കൂടൽമാണിക്യം ആനക്കഥകളാൽ സമൃദ്ധം – കെ.വി മുരളി മോഹൻ എഴുതുന്നു …


എന്തൊക്കെ പറഞ്ഞാലും ആനയില്ലാത്ത എഴുന്നെള്ളിപ്പ് നമുക്ക് ചിന്തിക്കാൻ തന്നെ പ്രയാസം. നമ്മുടെ ആനകളും ആനച്ചമയങ്ങളും തിരുപ്പതി മുതലായ അന്യസംസ്ഥാന ക്ഷേത്രങ്ങളിലും ഇന്ന് സ്ഥാനം പിടിച്ചു കാണുന്നു. കൂടൽമാണിക്യം ക്ഷേത്രവും ആനക്കഥകളാൽ സമൃദ്ധം തന്നെ. ആനകളുടെ “സ്റ്റാർ വാല്യൂ” ഇന്ന് ഏറെ ചർച്ചാവിഷയമാണല്ലോ. ഒരു പക്ഷെ ഒരു നൂറ്റാണ്ടു മുൻപും ഇതൊക്കെ നിലവിലുണ്ടായിരുന്നു. അന്നത്തെ താരമായിരുന്നു കവളപ്പാറ കൊമ്പൻ.



കവളപ്പാറ കൊമ്പനെക്കുറിച്ചുള്ള കഥകളും കവിതകളും ഏറെ പ്രചാരത്തിലുണ്ടായിരുന്നു. കവളപ്പാറ കൊമ്പൻ കൂടല്മാണിക്യത്തിൻടെ ആനയല്ലായിരുന്നു എങ്കിലും ഉത്സവത്തിൽ പങ്കെടുക്കാറുണ്ടായിരുന്നത്രെ. കൂടൽമാണിക്യത്തിന്റെ ഏറെ പറഞ്ഞുകേട്ടിട്ടുള്ള ആന ഒരു പക്ഷെ വലിയ രവി ആണ്. വലിയ രവിയുടെ ചങ്ങലയുടെ ഒരു കഷ്ണം ഇന്നും ക്ഷേത്രത്തിലെ ദീപസ്തംഭത്തിനു ചുറ്റി ഇട്ടിരിക്കുന്നു. ഈ ചങ്ങല കണ്ടാൽ വലിയ രവിയുടെ വലുപ്പം ഊഹിക്കാം. തിടമ്പേറ്റിയാൽ തിടമ്പ് നടപ്പുരയുടെ കഴുക്കോലിൽ മുട്ടുമായിരുന്നത്രെ.

കൂടൽമാണിക്യം ഉത്സവവുമായി ബന്ധപ്പെട്ടു പറഞ്ഞു കേൾക്കാറുള്ള മറ്റൊരു ആനയാണ് ചെങ്ങാലൂർ ആന (ഈ ആനയുടെ അസ്ഥികൂടം തൃശൂർ കാഴചബംഗ്ളാവിലുണ്ടായിരുന്നു) തിടമ്പേറ്റിയാൽ ആനയുടെ തുമ്പിയിൽ ഒരു ചെറിയ വെഞ്ചാമരം കൊടുക്കുമായിരുന്നത്രെ. ഈ വെഞ്ചാമരം ആന തിടമ്പിന് മുകളിൽ വീമായിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.



ഒരു കാലത്തു ഇരുപതിലധികം ആനകൾ കൂടൽമാണിക്യം ദേവസ്വത്തിനുണ്ടായിരുന്നു. അന്ന് എഴുന്നെള്ളിപ്പിനു പുറമെ നിന്നും ആനകളെ കൊണ്ടുവരാറുണ്ടായിരുന്നില്ല. ഒരു നിശ്ചിത എണ്ണം തികഞ്ഞാൽ ഒരാനയെ തൃപ്രയാർക്കു കൊടുക്കണം എന്ന നിബന്ധന ഉണ്ടായിരുന്നു. ഒരിക്കൽ ഈ പതിവ് തെറ്റിച്ചതിനാൽ ആനസമ്പത്തു ഇല്ലാതായിഎന്നാണ് പറയപ്പെടുന്നത്. എങ്കിലും കൊടിപ്പുറത്തു വിളക്കിനു സ്വന്തം ആനപുറത്തു എഴുനെള്ളിക്കണം എന്നതിനാൽ ഒരു ആന ദേവസ്വത്തിൽ ഉണ്ടായിരിക്കും. കൂടൽമാണിക്യത്തിൻടെ ആനകൾക്ക് പേരിനോടൊപ്പം മാണിക്യൻ എന്ന് ചേർക്കാറുണ്ട് (ഇപ്പോൾ ആ പതിവില്ലാതായി)

മുൻപെല്ലാം കൊടിപ്പുറത്തു വിളക്കിനു ആനകൾക്ക് ഏക്കം (വാടക) ഉടമകൾ വാങ്ങാറില്ല. ആനകൾക്ക് ഉദരരോഗം ( എരണ്ടക്കെട്ടു) വരാതിരിക്കാൻ ഉള്ള വഴിപാടായിട്ടാണ് അന്ന് ആനകളെ അയക്കാറ്. മഴുവന്നൂർ വാരിയരുടെ ആന പതിവായി വഴിപാടായി എഴുന്നെള്ളിക്കാറുള്ള ഒരാനയാണ്.



കൂടൽമാണിക്യം ക്ഷേത്രത്തിൽ മാത്രം കാണാൻ കഴിയുന്ന ദൃശ്യ വിരുന്നാണ് തീർത്ഥക്കരയിൽ ഉള്ള ആനകളുടെ രാവിലത്തെ കുളി. പണ്ടെല്ലാം ആനകളെ തീർത്ഥത്തിനു പടിഞ്ഞാറു വശത്തു ഇറക്കാരാണത്രെ പതിവു

പുതിയ കൊടിമരം സ്ഥാപിച്ച ശേഷമുള്ള ഉത്സവത്തിന് എല്ലാ ആനകളും ഗുരുവായൂർ ദേവസ്വത്തിന്റെ വഴിപാടായിരുന്നു. അന്നാണ് ഗുരുവായൂർ കേശവൻ കൂടൽമാണിക്യസ്വാമിയുടെ തിടമ്പ് ഏറ്റിയതു. ഗുരുവായൂർ ആനകളുടെ കൃത്യമായ ഭക്ഷണ രീതികളും മറ്റും ഏറെ കൗതുകം ഉണർത്തിയിരുന്നു, ആനകൾക്ക് ഭക്ഷണം എത്തിച്ചു കൊടുക്കാൻ മാത്രമായി ഒരു ആനയുണ്ടായിരുന്നു.



എൺപതുകളിൽ താരപരിവേഷം ഉണ്ടായിരുന്ന ഒരാനയായിരുന്നു കണ്ടമ്പുള്ളി ബാലനാരായണൻ. ഏറ്റവും തലപ്പൊക്കം ഉള്ള ബാലനാരായണനെ അധികം ഉത്സവങ്ങൾക്ക് അയക്കാറില്ല. വികൃതി തന്നെ കാരണം. എങ്കിലും ആനയുടെ ഉദരരോഗത്തിനു പരിഹാരം എന്നോണം പള്ളിവേട്ട ശീവേലിക്കു എഴുനെള്ളിക്കാൻ ഉടമ വിട്ടു തന്നു. ഉയരത്തിൽ മറ്റു ആനകളെ നിഷ്പ്രഭരാക്കി ബാല നാരായണൻ.

ആനക്കഥകൾ ഇവിടെ തീരുന്നില്ല കൂടുതൽ വേറൊരു അവസരത്തിൽ …..

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page