ഇരിങ്ങാലക്കുട : കേരളീയ രംഗകലകളുടെ പ്രചാരണവും ഉന്നമനവും ലക്ഷ്യമിട്ട് കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ദുബായിലും കേരളത്തിലും പ്രവർത്തിക്കുന്ന ‘ തിരനോട്ടം ‘ ഒരുക്കുന്ന ‘ അരങ്ങ് 2026 ‘ ആഗസ്റ്റ് 8 ശനി, 9 ഞായർ തീയതികളിൽ ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. ഡോക്ടർ കെ. എൻ. പിഷാരടി സ്മാരക കഥകളി ക്ലബ്ബി ന്റെ സംഘാടനത്തിൽ ക്രൈസ്റ്റ് കോളേജ് ഐ.കെ.എസ് സെല്ലിൻ്റേയും, ഭാരതീയ വിദ്യാഭവൻ്റേയും സഹകരണത്തോടെയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.

ആഗസ്റ്റ് 8ന് രാവിലെ 9.30ന് സമാരംഭ ചടങ്ങിൽ ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവൻ ചെയർമാൻ ടി. എ. നായർ, ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പാൾ റവ. ഡോക്ടർ പ്രൊഫസർ ജോളി ആൻഡ്രൂസ് സി.എം.ഐ [CMI], ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവൻ എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ സി. നന്ദകുമാർ എന്നിവർ വിശിഷ്ടസാന്നിദ്ധ്യമരുളും. ക്രൈസ്റ്റ് കോളേജ് ഐ.കെ.എസ് [IKS] സെൽ കോ-ഓർഡിനേറ്റർ ഡോ. വിനീത ജയകൃഷ്ണൻ, അമ്മന്നൂർ ഗുരുകുലം പ്രസിഡന്റ് കലാമണ്ഡലം രാജീവ് എന്നിവർ ആശംസകൾ നേരും.
അഡ്വ. രാജേഷ് തമ്പാൻ സ്വാഗതവും ശശികുമാർ തോട്ടുപ്പുറം കൃതജ്ഞതയും പറയും. തുടർന്ന് 10.30ന് ഡോക്ടർ അപർണ്ണ നങ്ങ്യാർ അവതരിപ്പിക്കുന്ന സന്താനഗോപാലം ‘ദശമം കൂത്ത് (ചുടലക്കൂത്ത്)’ അരങ്ങേറും. കലാമണ്ഡലം രാജീവ്, കലാമണ്ഡലം നാരായണൻ നമ്പ്യാർ, കലാമണ്ഡലം വിജയ് എന്നിവർ മിഴാവിലും കലാനിലയം ഉണ്ണികൃഷ്ണൻ ഇടയ്ക്കയിലും സരിത കൃഷ്ണകുമാർ, മേധ നങ്ങ്യാർ എന്നിവർ താളത്തിലും പക്കമേളമൊരുക്കും.
ഉച്ചതിരിഞ്ഞ് 12.30ന് നാലുനോക്ക് പുറപ്പാടും ഇരട്ടമേളപ്പദവും അരങ്ങേറും. ഇന്ദ്രനായി യദുകൃഷ്ണൻ ഷൺമുഖദാസും ഇന്ദ്രാണിയായി കലാമണ്ഡലം സൂര്യകിരണും വേഷമിടും. കലാമണ്ഡലം ഹരീഷ്കുമാർ, കലാമണ്ഡലം വിശ്വാസ് എന്നിവർ പാട്ടിലും, കലാമണ്ഡലം രവിശങ്കർ, കലാമണ്ഡലം നിധിൻ കൃഷ്ണ എന്നിവർ ചെണ്ടയിലും അണിനിരക്കും. മദ്ദളത്തിൽ കലാമണ്ഡലം ഹരിഹരൻ, കലാമണ്ഡലം ശ്രീജിത്ത് എന്നിവരും പങ്കാളികളാകും.
തുടർന്ന് നടക്കുന്ന ‘കാലകേയവധം’ കഥകളിയിൽ ഒന്നാം ഇന്ദ്രനായി കലാമണ്ഡലം വിപിൻ ശങ്കറും മാതലിയായി കലാമണ്ഡലം ഡോക്ടർ അരുൺ വാര്യരും ഒന്നാം അർജ്ജുനനായി കലാമണ്ഡലം ഷൺമുഖദാസും ഇന്ദ്രാണിയായി കലാമണ്ഡലം സൂര്യകിരണും ഉർവ്വശിയായി പീശപ്പിള്ളി രാജീവനും സഖിയായി കലാമണ്ഡലം പ്രവീണും രണ്ടാം അർജ്ജുനനായി കലാമണ്ഡലം നീരജും, രണ്ടാം ഇന്ദ്രനായി കലാമണ്ഡലം സൂരജും വേഷമിടും.
കലാമണ്ഡലം ബാബു നമ്പൂതിരി, കലാമണ്ഡലം ഹരീഷ്കുമാർ, കലാമണ്ഡലം വിനോദ്, കലാമണ്ഡലം വിശ്വാസ് എന്നിവർ സംഗീതമൊരുക്കും. സദനം രാമകൃഷ്ണൻ, കലാമണ്ഡലം രവിശങ്കർ, കലാമണ്ഡലം നിധിൻ കൃഷ്ണ എന്നിവർ ചെണ്ടയിലും സദനം ദേവദാസ്, കലാമണ്ഡലം ഹരിഹരൻ, കലാമണ്ഡലം ശ്രീജിത്ത് എന്നിവർ മദ്ദളത്തിലും പശ്ചാത്തലമേളമൊരുക്കും. കലാമണ്ഡലം സുധീഷ്, കലാമണ്ഡലം ധഗിൻ രാജ് എന്നിവർ ചുട്ടി അണിയിക്കും.
ആഗസ്റ്റ് 9ന് രണ്ടാംദിനത്തിൽ രാവിലെ 9.30ന് റിട്ടയേർഡ് ഇന്ത്യൻ അംബാസിഡറും ദുബായിലെ മുൻ ഇന്ത്യൻ കോൺസുൽ ജനറലും ഫ്യൂചർ കേരള മിഷൻ ചെയർമാനുമായ വേണു രാജാമണി ദീപപ്രോജ്ജ്വലനം നടത്തും. കഥകളി വേഷകലാകാരനായ കലാനിലയം ഗോപാലകൃഷ്ണൻ, അണിയറ കലാകാരനായ ചേർത്തല പ്രശാന്ത്കുമാർ എന്നിവർക്ക് ഗുരുദക്ഷിണ സമർപ്പണം നടത്തും. തുടർന്ന് കലാമണ്ഡലം സംഗീത പ്രസാദ് അവതരിപ്പിക്കുന്ന മോഹിനിയാട്ടക്കച്ചേരി അരങ്ങേറും. കലാമണ്ഡലം ദേവിക നട്ടുവാങ്കത്തിലും കലാമണ്ഡലം സാഗർദാസ് വായ്പ്പാട്ടിലും കലാമണ്ഡലം കൃഷ്ണകുമാർ മൃദംഗത്തിലും ജയദേവൻ ഒറ്റപ്പാലം വയലിനിലും കലാമണ്ഡലം നിധിൻ കൃഷ്ണ ഇടയ്ക്കയിലും പശ്ചാത്തല സംഗീതമൊരുക്കും.
ഉച്ചയ്ക്ക് കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന ‘ഭഗവദജ്ജുകം’ കൂടിയാട്ടം അരങ്ങേറും. പരിവ്രാജകനായി കലാമണ്ഡലം സംഗീത് ചാക്യാരും ശാണ്ഡില്യനായി കലാമണ്ഡലം ജിഷ്ണുപ്രതാപും വസന്തസേനയായി ഡോക്ടർ കലാമണ്ഡലം കൃഷ്ണേന്ദുവും പരഭൃതികയായി കലാമണ്ഡലം പ്രശാന്തിയും യമദൂതനായി കലാമണ്ഡലം മഞ്ജുനാഥും മാതാവായി കലാമണ്ഡലം സീതാലക്ഷ്മിയും രാമിലകനായി കലാമണ്ഡലം നന്ദനും വൈദ്യനായി ഡോ. കലാമണ്ഡലം ചാരു ആഗരും വേഷമിടും. കലാമണ്ഡലം രതീഷ് ഭാസ്, കലാമണ്ഡലം സജിത് വിജയൻ, കലാമണ്ഡലം രാഹുൽ ടി.എസ്, കലാമണ്ഡലം കൃഷ്ണദാസ്, കലാമണ്ഡലം സാഗർ എന്നിവർ മിഴാവിലും കലാമണ്ഡലം സുഭാഷ് ഇടയ്ക്കയിലും കലാമണ്ഡലം ശ്രീലക്ഷ്മി, കലാമണ്ഡലം സുസ്മിത, കലാമണ്ഡലം ലക്ഷ്മി എന്നിവർ താളത്തിലും പശ്ചാത്തലമേളമൊരുക്കും. കലാമണ്ഡലം സനൽ, കലാമണ്ഡലം അർജ്ജുനൻ എന്നിവരാണ് ചുട്ടി അണിയിക്കുന്നത്. രമേഷ്, അരുൺ എന്നിവരായിരിക്കും അണിയറ സഹായികൾ.
വൈകീട്ട് ‘നിഴൽക്കുത്ത്’ കഥകളി അരങ്ങേറും. ദുര്യോധനനായി കലാമണ്ഡലം പന്മന പ്രശാന്തും ദൂതനും പരികർമ്മിയുമായി ആർ. എൽ. വി. പ്രേംശങ്കറും ത്രിഗർത്തനായി കലാമണ്ഡലം അഖിലും ഭാരതമലയനായി കലാമണ്ഡലം രവികുമാറും മലയത്തിയായി കലാമണ്ഡലം അനിൽകുമാറും മന്ത്രവാദിയായി കലാമണ്ഡലം മയ്യനാട് രാജീവനും ശ്രീകൃഷ്ണനായി അഭിജിത്ത് പ്രശാന്തും കുന്തിയായി കലാമണ്ഡലം ലക്ഷ്മി ഗോപകുമാറും മണികണ്ഠനായി മാസ്റ്റർ അദ്വൈത് പ്രശാന്തും വേഷമിടും. കലാമണ്ഡലം സജീവ്കുമാർ, കലാനിലയം സിനു, കലാനിലയം സഞ്ജയ് എന്നിവർ സംഗീതമൊരുക്കും. കലാഭാരതി ഉണ്ണികൃഷ്ണൻ, കലാനിലയം അഖിൽ എന്നിവർ ചെണ്ടയിലും കലാഭാരതി ജയൻ, കലാമണ്ഡലം രാംദാസ് നമ്പീശൻ എന്നിവർ മദ്ദളത്തിലും പശ്ചാത്തലമേളമൊരുക്കും.
കലാനിലയം വിഷ്ണു ചുട്ടി കൈകാര്യം ചെയ്യും. രണ്ട് ദിനവും കഥകളി അരങ്ങിന് രംഗഭൂഷ, ഇരിങ്ങാലക്കുട ചമയമൊരുക്കും. നെടുമുടി മധുസൂദനപ്പണിക്കർ, ഊരകം നാരായണൻ നായർ, പള്ളിപ്പുറം ഉണ്ണികൃഷ്ണൻ, കലാമണ്ഡലം മനേഷ്, നാരായണൻകുട്ടി, ചേർത്തല ശ്രീരാജ് എന്നിവരായിരിക്കും അരങ്ങ് 2026ലെ അണിയറ സഹായമൊരുക്കുന്നത്.
ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ നടന്ന വാർത്ത സമ്മേളനത്തിൽ തിരനോട്ടം ഭാരവാഹികളായ പി എസ് രാമസ്വാമി, ശശികുമാർ തോട്ടുപുറം, ക്രൈസ്റ്റ് പ്രിൻസിപ്പൽ ഡോ. പ്രൊഫ. ജോളി ആൻഡ്രൂസ് CMI, ഐ.കെ.എസ് സെൽ പ്രധിനിധി ഡോ വിനീത ജയകൃഷ്ണൻ, ഭാരതീയ വിദ്യാഭവൻ, ഇരിങ്ങാലക്കുട ചെയർമാൻ ടി. എ. നായർ, എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ സി. നന്ദകുമാർ, ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ് പ്രസിഡണ്ട് രമേശൻ നമ്പീശൻ എന്നിവർ പങ്കെടുത്തു.

Experience the Grandeur of Kerala’s Classical Arts at Arangu 2026! Thiranottam, in collaboration with the Irinjalakuda Kathakali Club and supported by the Christ College IKS Cell & Bharatiya Vidya Bhavan, warmly invites all art connoisseurs to a magnificent two-day cultural festival celebrating the timeless performing arts of Kerala. Immerse yourself in a spectacular visual and auditory feast featuring some of the finest traditional art forms
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



