ഇരിങ്ങാലക്കുട : അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലൂടെ ശ്രദ്ധേയമായ രാംദാസ് കടവല്ലൂരിന്റെ ‘ Beyond Hatred and Power , We Keep Singing’ എന്ന സിനിമയുടെ പ്രദർശനം ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ സഹായത്തോടെ ജൂലൈ 21 , ഞായറാഴ്ച രാവിലെ 10.45 ന് , ഇരിങ്ങാലക്കുടയിൽ സംഘടിപ്പിക്കുന്നു. ഏറ്റവും മികച്ച ദൃശ്യ, ശ്രാവ്യ സംവിധാനങ്ങളോടെ ഇരിങ്ങാലക്കുട മാസ് മൂവീസ് തീയേറ്ററിൽ ആണ് പ്രദർശനം. കേരള ചലച്ചിത്ര അക്കാദമിയുടെ 15മത് അന്താരാഷ്ട്ര ഡോക്യുമെന്ററി ചലച്ചിത്ര മേളയിൽ ( IDSFFK) പ്രീമിയർ ആയി പ്രദർശിപ്പിച്ച ഈ സിനിമ ഏഷ്യയിലെ ഏറ്റവും ശ്രദ്ധേയമായ ഫിലിം ഫെസ്റ്റിവലുകളിൽ ഒന്നായ ജാഫ്ന( ശ്രീലങ്ക) അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ചെന്നൈ അന്താരാഷ്ട്ര ഡോക്യുമെന്ററി ചലച്ചിത്ര മേള, കൊൽക്കത്ത ലോക ചലച്ചിത്ര മേള, കൊൽക്കത്ത LGBTQIA+ ചലച്ചിത്ര മേള, വാനം ആർട്ട് ഫെസ്റ്റിവൽ പി കെ റോസി ചലച്ചിത്ര മേള ( ചെന്നൈ), ശൈലേന്ദ്ര മെമ്മോറിയൽ അന്താരാഷ്ട്ര ചലച്ചിത്ര മേള , ചെന്നൈ സോഷ്യൽ ജസ്റ്റിസ് ഫിലിം ഫെസ്റ്റിവൽ എന്നിവയാണ് സിനിമ തെരഞ്ഞെടുക്കപ്പെട്ട പ്രധാനപ്പെട്ട ചലച്ചിത്ര മേളകൾ. കേരളത്തിലും നിരവധി പ്രാദേശിക ചലച്ചിത്ര മേളകളിൽ സിനിമ പ്രദർശിപ്പിക്കപ്പെട്ടിട്ടുണ്ട്. 96 മിനിറ്റ് ആണ് ദൈർഘ്യം.
ഡോക്യുമെന്ററിയുടെ ലീനിയർ രീതികളെ മാറ്റിയെഴുതിക്കൊണ്ട് ഒരു കൊളാഷ് നരേറ്റീവിനെ പിന്തുടരാൻ ശ്രമിക്കുന്ന ഈ സിനിമ കേരളത്തിൽ നടന്ന ചില രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങളോടുള്ള കലാപരമായ പ്രതികരണം ആണ്. ലോകപ്രശസ്ത എഴുത്തുകാരി മായ ഏഞ്ചലോയുടെ ഒരു കവിതയാണ് സിനിമയുടെ പ്രചോദനം.
ഏറ്റവും മികച്ച ദൃശ്യ ശ്രാവ്യ സിനിമ / സാഹിത്യ മേഖലകളിൽ നിന്ന് നിരവധി പേർ പ്രദർശനത്തിൽ പങ്കെടുക്കും. മൂന്നാറിലെ പെമ്പിളൈ ഒരുമൈ സമരത്തെ ആസ്പദമാക്കി നിർമിച്ച രാംദാസ് കടവല്ലൂരിന്റെ അന്താരാഷ്ട്ര പ്രശസ്തി നേടിയ ആദ്യ ചിത്രമായ ‘ മണ്ണ്’ , ഈ വർഷത്തെ ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ വലിയ പ്രേക്ഷക പ്രീതി നേടിയിരുന്നു.
രജിസ്ട്രേഷൻ തുക 100 രൂപ. ഗൂഗിൾ പേ/ ഫോൺ പേ നമ്പർ : 9891684253 . പ്രവേശനം പതിനെട്ടു വയസ്സു തികഞ്ഞവർക്ക് മാത്രം.