ഡലത്തിലെ വൈദ്യുതിവികസന രംഗത്തിനു കുതിപ്പേകിക്കൊണ്ട് വേളൂക്കര പഞ്ചായത്തിൽ പുതിയ 33 കെവി സബ്‌സ്റ്റേഷൻ പണിതീർത്ത് നാടിന് സമർപ്പിക്കുകയാണെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി വേളൂക്കര 33 കെ.വി സബ്‌സ്റ്റേഷൻ ഉദ്ഘാടനം നിർവ്വഹിക്കും. ജൂലൈ 27ന് ശനിയാഴ്‌ച രാവിലെ പതിനൊന്നിന് സബ്‌സ്റ്റേഷൻ പരിസരത്തു നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രിയും ഇരിങ്ങാലക്കുട എംഎൽഎയുമായ ഡോ. ആർ ബിന്ദു അദ്ധ്യക്ഷത വഹിക്കും.

ഏകദേശം 7.7 കോടി രൂപ ചെലവിലാണ് വേളൂക്കര പഞ്ചായത്തിലെ സബ്‌സ്റ്റേഷൻ യാഥാർത്ഥ്യമാക്കുന്നത്. കൊമ്പൊടിഞ്ഞാമാക്കൽ, പുത്തൻചിറ, മാള, ചാലക്കുടി സെക്‌ഷൻ ഓഫീസുകളുടെ പരിധിയിൽ വരുന്ന തുമ്പൂർ, കൊമ്പൊടിഞ്ഞാമാക്കൽ, കടുപ്പശ്ശേരി, കുഴിക്കാട്ടുശ്ശേരി, കൊറ്റനല്ലൂർ പ്രദേശങ്ങളിലെ ഏതാണ്ട് കാൽ ലക്ഷത്തോളം ഉപഭോക്താക്കൾക്ക് പദ്ധതി പ്രയോജനപ്പെടും.

ഒന്നും രണ്ടും പിണറായി സർക്കാരുകളിലായി വൈദ്യുതി വികസന മേഖലയിൽ വലിയ മുന്നേറ്റമുണ്ടാക്കിയതിനു തുടർച്ചയായാണ് പുതിയ വികസനപദ്ധതിയ്ക്ക് മണ്ഡലത്തിൽ പ്രാരംഭം കുറിക്കുന്നതെന്ന് മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

ഒന്നാം പിണറായി സർക്കാരിൽ ഇരിങ്ങാലക്കുട നഗരസഭ കെ എസ് ഇ ബി നമ്പർ 2 സെക്ഷൻ കെട്ടിടം 40 ലക്ഷം രൂപ ചെലവിൽ പൂർത്തിയാക്കി. ഇരിങ്ങാലക്കുട മണ്ഡലം സമ്പൂർണ്ണ വൈദ്യുതീകരണം 25 ലക്ഷം രൂപ ചെലവിൽ സാക്ഷാല്ക്കരിച്ചു.

മുരിയാട് ഗ്രാമ പഞ്ചായത്തിൽ ആനന്ദപുരം പാലക്കുഴി ലിഫ്റ്റ് ഇറിഗേഷൻ വൈദ്യുതീകരണം (8. 485 ലക്ഷം), മുരിയാട് ഗ്രാമ പഞ്ചായത്തിൽ പാറേക്കാട്ടുകര പ്രദേശത്തേക്ക് തെരുവുവിളക്കുകൾ (3.875 ലക്ഷം), ഇരിങ്ങാലക്കുട നഗരസഭയിൽ മിനി സിവിൽ സ്റ്റേഷനിൽ അഡീഷണൽ ബ്ലോക്കിൽ ട്രാൻസ്ഫോർമർ (5.35 ലക്ഷം), പടിയൂർ ഗ്രാമപഞ്ചായത്തിലെ നിലംപതിയിൽ 110 കെ വി എ ട്രാൻസ്ഫോർമർ (80,402 രൂപ), ഇരിങ്ങാലക്കുട നഗരസഭയിൽ കിഴക്കേ പുഞ്ചപ്പാടത്തേക്ക് വൈദ്യുതി കണക്ഷൻ (10.20 ലക്ഷം) തുടങ്ങിയവ ഒന്നാം പിണറായി സർക്കാരിൽ പൂർത്തീകരിച്ച് നാടിന് സമർപ്പിച്ചു.

ഇവയ്ക്ക് തുടർച്ചയായി രണ്ടാം പിണറായി സർക്കാരിൽ മണ്ഡലത്തിലെ പത്ത് കേന്ദ്രങ്ങളിൽ പോൾ മൗണ്ടഡ് ചാർജിങ്ങ് പോയിൻ്റുകൾ സ്ഥാപിച്ചു. കോലോത്തും പടിയിൽ ചാർജിംങ്ങ് സ്റ്റേഷന് തുടക്കമിട്ടതും പുരപ്പുറ സോളാർ പദ്ധതി ആരംഭിച്ചതും അടക്കമുള്ള നേട്ടങ്ങളുടെ തുടർച്ചയാണ് വേളൂക്കര പഞ്ചായത്തിലെ 33 കെ വി സബ്‌സ്റ്റേഷൻ – മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

വോൾട്ടേജ് ക്ഷാമം പരിഹരിക്കാനും ഗുണമേന്മയുള്ള വൈദ്യുതി എത്തിക്കാനും പ്രസരണ-വിതരണ നഷ്‌ടം കുറയ്ക്കാനും ഉള്ള സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളിൽ മുൻപിൽ നടക്കുകയാണ് സബ്‌സ്റ്റേഷൻ ആരംഭിക്കുന്നതടക്കമുള്ള പ്രവർത്തനങ്ങളിലൂടെ ഇരിങ്ങാലക്കുട മണ്ഡലം – മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page