ഇരിങ്ങാലക്കുട : തുമ്പൂർ എസ്.എച്ച്.സി.എൽ.പി സ്‌കൂളിൻ്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുകയാണ്. 1926 ജൂൺ 1 ന് വി. മറിയം ത്രേസ്യ സ്ഥാപിച്ച, തുമ്പൂർ ഗ്രാമത്തിൻ്റെ ആദ്യ വിദ്യാലയമാണിത്. ആയിരങ്ങൾക്ക് വിദ്യയുടെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകിയ ഈ അക്ഷരമുത്തശ്ശിയുടെ ശതാബ്ദി വിപുലമായ പരിപാടികളോടെ ആഘോഷിക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത് എന്ന് ശതാബ്ദി ആഘോഷ കമ്മിറ്റി ചെയർമാനും സ്കൂൾ ഹെഡ്‌മിട്രസുമായ സി. റോസ് ലിറ്റ് വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
പ്രവർത്തനങ്ങളുടെ വിജയത്തിന് 251 കമ്മിറ്റി രൂപീകരിച്ച” പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ജൂലൈ 11, 12 തീയതികളിൽ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. ശതാബ്ദിക്ക്” മുന്നോടിയായി കഴിഞ്ഞ വർഷം പൂർവ്വവിദ്യാർത്ഥികൾ സ്‌കൂളിൽ പ്രാദേശിക ചരിത്ര മ്യൂസിയം സ്ഥാപിച്ച് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ശതാബ്ദിയോട് അനുബന്ധിച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം, ആദരണീയം. കലാ-കായിക മത്സരങ്ങൾ, ഹരിതവൽക്കരണം, ബോധവൽക്കരണ പരിപാടികൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, മെഗാ മെഡിക്കൽ ക്യാമ്പ്, കൃതജ്ഞത ബലി, സ്‌മരണിക പ്രസിദ്ധീകരണം, ശതാബ്ദി മെമ്മോറിയൽ ഊട്ടുപുര തുടങ്ങി വ്യത്യസ്‌തങ്ങളായ നിരവധി പരിപാടികൾ ആണ് വിഭാവനം ചെയ്തിട്ടുള്ളത്.
ജൂലൈ 11-ാം തീയതി വെള്ളിയാഴ്‌ച സ്‌കൂൾ സ്ഥാപകയായ വി. മറിയം ത്രേസ്യയുടെ കബറിടത്തിൽ നിന്നും ദീപശിഖ കൊണ്ടു വന്ന് സ്‌കൂളിൽ സ്ഥാപിക്കും. 12 ശനിയാഴ്‌ച രാവിലെ 9.30ന് കൊടിയേറ്റത്തോടെയാണ് പരിപാടികൾക്ക് തുടക്കം കുറിക്കുക. 10 മണിക്ക് ശതാബ്ദി ആഘോഷങ്ങൾ ബഹു ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. ഹോളി ഫാമിലി സന്യാസ സഭയുടെ മദർ ജനറൽ റവ. സി. ഡോ. ആനി കുര്യാക്കോസ് അധ്യക്ഷത വഹിക്കുന്ന പൊതുയോഗത്തിൽ പൂർവിദ്യാർത്ഥിയും ലോകത്തിലെ പ്രമുഖ കാർഡിയോ സർജനുമായ ഡോ. ബിനോയ് ചാട്ടുപറമ്പിൽ മുഖ്യാതിഥിയായി പങ്കെടുക്കും.
പാവനാത്മ പ്രൊവിൻസ് പ്രൊവിൻഷാൾ റവ. സി. ട്രീസ് ജോസഫ് ലോഗോ പ്രകാശനവും തുമ്പൂർ സെ. മാത്യൂസ് പള്ളി വികാരി ഫാ. ഷിബു കള്ളാംപറമ്പിൽ അനുഗ്രഹ പ്രഭാഷണവും നടത്തും. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും, പഞ്ചായത്ത് അധികൃതരും, ഉൾപ്പെടെയുള്ള നാട്ടിലെ സാമൂഹിക -സാംസ്കാരിക രംഗത്തെ പ്രമുഖരും പരിപാടികളിൽ പങ്കെടുക്കും എന്ന് സംഘാടകർ അറിയിച്ചു.
ശതാബ്ദി ആഘോഷ കമ്മിറ്റി ചെയർമാനും സ്കൂൾ ഹെഡ്‌മിട്രസുമായ സി. റോസ് ലിറ്റ് , സി . അലീന ഗ്രേസ്, ശതാബ്ദി ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ ഷാറ്റൊ കുരിയൻ, ഒ എസ് എ പ്രസിഡൻ്റ് ആർ കെ ജയരാജൻ, പി ടി എ പ്രസിഡാൻ്റ് ആൽജോ ജോസ്, ശതാബ്ദി ആഘോഷ കമ്മിറ്റി വൈസ് ചെയർമാൻ മുകുന്ദൻ ചെറാട്ട് എന്നിവർ ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ ചേർന്ന വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

