ഇരിങ്ങാലക്കുട : പ്രതിഭയും പ്രതിബദ്ധതയുള്ള കലാമുകുളങ്ങൾക്കായി ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബ് “നവ്യം – യൗവനത്തിൻ കലൈയാട്ടം” എന്നപേരിൽ വൈവിദ്ധ്യമാർന്ന രംഗകലകളുടെ ത്രിദിന അരങ്ങുകൾ സംഘടിപ്പിക്കുന്നു. യുവനിരയിലെ പ്രയോക്താക്കൾക്ക് അരങ്ങുകൾ നല്കുന്നതോടൊപ്പം കലാഭ്യസനം നടത്തുന്നവർക്കും, കലാസ്വാദകർക്കും കലയുടെ സൗന്ദര്യവശങ്ങളെ കൂടുതൽ അടുത്തറിയുവാൻ ഉതകുന്നവിധത്തിലാണ് ഈ വർഷത്തെ “നവ്യ”ത്തിൻ്റെ ഉള്ളടക്കം സംഘാടകർ വിഭാവനം ചെയ്തിട്ടുള്ളത്. രംഗാവതരണങ്ങളോടൊപ്പം വിഷയകേന്ദ്രീകൃതമായി പ്രബന്ധാവതരണങ്ങളും, ചർച്ചകളും ഉൾപ്പെടുത്തിക്കൊണ്ട് ഉണ്ണായിവാരിയർ സ്മാരക കലാനിലയം ഹാളിലാണ് ഈ വർഷത്തെ “നവ്യം”.
ശ്രീഭരതം സ്കൂൾ ഓഫ് ഡാൻസിലെ യുവനർത്തകികൾ രംഗവന്ദനത്തോടെ അരങ്ങുണർത്തിയതിനുശേഷം സുപ്രസിദ്ധ സംഗീതജ്ഞൻ ശ്രീവത്സൻ ജെ മേനോൻ ഭദ്രദീപം തെളിയിച്ച് “നവ്യ”ത്തിന് സമാരംഭം കുറിക്കും. ബാലിവധം കഥകളിയിലെ രാവണവേഷത്തെ അധികരിച്ച് കലാമണ്ഡലം രവികുമാർ പ്രഭാഷണം നടത്തും. തുടർന്ന് അരങ്ങേറുന്ന ബാലിവധം കഥകളിയിൽ കലാമണ്ഡലം വിശാഖ് രാവണനായും, കലാമണ്ഡലം മിഥുൻ നായർ അകമ്പനും മാരീചനുമായും, കലാമണ്ഡലം ലക്ഷ്മി ഗോപകുമാർ മണ്ഡോദരിയായും വേഷമിടും
രണ്ടാം ദിവസം കർണ്ണാടക സംഗീതത്രിമൂർത്തികളിലെ അമൂല്യരത്നമായ മുത്തുസ്വാമി ദീക്ഷിതരുടെ 250-ാം ജന്മവാർഷികത്തിൽ ‘നവ്യം’ 2025ലെ സംഗീതസദസ്സുകൾ ആ വാഗ്ഗേയകാരനായി സമർപ്പിക്കും. കാലത്ത് മുത്തുസ്വാമി ദീക്ഷിതരുടെ പഞ്ചലിംഗസ്ഥല കീർത്തനാലാപനം നടത്തും. തുടർന്ന് , കമലാംബാ നവാവരണ കൃതികളുടെ പ്രത്യേകതകളെക്കുറിച്ച് ശ്രീലത നമ്പൂതിരിയുടെ പ്രഭാഷണം.
ആനന്ദ് കെ രാജ് നയിക്കുന്ന കർണ്ണാടകസംഗീതക്കച്ചേരിയിൽ പാലക്കാട് കൈലാസപതി ജി വയലിനിലും വിഷ്ണു ചിന്താമണി മൃദംഗത്തിലും പക്കമേളമൊരുക്കും. ഉച്ചതിരിഞ്ഞ് സംഗീതജ്ഞൻ കോട്ടയ്ക്കൽ രഞ്ജിത്ത് വാരിയർ ‘കർണ്ണാടകസംഗീതത്തിലെ കാലികമായ ഭാവുകത്വപരിണാമം’ എന്നവിഷയത്തിൽ കച്ചേരിയിൽ പങ്കെടുത്ത കലാകാരന്മാരുമായി ചർച്ച.
ഉച്ചതിരിഞ്ഞ് ബാലിവധം കൂടിയാട്ടത്തിന്റെ ഘടനയിൽ ഏകാഹാര്യരംഗാവതരണത്തിലെ സർഗ്ഗാത്മകത എന്ന വിഷയത്തിൽ ഡോക്ടർ അപർണ്ണാനങ്ങ്യാർ നടത്തുന്ന പ്രഭാഷണം. തുടർന്ന് അമ്മന്നൂർ മാധവ് ചാക്യാർ അവതരിപ്പിക്കുന്ന സുഗ്രീവൻ്റെ നിർവ്വഹണം കൂടിയാട്ടം.
വൈകീട്ട് ആറിന് “തായമ്പകയുടെ ഘടനാപരമായ അവതരണങ്ങളിൽ സർഗ്ഗാത്മകതയ്ക്കുള്ള സാധ്യതകളും പ്രാധാന്യവും – ഇന്ന്” എന്ന വിഷയത്തിൽ ഇരിങ്ങപ്പുറം ബാബുവിൻ്റെ പ്രഭാഷണം. തുടർന്ന് സന്ധ്യക്ക് മാർഗ്ഗി രഹിത കൃഷ്ണദാസിന്റെ തായമ്പക.
മൂന്നാംദിനത്തിൽ കാലത്ത് ഒമ്പതിന് പാഴൂർ ജിതിൻ മാരാരും പെരുമ്പിള്ളി ശ്രീരാഗ് മാരാരും ചേർന്ന് സോപാനസംഗീതം. ഡോക്ടർ ഗീത ശിവകുമാറിൻ്റെ പ്രഭാഷണം. തുടർന്ന് ഭദ്ര രാജീവ് അവതരിപ്പിക്കുന്ന മോഹിനിയാട്ടം. ഉച്ചതിരിഞ്ഞ് ഗുരു കലാമണ്ഡലം ചന്ദ്രിക മേനോനുമായി അവന്തിക സ്കൂൾ ഓഫ് ഡാൻസിലെ യുവകലാകാരന്മാർ ‘ദക്ഷിണേന്ത്യൻ നൃത്തകലകളുടെ അരങ്ങും കളരിയും – അന്നും ഇന്നും’ എന്ന വിഷയത്തിൽ നടത്തുന്ന അഭിമുഖം. ഉച്ചതിരിഞ്ഞ് കാലൈമാമണി ഡോക്ടർ ശ്രീലത വിനോദിൻ്റെ പ്രഭാഷണം. തുടർന്ന് തീർത്ഥ പൊതുവാൾ അവതരിപ്പിക്കുന്ന ഭരതനാട്യം. വൈകീട്ട് ആറിന് ഗീത പത്മകുമാറിൻ്റെ പ്രഭാഷണത്തെ തുടർന്ന് ആറരയ്ക്ക് ഡോക്ടർ സ്നേഹ ശശികുമാറിൻ്റെ കൂച്ചിപ്പൂടിയോടെ ഈ വർഷത്തെ ‘നവ്യം’ പര്യവസാനിക്കും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

