ഇരിങ്ങാലക്കുട : ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ റാങ്ക്പട്ടികയിൽ നിന്ന് കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം തസ്തികയിൽ നിയമനം നടത്തുന്നത് ഒരാഴ്ചത്തേക്ക് ഹൈക്കോടതി തടഞ്ഞു. കഴകത്തിന് പാരമ്പര്യാവകാശമുന്നയിച്ച് ഇരിങ്ങാലക്കുട തെക്കേ വാര്യത്തെ ഹരികൃഷ്ണൻ വാര്യർ അഡ്വ. ഭരതൻ മുഖേന നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് പി.വി. ബാലകൃഷ്ണൻ എന്നിവരുൾപ്പെട്ട അവധിക്കാല ബെഞ്ചിൻ്റെ ഇടക്കാല ഉത്തരവ്.
ഇതോടെ ലിസ്റ്റിലെ രണ്ടാമൂഴക്കാരനായ കെ.എസ്. അനുരാഗിനെ ഉടൻ നിയമിക്കാനാകില്ല. ഹർജി ഏപ്രിൽ 29-ന് വീണ്ടും പരിഗണിക്കും.
ക്ഷേത്രകഴകക്കാരെ നിശ്ചയിക്കാൻ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് ഏകപക്ഷീയമായ അധികാരമില്ലെന്ന് തന്ത്രികുടുംബം വാദിച്ചു. മാലകെട്ട് ആചാരത്തിന്റെ ഭാഗമായതിനാൽ മാലക്കഴകക്കാരെ തിരഞ്ഞെടുക്കാനുള്ള സമിതിയിൽ തന്ത്രിമാരുടെ പ്രതിനിധി യുണ്ടാകണം. ഇത് പാരമ്പര്യാവകാശമാണെന്നും ചൂണ്ടിക്കാട്ടി.
കൂടൽമാണിക്യം ദേവസ്വം ഇതിനെ എതിർത്തു. മെയ് 8 മുതൽ 18 വരെ തിരുത്സവം നടക്കാനിരിക്കുന്നതിനാൽ കഴകംതസ്തിക ഒഴിഞ്ഞുകിടക്കുന്നത് ഉചിതമല്ല. നേരത്തേ നിയമിതനായ ബി.എ. ബാലു രാജിനൽകിയിരുന്നു. ഈ സാഹചര്യത്തിൽ പകരം നിയമനം നടത്തേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി.
എന്നാൽ ഹർജികളിൽ വിശദവാദം നടക്കാനിരിക്കേ പുതിയ നിയമനം നടത്തുന്നത് അനുചിതമാകുമെന്ന് കോടതി ചൂണ്ടി ക്കാട്ടി, ദേവസ്വത്തോട് എതിർ സത്യവാങ്മൂലം നൽകാനും നിർദേശിച്ചു.
ലിസ്റ്റിലെ രണ്ടാമൂഴക്കാരനായ കെ.എസ്. അനുരാഗിന്റെ നിയമനവുമായി ബന്ധപ്പെട്ട് ഇതുവരെ ദേവസ്വം മാനേജ്മന്റ് കമ്മിറ്റി കൂടിയിട്ടില്ലെന്നും ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഉഷാ നന്ദിനി പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

