നിഷ്കാമ കലാകാരൻ – കഴിഞ്ഞ ദിവസം അന്തരിച്ച സ്ത്രീവേഷ കഥകളി കലാകാരൻ കലാനിലയം കരുണാകരനെക്കുറിച്ചുള്ള ഒരു ഓർമ്മക്കുറിപ്പ് – കെ.വി മുരളി മോഹൻ എഴുതുന്നു

ഓർമ്മക്കുറിപ്പ് : സിനിമയിൽ പലപ്പോഴും സഹ നടൻ /നടി കഥാപാത്രങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിവരാറുണ്ട്. ചില സന്ദർഭങ്ങളിൽ കഥയുടെ ഗതി നിർണയിക്കുന്നത് തന്നെ ഇവരാകും. അടുത്ത കാലത്തു ഇറങ്ങുന്ന പല സിനിമകളിലും രണ്ടു നായകനെയോ അഥവാ നായികയെയോ ഉൾപ്പെടുത്തുക എന്ന ആശയം ഇതിന്ടെ പരിണിത ഫലമാകാം.

കഥകളിയിൽ സഹ കഥാപാത്രങ്ങളെ സങ്കല്പിക്കുമ്പോൾ പെട്ടെന്ന് ഓർമയിൽ വരിക നളചരിതത്തിലെ കേശിനിയോ , ബാണയുദ്ധത്തിലെ ചിത്രലേഖയോ ഒക്കെ ആയിരിക്കും( ബാണയുദ്ധത്തിൽ നായികയെക്കാൾ പ്രാധാന്യം തോഴിക്കാണല്ലോ) എന്നപോലെ തന്നെ കഥകളിയിലെ സഹ കലാകാരന്മാരെക്കുറിച്ചു പറയുമ്പോൾ ഓര്മവരുന്ന ഒരു പേരാണ് ഇന്നലെ അന്തരിച്ച കലാനിലയം കരുണാകരൻ. (ചേർത്തലയിൽ വച്ചാണ് അദ്ദേഹം അന്തരിച്ചത്)

സഹ കലാകാരൻ എന്ന് പറയുന്നതുകൊണ്ട് സാമാന്യത്വം എന്നല്ല ഉദ്ദേശിക്കുന്നത് മറിച്ചു തന്ടെ പങ്ക് വേണ്ടവിധം നിർവഹിച്ചു രംഗത്തിനു കൂടുതൽ മികവ് നൽകുന്ന ഒരു നിഷ്കാമ കലാകാരനെയാണ്. വേദികളിൽ നിന്നും വിട്ടുനിന്നതുകൊണ്ടാകണം നായികാപദവിയിൽ കൂടുതൽ മെച്ചപ്പെട്ട ഒരു കലാജീവിതം അദ്ദേഹത്തിന് ലഭിക്കാതെ പോയത്.

ഉണ്ണായി വാരിയർ സ്മാരക കലാനിലയവുമായി 1970 കാലഘട്ടങ്ങളിൽ ബന്ധപ്പെട്ടിട്ടുള്ള കഥകളി ആസ്വാദകർക്ക് കലാനിലയം കരുണാകൻ ഏറെ സുപരിചിതനായിരിക്കും. യശ്ശശരീരനായ കോട്ടക്കൽ ശിവരാമന്റെ ശിക്ഷണത്തിൽ ലഭിച്ച സ്ത്രീ വേഷത്തിനു വേണ്ട സൗകുമാര്യം, ലാളിത്യം തുടങ്ങിയ സ്ഥായീഭാവങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാൽ ചൊൽപ്പേറും ഭൈമിയുടെ കല്പനയും കൊണ്ട് അപരിചതനായ ബാഹുകന്ടെ അടുത്ത് ചെന്ന് ” ആരെടോ നീ നിന്ടെ പേരെന്തു ചൊല്ലേണം” എന്ന് അല്പമൊരു ആജ്ഞാ സ്വരത്തിൽ പറയുന്ന അദ്ദേഹത്തിന്ടെ കേശിനിയിലെ സ്ഥായീ ഭാവം ലാളിത്യമല്ല മറിച്ചു ആത്മവിശ്വാസമായിരുന്നു.

പ്രശസ്ത സ്ത്രീ വേഷ കലാകാരൻ കലാനിലയം ഗോപാലകൃഷ്ണന്ടെ സമകാലീനനായിരുന്നു കലാനിലയത്തിൽ അദ്ദേഹം. ഉണ്ണായിവാര്യർ കലാനിലയത്തിന്ടെ അക്കാലത്തെ അരങ്ങിൽ ഗോപാലകൃഷ്ണൻ- കരുണാകരൻമാരുടെ ദമയന്തി-കേശിനി, ഉഷ-ചിത്രലേഖ, പാഞ്ചാലി-ലളിത( കിർമീരവധം) എന്നീ വേഷങ്ങൾ ഏറെ പ്രസിദ്ധമായിരുന്നു. നൃത്ത വേളയിലും(സാരി നൃത്തം) മനോധർമങ്ങളിലും ഇവർ തമ്മിലുണ്ടായിരുന്ന അടുപ്പം( കെമിസ്ട്രി) എടുത്തു പറയേണ്ടത് തന്നെ ആയിരുന്നു.

ഒരിക്കൽ ശ്രീ പുത്തൂർ അച്യുതമേനോൻടെ ( ഇരിങ്ങാലക്കുടയിലെ പൗരമുഖ്യനായിരുന്നു അദ്ദേഹം) ആഗ്രഹപ്രകാരം ഗോപാലകൃഷ്ണനും – കരുണാകരനും കൃഷ്ണ മുടി വച്ച ഒരു പുറപ്പാട് അരങ്ങേറുകയുണ്ടായി. രണ്ടുപേരുടെയും വേഷഭംഗി ഇന്നും ഓർമയിൽ തങ്ങി നിൽക്കുന്നു( അക്കാലത്തു സ്മാർട്ട് ഫോൺ ഒന്നും ഇല്ലാതിരുന്നതിനാൽ ഫോട്ടോ ലഭ്യമല്ല) ശ്രീരാമ പട്ടാഭിഷേകത്തിൽ ഗോപാലകൃഷ്ണനും കരുണാകരനും യഥാക്രമം ശ്രീരാമനും സീതയുമായി ഏറെ അരങ്ങുകൾ ഉണ്ടായിട്ടുണ്ട്.

വിദ്യാർത്ഥി ജീവിതത്തിനു ശേഷം കുറച്ചു കാലം ശ്രീ കരുണാകരൻ ഇരിങ്ങാലക്കുടയിൽ ഉണ്ടായിരുന്നു. കൂടൽമാണിക്കം ഉത്സവത്തിലെ കഥകളിക്കു അദ്ദേഹം പതിവായി എത്താറുണ്ട് ( ഒരു പതിറ്റാണ്ടു മുൻപ് വരെ) പിന്നീട് അരങ്ങുകളിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു എന്നാണു അറിവ്.

അന്തരിച്ച കലാകാരന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് ഈ ഓർമ്മക്കുറിപ്പ് ചുരുക്കുന്നു.

(ഫോട്ടോ കടപ്പാട് കഥകളി പബ്ലിക് ഗ്രൂപ്പ്)

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page