സെന്റ് ജോസഫ്സ് കോളേജിൽ ‘സെലെസ്റ്റാ സെസ്റ്റ് 2K26’ന് തുടക്കം

ഇരിങ്ങാലക്കുട : സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്), ഇരിങ്ങാലക്കുടയിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ദ്വിദിന ടെക് ഫെസ്റ്റായ ‘സെലെസ്റ്റാ സെസ്റ്റ് 2K26’ന് തുടക്കമായി. കോളേജ് പ്രിൻസിപ്പൽ ഡോ. സി. ബ്ലെസി ഫെസ്റ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു.

സാങ്കേതികവിദ്യകൾ വെറും യന്ത്രങ്ങളല്ലെന്നും മനുഷ്യന്റെ ചിന്തകളെ വിശാലമാക്കുന്ന വെളിച്ചമാണെന്നും പ്രിൻസിപ്പൽ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. പുതിയ കാലത്തിന്റെ വെല്ലുവിളികൾ ഏറ്റെടുക്കാൻ വിദ്യാർത്ഥികൾ സജ്ജരാകണമെന്നും അറിവിനൊപ്പം മൂല്യങ്ങളും കാത്തുസൂക്ഷിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.

ചടങ്ങിൽ സെൽഫ് ഫിനാൻസിങ് പ്രോഗ്രാം കോർഡിനേറ്റർ ഡോ. സി. റോസ് ബാസ്റ്റിൻ ആശംസകൾ നേർന്നു. വിദ്യാർത്ഥികളുടെ സർഗാത്മകതയും സാങ്കേതിക വൈദഗ്ധ്യവും ഒരുമിക്കുന്ന വേദിയാണ് ടെക് ഫെസ്റ്റുകളെന്നും സാങ്കേതികവിദ്യയുടെ അനന്തസാധ്യതകൾ തിരിച്ചറിഞ്ഞ് അവ പ്രയോജനപ്പെടുത്താൻ ഇത്തരം വേദികൾ സഹായിക്കുമെന്നും അവർ അഭിപ്രായപ്പെട്ടു.

ഫെസ്റ്റിന്റെ ഭാഗമായി ആദ്യദിനം ഐഡിയത്തോൺ, മൈൻഡ്‌സ്‌കേപ്പ്, ബൈറ്റ്ബാക്ക് കോഡിങ്, ടെക്നോ ക്വിസ് എന്നീ മത്സരങ്ങൾ നടന്നു. പെരിഞ്ഞനം ആർ.എം.വി.എച്ച്.എസ്.എസിലെ കമ്പ്യൂട്ടർ സയൻസ് അധ്യാപകൻ ഫ്രെഡറിക് ഡേവിഡ് ടെക്നോ ക്വിസിന് നേതൃത്വം നൽകി.

You cannot copy content of this page