സംഗമഗ്രാമ മാധവൻ്റെ സ്മരണ പുതുക്കി യോഗക്ഷേമസഭ തൃശ്ശൂർ ജില്ലാ ഘടകം ‘ഗണനീയം ഗണിതമാധവം’ സെമിനാർ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : യോഗക്ഷേമസഭ തൃശ്ശൂർ ജില്ലാ ഘടകത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷമായ ‘ഹിരണ്മയം 2026’-ന്റെ ഭാഗമായി സംഘടിപ്പിച്ച എട്ടാമത് പദ്ധതി ‘ഗണനീയം ഗണിതമാധവം’ ഇരിങ്ങാലക്കുട നമ്പൂതിരീസ് കോളേജിൽ നടന്നു. വിശ്വഗണിതജ്ഞൻ സംഗമഗ്രാമ മാധവൻ്റെ സ്മരണ പുതുക്കിക്കൊണ്ട് സംഘടിപ്പിച്ച സെമിനാർ ഗണിതശാസ്ത്ര കുതുകികൾക്കും സഭാംഗങ്ങൾക്കും വേറിട്ട അനുഭവമായി.

ഐസക് ന്യൂട്ടണും ലെബനിസിനും നൂറ്റാണ്ടുകൾക്ക് മുൻപേ കാൽക്കുലസിന്റെ അടിസ്ഥാന പ്രമാണങ്ങൾ ആവിഷ്കരിച്ച മാധവൻ്റെ കണ്ടെത്തലുകളെ വരുംതലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സെമിനാർ സംഘടിപ്പിച്ചത്. മൂന്ന് വ്യത്യസ്ത സെഷനുകളിലായി നടന്ന സെമിനാറിൽ ഈ രംഗത്തെ പ്രമുഖർ ക്ലാസ്സുകൾ നയിച്ചു.

‘സംഗമഗ്രാമത്തിൻ്റെ മാധവൻ എന്ന വിഷയത്തിൽ ഗവേഷകയായ ക്യാപ്റ്റൻ ലിറ്റി ചാക്കോ സംസാരിച്ചു. ‘വേദഗണിത പരിചയം’ എന്ന വിഷയത്തിൽ പ്രശസ്ത ഗണിത അധ്യാപകനും കലാകാരനുമായ വിനോദ് വാരിയരും, ‘മാധവ ഗണിതം’ എന്ന വിഷയത്തിൽ സംഗമഗ്രാമ മാധവ ഗണിതശാസ്ത്ര പരിഷത്ത് സെക്രട്ടറി ജി. സതീഷ് മാസ്റ്ററും പ്രഭാഷണം നടത്തി.
സെമിനാറിൻ്റെ ഭാഗമായി സംഗമഗ്രാമ മാധവൻ്റെ ജന്മഗൃഹമായ കല്ലേറ്റുംകരയിലെ ഇരിങ്ങാടപ്പിള്ളി ഇല്ലം സഭാംഗങ്ങൾ സന്ദർശിച്ചു.

സഭയുടെ 50-ാം വാർഷികത്തോടനുബന്ധിച്ച് നടപ്പിലാക്കുന്ന 50 കർമ്മപദ്ധതികളിൽ എട്ടാമത്തേതാണ് ഇരിങ്ങാലക്കുടയിൽ പൂർത്തിയായത്. യോഗക്ഷേമസഭ ജില്ലാ പ്രസിഡന്റ് ശ്രീ. ശ്രീകുമാർ മേലേടം അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഹിരണ്മയം ചെയർമാൻ ശ്രീ. കൃഷ്ണൻ കാരയ്ക്കാട്, ജനറൽ കൺവീനർ കാവനാട് കൃഷ്ണൻ, ഉപസഭാ പ്രസിഡന്റ് നാരായണൻ നമ്പൂതിരിപ്പാട്, ഉപസഭാ സെക്രട്ടറി വിനോദൻ നമ്പൂതിരി എന്നിവർ സംസാരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page