അണിയറയിലെ ബ്രഹ്മാവ്



പള്ളിപുറം ഗോപാലൻ നായർ പുരസ്കാരം നേടിയ കഥകളിയിലെ അണിയറ ശില്പി കലാനിലയം പരമേശ്വരനെക്കുറിച്ചുള്ള കുറിപ്പ് തയ്യാറാക്കിയത് കെ വി മുരളി മോഹൻ

വൈവിധ്യമാർന്ന വ്യക്തിത്വങ്ങളെ മുഖത്ത് നാമമിട്ടു, തേച്ചു, മുടിയും ആടയാഭരങ്ങളും അണിയിച്ചു കൃഷ്ണനും നളനും, ഹനൂമാനും കാട്ടാളനുമൊക്കെ ആക്കിത്തീർക്കുന്ന അണിയറയിലെ ബ്രഹ്മാവാണ് കഥകളിയിലെ ചുട്ടി-കോപ്പു കലാകാരൻ. ചുട്ടിയിലും കോപ്പുപണിയിലും അനിതരസാധാരണ വൈവിഗ്ധ്യം ഉള്ള കലാനിലയം പരമേശ്വരന് ഇതാ മറ്റൊരു അംഗീകാരം – ശ്രീ പള്ളിപ്പുറം ഗോപാലൻ നായർ പുരസ്കാരം.

ഏതാണ്ട് ആറ് പതിറ്റാണ്ടുകൾക്ക് മുൻപ് തന്ടെ കലാജീവിതത്തിലെ വഴിത്തിരിവായ ഇരിങ്ങാലക്കുട ഉണ്ണായിവാര്യർ കലാനിലയത്തിലെ വിദ്യാഭ്യാസത്തിനു നാന്ദികുറിപ്പിച്ച ശ്രീ പള്ളിപ്പുറം ഗോപാലൻ നായരുടെ പേരിലുള്ള പുരസ്കാരം തന്നെ ലഭിക്കുന്നതു അദ്ദേഹത്തിന് ഏറെ അഭിമാനിക്കാൻ വഴിനൽകുന്നു എന്നതിന് സംശയമില്ല.

അവിചാരിതനായ ചുട്ടിക്കാരൻ

നന്നേ ചെറുപ്പത്തിൽ തന്നെ വീടിനടുത്തുള്ള (എറണാകുളം ജില്ലയിലെ പാണാവള്ളി) ഒരധ്യാപകന്റെ കീഴിയിൽ കഥകളി അഭ്യസിച്ചു തുടങ്ങിയ പരമേശ്വരനെ അധികം താമസിയാതെ തന്നെ ശ്രീ പള്ളിപ്പുറം ഗോപാലൻ നായർ ഉണ്ണായി വാരിയർ കലാനിലയത്തിലേക്കു കൊണ്ടുവന്നു(1962); വേഷം വിദ്യാർത്ഥിയായിട്ടു. എന്നാൽ പാരമ്പര്യമായ സിദ്ധിച്ച സർഗ്ഗവൈഭവം അദ്ദേഹത്തെ ചുട്ടിയിലും കോപ്പുപണിയിലും കൊണ്ടെത്തിച്ചു. അണിയറയിൽ കഥാപാത്രങ്ങളെ അണിയിച്ചൊരുക്കിയ ശേഷം സ്വയം ചുട്ടി കുത്താൻ കിടക്കുന്ന പരമേശ്വരനെ കൗതുകത്തോടെ പലപ്പോഴും നോക്കിയിരിക്കാറുണ്ട്.

ഒരിക്കൽ തൃശൂർ കഥകളി ക്ലബ്ബി ലാണെന്നാണ് ഓർമ അദ്ദേഹം അവതരിപ്പിച്ച നരസിംഹം ഇന്നും ഓർമയിൽ നിൽക്കുന്നു. സാധാരണയായി ആദ്യാവസാന വേഷക്കാരാണ് നരസിംഹം കെട്ടുക എന്നാൽ അന്ന് ഒരു പകരക്കാരനായിട്ടാണ് പരമേശ്വരൻ വേഷമിട്ടത്. അദ്ദേഹത്തിന്റെ ആ നരസിംഹം ഇന്നും ഓർമകളെ തൊട്ടുണർത്തുന്നു.

ചുട്ടി-കോപ്പു പണി പഠിക്കാൻ അദ്ദേഹം പ്രശസ്തരായ കങ്ങഴ മാധവൻ, എം.കെ. പണിക്കർ, വാഴേങ്കട രാമാ വാരിയർ മുതലായവരുടെ ശിഷ്യത്വം തേടിയിട്ടുണ്ട്. 1968 ൽ കോഴ്സ് പാസ്സായ ശേഷം ഏതാണ്ട് 35 വർഷത്തോളം ഉണ്ണായിവാര്യർ കലാനിലയത്തിൽ ചുട്ടി കോപ്പു അധ്യാപകനായി അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്

സർവ്വസമ്മതൻ

പ്രാഗത്ഭ്യത്തോടൊപ്പം എല്ലാവരുമായി ഇടപഴകാനുള്ള കഴിവ് അദ്ദേഹത്തെ സർവ്വസമ്മതനാക്കിതീർക്കുന്നു. സാധാരണയായി ഏറെ അനുപമമായ ചുട്ടിയും വേഷവിധാനങ്ങളും ( ഇന്ന് ഏറെ മാറിയിട്ടുണ്ട്) പിന്തുടർന്നിരുന്ന കൂടിയാട്ടത്തിൽ പരമേശ്വരന്റെ ചുട്ടികുത്തൽ അംഗീകരിക്കപ്പെട്ടിട്ടുണ്ട് എന്നത് അദ്ദേഹത്തിന്റെ സർവ്വസമ്മതിക്കുള്ള ഒരു ഉദാഹരണം മാത്രം. ഏതാണ്ട് നാല് മണിക്കൂർകൊണ്ട് ആണ് കഥകളിയിലെ ഒരു കഥാപാത്രം അണിയിച്ചൊരുക്കപ്പെടുന്നത്. ഇതിൽ രണ്ടു മണിക്കൂർ മുഖത്തെ തേപ്പിനും ചുട്ടികുത്തലിനും വേണ്ടിവരുന്നു

ഒരിക്കൽ എറണാകുളത്തെ ഒരു കഥകളിക്കു കലാനിലയത്തിന്ടെ കഥകളി കോപ്പു കൊണ്ട് പോയ പരമേശ്വരൻ ചുട്ടികുത്താൻ ഏല്പിച്ചിരുന്ന കലാകാരൻ വരാതിരുന്നതിനാൽ ചുട്ടികുത്താൻ നിയോഗിക്കപ്പെടുകയുണ്ടായി. പ്രശസ്ത കഥകളി ആചാര്യൻ കലാമണ്ഡലം കൃഷ്ണൻ നായർക്കാണ് അന്ന് പരമേശ്വരൻ ചുട്ടി കുത്തിയത്. അത് അദ്ദേഹത്തിന് പില്കാലത്തേക്കു വേണ്ട ആത്മ വിശ്വാസം നൽകിയതായി അദ്ദേഹം പലപ്പോഴും പറയാറുണ്ട്

അർഹതക്കു അംഗീകാരം

വിസ്മരിക്കപ്പെടുന്നു കലാകാരനാണ് ചുട്ടിക്കാരൻ എന്നുള്ള വിശ്വാസത്തിനു ഒരു മാറ്റം വരുത്തിയ കലാകാരനാണ് പരമേശ്വരൻ. അരങ്ങത്തേക്ക് പോകുന്നതിനു മുൻപ് ഗുരുക്കന്മാരെ
വന്ദിക്കുന്നതോടൊപ്പം കലാകാരന്മാർ പരമേശ്വരനെ വന്ദിക്കുന്നത് ഒരു പതിവാണ് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ ഒരംഗീകാരമാണ് ഒരു പക്ഷെ ഇത്.

കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ ഫെല്ലോഷിപ്പ്, കേരള കലാമണ്ഡലം അവാർഡ്, കേരളം സംഗീതനാടക അക്കാഡമി പുരസ്കാരം എന്നിവ അദ്ദേഹത്തെ തേടിഎത്തിയ അംഗീകാരങ്ങളിൽ ചിലവ മാത്രം. ഇതിലും ഏറെ വിലമതിക്കത്തക്കതു പ്രഗത്ഭരായ ശിഷ്യസമ്പത്തത്രേ.

1980 ൽ മാതൃഭൂമിക്കു വേണ്ടി എഴുതിയ ‘കരവിരുത്തിന്ടെ ലോകം’ എന്ന ഫീച്ചർ തയാറാക്കുമ്പോളാണ് പരമേശ്വരനെ അടുത്തറിയാനും ചുട്ടി കോപ്പു നിർമാണപ്രക്രിയ ആഴത്തിൽ മനസ്സിലാക്കുവാനും ഈ ലേഖകന് അവസരം ലഭിക്കുന്നത്.

അദ്വിതീയനായ ഈ അണിയറ ശിൽപ്പിക്കു എല്ലാ ഭാവുകങ്ങളും

ചിത്രം : കലാനിലയം പരമേശ്വരൻ ആശാൻ മുൻ ഐ.എസ്.ആർ.ഓ ചെയർമാൻ ഡോ രാധാകൃഷ്ണന് ചുട്ടികുത്തുന്നു

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page