ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ നാടക വഴികളിലൂടെ നടന്നു കയറി മലയാള സിനിമാ ലോകത്തെ അടക്കിവാണ പ്രതിഭയായ ഇന്നസെൻ്റ് വിട പറഞ്ഞിട്ട് രണ്ട് വർഷം പിന്നിടുന്ന വേളയിൽ ആ ഓർമ്മകൾക്ക് സ്ഥായീഭാവം നൽകാൻ പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖല കമ്മിറ്റി ഇന്നസെന്റ് സ്മാരക അഖില കേരള അമേച്വർ നാടക മത്സരം സംഘടിപ്പിക്കുന്നു. ഈ വർഷം മേയ് 13, 14, 15,16,17 തിയ്യതികളിലായാണ് നാടകാവതരണങ്ങൾ.
വൈകിട്ട് 6 മണി മുതൽ ടൗൺ ഹാളിൽ ദിവസവും രണ്ട് നാടകങ്ങൾ അവതരിപ്പിക്കപ്പെടും. കേരളത്തിലെ പ്രബല അമേച്വർ നാടക സംഘങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 10 നാടകങ്ങൾക്കാണ് വേദിയൊരുക്കുന്നത്.മികച്ച ഒന്നും രണ്ടും മൂന്നും നാടകങ്ങൾക്ക് യഥാക്രമം 50000/, 30000/, 20000/ രൂപയും ട്രോഫിയുമാണ് സമ്മാനങ്ങൾ കൂടാതെ മികച്ച നാടക രചയിതാവ്, സംവിധായകൻ, നല്ല നടൻ, നല്ല നടി എന്നിവർക്കും ട്രോഫിയും ക്യാഷ് അവാർഡും സമ്മാനമായി നൽകും. സംസ്ഥാനത്തെ ഏറ്റവും മുന്തിയ സമ്മാനത്തുകയാണെന്ന് സംഘടകസമിതി ചെയർമാൻ വി.എ മനോജ് കുമാർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ഇരിങ്ങാലക്കുടയ്ക്ക് വളരെ സമ്പന്നമായ ഒരു നാടക പൈതൃകമുണ്ട്. ടൗണിലും പരിസര പഞ്ചായത്തുകളിലുമായി നിരവധി അമേച്വർ നാടക സമിതികൾ സജീവമായുണ്ടായിരുന്നു. 50 കളിൽ കേരളത്തെ, പ്രത്യേകിച്ച് മലബാർ മേഖലയെ പ്രകമ്പനം കൊള്ളിച്ച ‘നമ്മളൊന്ന്’ നാടകത്തിന്റെ പരിശീലനക്കളരി ഇരിങ്ങാലക്കുടയിലായിരുന്നു എന്നതുതന്നെ ഇരിങ്ങാലക്കുടയുടെ നാടക പാരമ്പര്യത്തെ വിളംബരം ചെയ്യുന്നുണ്ട് എന്നും ജനറൽ കൺവീനർ ഡോ കെ .രാജേന്ദ്രൻ പറഞ്ഞു.
ആ നഷ്ടപ്രതാപം വീണ്ടെടുക്കുന്നതിനുള്ള ഒരു വലിയ ശ്രമം കൂടിയാണ് ഇന്നസെന്റ് നാടകോത്സവം. ഇത് വമ്പിച്ച വിജയമാക്കി തീർക്കുന്നതിന് നാടക – കലാപ്രേമികളുടേയും, സഹൃദയരുടേയും മാധ്യമ പ്രവർത്തകരുടേയും ആത്മാർത്ഥമായ സഹകരണം അത്യന്താപേക്ഷിതമാണ്. അതിനായി സവിനയം അഭ്യർത്ഥിക്കുകയാണ്
ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ വി.എ മനോജ് കുമാർ (ചെയർമാൻ, ), ഡോ കെ .രാജേന്ദ്രൻ,(ജനറൽ കൺവീനർ), സംഘാടക സമതി കൺവീനർമാരായ ഉദിമാനം അയ്യപ്പക്കുട്ടി, ഡോ. സോണി ജോൺ, അഡ്വ. പി. മണികണ്ഠൻ, എ.എൻ. രാജൻ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive





